നസ്രിയയുടെ സഹോദരനും സിനിമയിലേക്ക്, സൗബിനെ നായകനാക്കി ഗപ്പി സംവിധായകന്റെ റോഡ് മുവീ

വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരുണ്ട്. അവരെക്കുറിച്ച് പറയാനാണ് അമ്പിളിയിലൂടെ ശ്രമിക്കുന്നത്.

നസ്രിയയുടെ സഹോദരനും സിനിമയിലേക്ക്, സൗബിനെ നായകനാക്കി ഗപ്പി സംവിധായകന്റെ റോഡ് മുവീ

നസ്രിയാ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം സിനിമയിലേക്ക്. ഗപ്പിയുടെ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീന്‍ സിനിമയില്‍ അരങ്ങേറുന്നത്. സൂപ്പര്‍ഹിറ്റായി മാറിയ സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രത്തില്‍ അമ്പിളി എന്ന ടൈറ്റില്‍ കഥാപാത്രമാണ് സൗബിന്റേത്. പുതുമുഖം തന്‍വീ റാം ആണ് നായിക. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ റോഡ് മൂവീ സ്വഭാവത്തിലുള്ളതാണ്. ഗപ്പിയും സുഡാനി ഫ്രം നൈജീരിയയും നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയും ഉള്‍പ്പെടെ പ്രേക്ഷകരിലെത്തിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം.




മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഉള്‍പ്പെടെ ഗപ്പി അഞ്ച് സംസ്ഥാന അവാര്‍ഡുകളും സ്വന്തമാക്കിയിരുന്നു. രണ്ട് വര്‍ഷമായി അമ്പിളിയുടെ പണിപ്പുരയിലായിരുന്നുവെന്ന് ജോണ്‍ പറയുന്നു. ബാംഗ്ലൂരിൽ പഠിക്കുകയാണ് നവീൻ ഇപ്പോൾ




അമ്പിളിയെക്കുറിച്ച് ജോണ്‍പോള്‍...

ഗപ്പി പ്രേക്ഷകരിലെത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാവുന്ന സിനിമകളെക്കുറിച്ച് സംസാരമുണ്ടാകുമ്പോള്‍ അക്കൂട്ടത്തിലേക്ക് ഗപ്പി കടന്നുവരുന്നത് കാണുമ്പോഴുള്ള ആഹ്ളാദം ചെറുതല്ല. രണ്ടാമത്തെ സിനിമയുടെ തയ്യാറെടുപ്പിലായിരുന്നു ഇതുവരെ. ആ സിനിമയെക്കുറിച്ചാണ് പറയാനുള്ളത്. അമ്പിളി എന്നാണ് പേര്. പേരിലുണ്ട് അമ്പിളി കുറച്ചൊക്കെ. സൗബിന്‍ ഷാഹിറാണ് നായകന്‍. ഉപാധികളില്ലാത്ത സ്നേഹത്തിന് മുന്നില്‍ അതിരുകളില്ലാത്ത ലോകം സാധ്യമാകുമെന്ന ആഗ്രഹത്തെയാണ് ഗപ്പിയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. ജീവിക്കുന്ന കാലത്തോട് ചേര്‍ന്ന് നിന്നാണ് രണ്ടാമത്തെ സിനിമയും ചെയ്യാന്‍ ശ്രമിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരുണ്ട്. അവരെക്കുറിച്ച് പറയാനാണ് അമ്പിളിയിലൂടെ ശ്രമിക്കുന്നത്.




ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള ചിത്രമാണ് അമ്പിളി. ഗപ്പിയിലൂടെയാണ് ടൊവിനോ തോമസ് നായകതാരമായി മാറുന്നത്. ടൊവിനോയുടെ പിറന്നാള്‍ ദിവസം ആരാധകര്‍ മുന്‍കയ്യെടുത്ത് ഗപ്പി റീ റിലീസ് ചെയ്തിരുന്നു. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. റിലീസിന് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകസ്വീകാര്യത നഷ്ടമാകാത്ത ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെ സംഗീത സംവിധായകന്‍. ഗപ്പിയിലെ പാട്ടുകള്‍ക്ക് വിഷ്ണുവിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ എഡിറ്ററായിരുന്ന കിരണ്‍ ദാസ് ആണ് എഡിറ്റര്‍. വിനേഷ് ബംഗ്ലാന്‍ കലാസംവിധാനവും മഷര്‍ ഹംസ കോസ്റ്റിയൂം ഡിസൈനിംഗും, ആര്‍ ജി വയനാടനാണ് മേക്കപ്പും നിര്‍വഹിക്കുന്നു. പ്രേംലാല്‍ കെകെ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. സൂരജ് ഫിലിപ്പ് ആണ് ലൈന്‍ പ്രൊഡ്യൂസര്‍.

Read More >>