വര്‍ക്കിങ് ക്ലാസ് ഹീറോസിന്റെ കുമ്പളങ്ങി നൈറ്റ്‌സ്; നിര്‍മ്മാതാവായി നസ്രിയയും

സംവിധായകന്‍ ശ്യാം പുഷ്‌ക്കരനും ദിലീഷ് പോത്തനും നിര്‍മ്മിക്കുന്ന ആദ്യ സിനിമയില്‍ ഫഹദ് ഫാസിലും.

വര്‍ക്കിങ് ക്ലാസ് ഹീറോസിന്റെ കുമ്പളങ്ങി നൈറ്റ്‌സ്; നിര്‍മ്മാതാവായി നസ്രിയയും

സംവിധായകന്‍ ദിലീഷ് പോത്തന്‍, തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ എന്നവര്‍ ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണ കമ്പനിയുടെ ആദ്യ സിനിമ അനൗണ്‍സ് ചെയ്തു. വര്‍ക്കിങ് ക്ലാസ് ഹീറോസ് എന്നാണ് കമ്പനിയുടെ പേര്. കുമ്പളങ്ങി നൈറ്റ്‌സാണ് ആദ്യ സിനിമ. ലോകത്ത് കണ്ടിരിക്കേണ്ട ഗ്രാമങ്ങളുടെ മാപ്പില്‍ പതിഞ്ഞ ദ്വീപാണ് കുമ്പളങ്ങി. വള്ളം തുഴഞ്ഞു പോകുന്ന മൂന്ന് ആണുങ്ങളുടെ ചിത്രവുമായി ആദ്യ പോസ്റ്ററും വന്നു. പോസ്റ്ററിലെ മറ്റൊരു പ്രത്യേകത ക്രഡിറ്റ് കാര്‍ഡിലുള്ള നസ്രിയ നാസിമിന്റെ പേരാണ്. വര്‍ക്കിങ് ക്ലാസ് ഹീറോസിനൊപ്പം ഫഹദ് ഫാസില്‍ ഫ്രണ്ട്‌സ് എന്ന ഫഹദിന്റെ നിര്‍മ്മാണ കമ്പനിയും സിനിമയില്‍ പങ്കാളിയാണ്. ആ പങ്കാളിത്തമാണ് നസ്രിയയുടെ പേരിലൂടെ പ്രതിനിധീകരിക്കപ്പെടുന്നത്.

ഏറെക്കാലമായി ദിലീഷിന്റെയും ശ്യാമിന്റെയും സഹപ്രവര്‍ത്തകനായ മധു സി നാരായണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. രചന ശ്യാം പുഷ്‌ക്കരനും.

ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് നായകന്മാര്‍. ഫഹദ് ഫാസില്‍ മറ്റൊരു പ്രധാന വേഷത്തിലും സിനിമയിലുണ്ട്. ഛായാഗ്രഹണം ഷൈജു ഖാലിദ്.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ രചിച്ച് സിനിമാ ജീവിതത്തിന് തുടക്കമിട്ട് ശ്യാം പിന്നീട് മായാനദി വരെ നിരവധി സിനിമകള്‍ രചിച്ചു. തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡും നേടി. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകളുടെ സംവിധായകനും പുരസ്‌കാര ജേതാവുമായ ദിലീഷ് പോത്തനാവട്ടെ നടനെന്ന നിലയിലും കൂടുതല്‍ കരുത്തു നേടുകയാണ്. സിനിമയ്ക്കു മുന്നേയുള്ള ഇവരുടെ സൗഹൃദമാണ് ഇപ്പോള്‍ ഒരു സിനിമാ കമ്പനിയായി രൂപപ്പെടുന്നത്.


Read More >>