ആയിരം കടന്ന് എംസോൺ; നാഴികക്കലിനു സാക്ഷി അംബേദ്കർ

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രസക്തമായതു കൊണ്ടാണ് ഈ സിനിമ തന്നെ തിരഞ്ഞെടുത്തതെന്ന് എംസോൺ അറിയിച്ചു.

ആയിരം കടന്ന് എംസോൺ; നാഴികക്കലിനു സാക്ഷി അംബേദ്കർ

മറുഭാഷാ ചിത്രങ്ങൾക്ക് മലയാളം ഉപശീർഷകങ്ങളൊരുക്കുന്ന എംസോൺ 1000 സിനിമകൾ പൂർത്തിയാക്കി. ഭരണഘടനാ ശില്പി ഡോക്ടർ അംബേദ്കറിൻ്റെ ജീവചരിത്രം പറയുന്ന ഡോക്ടർ ബാബാ സാഹിബ് അംബേദ്കർ എന്ന സിനിമയാണ് ഈ നാഴികകല്ലിലേക്ക് എംസോൺ തിരഞ്ഞെടുത്തത്. കഴിഞ്ഞ മാസം ജനുവരിയി 26 റിപ്പബ്ലിക്ക് ദിനത്തിൽ ചിത്രത്തിൻ്റെ ഇംഗ്ലീഷ് സബ്ടൈറ്റിൽ പുറത്തിറക്കിയ എംസോൺ ഇന്നാണ് മലയാളം സബ്ടൈറ്റിൽ കൂടി സിനിമാ പ്രേമികൾക്ക് സമർപ്പിച്ചത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രസക്തമായതു കൊണ്ടാണ് ഈ സിനിമ തന്നെ തിരഞ്ഞെടുത്തതെന്ന് എംസോൺ അറിയിച്ചു.

ഇതരഭാഷാ സിനിമകൾ കാണുന്ന മലയാളി പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് എംസോൺ പ്രവർത്തനമാരംഭിച്ചത്. 2012 ഒക്ടോബറിൽ മജീദ് മജീദിയുടെ എക്കാലത്തെയും ക്ലാസിക്കായ 'ചിൽഡ്രൻ ഓഫ് ഹെവൻ' എന്ന ചിത്രത്തിൽ തുടക്കമിട്ട എംസോണിൻ്റെ യാത്ര ഇന്ന് 1000 എന്ന മാന്ത്രിക സംഖ്യയിലാണ് എത്തി നിൽക്കുന്നത്. കാര്യക്ഷമതയുള്ള ഒരുപിടി അഡ്മിന്മാരും സിനിമ ജീവശ്വാസമായി കാണുന്ന മെംബർമാരുമടങ്ങുന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൊടെയാണ് എംസോണിൻ്റെ പ്രവർത്തനം. ഒരു രൂപ പോലും പ്രതിഫലേച്ഛയില്ലാതെ സ്വയം മുന്നോട്ടു വന്നാണ് ഇവർ മലയാളം ഉപശീർഷകങ്ങൾ തയ്യാറാക്കുന്നത്. 50 ലോക ഭാഷകളിൽ നിന്നായി 223 പരിഭാഷകരാണ് മലയാളത്തിലേക്ക് ലോകസിനിമകളെ മൊഴിമാറ്റിയത്. ഇന്ന്, കേരളത്തിലെ വിവിധ ഫിലിം ഫെസ്റ്റിവലുകളിലടക്കം ഇവരുടെ സബ്ടൈറ്റിലുകൾ ഉപയോഗിച്ചു വരുന്നു.


Story by