മികച്ച സിനിമ സുഡാനി, നടൻ ജോജു; മൂവി സ്ട്രീറ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ലില്ലി, ഈട എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ സംയുക്ത, നിമിഷ എന്നിവർ മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു.

മികച്ച സിനിമ സുഡാനി, നടൻ ജോജു; മൂവി സ്ട്രീറ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഓൺലൈൻ സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റിന്റെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 20ഓളം വിഭാഗങ്ങളിലായി നടന്ന വോട്ടിംഗ്, ജൂറി തീരുമാനങ്ങൾ ഒരുപോലെ പരിഗണിച്ചാണ് പ്രഖ്യാപനം.

ഇരുപത് വിഭാഗങ്ങളിലെ 13 വിഭാഗങ്ങളിലേക്കാണ് ജൂറി തീരുമാനങ്ങൾക്കൊപ്പം അംഗങ്ങളുടെ വോട്ടിംഗ് കൂടി പരിഗണിച്ചു കൊണ്ട് വിജയികളെ തീരുമാനിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം ജോസഫിലെ പ്രകടനത്തിലൂടെ ജോജു ജോർജ് സ്വന്തമാക്കിയപ്പോൾ ലില്ലി, ഈട എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ സംയുക്ത, നിമിഷ എന്നിവർ മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. മികച്ച സിനിമയായി 'സുഡാനി ഫ്രം നൈജീരിയ' തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സിനിമയ്ക്ക് പുറമേ മികച്ച സംവിധായകൻ- സക്കരിയ, മികച്ച സ്വഭാവ നടി- സാവിത്രി ശ്രീധരൻ& സരസ ബാലുശ്ശേരി, മികച്ച ഛായാഗ്രഹണം- ഷൈജു ഖാലിദ്, മികച്ച ചിത്രസംയോജനം- നൗഫൽ അബ്ദുള്ള എന്നീ പുരസ്കാരങ്ങളും സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കി.

ഈ.മ.യൗവിലൂടെ പിഎഫ് മാത്യൂസ് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയപ്പോൾ ആഭാസം എന്ന ചിത്രത്തിലെ പ്രകടനത്തിന് ശീതൾ ശ്യാം നേടിയ സ്പെഷ്യൽ ജൂറി പുരസ്‌കാരം മലയാള സിനിമാ അവാർഡ് മേഖലകളിൽ പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ചു. ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം എന്ന സിനിമയുടെ സംവിധായകൻ വിസി അഭിലാഷും സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.

വിജയികളായവർക്ക് ഫെബ്രുവരി മൂന്നാം തീയതി കൊച്ചി കലൂർ എജെ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. വൈകുന്നേരം 5 മണി മുതലാണ് പുരസ്കാര വിതരണം നടക്കുക. ചടങ്ങിൽ സിനിമാ മാധ്യമ രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.