ഉദ്ഘാടനം ചെയ്തത് ശീതൾ; പിഎഫ് മാത്യൂസിനും എസ് എൻ സ്വാമിക്കും ആദ്യ പുരസ്കാരം: ചരിത്രമെഴുതി മൂവി സ്ട്രീറ്റ് അവാർഡ്സ്

ശീതളിൻ്റെ ക്ലാപ്പോടെ തുടക്കം കുറിച്ച പരിപാടിയിൽ 24 വിഭാഗങ്ങളിലായി 26 പുരസ്കാരങ്ങളാണ് നൽകിയത്.

ഉദ്ഘാടനം ചെയ്തത് ശീതൾ; പിഎഫ് മാത്യൂസിനും എസ് എൻ സ്വാമിക്കും ആദ്യ പുരസ്കാരം: ചരിത്രമെഴുതി മൂവി സ്ട്രീറ്റ് അവാർഡ്സ്

സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റിൻ്റെ രണ്ടാമത് പുരസ്കാര ദാനച്ചടങ്ങ് ഫെബ്രുവരി മൂന്നാം തിയതി നടന്നു. എറണാകുളത്തെ കലൂർ എജെ ഹാളിൽ വെച്ചു നടന്ന വർണാഭമായ ചടങ്ങിൻ്റെ ഉദ്ഘാടനം ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും അഭിനേത്രിയുമായ ശീതൾ ശ്യാമാണ് നിർവഹിച്ചത്. ശീതളിൻ്റെ ക്ലാപ്പോടെ തുടക്കം കുറിച്ച പരിപാടിയിൽ 24 വിഭാഗങ്ങളിലായി 26 പുരസ്കാരങ്ങളാണ് നൽകിയത്.

മലയാള സിനിമയിൽ നാലു പതിറ്റാണ്ടോളം നീണ്ട കാലയളവായി നിറഞ്ഞു നിൽക്കുന്ന തിരക്കഥാകൃത്ത് എസ്എൻ സ്വാമിക്ക് നൽകിയ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് അദ്ദേഹത്തിൻ്റെ സിനിമാ ജീവിതത്തിൽ ലഭിക്കുന്ന ആദ്യ പുരസ്കാരമായി. ഇക്കാര്യം എസ്എൻ സ്വാമി അറിയിച്ചപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. ഇക്കാര്യം തങ്ങളെ ഞെട്ടിച്ചുവെന്ന് അഭിപ്രായപ്പെട്ട നടൻ ജോജു, സംവിധായകരായ വിസി അഭിലാഷ്, ബി. ഉണ്ണികൃഷ്ണൻ, നിർമ്മാതാവും നടനുമായ വിജയ് ബാബു എന്നിവർ അദ്ദേഹത്തെ ഇത്തരത്തിൽ ആദരിച്ചതു വഴി മൂവി സ്ട്രീറ്റ് ചിരപരിചിതമല്ലാത്ത ഒരു തുടക്കത്തിനു വേദിയായെന്നും വിശദീകരിച്ചു. നടിമാരായ സംയുകത, നിമിഷ സജയൻ തുടങ്ങിയവരുടെ സാനിധ്യത്തിൽ ബി ഉണ്ണികൃഷ്ണൻ മൊമെന്റോ കൈമാറുകയും മൂവിസ്ട്രീറ്റ് അഡ്മിൻ ശ്രീ ചന്ദ്രമോഹൻ ഗോപിനാഥ് പൊന്നാടയണിയിക്കുകയും ചെയ്തു.മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ ജോജു, മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ട നിമിഷ സജയൻ, സംയുക്ത മേനോൻ, മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ട ഷറഫുദ്ദീൻ, മികച്ച സഹനടിക്കുള്ള പുരസ്കാരം പങ്കിട്ട സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ തുടങ്ങിയവരും ചാനലുകൾക്ക് മുൻപിൽ മൂവി സ്ട്രീറ്റ് വെക്കുന്ന മഹത്തായ പുരസ്കാരച്ചടങ്ങാണിതെന്ന് അഭിപ്രായപ്പെട്ടു. ഹോണററി പുരസ്കാരം നൽകി മൂവി സ്ട്രീറ്റ് ആദരിച്ച ഔസേപ്പച്ചനും മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടിയ പിഎഫ് മാത്യൂസും മൂവി സ്ട്രീറ്റ് കൂട്ടായ്മ മുന്നോട്ടു വെക്കുന്ന ആശയം മഹത്തായ മാതൃകയാണെന്ന് സൂചിപ്പിച്ചു. ഈമയൗവിന് ഒരുപാട് പുരസ്കാരങ്ങൾ ലഭിച്ചുവെങ്കിലും തിരക്കഥയ്ക്ക് ലഭിക്കുന്ന ആദ്യ അവാർഡ് ഇതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.Story by