ചരിത്രം കുറിച്ച് മൂവി സ്ട്രീറ്റ്; ലോകത്താദ്യമായി മികച്ച ട്രാൻസ്ജൻഡർ അഭിനേതാവിന് അവാർഡ്

ചരിത്രത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡറിന് കാറ്റഗറൈസ് ചെയ്ത് അവാർഡ് ലഭിക്കുക

ചരിത്രം കുറിച്ച് മൂവി സ്ട്രീറ്റ്; ലോകത്താദ്യമായി മികച്ച ട്രാൻസ്ജൻഡർ അഭിനേതാവിന് അവാർഡ്

ലോകത്താദ്യമായി മികച്ച ട്രാൻസ്ജൻഡർ അഭിനേതാവിനുള്ള പുരസ്കാര വിതരണം പ്രഖ്യാപിച്ച് മൂവി സ്ട്രീറ്റ്. ഫെബ്രുവരിയിൽ നടക്കുന്ന പുരസ്കാരദാനച്ചടങ്ങിൽ ഈ അവാർഡ് വിതരണം ചെയ്യും. മികച്ച ട്രാൻസ്ജൻഡർ അഭിനേതാവിനുള്ള സെപ്ഷ്യൽ ജൂറി പുരസ്കാരമാണ് മൂവി സ്ട്രീറ്റ് നൽകുക.

'ആഭാസം' എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച ശീതൾ ശ്യാമിനാണ് പുരസ്കാരം. ശീതളിന് സ്പെഷ്യൽ ജൂറി പുരസ്കാരം നൽകുന്നതിലൂടെ ചരിത്രത്തിലേക്കാണ് മൂവി സ്ട്രീറ്റ് നടന്നു കയറുന്നത്.

മുൻപ് ജെനറൽ കാറ്റഗറിയിൽ ട്രാൻസ്ജൻഡറുകൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ട്രാബ്സ്ജൻഡർ എന്ന് കാറ്റഗറൈസ് ചെയ്ത് പുരസ്കാരം നൽകുന്നത് ഇറ്റ്ജ് ആദ്യമായാണ്.

ഫെബ്രുവരി മൂന്നിന് പുരസ്കാരങ്ങൾ വിതരണം ചെയ്യും.


അഡ്മിൻ പാനലിന്റെ പോസ്റ്റ്:

ലിംഗസമത്വം എന്ന ആശയത്തിന് അതിർവരമ്പുകൾ ഒരുപാട് നിശ്ചയിക്കപ്പെട്ടിട്ടുണ്ട് നമ്മുടെ സമൂഹത്തിൽ. സമൂഹമാധ്യമങ്ങളുടെ വളർച്ചയും സ്വാധീനവും അതുവരെയ്ക്കും മുഖ്യധാരസമൂഹം (patriarchyയും ഉൾപ്പെടുന്ന) ചെവികൊടുത്തിട്ടില്ലാത്ത ശബ്ദങ്ങളുടെ ഉയർച്ചയും ഒക്കെ ലിംഗസമത്വത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ സഹായിച്ചിട്ടുണ്ട്. എല്ലാ മേഖലയിലും ലിംഗ വ്യത്യാസങ്ങളുടെ താരതമ്യങ്ങൾ അനവധി കാണാൻ കഴിയുന്നതും അതുകൊണ്ടാണ്. ഒരു വ്യക്തിയെ അയാളുടെ ലിംഗവ്യതിയാനങ്ങളുടെ പേരിൽ തരം തിരിക്കുന്നതും മുൻവിധിയോടെ സമീപിക്കുന്നതും പ്രത്യേക 'കോളങ്ങളിൽ' ചുരുക്കികൊണ്ട് വികാരപരമായും സാമൂഹ്യപരമായും അരികുവൽക്കരിക്കുന്നതും അങ്ങേയറ്റം ബാലിശമായ പ്രവർത്തിയാണ്. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, മാറ്റത്തിന്റെയും ആവശ്യകതകളുടേയും മാറ്റൊലികൾ പാരമ്പര്യത്തിന്റെയും ആചാരത്തിന്റെയും അശ്ലീലങ്ങളെ പിന്തള്ളി ആരംഭിക്കുന്ന ഈ പുതുവർഷത്തിൽ മൂവി സ്ട്രീറ്റും ഞങ്ങളുടെ നിലപാടുകൾ കൂടുതൽ ദൃഢപ്പെടുത്തിക്കൊണ്ട് മുന്നോട്ടു പോകുവാൻ ആണ് നിശ്ചയിച്ചിരിക്കുന്നത്. 2019 ലെ മൂവി സ്ട്രീറ്റ് അവാർഡിലെ ആദ്യത്തെ അവാർഡ് ജേതാവിനെ പ്രഖ്യാപിക്കാൻ ഇന്നത്തെ ദിവസം ആയിരിക്കും അത്യുത്തമം. പോളിംഗ് ഇല്ലാതെ, അവാർഡ് ജൂറിയുടെ മാത്രം തീരുമാനത്തിൽ മൂവി സ്ട്രീറ്റ് അവാർഡ്‌സ് 2019 ലെ ആദ്യത്തെ അവാർഡ് പ്രഖ്യാപിക്കുകയാണ്.

"സുപ്രീം കോടതി പോലും എന്നെ തേർഡ് ജൻഡർ എന്നാണ് വിളിക്കുന്നത്, അപ്പോൾ ആരാണ് ഒന്നാമതും രണ്ടാമതും. അങ്ങനെ ആണെങ്കിൽ സ്ത്രീയും പുരുഷനും ഒരുമിച്ചുള്ള ഞാനല്ലേ ഒന്നാമത് ", തന്റെ വാക്കുകൾ അന്വർത്ഥമാക്കി മൂവി സ്ട്രീറ്റ് അവാർഡ്‌സ് 2019 ലെ ഒന്നാമത്തെ അവാർഡ് ജേതാവായിത്തീരുന്നത് ശീതൾ ശ്യാം ആണ്. ലിംഗവ്യതിയാനങ്ങൾ ഇല്ലാതെ, മാറ്റി നിർത്തപ്പെട്ടിരുന്ന സമൂഹത്തെ ചേർത്ത് നിർത്തിക്കൊണ്ട് മുന്നോട്ടു പോകാനുള്ള ഈ തീരുമാനത്തിൽ വരുംകാല വേദികളിൽ സമത്വം എന്ന ആശയത്തെ പൂർണമായും ഉൾക്കൊള്ളിക്കാൻ ആകുമെന്ന ശുഭാപ്തി വിശ്വാസം നമുക്കുണ്ട്. സമത്വം എന്നത് ഇന്നും പാട്രിയാർക്കിയുടെ ധ്വംസനങ്ങളുമായി പൊരുതേണ്ടിവരുന്ന സാമൂഹികാവസ്ഥയിൽ ശീതളും ശീതൾ പ്രതിനിധാനം ചെയ്യുന്നവരും കേരളത്തിന്റെ, മലയാളത്തിന്റെ ശബ്ദങ്ങളായി മാറേണ്ടത് നവോത്ഥാനത്തിലേക്ക് പരിണമിക്കുന്ന നമ്മുടെ സമൂഹത്തിന്റെ, കലയുടെ ആവശ്യമാണ് എന്നതാണ് ഈയൊരു അവാർഡിന് മൂവി സ്ട്രീറ്റിനെ പ്രചോദിപ്പിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ പോലീസ് ഓഫിസർ ആയ പ്രിതിക യാഷിനിയും സിവിൽ കോർട്ട് ജഡ്ജിയായി നിയമിക്കപ്പെട്ട ജോയിത മോണ്ടലും ആദ്യമായി ഒരു സിനിമയുടെ ലീഡ് റോളിൽ അഭിനയിച്ച ഋതുപർണ ഘോഷും മമ്മൂട്ടിയുടെ നായികയായ അഞ്ജലി അമീറും ഇന്ത്യയുടെ ട്രാൻസ് ക്വീൻ പട്ടം നേടിയ നടാഷാ ബിശ്വാസും ലിംഗമാറ്റ ശസ്ത്രക്രിയക്ക് രണ്ട് ലക്ഷം രൂപവരെ ധനസഹായം പ്രഖ്യാപിച്ച കേരള സർക്കാരും മാറുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ ഉയർത്തി പിടിക്കുമ്പോൾ മേരികുട്ടിയെ പോലുള്ള കഥാപാത്ര സൃഷ്ടികളിലൂടെ മലയാള സിനിമയും സമാന്തരമായി മാറ്റങ്ങൾ ഉൾക്കൊള്ളുന്നത് പ്രതീക്ഷാവഹമാണ്. ആ പ്രതീക്ഷകൾക്ക് കൂടുതൽ ഊർജം പകരാനായി താൻ അനുഭവിച്ച വേദനകളെയും മാറ്റി നിർത്തലുകളെയും കരുത്തായി സംഭരിച്ചുകൊണ്ട് വിശുദ്ധർക്ക് പഞ്ഞമില്ലാത്ത നമ്മുടെ സമൂഹത്തിൽ കൊതിപ്പിക്കുന്ന അവിശുദ്ധിയോടെ ജീവിച്ച് തെളിയിച്ച ശീതളിനെ ഞങ്ങൾ ഈ വർഷത്തെ മൂവി സ്ട്രീറ്റ് അവാർഡ്‌സ് ലെ ആദ്യ പുരസ്‌കാരം നൽകി ആദരിക്കുകയാണ്. സിനിമ എന്നത് മറ്റേത് കലയേക്കാളും ആഴത്തിൽ പൊതുബോധത്തെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും സമൂഹത്തിന്റെ ബാഹ്യരേഖകളെ നിശ്ചയിക്കുകയും ചെയ്യുമ്പോൾ മലയാളസിനിമയിലെ പുത്തനുണർവുകളെ അവയുടെ സാമൂഹ്യപ്രസക്തിയോടുകൂടി കൂട്ടിവായ്ക്കുവാനും അവയുടെ അവശ്യകതയേയും പുരോഗമനസ്വരത്തേയും കൂടി മുന്നോട്ട് വയ്ക്കപ്പെടേണ്ടതാണെന്ന ബോധ്യമാണ് ഈയൊരു അവാർഡിന് പിന്നിൽ.

അവളോടൊപ്പം എന്ന ഷോർട് ഫിലിമിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന ശീതൾ നിഴലാട്ടം ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡ് നേടുകയും ഇന്ത്യയിൽ ആദ്യമായി ഒരു രാജ്യാന്തര ഫിലിം ഫെസ്റ്റിൽ ട്രാൻസ് കോളത്തിൽ എൻട്രി നേടുന്ന ആദ്യ വ്യക്തി ആയി മാറുകയും ചെയ്തു. പിന്നീട് ജയൻ ചെറിയാൻ സംവിധാനം ചെയ്ത കാ ബോഡി സ്‌കേപ്പിലൂടെ കൂടുതൽ സജീവമായി. ഐ എഫ് എഫ് കെയിൽ ഉൾപ്പെടെ പ്രദർശിപ്പിക്കപ്പെട്ട കാ ബോഡി സ്‌കേപ്സ് ലൂടെ ശ്രദ്ധിക്കപ്പെട്ട ശീതൾ 2018 മെയ്‌ൽ തിയറ്ററുകളിൽ എത്തിയ ആഭാസം എന്ന ചിത്രത്തിന്റെയും ഭാഗമായിരുന്നു. ആഭാസത്തിലെ മീര എന്ന കളിപ്പാട്ട വിൽപ്പനക്കാരിയുടെ കഥാപാത്രത്തിന് ജീവൻ പകർന്ന പ്രകടനത്തിന് താൻ ഉൾപ്പെടുന്ന അടിച്ചമർത്തലുകളും അവഗണനകളും ഏറ്റുവാങ്ങേണ്ടി വരുന്ന സമൂഹത്തിൽ നിന്നും ഉയർന്നു വന്ന് Gender dysphoria യുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശീതൾ ശ്യാമിന് ആണ് മൂവി സ്ട്രീറ്റ് ഫിലിം അവാർഡ്‌സ് 2019 ലെ ആദ്യ അവാർഡ്.