നിലപാടുകളുടെ കരുത്തോടെ വീണ്ടും മൂവി സ്ട്രീറ്റ്; പുരസ്കാര വിതരണം ഫെബ്രുവരി മൂന്നിന്

സിനിമകളെ ചരിത്രത്തിൽ രേഖപ്പെടുത്തുക എന്ന ഉത്തരവാദിത്തമാണ് തങ്ങൾ ചെയ്യുന്നതെന്നും അത് തുടർന്നു കൊണ്ടിരിക്കുക എന്നതാണ് തങ്ങളുടെ നിലപാടെന്നും മൂവി സ്ട്രീറ്റ് അണിയറക്കാർ പറയുന്നു.

നിലപാടുകളുടെ കരുത്തോടെ വീണ്ടും മൂവി സ്ട്രീറ്റ്; പുരസ്കാര വിതരണം ഫെബ്രുവരി മൂന്നിന്

എട്ടു വർഷത്തോളമായി സിനിമാ ചർച്ചകൾ കൊണ്ട് സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ മൂവി സ്ട്രീറ്റ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന രണ്ടാം സിനിമാ പുരസ്കാരത്തിന് അരങ്ങൊരുങ്ങി. 2019 ഫെബ്രുവരി മൂന്നിന് എറണാകുളത്തെ കലൂർ എജെ ഹാളിൽ വെച്ചാവും പുരസ്കാര വിതരണം നടക്കുക.

സിനിമ ഉൾപ്പെടെയുള്ള കലാരൂപങ്ങൾ പോലും രാഷ്ട്രീയ പ്രൊപ്പഗണ്ടകൾക്കിരയാവുകയും ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേൽ നിയന്ത്രണങ്ങൾ അടിച്ചേല്പിക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിൽ മൂവീ സ്ട്രീറ്റ് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം സംശയമില്ലാത്തതാണ്. സിനിമകളെ ചരിത്രത്തിൽ രേഖപ്പെടുത്തുക എന്ന ഉത്തരവാദിത്തമാണ് തങ്ങൾ ചെയ്യുന്നതെന്നും അത് തുടർന്നു കൊണ്ടിരിക്കുക എന്നതാണ് തങ്ങളുടെ നിലപാടെന്നും മൂവി സ്ട്രീറ്റ് അണിയറക്കാർ പറയുന്നു.

2018ൽ പുറത്തിറങ്ങിയ 130ലധികം ചിത്രങ്ങൾ പരിഗണിച്ചാവും പുരസ്കാര പ്രഖ്യാപനങ്ങൾ. ഇരുപത് വിഭാഗങ്ങളിലായി വിതരണം ചെയ്യുന്ന പുരസ്കാരങ്ങളിൽ ജേതാക്കളെ തിരഞ്ഞെടുക്കുന്നത് ഗ്രൂപ്പ് അംഗങ്ങൾ തന്നെയാണ്. വോട്ടിംഗിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ വർഷം ഗൂഗിൾ ഡോക്സിലൂടെ നടത്തിയ ഈ തെരഞ്ഞെടുപ്പ് ഇത്തവണ മൂവീസ്ട്രീറ്റ് വെബ്സൈറ്റിൽ നടക്കും.

പുരസ്കാര വിതരണം അറിയിച്ചു കൊണ്ട് അഡ്മിൻ പാനലിൻ്റെ പോസ്റ്റ്:

മലയാള സിനിമക്ക്‌ അന്നുമിന്നും കേരളസമൂഹത്തിൽ കേവലാസ്വാദനത്തിനപ്പുറം ഒരു സ്ഥാനം കല്പിച്ചുനല്കിയിട്ടുണ്ട്. പ്രകൃതിയും പ്രത്യയശാസ്ത്രങ്ങളും സമൂഹത്തിന്റെ അതിർവരമ്പുകളും എന്നത്തേതിനേക്കാളുമേറെ മലയാളിയെ വിഭജിച്ച ഈ വർഷത്തിൽ പോലും അവയൊക്കെ മറന്ന് തിയേറ്ററിൽ നല്ല സിനിമയെ വിജയിപ്പിക്കുവാനും ആഘോഷിക്കുവാനും നിരാശ പ്രകടിപ്പിക്കുവാനും നമ്മൾ ഒത്തുകൂടുന്ന ഇടമാണ് 'സിനിമ'. അത്തരത്തിൽ ഏതൊരു സാംസ്കാരിക-കലാരൂപം പോലെ സിനിമ ഒത്തൊരുമ അടയാളപ്പെടുത്തിയ വർഷം കൂടിയാണ് 2018. പുതിയ പ്രമേയങ്ങളും കഥപറച്ചിൽ രീതികളും ആസ്വാദനവും എല്ലാം കഴിഞ്ഞ വർഷത്തെ പോലെതന്നെ വീണ്ടും നമുക്കിടയിലേക്ക് പല സിനിമകളായി ഇത്തവണയും വന്നെത്തിയിട്ടുണ്ട്. അവയെ ചരിത്രത്തിൽ രേഖപ്പെടുത്തുക എന്നത്, ഇനിയുള്ള കാലത്ത് വീണ്ടും നോക്കികാണുവാൻ അടയാളപ്പെടുത്തുക എന്നത് സിനിമയുടെ എല്ലാ തലവും പലസ്വരങ്ങൾക്ക് ചർച്ചയ്ക്ക് വെക്കുന്ന മൂവി സ്ട്രീറ്റ് എന്ന നമ്മുടെ കൂട്ടായ്മയുടെ ഉത്തരവാദിത്വം കൂടിയാണ്. ആ ഉത്തരവാദിത്വമാണ് 'MOVIE STREET AWARDS 2019'.

ഈ പുതുവർഷത്തിൽ മൂവി സ്ട്രീറ്റ് ഏഴാം വർഷത്തിലേക്കു കടക്കുന്നതോടൊപ്പം തന്നെ ഗ്രൂപ്പിന്റെ രണ്ടാമത്തെ അവാർഡ് നൈറ്റും നിങ്ങളിലേക്ക് എത്തുകയാണ്. വെള്ളിത്തിരയിലെ വിസ്മയ പ്രകടനങ്ങൾക്ക് മൂവി സ്ട്രീറ്റ് ഗ്രൂപ്പിന്റെ അംഗീകാരവും ആദരവും സമ്മാനിക്കുന്നതിനായി MOVIE STREET AWARDS -2019 ഫെബ്രുവരി മാസം മൂന്നാം തിയതി എറണാകുളം കലൂർ സ്ഥിതി ചെയ്യുന്ന എ ജെ ഹാളിൽ വച്ച് നടത്തപ്പെടുകയാണ്.

2018 ൽ തിയറ്ററുകളിൽ എത്തിയ 130 ൽ അധികം വരുന്ന ചിത്രങ്ങളിൽ നിന്നും ഇരുപതു ക്യാറ്റഗറികളിൽ ആയി തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെ ആയിരിക്കും പുരസ്‌കാരം നൽകി ആദരിക്കുക. കേവലം സിനിമ ഗ്രൂപ്പ്‌ എന്നതിലുപരി ഒരു സൗഹൃദ കൂട്ടായ്മ ആയി വളർന്നു കഴിഞ്ഞ മൂവി സ്ട്രീറ്റ് ഈ വർഷത്തെ പ്രകടനങ്ങളെ വിലയിരുത്താൻ നിങ്ങളോരോരുത്തരെയും ക്ഷണിക്കുകയാണ്. ബഹുസ്വരതയുടെ കഴുത്തിൽ കത്തികൾ വീഴുന്ന കാലത്ത് സിനിമ പോലും നമ്മുടെ രാജ്യത്ത് പ്രൊപ്പഗാണ്ടയുടെ ഇരയാവുമ്പോൾ അതിന് അന്തിമവിധിയെഴുതേണ്ടത് അതേ ബഹുസ്വരത തന്നെയാണെന്ന് നമ്മുടെ കൂട്ടായ്മ വിശ്വസിക്കുന്നു. അതിനാൽ തന്നെ നമ്മുടെ ഗ്രൂപ്പിലെ ഓരോ മെമ്പർക്കും അഭിപ്രായം രേഖപ്പെടുത്താവുന്ന രീതിയിൽ പോൾ അടിസ്ഥാനത്തിൽ ആയിരിക്കും വിജയികളെ കണ്ടെത്തുക. പോൾ റിസൾട്ട്സ് ക്യൂറേറ്റ് ചെയ്യുവാൻ അന്തിമ ജ്യൂറി പാനലും ഉണ്ടായിരിക്കുന്നതായിരിക്കും. കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി മൂവി സ്ട്രീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ആയിരിക്കും ഇത്തവണ വോടിംഗ് നടത്തപ്പെടുക. കഴിഞ്ഞ വർഷം നടത്തപ്പെട്ട അവാർഡ് നൈറ്റിലൂടെ മുന്നോട്ട് വയ്ക്കുവാൻ സാധിച്ച ജനാധിപത്യപരമായ അവാർഡ് വിതരണത്തിലും അർഹരായ വിജയികളിലും അതിന് താങ്ങായി ഉണ്ടായ മെംബേഴ്സിന്റെ സഹായസഹകരണവും തന്നെയാണ് ഈ വർഷവും ഇത്തരത്തിലൊരു പ്രോഗ്രാം സാധ്യമാക്കുവാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. അതിനാൽ തന്നെ നിങ്ങളെല്ലാവരുടെയും സഹകരണമിനിയും പ്രതീക്ഷിക്കുന്നു. മൂവി സ്ട്രീറ്റ് ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലാകുന്ന ഈ ചടങ്ങിലേക്ക് നിങ്ങൾ ഓരോരുത്തരുടെയും സാന്നിധ്യം പ്രതീക്ഷിച്ചു കൊണ്ട് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

Story by