മലയാളത്തിന്റെ പ്രിയതാരം മോനിഷ ഓർമ്മയായിട്ട് 25 വർഷം

9 വയസ്സുള്ളപ്പോൾ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ച മോനിഷ 1985 ൽ കർണ്ണാടക ഗവൺമെന്റ് ഭരതനാട്യ നർത്തകർക്കായി നൽകുന്ന കൗശിക അവാർഡ് ലഭിച്ചു

മലയാളത്തിന്റെ പ്രിയതാരം മോനിഷ ഓർമ്മയായിട്ട് 25 വർഷം

കാലങ്ങൾ കഴിഞ്ഞിട്ടും മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും ഇന്നും മറക്കാനാവാത്ത അഭിനയ പ്രതിഭാസമാണ് മോനിഷ. വിടർന്ന കണ്ണുകളും തുടുത്ത കവിളും മുട്ടറ്റം മുടിയുമുള്ള മലയാള സങ്കൽപ്പങ്ങൾക്ക് ഇണങ്ങിയ സുന്ദരി. കുറഞ്ഞ കാലയളവാണെങ്കിൽ പോലും മോനിഷ അഭിനയിച്ച ഓരോ സിനിമകളും ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു.

ചെറുപ്പകാലം മുതൽ നൃത്തത്തോടും അഭിനയത്തോടും മോനിഷയ്ക്കു ഏറെ അടുപ്പമായിരുന്നു. അമ്മ ശ്രീദേവിയിൽ നിന്നായിരുന്നു നടി നൃത്തത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്. 9 വയസ്സുള്ളപ്പോൾ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ച മോനിഷ 1985 ൽ കർണ്ണാടക ഗവൺമെന്റ് ഭരതനാട്യ നർത്തകർക്കായി നൽകുന്ന കൗശിക അവാർഡ് ലഭിച്ചു.


1986-ൽ ഹരിഹരൻ സംവിധാനം ചെയ്‌ത 'നഖക്ഷതങ്ങൾ' എന്ന സിനിമയിലൂടെ ആയിരുന്നു ചലച്ചിത്ര ലോകത്തേക്കുള്ള മോനിഷയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് താരം കരസ്ഥമാക്കി. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ദേശീയ അവാർഡ് എന്ന ബഹുമതി നേടുന്ന ആദ്യ ചലച്ചിത്ര താരമായി മോനിഷ സിനിമ ചരിത്രത്തിലും ഇടം പിടിച്ചു.

പിന്നീട് അങ്ങോട്ട് 7 വർഷകാലത്തോളം മലയാളം, തമിഴ്, കന്നഡ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ മോനിഷ പ്രധാന കഥാപാത്രങ്ങൾ ചെയ്തു. 1992 ഡിസംബർ അഞ്ചിന് 'ചെപ്പടിവിദ്യ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് നടിയുടെ ജീവൻ കവർന്നെടുത്ത അപകടമുണ്ടായത്. മോനിഷയും, അമ്മയും സഞ്ചരിക്കുകയായിരുന്ന കാർ ആലപ്പുഴക്കടുത്തുള്ള ചേർത്തലയിൽ വെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അമ്മ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും തലച്ചോറിനുണ്ടായ പരിക്കു മൂലം മോനിഷ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

Read More >>