ക്രിസ്മസ് റിലീസിനൊരുങ്ങി മാസ്റ്റർപീസ്

ഇത്തവണ എഡ്ഡിയായി കോളജ് ക്യാംപസിലാണ് മമ്മൂട്ടി കസറാനെത്തുന്നത്.

ക്രിസ്മസ് റിലീസിനൊരുങ്ങി മാസ്റ്റർപീസ്

വമ്പൻ റിലിസിനൊരുങ്ങി മാസ്റ്റർപീസ് ക്രിസ്തുമസിന് തിയേറ്ററുകളിൽ എത്തും .ഇത്തവണ എഡ്ഡിയായി കോളജ് ക്യാംപസിലാണ് മമ്മൂട്ടി കസറാനെത്തുന്നത്. അതും ക്യാംപസിലെ ന്യൂജനറേഷന്‍ ഗ്യാങുമായി നേരിട്ട് ഒരു ഏറ്റുമുട്ടലിന്. ഗ്ലാമറിലും സ്റ്റൈലുകളും ന്യൂജനറേഷനെയും വെല്ലുന്ന മമ്മൂട്ടിയുടെ പ്രകടനമാണ് എഡ്ഡി കേന്ദ്രകഥാപാത്രമാകുന്ന മാസ്റ്റര്‍പീസിന്റെ ഹൈലൈറ്റ്.

ട്രാവന്‍‌കൂര്‍ മഹാരാജാസ് കോളജിലെ വില്ലന്‍‌മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ചട്ടമ്പിയായ ഒരു കോളജ് പ്രൊഫസറാണ് ഇയാള്‍. സ്ഥിരം അടിപിടിയും പൊലീസ് സ്റ്റേഷനും ഗാംഗ് വാറുമൊക്കെയായി നടക്കുന്ന കുട്ടികള്‍ പഠിക്കുന്ന ഒരു കോളജില്‍ അവരെ മെരുക്കാനായാണ് അയാള്‍ നിയോഗിക്കപ്പെടുന്നത്. അയാള്‍ ആ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. അവിടെ പഠിച്ചിരുന്നപ്പോള്‍ ഇത്രയും പ്രശ്നക്കാരനായ ഒരു വിദ്യാര്‍ത്ഥി വേറെ ഉണ്ടായിരുന്നില്ല. ആ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെയാണ് എഡ്ഡിയെ പ്രിന്‍സിപ്പല്‍ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്.

തുടര്‍ന്നുള്ള സംഭവങ്ങളാണ് മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ പറയുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് വടകരയാണ് പതിനഞ്ച് കോടിയുടെ മുതല്‍മുടക്കില്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നൂറു ദിവസത്തിന് മുകളില്‍ ചിത്രീകരണ ദിവസങ്ങളും തെന്നിന്ത്യയിലെ അഞ്ച് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍ ഒരുക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദന്‍, ദിവ്യദര്‍ശന്‍, മക്ബൂല്‍ സല്‍മാന്‍, കൈലാഷ്, വരലക്ഷമി ശരത്കുമാര്‍,പൂനംബവ്ജ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. പൂനം ബജ്‌വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്. പുലിമുരുകൻ എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്ന അജയ് വാസുദേവാണ്.

Read More >>