പേരൻപിലെ അഭിനയത്തിന് മമ്മൂട്ടി പണം വാങ്ങിയിട്ടില്ലെന്ന് നിർമ്മാതാവ്; വീഡിയോ

ഇത്രയും കേട്ടതോടെ പറഞ്ഞതൊക്കെ ശരിയാണോ എന്ന് മമ്മൂട്ടിയോട് അവതാരികയുടെ ചോദ്യം. വീഡിയോ കാണാം

പേരൻപിലെ അഭിനയത്തിന് മമ്മൂട്ടി പണം വാങ്ങിയിട്ടില്ലെന്ന് നിർമ്മാതാവ്; വീഡിയോ

പേരന്‍പിലെ അഭിനയത്തിന് മമ്മൂട്ടി ഇതുവരെ പ്രതിഫലമായി ഒന്നും വാങ്ങിയിട്ടില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് പി എൽ തേനപ്പൻ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ സീ തമിഴ് ചാനലില്‍ നടന്ന പ്രമോഷന്‍ പരിപാടിയിലാണ് നിര്‍മ്മാതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിർമ്മാതാവിനൊപ്പം സവിധായകൻ റാം, സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടി, അഞ്ജലി എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

"റാം എന്ന സംവിധായകനു മേലും മമ്മൂട്ടിയുടെ മേലുമുള്ള വിശ്വാസമാണ് ഈ സിനിമ നിർമ്മിക്കാൻ തന്നെ പ്രേരിപ്പിച്ചത്. ഇപ്പോൾ ചിത്രത്തിൻ്റെ വൈഡ് റിലീസും ഇത്ര മാത്രം വലിയ സ്വീകരണവും കിട്ടുമ്പോൾ സിനിമ ഞാൻ നിർമ്മിച്ചതാണോ എന്ന് എനിക്ക് തന്നെ സംശയം തോന്നുന്നു."-അദ്ദേഹം പറഞ്ഞു. കഥ കേട്ടു കഴിഞ്ഞപ്പോൾ താൻ മമ്മൂട്ടിയെ ചെന്നു കണ്ട് ശമ്പളക്കാര്യം സംസാരിച്ചുവെന്നും എന്നാൽ ഇന്നു വരെ ഒരു രൂപ പോലും മമ്മൂട്ടി വാങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"എത്രയാണ് താങ്കളുടെ ശമ്പളം എന്ന് ചോദിച്ചപ്പോൾ താൻ തമിഴ് സിനിമയിൽ അഭിനയിച്ചിട്ട് ഒരുപാട് കാലമായി. ശമ്പളം എത്രയാണെന്ന് നിങ്ങൾ തീരുമാനിച്ചോളൂ എന്നാണ് മമ്മൂട്ടി പറഞ്ഞത്."- തേനപ്പൻ പറഞ്ഞു. ഇത്രയും കേട്ടതോടെ പറഞ്ഞതൊക്കെ ശരിയാണോ എന്ന് മമ്മൂട്ടിയോട് അവതാരികയുടെ ചോദ്യം. ശരിയാണെന്ന് മറുപടി പറഞ്ഞ അദ്ദേഹം 'എന്ത് ചെയ്യാനാണ്. വേറെ വഴിയില്ല. കഥ ഇഷ്ടപ്പെട്ടു, പിന്നെ ഇവർ പറയുന്നതൊക്കെ അനുസരിച്ചല്ലേ പറ്റൂ' എന്ന് തമാശ രൂപേണ വിശദീകരിക്കുകയും ചെയ്തു. എന്ത് വിശ്വാസത്തിലാണ് സിനിമയിൽ പണം വാങ്ങാതെ അഭിനയിച്ചത് എന്ന ചോദ്യത്തിന് എല്ലാ സിനിമകളും പണത്തിനായി ചെയ്യാൻ കഴിയില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റാം. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം അവതരിപ്പിക്കുന്നത്.ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തിയ പേരന്‍പിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. റോട്ടർഡാം, ഷാങ്ഹായ് ചലച്ചിത്ര മേളകളിലും പ്രദർശിപ്പിച്ച സിനിമയ്ക്ക് അവിടെയും മികച്ച പ്രതികരണം ലഭിച്ചിരുന്നു.


Story by