ക്യാമറയുടെ ബാലപാഠങ്ങള്‍ വിഷ്ണുശര്‍മ്മയില്‍ നിന്നും പഠിക്കണം: ലാല്‍ ജോസ്; അനുഭവങ്ങള്‍ പങ്ക് വെച്ച് ബേസില്‍ ജോസഫ്

വെളിപാടിന്റെ പുസ്തകം ചിത്രീകരണം പുരോഗമിക്കുമ്പോള്‍ സംവിധാനത്തിനൊപ്പം ക്യാമറയിലും ഒരുകൈ നോക്കാനൊരുങ്ങുകയാണു ലാല്‍ ജോസ്

ക്യാമറയുടെ ബാലപാഠങ്ങള്‍ വിഷ്ണുശര്‍മ്മയില്‍ നിന്നും പഠിക്കണം: ലാല്‍ ജോസ്; അനുഭവങ്ങള്‍ പങ്ക് വെച്ച് ബേസില്‍ ജോസഫ്

വെളിപാടിന്റെ പുസ്തകം ചിത്രീകരണം പുരോഗമിക്കുമ്പോള്‍ സംവിധാനത്തിനൊപ്പം ക്യാമറയിലും ഒരുകൈ നോക്കാനൊരുങ്ങുകയാണു ലാല്‍ ജോസ്, ഗുരുവാകട്ടെ ലാൽജോസ് ചിത്രത്തില്‍ ക്യാമറ ചലിപ്പിക്കുന്ന വിഷ്ണുശര്‍മ്മയും. ഫേസ് ബുക്കിലൂടെയാണ് ലാല്‍ ജോസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രശസ്ത ക്യാമറാന്മാരോടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ക്യാമറ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നു പഠിക്കാനുള്ള ഒരവസരവും ഇതുവരെ ഞാൻ നഷ്ടപ്പെടുത്തിയിട്ടില്ല. ഈ മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാമറന്മാരില്‍ ഒരാാളായ വിഷ്ണു ശര്‍മ്മയോടപ്പം ജോലി ചെയ്യുമ്പോള്‍ എനിക്ക് ഒരു കാര്യം പറയാനാകും നിങ്ങളില്‍ നിന്ന് ഞാന്‍ ക്യാമറയുടെ പല പാഠങ്ങളും പഠിക്കാന്‍ ആരംഭിച്ചിരിക്കുന്നു. ലാൽജോസ് പറയുന്നു.

വെളിപാടിന്റെ പുസ്തകത്തിന്റെ ചിത്രീകരണ വേളയിൽ ലാൽജോസും അണിയറ പ്രവർത്തകരും

വിഷ്ണു വന്ന വഴി

എസ്‌കേപ്പ് ഫ്രം ഉഗാണ്ടയ്ക്കുശേഷം ഇപ്പോള്‍ ബോക്സ് ഓഫീസില്‍ ഹിറ്റായി ഓടുന്ന ഗോദ വരെയുള്ള സിനിമകളില്‍ തന്റെ വ്യത്യസ്ത ശൈലി കൊണ്ടുവരാന്‍ വിഷ്ണു ശർമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ കുഞ്ഞിരാമായണവും ഗോദയുടെയും ക്യാമറ ചലിപ്പിച്ച വിഷ്ണു ശര്‍മ്മയുമായിട്ടുള്ള അനുഭവങ്ങള്‍ ബേസില്‍ നാരദയോട് പങ്കുവെയ്ക്കുന്നു.

ആദ്യ ചിത്രമായ എസ്‌കേപ്പ് ഫ്രം ഉഗാണ്ടയിൽ ഞാന്‍ സഹ സംവിധായകനായാണ് പ്രവ‍ർത്തിച്ചത്. തുടര്‍ന്നാണ് വിഷ്ണു തട്ടത്തിന്‍ മറയത്ത് സിനിമയുടെ തമിഴ് റീമേക്ക് ചെയ്തത്. കുഞ്ഞിരാമായണത്തിന്റെ ചിത്രീകരണം 36 ദിവസംകൊണ്ട് ചെയ്യാന്‍ സാധിച്ചു. 45 ദിവസത്തോളമെടുക്കുമെന്നാണ് അണിയറപ്രവർത്തകർ കരുതിയിരുന്നത്. വിഷ്ണുവിന്റെ പ്രവർത്തന മികവാണത് സൂചിപ്പിക്കുന്നത്.

കുഞ്ഞിരാമായണത്തിനു ശേഷം നിരവധി ചിത്രങ്ങളിൽ വിഷ്ണു പ്രവർത്തിച്ചു. ഗോദയുടെ ചിത്രീകരണ സമയത്ത് വളരെ ശ്രദ്ധയോടെ ക്യാമറ കൈകാര്യം ചെയ്യുന്ന വിഷ്ണുവിനെയാണ് കാണാൻ കഴിഞ്ഞത്. അതിലെ ഒരോ സീനിലും വേണ്ടുന്ന കളര്‍ ബാലന്‍സിങ്ങും അതിന്റെ ആവശ്യകതയുമെല്ലാം വിഷ്ണുവാണ് തീരുമാനിച്ചത്.

ഗോദയുടെ അണിയറ പ്രവർത്തകർ

ഗുസ്തിയ്ക്ക് പ്രാധാന്യമുള്ള സിനിമയായിരുന്നതുകൊണ്ട് കുറേയധികം ഡൈനാമിക്ക് ഷോട്ടുകളുണ്ടായിരുന്നു. ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ മാനസിക- ശാരീരിക ബുദ്ധിമുട്ടുകൾ വിഷ്ണുവിനുണ്ടായിരുന്നു. 15 കിലോയോളം വരുന്ന ക്യാമറകള്‍ തൂക്കിയിട്ട് കുറെയധികം നില്‍ക്കാന്‍ വിഷ്ണുവിന് സാധിച്ചു. ഗോദ ഷൂട്ട് ചെയ്യുന്നതിന് മുമ്പേ തന്നെ വിഷ്ണു അതിനുവേണ്ടി തയ്യാറെടുത്തിരുന്നു- ബേസിൽ ജോസഫ് നാരദാ ന്യൂസിനോട് പറഞ്ഞു.

ഇരുപത്തിരണ്ടാം വയസിൽ സ്വതന്ത്ര ഛായാ​ഗ്രാഹകനായ വിഷ്ണു വരാനിരിക്കുന്ന സിനിമകളിലൂടെ കൂടുതൽ ഉയരങ്ങളിലേയ്ക്കെത്തുമെന്ന് ഉറപ്പാണ്.