ബാലൻ വക്കീൽ മോശമല്ലാത്ത വക്കീൽ; കോടതി സമക്ഷം ബാലൻ വക്കീൽ നിരൂപണം

അപ്രതീക്ഷിതമായി വരുന്ന ഒരു കേസും അതിന്റെ പിന്നാലെ വരുന്ന പ്രശ്നങ്ങളുമായാണ് പിന്നീട് സിനിമ സഞ്ചരിക്കുന്നത്.

ബാലൻ വക്കീൽ മോശമല്ലാത്ത വക്കീൽ; കോടതി സമക്ഷം ബാലൻ വക്കീൽ നിരൂപണം

ദി ടൈഗർ, മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, വില്ലൻ തുടങ്ങിയ ചുരുക്കം ചിത്രങ്ങൾ മാത്രമേ ഉണ്ണികൃഷ്ണൻ ബി എന്ന എഴുത്തുകാരനെയും സംവിധായകനെയും അടയാളപ്പെടുത്തിയിട്ടുള്ളൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ മേല്പറഞ്ഞവ എക്കാലത്തെയും എൻ്റെ ഇഷ്ടചിത്രങ്ങളുമാണ്. ഇത്തവണ ത്രില്ലർ എന്നതിന് മുകളിൽ കോമഡി ക്ക് കൂടി പ്രാധാന്യം കൊടുത്തിട്ടാണ് ഉണ്ണികൃഷ്ണൻ തന്റെ 'കോടതി സമക്ഷം ബാലൻ വക്കീൽ' ഒരുക്കിയിരിക്കുന്നത്.

ഒരു വിക്കനായ വക്കീലിന്റെ കഥയാണ് ചിത്രം പറയുന്നത്. അങ്ങനെ പ്രത്യേകിച്ച് ആർക്കും പ്രയോജനമില്ലാത്ത, വിക്ക് എന്ന പ്രശ്നം കൊണ്ടുമാത്രം കേസുകളൊന്നും ലഭിക്കാത്ത (എന്നാൽ കൂർമബുദ്ധിയുള്ള) വർഷങ്ങളായി ജൂനിയർ വക്കീലിൻ്റെ ജോലി ചെയ്യേണ്ടിവരുന്ന ഒരാളാണ് ബാലകൃഷ്ണൻ. അപ്രതീക്ഷിതമായി വരുന്ന ഒരു കേസും അതിന്റെ പിന്നാലെ വരുന്ന പ്രശ്നങ്ങളുമായാണ് പിന്നീട് സിനിമ സഞ്ചരിക്കുന്നത്.

ആദ്യ അരമണിക്കൂറിനുള്ളിൽ അനുഭവിക്കേണ്ടി വരുന്ന അജു വർഗീസ്, ഭീമൻ രഘു ടീമിന്റെ അസഹനീയമായ ചളികൾ ഒഴിവാക്കിയാൽ വളരെ എൻഗേജിങ്ങ് ആയിട്ട് തന്നെ പോവുന്ന ആദ്യ പകുതി, ത്രില്ലിംഗ് ആയ തിരക്കഥ, നല്ല മേക്കിങ് എന്നിവ കൊണ്ട് സിനിമ സമ്പന്നമാണ്. രണ്ടാം പകുതി തീർത്തും സീരിയസ് മൂഡിലാണ് സഞ്ചരിക്കുന്നത്.

നായകനെ മാത്രം വെടിവെച്ച് ഇടാൻ കഴിവില്ലാത്ത ഷാർപ്പ് ഷൂട്ടർ കം എൻകൗണ്ടർ സ്പെഷ്യലിസ്റ്, ഇടയ്ക്കിടെ സ്ഥിരം മലയാളസിനിമയിലെ വില്ലൻ&നായകൻ ക്യാറ്റ് ആൻഡ് മോസ് പ്ലേ എന്നിവ ചെറുതല്ലാത്ത കല്ലുകടി ഉണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും തൃപ്തി തോന്നിക്കുന്ന ക്ലൈമാക്സ്‌ പടം കണ്ടിറങ്ങുമ്പോൾ നല്ലൊരു ആശ്വാസം പകരുന്നതുമുണ്ട്.

ഒരു കോമാളി കഥാപാത്രം എന്നതിൽ നിന്ന് വ്യത്യസ്തമായി വന്ന കഴിഞ്ഞ രണ്ടുപടങ്ങളും ദിലീപെന്ന നടനെ ഓർമ്മിപ്പിക്കാൻ അവസരം തന്നവയാണ്. 'രാമലീല' സച്ചിയുടെ ശക്തമായ തിരക്കഥ കൊണ്ട് വ്യത്യസ്തമായപ്പോൾ 'കമ്മാരസംഭവം' സമ്മാനിച്ചത് ദിലീപിന്റെ ഗംഭീര പെര്ഫോമെൻസ് തന്നെയാണ്. ഇവിടെയും ദിലീപ് തന്റെ കഥാപാത്രത്തെ വളരെ മികച്ചതായി അവതരിപ്പിച്ചിട്ടുണ്ട്. അജുവർഗീസിന്റെ കോമഡി നമ്പറുകൾ ഏൽക്കാതെ പോയപ്പോൾ കോമഡി എന്ന സ്പേസിൽ നിന്ന് ആശ്വാസം പകർന്നത് സിദ്ദിഖ് ആയിരുന്നു. സുരാജ് വെഞ്ഞാറമൂട്, മമ്ത മോഹൻദാസ്, രഞ്ജിപണിക്കർ, ഹരീഷ് ഉത്തമൻ എന്നിവരുടെ പ്രകടനങ്ങളും നന്നായിരുന്നു.

മൊത്തത്തിൽ നല്ലൊരു ത്രില്ലിംഗ്/മാസ് എലെമെന്റിൽ മേക്ക് ചെയ്യാമായിരുന്ന തിരക്കഥ, എന്നാൽ തീർത്തും മോശമല്ലാത്ത രീതിയിൽ തന്നെ തമാശ കൂട്ടിച്ചേർത്ത് പറഞ്ഞുവെയ്ക്കുകയാണ് ഉണ്ണികൃഷ്ണൻ. അമിതപ്രതീക്ഷകൾ ഇല്ലാതെ സമീപിച്ചാൽ നല്ലൊരു തിയേറ്ററനുഭവം സമ്മാനിക്കുന്ന ശരാശരിക്കും മുകളിൽ നിൽക്കുന്ന സിനിമയാണ് 'കോടതി സമക്ഷം ബാലൻ വക്കീൽ'