ചലച്ചിത്ര മേള; ഉദ്ഘാടന ചിത്രം അസ്ഘർ ഫർഹാദിയുടെ 'എവരിബഡി നോസ്'

സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം ഇക്കഴിഞ്ഞ സെപ്തംബർ മാസം സ്പെയിനിൽ റിലീസായിരുന്നു.

ചലച്ചിത്ര മേള; ഉദ്ഘാടന ചിത്രം അസ്ഘർ ഫർഹാദിയുടെ എവരിബഡി നോസ്

23ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രമായി ഓസ്കാർ ജേതാവ് അസ്ഘർ ഫർഹാദി സംവിധാനം ചെയ്ത എവരിബഡി നോസ് പ്രദർശിപ്പിക്കും. കാൻസ് ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന എവരിബഡി നോസ് ടൊറൻ്റോ ചലച്ചിത്ര മേളയിലും പ്രദർശിപ്പിച്ചിരുന്നു. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം ഇക്കഴിഞ്ഞ സെപ്തംബർ മാസം സ്പെയിനിൽ റിലീസായിരുന്നു.

സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി തൻ്റെ മക്കളോടൊപ്പം അർജൻ്റീനയിൽ നിന്നും സ്പെയിനിലേക്ക് വരുന്ന ലോറയുടെ യാത്രയാണ് സിനിമ പറയുന്നത്. ഇതിനിടെ ലോറയുടെ മൂത്ത മകളെ ആരോ തട്ടിക്കൊണ്ട് പോകുന്നതോടെ പ്ലോട്ട് മറ്റൊരു തലത്തിലേക്ക് വഴിമാറുന്നു. തുടർന്ന് സംഭവിക്കുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളാണ് സിനിമയുടെ കാതൽ.

സ്പാനിഷ് സിനിമയായ എവരിബഡി നോസ് ഒരു ബോക്സ് ഓഫീസ് വിജയം ആയിരുന്നില്ലെങ്കിലും നിരൂപക പ്രശംസ ലഭിച്ച ചിത്രമാണ്. തിരക്കഥയും സംഭാഷണവും അസ്ഘർ ഫർഹാദി നിർവഹിച്ച സിനിമ നിർമ്മിച്ചത് അലക്സാണ്ട്രേ മല്ലറ്റ്, ആൽവരോ ലൊങ്കോറിയ എന്നിവർ ചേർന്നാണ്. ജാവിയർ ബാർഡം, പെനലോപ് ക്രൂസ്, റിക്കാർഡോ ഡാരിൻ, ബാർബറ ലെന്നി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഏഴാം തിയതി വൈകുന്നേരം 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ചിത്രം പ്രദർശിപ്പിക്കും.