പതിവു തെറ്റിച്ചില്ല; ഇത്തവണയും കിം കിഡുക്ക് ചിത്രമുണ്ട്

മനുഷ്യത്വവും സദാചാരവും ചർച്ച ചെയ്യുന്ന ചിത്രത്തിൽ തീവ്ര വയലൻസ്, സെക്സ് സീനുകളും ഉൾപ്പെട്ടിരിക്കുന്നു.

പതിവു തെറ്റിച്ചില്ല; ഇത്തവണയും കിം കിഡുക്ക് ചിത്രമുണ്ട്

വർഷങ്ങളായി തുടർന്നു വരുന്ന പതിവ് ദക്ഷിണ കൊറിയൻ സംവിധായകൻ കിം കിഡുക്ക് തെറ്റിച്ചില്ല. ഇത്തവണയും അദ്ദേഹത്തിൻ്റെ ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ എന്ന കിമ്മിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് പ്രദർശിപ്പിക്കുക.

പല തരത്തിലുള്ള ആളുകൾ ഒരു യുദ്ധക്കപ്പലിൽ യാത്ര ചെയ്യുന്നു. യാത്രക്കിടെ അവർ മദ്യപിക്കുകയും സെക്സിൽ ഏർപ്പെടുകയും ചെയ്യുന്നു. പിറ്റേന്ന് ഉറങ്ങിയെഴുന്നേൽക്കുമ്പോൾ കപ്പൽ അന്തരീക്ഷത്തിൽ ഒഴുകി നടക്കുന്നത് അവർ കാണുന്നു. മനുഷ്യത്വവും സദാചാരവും ചർച്ച ചെയ്യുന്ന ചിത്രത്തിൽ തീവ്ര വയലൻസ്, സെക്സ് സീനുകളും ഉൾപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കുറച്ച് സിനിമകളായി കിം കിഡുക്ക് തുടർന്നു വന്ന നോൺ വയലൻസ് രീതിയിൽ നിന്ന് മാറി അദ്ദേഹത്തിൻ്റെ പഴയ സിനിമകളുടെ ശൈലിയിലേക്ക് മാറി എന്നതാണ് ഈ സിനിമയുടെ സവിശേഷത.

ബെർലിൻ ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. ഡിസംബർ 9 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചിത്രത്തിൻ്റെ ആദ്യ പ്രദർശനം. ബുധനാഴ്ച രാത്രി 8:45ന് കലാഭവൻ തീയറ്ററിൽ ചിത്രത്തിൻ്റെ രണ്ടാമത്തെയും അവസാനത്തെയും പ്രദർശനം നടക്കും.