ചലച്ചിത്ര മേള; മത്സരവിഭാഗത്തിലെ സിനിമകൾ പരിചയപ്പെടാം

13 ചിത്രങ്ങളാണ് ഇത്തവണ മത്സര വിഭാഗത്തിൽ ഉള്ളത്

ചലച്ചിത്ര മേള; മത്സരവിഭാഗത്തിലെ സിനിമകൾ പരിചയപ്പെടാം


23ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഈ മാസം ഏഴാം തിയതി മുതൽ ആരംഭിക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി നടത്തുന്ന മേളയിൽ രെജിസ്ട്രേഷൻ തുകകൾ വർദ്ധിപ്പിച്ചിരുന്നു. എല്ലാ വർഷത്തെയും പോലെ ചില മികച്ച സിനിമകൾ ഇത്തവണയും ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. 13 ചിത്രങ്ങളാണ് ഇത്തവണ മത്സര വിഭാഗത്തിൽ ഉള്ളത്. അവ പരിചയപ്പെടാം:

ഡെബ്റ്റ് (തുർക്കി/തുർക്കിഷ്)

സംവിധാനം: വസ്ലത് സരകോഗ്ലു
ഒരു ചെറിയ പ്രിൻ്റ് കടയിൽ ജോലി നോക്കുന്ന തൂഫാൻ ഭാര്യ മുക്കദ്ദസ്, മകൾ സിംഗെ എന്നിവർക്കൊപ്പമാണ് താമസിക്കുന്നത്. അങ്ങനെയിരിക്കെ അയൽവാസിയായ ഹുറിയെ രോഗാസന്നനാവുന്നു. രോഗിയെ ഒരാൾ പരിചരിക്കണമെന്ന് ഡോക്ടർ ആവശ്യപ്പെടുന്നു. എന്നാൽ ഹുറിയെക്ക് ബന്ധുക്കൾ ആരുമില്ലാത്തതിനാൽ തൂഫാൻ ആ ജോലി ഏറ്റെടുക്കുന്നു. എന്നാൽ ഭയവും ആകാംക്ഷയും നിറഞ്ഞ അന്തരീക്ഷം തൂഫാൻ്റെ ദയക്ക് വെല്ലുവിളിയാകുന്നു.

ഇസ്താംബൂൾ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഡെബ്റ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

ഈ.മ.യൗ (ഇന്ത്യ/മലയാളം)

സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരിവാവച്ചൻ എന്ന മേസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട സിനിമയാണ് ഈ.മ.യൗ. വാവച്ചൻ്റെ മകൻ ഈശി അപ്പനെ ആദരവോടെ സംസ്കരിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ അവിചാരിതമായ പ്രതിസന്ധികളും പ്രതികരണങ്ങളും ഈശിയെ അസ്വസ്ഥനാക്കുന്നു. മനുഷ്യൻ്റെ അഹംഭാവവും സങ്കീർണതയും ചർച്ച ചെയ്യുന്ന ഒരു യാത്രയാണ് സിനിമ.

മികച്ച സംവിധായകൻ ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഗോവൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച അഭിനേതാവ്, മികച്ച സംവിധായകൻ എന്നീ പുരസ്കാരവും ചിത്രത്തിന് ലഭിച്ചു. ലോകവ്യാപകമായി മറ്റ് നിരവധി ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

ദി ഏഞ്ചൽ (അർജൻ്റീന, സ്പെയിൻ/സ്പാനിഷ്)

സംവിധാനം: ലൂയിസ് ഒർട്ടേഅർജൻ്റീനയിലെ സീരിയൽ കില്ലർ കാർലോസ് പച്ചിൻ്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയാണ് ദി ഏഞ്ചൽ. കൂട്ടുകാരൻ്റെ ഇഷ്ടം സമ്പാദിക്കാൻ കൊലകൾ ചെയ്തു കൂട്ടുന്ന കാർലിതോസ് എന്ന 17കാരൻ പയ്യൻ്റെ കഥയാണ് സിനിമ പറയുന്നത്. 40 മോഷണങ്ങളും 11 കൊലപാതകങ്ങൾക്കും ശേഷം അയാൾ പിടിയിലാകുമ്പോൾ സുന്ദരനായ കാർലിതോസിനെ 'മരണത്തിൻ്റെ മാലാഖ' എന്ന് മാധ്യമങ്ങൾ വാഴ്ത്തുന്നു. അർജൻ്റീനയുടെ ചരിത്രത്തിൽ ഏറ്റവുമധികം വർഷം തടവറയിൽ കഴിഞ്ഞതിനു (46 വർഷം) ശേഷം കാർലിതോസ് പുറത്തിറങ്ങുന്നു.

ടേക്കിംഗ് ദ ഹോഴ്സ് ടു ഈറ്റ് ജലേബീസ് (ഇന്ത്യ/ഹിന്ദി)

സംവിധാനം: അനാമിക ഹസ്കർ


ഒരു പോക്കറ്റടിക്കാരൻ, ഒരു മധുരപലഹാര വില്പനക്കാരൻ, ഒരു തൊഴിലാളി-ആക്ടിവിസ്റ്റ്, ഒരു സംഗീതജ്ഞൻ എന്നിവരിലൂടെയുള്ള ഡൽഹി ജീവിതമാണ് സിനിമ ചർച്ച ചെയ്യുന്നത്. വിവിധ തലങ്ങളിലുള്ള ആളുകളുടെ ചിന്തയും ആഗ്രഹങ്ങളും ജീവിതവും ഇവരിലൂടെ വിശദീകരിക്കുകയാണ് സിനിമ.

മാമി ഫിലിംസ് ഫെസ്റ്റിവൽ, ബ്ലാക്ക് നൈറ്റ് ഫിലിംസ് ഫെസ്റ്റിവൽ എന്നീ ചലച്ചിത്ര മേളകളിൽ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്.

നൈറ്റ് ആക്സിഡൻ്റ് (കിർഗിസ്ഥാൻ/കിർഗിസ്)

സംവിധാനം: തിമിർബേക്ക് ബിർനസാർവ്70 വയസ്സുകാരനായ ഒരാൾ ദേഷ്യത്തിൽ കാറോടിച്ച് ഒരു പെൺകുട്ടിയെ ഇടിച്ച് വീഴ്ത്തുന്നു. അവിടം മുതൽ അയാൾക്ക് അവളോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു. ഇരുവരും തമ്മിൽ ഒരു പ്രത്യേക ബന്ധം ആരംഭിക്കുന്നു.

13 ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം 4 പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

പോയിസണസ് റോസസ് (ഈജിപ്ത്/അറബിക്)

സംവിധാനം: അഹ്മദ് ഫൗസി സലകെയ്റോയിലെ ദരിദ്രരായ ഒരു കുടുംബത്തിൻ്റെ അയല്പക്കത്ത് മയക്കുമരുന്നും മൃഗങ്ങളുടെ കശാപ്പും നടത്തുന്ന ഒരു സംഘം എത്തുന്നതോടെ അവരുടെ ജീവിതം ദുഷ്കരമാകുന്നു. അവിടെ നിന്ന് രക്ഷപ്പെടാനായി തഹിയ തൻ്റെ സഹോദരനായ സഖിറിനോട് സഹായം ചോദിക്കുന്നു.

4 ചലച്ചിത്രോത്സവങ്ങളിൽ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്.

സുഡാനി ഫ്രം നൈജീരിയ (ഇന്ത്യ/മലയാളം)

സംവിധാനം: സക്കരിയനൈജീരിയയിൽ നിന്നുള്ള സാമുവൽ എന്ന ഫുട്ബോൾ കളിക്കാരനെ തൻ്റെ സെവൻസ് ഫുട്ബോൾ ടീമിൽ കളിക്കാനായി മാജിദ് മലപ്പുറത്തേക്ക് കൊണ്ടു വരുന്നു. കളിക്കിടെ പരിക്കേൽക്കുന്ന സാമുവലിനെ മാജിദ് തൻ്റെ വീട്ടിൽ താമസിപ്പിക്കുന്നു. തുടർന്ന് ഇരുവർക്കുമിടയിൽ നിർമ്മലമായ ഒരു ആത്മബന്ധം രൂപപ്പെടുന്നു.

ടേൽ ഓഫ് സീ (ഇറാൻ/പേർഷ്യൻ)

സംവിധാനം: ബഹ്റൻ ഫർമനാറഅറിയപെടുന്ന എഴുത്തുകാരനായ താഹിർ മൊഹേബി ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നതോടെ മാനസിക നില തകരാറിലായി ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ മൂന്നു വർഷം ചിലവഴിക്കുന്നു. അവിടെ നിന്നും പുറത്തു വന്നതിനു ശേഷം സ്ഥിതിഗതികൾ നേരെയായി എന്ന് അദ്ദേഹം കരുതുന്നുവെങ്കിലും അവിടെ നിന്ന് ലഭിച്ച മതിഭ്രമത്തിൻ്റെ ഓർമ്മകൾ അദ്ദേഹത്തെ അവിടേക്ക് തന്നെ തിരികെ പോകാൻ നിർബന്ധിക്കുന്നു.

ദി ബെഡ് (അർജൻ്റീന/സ്പാനിഷ്)

സംവിധാനം: മോണിക്ക ലൈറാനമുപ്പത് വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ജോർജും മാബേലും വേർപിരിയാൻ തീരുമാനിക്കുന്നു. വീടിനുള്ളിലെ സാധനങ്ങൾ ഒഴിവാക്കിത്തുടങ്ങിയതോടെ വേർപിരിയൽ വിചാരിച്ചതു പോലെ എളുപ്പമല്ല എന്നവർ മനസ്സിലാക്കുന്നു. ദമ്പതിമാർ എന്ന നിലയിലുള്ള അവരുടെ അവസാന മണിക്കൂറുകൾ ദുഖത്തിലും നഷ്ടബോധത്തിലും അവർ കഴിച്ചു കൂട്ടുന്നു.

ദി ഡാർക്ക് റൂം (ഇറാൻ/പേർഷ്യൻ)

സംവിധാനം: റൂഹുള്ള ഹജേസിഹലയും ഫർഹാദും 5 വയസ്സുകാരനായ തൻ്റെ മകൻ ആമിറിനോടൊപ്പം ജീവിച്ച് വരുന്നതിനിടെ ഒരു മരുഭൂമിയിൽ വെച്ച് ആമിറിനെ കാണാതാവുന്നു. അവനെ തിരഞ്ഞ് കണ്ടെത്തിക്കഴിയുമ്പോൾ തൻ്റെ ശരീരം മറ്റൊരാൾ കണ്ടു എന്ന് അവൻ ഫർഹാദിനെ അറിയിക്കുന്നു. അസ്വസ്ഥനായ ഫർഹാദ് തൻ്റെ മകനെ ആരോ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് മനസ്സിലാക്കുന്നു.

ദി ഗ്രേവ്‌ലെസ്സ് (ഇറാൻ/പേർഷ്യൻ)

സംവിധാനം: മുസ്തഫ സയ്യാരിതൻ്റെ പിതാവിൻ്റെ അന്ത്യാഭിലാഷം നടപ്പിലാക്കുന്നതിനായി മൂന്ന് സഹോദരങ്ങൾ തങ്ങളുടെ ഒരേയൊരു സഹോദരിയോടൊപ്പം ഒരു ഗ്രാമത്തിലേക്ക് യാത്ര പോകുന്നു. യാത്രയും ചൂടും അവരെ അസ്വസ്ഥപ്പെടുത്തുന്നു. ഇതിനെത്തുടർന്ന് സഹോദരങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നു.

ദി റെഡ് ഫാലസ് (ഭൂട്ടാൻ)

സംവിധാനം: താഷി ഗ്യേൽറ്റ്ഷൻഭൂട്ടാനിലെ ഒരു ഗ്രാമത്തിൽ വിഭാര്യനായ തൻ്റെ പിതാവിനൊപ്പം ജീവിക്കുന്ന സങ്കയ് തൻ്റെ ജീവിതത്തിൽ തൃപ്തയല്ല. ഈ കുഗ്രാമത്തിൽ താൻ കുടുങ്ങിക്കിടക്കുകയാണെന്ന് വിശ്വസിക്കുന്ന അവൾ സ്കൂളിലും വീട്ടിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അങ്ങനെ വിമത ചിന്തയോടെ ജീവിച്ചു വരവേ അവൾ വിവാഹിതനായ ഒരാളുമായി പ്രണയത്തിലാവുന്നു.

ദി സൈലൻസ് (ബ്രസീൽ/സ്പാനിഷ്)

സംവിധാനം: ബിയാട്രിസ് സീഗ്നർനൂരിയ, ഫാബിയോ എന്ന രണ്ടു കുട്ടികൾ തൻ്റെ മാതാവിനോടൊപ്പം ബ്രസീലിൻ്റെ അതിർത്തിയിലുള്ള ഒരിടത്തേക്ക് പോകുന്നു. കുറേ നാളുകൾക്ക് ശേഷം ഇവരെ ഉപേക്ഷിച്ചു പോയ പിതാവ് ഇവരെ തിരിച്ചു വരുന്നു. തുടർന്ന് കുടുംബത്തെ ഒരു വിചിത്രമായ രഹസ്യം വേട്ടയാടുന്നു. അവിടം പ്രേതാത്മക്കളുടെ വിഹാര കേന്ദ്രമാണെന്ന് അവർ മനസ്സിലാക്കുന്നു.

വിഡോ ഓഫ് സൈലൻസ് (ഇന്ത്യ/ഉർദു)

സംവിധാനം: പ്രവീൺ മോർച്ചലേ


കലാപകലുഷിതമായ കാശ്മീരിൽ, തൻ്റെ ഭർത്താവിൻ്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനായി 11 വയസ്സുള്ള മകൾക്കും രോഗാതുരയായ ഭർതൃമാതാവിനുമൊപ്പം ഒരു മുസ്ലിം യുവതി ഇറങ്ങിപ്പുറപ്പെടുന്നു.

മൂന്ന് ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്