ദാസനെയും വിജയനെയും വീണ്ടും ഓർമിപ്പിച്ച് 'ഞാൻ പ്രകാശൻ'

ഫഹദിന്റെ ആദ്യത്തെ പൂർണ ഹാസ്യ ചിത്രമെന്ന നിലയ്ക്ക് ചിത്രം ആരാധകരെ തൃപ്തിപ്പെടുത്തും. എന്നാൽ 'മൊത്തത്തിൽ ഗംഭീര വർക്ക്' എന്ന് സാക്ഷാൽ സത്യൻ അന്തിക്കാട് പോലും അവകാശപ്പെടാൻ ഇടയില്ലാത്ത സിനിമയാണ് 'ഞാൻ പ്രകാശൻ'.

ദാസനെയും വിജയനെയും വീണ്ടും ഓർമിപ്പിച്ച് ഞാൻ പ്രകാശൻ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു 'ഞാൻ പ്രകാശൻ'. പ്രകാശന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. എന്നാൽ അന്തിക്കാടൻ ചിത്രങ്ങൾ ആദ്യാവസാനം മുഷിപ്പിക്കാത്തത് എന്ന വിശ്വാസം ഈ സിനിമ അൽപ്പമെങ്കിലും നഷ്ടപ്പെടുത്തിയോ? ഈ ചോദ്യത്തിന് ഉത്തരമാണ് ഞാൻ പ്രകാശൻ.

ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം സത്യൻ അന്തിക്കാട്- ഫഹദ് ഫാസിൽ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. അതിന് 16 വർഷത്തിനു ശേഷം ശ്രീനിവസൻ തിരക്കഥ എഴുതുന്നു. ഇളയ തലമുറയിലെ ഷാൻ റഹ്മാൻ, നിഖില വിമൽ തുടങ്ങിയവരെ ഉൾപ്പെടുത്തി അണിയിച്ചൊരുക്കിയ ചിത്രം തുടങ്ങി ഒട്ടേറെ പ്രത്യേകതയോടെയാണ് ഞാൻ പ്രകാശൻ തിയറ്ററുകളിൽ എത്തിയത്.യാഥാർഥ്യ ബോധമില്ലാത്ത, 'ഒരു തരികിട' മലയാളി യുവാവായ പ്രകാശനെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. ബിഎസ്‌സി നഴ്‌സിങ് ബിരുദധാരി. ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ എന്ന പേര് മാറ്റി പി ആർ ആകാശ് എന്നാക്കി പ‌രിഷ്കരിക്കുന്നു. ആകാശ് എന്ന സങ്കല്പത്തെക്കാൾ യഥാർത്ഥ പ്രകാശൻ ആണ് മികച്ചത് എന്ന് തോന്നിപ്പിക്കാൻ ഒരു കഥാപാത്രത്തെ വേണം. ആ കഥാപാത്രമാണ് ഗോപാൽജി (ശ്രീനിവാസന്റെ കഥാപാത്രം).

പ്രകാശന്റെ മരിച്ചു പോയ അച്ഛൻ ഗോപാൽജിയുടെ അധ്യാപകൻ ആയതിനാലും സമർത്ഥനായ ഗോപാൽജി മനോദൗർബല്യമുള്ള ഒരു നിമിഷത്തിൽ ആരും ചെയ്യാത്ത കാര്യം ചെയ്യുന്നതിനാലും കഥ പറച്ചിൽ സ്രഷ്ടാക്കൾ ഉദ്ദേശിച്ചതു പോലെ ദൈർഘ്യമേറിയതാക്കാനായി. സ്റ്റോക്ക് ഉണ്ടായ മോശമല്ലാത്ത കോമഡികൾ തരക്കേടില്ലാതെ കൂട്ടിച്ചേർക്കാനുമായി.

തന്റെ അധ്യാപകനോടുള്ള നന്ദി സൂചകമായി അദ്ദേഹത്തിന്റെ പുത്രനെ (പ്രകാശനെ) ജർമനിയിൽ പോകാൻ സഹായിക്കാൻ താൻ അപമാനിതനായാലും കുഴപ്പമില്ല എന്ന് ഗോപാൽജി കരുതുന്നു. അതിനാൽ സ്വർണപ്പണ്ടം മോഷ്ടിച്ച് നൽകിയ ഗോപാൽജി ഒരു വിസ്മയ സൃഷ്ടി തന്നെയാണ്! ഇതാണ് സത്യത്തിൽ ഏറ്റവും വലിയ കോമഡി. പക്ഷെ അത് കോമഡിയായി സൃഷ്ടികർത്താക്കൾ കണക്കാക്കുന്നില്ലെന്നു മാത്രം.

ഗോപാൽജിയുടെ 'ഇടപെട'ലും സലോമി, ടീന മോൾ (ദേവിക സഞ്ജയ്) എന്നിവർ നൽകുന്ന തിരിച്ചറിവും എങ്ങനെയാണ് പ്രകാശന്റെ 'ആകാശ' കാഴ്ചയെ മണ്ണിലേക്ക്, യാഥാർഥ്യ ബോധത്തിലേക്ക് നയിക്കുന്നത് എന്ന് അറിയാൻ അവസാനം വരെ പ്രേക്ഷകന് കാത്തിരിക്കേണ്ടതില്ല.

ഫഹദിന്റെ ആദ്യത്തെ പൂർണ ഹാസ്യ ചിത്രമെന്ന നിലയ്ക്ക് ചിത്രം ആരാധകരെ തൃപ്തിപ്പെടുത്തും. ഇതോടൊപ്പം ഷാൻ റഹ്‌മാന്റെ പശ്ചാത്തല സംഗീതം, പുതുമുഖമായ ദേവിക ബാനർജിയുടെ പ്രകടനം എന്നിവയുടെ മേന്മകളല്ലാതെ 'മൊത്തത്തിൽ ഗംഭീര വർക്ക്' എന്ന് സാക്ഷാൽ സത്യൻ അന്തിക്കാട് പോലും അവകാശപ്പെടാൻ ഇടയില്ലാത്ത സിനിമയാണ് 'ഞാൻ പ്രകാശൻ'.അരവിന്ദന്റെ അതിഥികൾ, ലവ് 24x7 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നിഖില വിമലാണ് നായിക. അഭിനേതാക്കൾ
അവരവരുടെ ഭാഗം ഭംഗിയാക്കി. മുമ്പ് അവതരിപ്പിച്ച സത്യൻ- ശ്രീനി സിനിമകൾ അയത്ന ലളിതമായി തോന്നിയെങ്കിൽ ഈ ചിത്രത്തിന്റെ കഥാപരിസരം വ്യക്തമാക്കാൻ തുടക്കത്തിൽ വോയിസ് ഓവറുകൾ ഇടയ്ക്കിടെ കുത്തി നിറച്ച് വെറുപ്പിച്ചു കൊണ്ടിരുന്നു. ആ ബോറഡിക്കു പ്രായശ്ചിത്തമെന്നോണം ഇടവേളയ്ക്കു ശേഷം മറ്റു സിറ്റുവേഷൻ എത്തിയപ്പോൾ ശ്രീനിവാസൻ ടച്ച് പ്രകടമായി. അതാണ് ചുരുക്കത്തിൽ സിനിമയുടെ ഹൈലൈറ്റ്.

ജർമനിയിൽ പ്രതിമാസം മൂന്നു ലക്ഷം രൂപ നഴ്സിന് ലഭിക്കുമെന്നതിനാൽ, നാട്ടിൽ ആ പണിയെടുക്കാൻ തയ്യാറാകാത്ത ആകാശ് ഒരു വളഞ്ഞ വഴി കണ്ടെത്തുന്നു- ജർമൻ വിസ, ഫാമിലി വിസയെങ്കിൽ അങ്ങനെ, ഒപ്പിക്കാൻ ശ്രമിക്കുന്നു. തരികിട, പാരവെപ്പ്, തേപ്പ് എന്നിവയെല്ലാം ഒരു ശരാശരി മലയാളിയുടെ സവിശേഷതയാണ് എന്ന് പറയാതെ പറയുന്നുമുണ്ട്. പ്രേക്ഷകർ പ്രതീക്ഷിച്ച പോലെ മറ്റുള്ളവരെ വളയ്ക്കാൻ ഏത് അടവും പയറ്റുന്ന ആകാശ് എന്ന പ്രകാശൻ സ്വയം വളഞ്ഞൊടിയുന്നു; പിന്നീട് സ്വയം തിരുത്തുന്നു.ഗൾഫിലെത്താൻ, അധ്വാനിക്കാതെ പണമുണ്ടാക്കാൻ, പണ്ട് ചെന്നൈയിലെത്തപ്പെട്ട ദാസൻ വഞ്ചിതനായ കഥ മറന്നിട്ടില്ലല്ലോ? പക്ഷെ ദാസൻ ഇത്തവണ മോഹൻലാലല്ല, ഫഹദ് ആണ്. ദാസൻ ജോലി വലിച്ചെറിഞ്ഞു മറ്റൊരു അന്തസ്സുള്ള തൊഴിൽ അന്വേഷിച്ചെങ്കിൽ പ്രകാശൻ ദുരഭിമാനം മൂലം പഠിച്ച ജോലി നാട്ടിൽ ചെയ്യാതെ വിദേശത്ത്' അന്തസ്സുള്ള' തൊഴിൽ അന്വേഷിക്കുന്നുവെന്നു മാത്രം! ഒരേ ഗണത്തിൽ പല പടമെടുത്ത് 'ഒരു ഗുണവുമില്ലാത്ത' എന്ന പേര് ദോഷം മാറ്റാനുള്ള കഠിന ശ്രമം 'ഞാൻ പ്രകാശ'നിൽ ഉണ്ടോ എന്ന് മനസ്സിലാക്കണമെങ്കിൽ അധികം ബുദ്ധിമുട്ടേണ്ട!

നാടോടിക്കാറ്റിലെ വിജയൻ എന്ന കഥാപാത്രത്തിൽ നിന്ന് വ്യത്യസ്തമായി, ഗോപാൽജി എന്ന കഥാപാത്രമായി ശ്രീനിവാസനും പ്രകാശനിൽ 'ഇടപെടു'ന്നുണ്ട്. കബളിപ്പിക്കുന്ന ഗഫൂർക്കയെ നാടോടിക്കാറ്റിൽ പരിചയപ്പെട്ടെങ്കിൽ ഇവിടെ നായികയാൽ നായകൻ കബളിക്കപെടുന്നു എന്ന വ്യത്യാസം വേണമെങ്കിൽ പ്രത്യേകതയായി പറയാം.ഇത് പറയാതെ വയ്യ- കാലം മാറിയാലും കോലം മാറാത്ത ആവിഷ്കാരം, കോമഡി അവതരണത്തിൽ പോലും 'വാർപ്പ് മാതൃക' എടുത്തുകാട്ടുന്ന ചിത്രം ഇതൊക്കെ ഞാൻ പ്രകാശന്റെ തിളക്കത്തിന് അല്പമെങ്കിലും മങ്ങലേൽപ്പിക്കും.

മഴവിൽക്കാവടി, സന്ദേശം, വരവേൽപ്പ്, പിൻഗാമി, ടി പി ബാലഗോപാലൻ എം എ, നാടോടിക്കാറ്റ്... എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ശ്രദ്ധേയമായ ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സത്യൻ അന്തിക്കാടിന് പക്ഷെ ഈ ക്രിസ്തുമസ്സും 'ഞാൻ പ്രകാശൻ' കൊണ്ടുപോവും എന്ന് പറയാൻ പറ്റില്ല: നാണം കെടാതെ കടന്നു പോകാം എന്ന് മാത്രം.