'മാതി'യായി രമ്യ; "ഓരോ അവസ്ഥകളിലാണ് നാം നമ്മുടെ ആഗ്രഹങ്ങളെ തിരിച്ചറിയുന്നത്"

"തൊലി കറുപ്പാണ് എന്ന കാരണം കൊണ്ട് ചെറുതായിരുന്നപ്പോൾ ധാരാളം കളിയാക്കലുകൾ കേട്ടിട്ടുണ്ട്. അന്ന് സങ്കടം തോന്നുകയും ചെയ്തിരുന്നു. എന്നാൽ കറുപ്പ് എന്റെ ഐഡന്റിറ്റിയാണെന്ന് മനസിലാക്കിയത് മുതൽ മറ്റുള്ളവരുടെ കളിയാക്കലുകൾ എനിക്ക് ഒന്നുമല്ല. അവരെന്താ ഇങ്ങനെ എന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളൂ. അത് പിന്നെ പോസിറ്റീവായി മാത്രമെ എടുത്തിട്ടുള്ളൂ''-സമൂഹം കറുപ്പിനെതിരെ മെനഞ്ഞ സങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുകയാണ് രമ്യ

മാതിയായി രമ്യ; ഓരോ അവസ്ഥകളിലാണ് നാം നമ്മുടെ ആഗ്രഹങ്ങളെ തിരിച്ചറിയുന്നത്

ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ഉടലാഴം സിനിമയുടെ നിർമാണം പൂർത്തിയായി. സിനിമയിൽ പ്രധാന വേഷമിട്ട രമ്യ രാജിന്റെ വിശേഷങ്ങളിലൂടെ:

കഴിഞ്ഞ ഇറ്റ് ഫോക്ക് വേദിയിൽ വെച്ചാണ് രമ്യയെ അലി പരിചയപ്പെടുന്നത്. ഉടലാഴം സിനിമയുടെ സഹ സംവിധായകനാണ് അലി. പ്രധാന കഥാപാത്രമായ ഗുളികനായി മണിയെ തിരഞ്ഞെടുത്തിരുന്നു. ഗുളികന്റെ ഭാര്യയായ മാതിക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു അലി. രമ്യയിൽ മാതിയെ കണ്ട അലി പിന്നെ ഒട്ടും മടിച്ചില്ല. നേരെ ലൊക്കേഷനിലേക്ക്.നിലമ്പൂർ മൊടവണ്ണ കടവാണ് ഷൂട്ടിങ് ലൊക്കേഷൻ. രമ്യ സംവിധായകൻ ഉണ്ണികൃഷ്ണനെ കാണുന്നത് തന്നെ അപ്പോഴാണ്. കാടും പുഴയുമായിരുന്നു മൊടവണ്ണപാറ. പക്ഷേ മഴകാലമല്ലാത്തതിനാൽ പൊള്ളുന്ന ചൂടിലായിരുന്നു ഷൂട്ടിങ് അത്രയും. എന്നാലും കാടിന്റെ ശബ്ദം വേറിട്ട അനുഭവം തന്നെയായിരുന്നു.

അഭിനയിക്കാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് മലയാളമല്ല പറയേണ്ടത് എന്ന് അറിയുന്നത്. ''മലയാളമല്ല സംസാരിക്കേണ്ടത് പണിയഭാഷയാണ് ട്ടോ എന്ന് അവരുപറഞ്ഞപ്പം ഞാൻ ഞെട്ടിപ്പോയി ങേ അതെങ്ങനെയാണ് ഞാൻ ഈ ഭാഷ സംസാരിക്കുക? ഞാനാകെ തരിച്ചു നിന്നു. തൽക്കാലം അറിയുന്നത് പോലെ പറയാം ബാക്കിയെല്ലാം മണിയോട് ചോദിച്ച് മനസിലാക്കണം എന്നായിരുന്നു നിർദ്ദേശം. അവരെഴുതി തന്ന സംഭാഷണങ്ങൾ മണി പരിഭാഷപ്പെടുത്തി തന്നു. ആദ്യമൊക്കെ വലിയ വിഷമമായിരുന്നു എന്നാൽ പിന്നീട് ശരിയായി"-ഇപ്പം പണിയഭാഷയിൽ സംസാരിക്കാൻ ആവുമെന്ന് പറഞ്ഞ് രമ്യ ചിരിക്കുന്നു."സിനിമയുടെ ഭാഗമാകണം എന്നത് കുറേനാളത്തേ ആഗ്രഹമാണ് എന്നാൽ ഒരു പിന്നണിപ്രവർത്തകയാകണം എന്നായിരുന്നു കരുതിയിരുന്നത്. സ്ക്രീനിൽ വരുമെന്ന് ഒരിക്കലും കരുതിയതല്ല."- സിനിമാ മോഹത്തെക്കുറിച്ച് രമ്യ. കമൽ സംവിധാനം ചെയ്ത ഉട്ടോപ്യയിലെ രാജാവാണ് ആദ്യ സിനിമ. കമൽ തന്നെ സംവിധാനം ചെയ്ത ആമി എന്ന സിനിമയിൽ വള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രമ്യയാണ്.ക്രോസ് റോഡ് സിനിമയിലെ ഒരുരാത്രിയുടെ കോടിയിലും അയാൾ ശശിയിലും വേഷം ചെയ്തിട്ടുണ്ട് രമ്യ.

പെർഫൊമിങ് ആർറ്റ്സിൽ എം ഫിൽ ചെയ്ത രമ്യ എംഎ ജേർണലിസവും ബിഎ ഫിലോസഫിയും ആയിരുന്നു. പ്ലസ് ടു വിന് സയൻസ് എടുത്ത രമ്യക്ക് എല്ലാം ഇഷ്ട വിഷയങ്ങൾ തന്നെ. ജേർണലിസത്തിൽ പി എച്ച് ഡി എടുക്കണം എന്നതാണ് അടുത്ത സ്വപ്നം.

"ജീവിതത്തിന്റെ ഓരോ അവസ്ഥകളിലാണ് നാം നമ്മുടെ ആഗ്രഹങ്ങളെ തിരിച്ചറിയുന്നത്. നമ്മുടെ ഉള്ളിലുള്ള കഴിവുകളേയാണ് അതിലൂടെ കണ്ടെത്തപ്പെടുന്നത്" -രമ്യ തന്റെസ്വപ്നങ്ങളെ കുറിച്ച് പറയുന്നു.രമ്യ ശ്രദ്ധിക്കപ്പെട്ടതിൽ കൂട്ടുകാരി ലിമിക്കും പങ്കുണ്ട്. പാപ്പാത്തി കണ്ണ് എന്ന പേരിൽ ഫോട്ടോകൾ എടുക്കുന്ന ലിമിയുടെ മോഡൽ ആയിരുന്നു രമ്യ.ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അതിന് ശേഷം ഷോർട്ട് ഫിലിമുകളിലേക്ക് നിരവധി ക്ഷണം നടത്തിയിരുന്നു.

ഇപ്പോൾ 'അഭിനയ' എന്ന ഗ്രൂപ്പിൽ പ്രവർത്തിച്ച് വരുന്നു. പൊറ്റയിൽ ഗ്രാമത്തിലെ നാട്ടുകാരുടെ കലാപ്രവർത്തന കൂട്ടായ്മയാണ് അഭിനയ.

"തൊലി കറുപ്പാണ് എന്ന കാരണം കൊണ്ട് ചെറുതായിരുന്നപ്പോൾ ധാരാളം കളിയാക്കലുകൾ കേട്ടിട്ടുണ്ട്. അന്ന് സങ്കടം തോന്നുകയും ചെയ്തിരുന്നു. എന്നാൽ കറുപ്പ് എന്റെ ഐഡന്റിറ്റിയാണെന്ന് മനസിലാക്കിത് മുതൽ മറ്റുള്ളവരുടെ കളിയാക്കലുകൾ എനിക്ക് ഒന്നുമല്ല. അവരെന്താ ഇങ്ങനെ എന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളൂ. അത് പിന്നെ പോസിറ്റീവായി മാത്രമെ എടുത്തിട്ടുള്ളൂ''- സമൂഹം കറുപ്പിനെതിരെ മെനഞ്ഞ സങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുകയാണ് രമ്യ.
ഗുളികൻ ഒരു ട്രാൻസ്ജെൻഡറാണ്. അയാളുടെ ജീവിതവും വൈഷമ്യങ്ങളുമാണ് സിനിമ പങ്കുവെക്കുന്നത്. ഗുളികന്റെ ഭാര്യയാണ് മാതി. ഗുളികൻ ജീവിച്ചിരുന്ന വ്യക്തി തന്നെയാണ്. ഫോട്ടോ ഗ്രാഫർ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മണി 12 വർഷങ്ങൾക്ക് ശേഷം വീണ്ടും അഭിനയിക്കുന്നു എന്ന് പ്രത്യേകതയും ഉടലാഴം സിനിമയ്ക്കുണ്ട്.

അമ്മയും രണ്ടനിയത്തിമാരുമാണ് രമ്യ രാജിന്റെ വീട്ടിലുള്ളത്. നാടക വേദിയിൽ വെച്ച് പരിചയപെട്ട ശ്യാം ആണ് കൂട്ടുകാരൻ

Read More >>