സോളോ; കെെയ്യടിച്ച് പിന്തുണ നൽകേണ്ട പരീക്ഷണ സിനിമ, സോളോയുടെ സോളാവുന്നത് സംവിധായകന്റെ മനസറിഞ്ഞ അണിയറക്കാർ

പ്രണയത്തിന്റെ തീവ്രതയും ത്രില്ലറിന്റെ ചടുലതയും പകയുടെ തീക്ഷ്ണതയും പ്രേക്ഷന്റെ മനസിലേയ്ക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ​ഗാനങ്ങളാണ്.15ഒാളം ​ഗാനങ്ങളാണ് സിനിമയിലുള്ളത്. പലപ്പോഴും മ്യൂസിക്കൽ ഡ്രാമയായി സിനിമ മാറുന്നുണ്ട്. ഇൗ മാറ്റമാണ് സിനിമയുടെ ഉയിരാവുന്നത്. പ്രണയത്തിന്റെ ഉൗഷ്മളതയും പ്രതികാരത്തിനായുള്ള വാശിയെല്ലാം പ്രേക്ഷകനിലേയ്ക്ക് കൃത്രമായി സന്നിവേശിപ്പിക്കാൻ ​ഗാനങ്ങൾക്കൊപ്പം പശ്ചാത്തല സം​ഗീതത്തിനും കഴിഞ്ഞിട്ടുണ്ട്.

സോളോ; കെെയ്യടിച്ച് പിന്തുണ നൽകേണ്ട പരീക്ഷണ സിനിമ, സോളോയുടെ സോളാവുന്നത് സംവിധായകന്റെ മനസറിഞ്ഞ അണിയറക്കാർ

ശെയ്ത്താൻ, വസീർ തുടങ്ങിയ സിനിമകൾ ഒരുക്കിയ ബിജോയ് നമ്പ്യാർ, ദുല്‍ഖര്‍ സല്‍മാനെന്ന യുവതാരത്തോടൊപ്പം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നവെന്നത് വലിയ പ്രതീക്ഷകൾക്ക് വഴിവെച്ചിരുന്നു. ഇൗ പ്രതീക്ഷകളെ ഉയർത്തുന്നതായിരുന്നു പുറത്തിറങ്ങിയ ടീസറും പാട്ടുകളും. മലയാള സിനിമയിലെ സ്ഥിരം ഫോർമുലകളിൽ നിന്ന് വ്യത്യസ്ഥമാണ് സോളോ; ദുൽഖര്‍ സൽമാനെന്ന 'താര'ത്തിന്റെ ആരാധകരുടെ മനസറിഞ്ഞ് എടുത്ത സിനിമയല്ല. ആന്തോളജി സിനിമയായ സോളോ ഒരു പരീക്ഷണമെന്ന നിലയില്‍ തീർച്ചയായും കൈയ്യടി അര്‍ഹിക്കുന്നുണ്ട്.

ശിവന്റെ പഞ്ചഭൂതങ്ങളില്‍ നാലെണ്ണമായ ജലം, വായു, അ​ഗ്നി, മണ്ണ് എന്നിവയുടെ പശ്ചാത്തലത്തിലാണ് സിനിമയൊരുക്കിയിട്ടുള്ളത്. ദുല്‍ഖര്‍ സല്‍മാന്‍ നാല് കഥകളിലായി ശേഖര്‍, ത്രിലോക്, ശിവ, രുദ്രയെന്നിങ്ങനെ വ്യത്യസ്ഥ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സായ് ധന്‍സിക, ആരതി വെങ്കിടേഷ്, ശ്രുതി ഹരിഹരന്‍, നേഹ ശര്‍മ്മ എന്നിവരാണ് നായികമാര്‍. തന്റെ മുന്‍ സിനിമകളിലെ മെയ്ക്കിങ് കൊണ്ട് ശ്രദ്ധ നേടിയ ബിജോയ് നമ്പ്യാര്‍ സോളോയിലും തന്റെ ക്രാഫ്റ്റ് നിലനിര്‍ത്തുന്നുണ്ട്. ദുല്‍ഖറെന്ന മലയാളത്തിലെ താരനടനെ കേന്ദ്ര കഥാപാത്രമാക്കുമ്പോഴും ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയായി സോളോയെ ചുരുക്കുന്നില്ലെന്നത് സന്തോഷകരമാണ്. സമ്പന്നമായ കഥാപാത്ര നിരയില്‍ ഒരുക്കിയിട്ടുള്ള സിനിമ പക്ഷെ മികച്ച പ്രകടനം കൊണ്ട് മനസിലേയ്ക്ക് കയറുന്നത് ആദ്യ ഭാഗത്ത് എത്തിയ സായ് ധന്‍സിക മാത്രമാണ്. ശിവനിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ടെെറ്റിൽ കാർഡിലും ആന്തോളജി മാറുന്നിടതും ശിവൻ എത്തുന്നുണ്ട്. ഒരു ആഘോഷമായി മാത്രം സിനിമ കാണാനെത്തുന്നവർക്കുള്ളതല്ല സോളോയെന്നത് കൊണ്ട് സൂക്ഷ്മതയോടെ കാണാൻ സിനിമ പ്രേക്ഷകരെ നിർബന്ധിപ്പിക്കുന്നുണ്ട്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രം മനസിലാകുന്ന പലതും സിനിമയിൽ ബിജോയ് പറയുന്നുണ്ട്.ജലം പശ്ചാത്തലമായി ഒരുക്കിയ ശേഖറിന്റെ കഥ പറയുന്ന ഭാ​ഗങ്ങൾ ധന്‍സികയുടെ മികച്ച പ്രകടനത്താൽ സമ്പന്നമാണ്. ദുല്‍ഖറെന്ന താരത്തില്‍ നിന്ന് നടനിലേയ്ക്കുള്ള വളര്‍ച്ചയെ വിമര്‍ശനാത്മകമായി വിലയിരുത്താൻ ഈ ഭാഗം കണ്ടാൽ മതിയാകും. ധന്‍സികയും ദുല്‍ഖറും സ്‌ക്രീന്‍ പങ്കിടുമ്പോള്‍ ധന്‍സികയുടെ നിഴലായി ദുല്‍ഖര്‍ മാറുന്നു. പക്ഷേ ഒരോ സിനിമ കഴിയുമ്പോഴും മെച്ചപ്പെടുന്ന ഒരു നടനെയും ദുൽഖറിൽ കാണാം. ശേഖറിന്റെ ലോകത്ത് പിന്നെ കൈയടി നേടുന്നത് സൗബിന്റെ പട്ടുവെന്ന കഥാപാത്രമാണ്. സിനിമയില്‍ കോമഡി രംഗങ്ങളുള്ളതും ഇവിടെ മാത്രമാണ്. പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് ശേഖറിന്റെ കഥ പറയുന്നത്. ശേഖറിന്റെ പ്രണയിനി രാധികയായി ധന്‍സികയെത്തുന്നു. പ്രണയം പറയുന്ന കഥയില്‍ ജലം പലവിധത്തില്‍ പശ്ചാത്തലത്തിൽ എത്തുന്നുണ്ട്. പലപ്പോഴും ഒരു നാടക ശെെലിയിലേയ്ക്ക് കഥാപശ്ചാത്തലം മാറുന്നുണ്ട്. ദുൽഖറിലെ നടന്റെ പോരായ്മകളുടെ തുറന്നിടലാവുന്നത് ഇവിടെയാണ്. ശേഖറിന്റെയും രാധികയുടെയും പ്രണയം കൂടുതൽ മികവുറ്റതാകുന്നത് പശ്ചാത്തല സം​ഗീതവും പാട്ടുകളുമാണ്.

ശേഖറിന്റെ ലോകത്ത് നിന്ന് ത്രിലോകിന്റെ ലോകത്തേക്കെത്തുമ്പോൾ പ്രണയത്തിനൊപ്പം പ്രതികാരവും കഥയുടെ ഭാ​ഗമാകുന്നുണ്ട്. ആരതി വെങ്ക്വിടേഷ് ഐഷയെന്ന ത്രിലോകിന്റെ ഭാര്യയായി എത്തുന്ന കഥയിൽ പഞ്ചഭൂതങ്ങളിലെ വായുവാണ് പശ്ചാത്തലം. വായു (ശ്വാസം) മുൻനിർത്തിയാണ് കഥാപശ്ചാത്തലവും സിനിമയുടെ പ്രതികാരവുമെല്ലാം ഒരുക്കിയിട്ടുള്ളത്. കഥയോട് ഇഴുകി ചേരുന്ന രീതിയിൽ ഒരു ചെറിയ സസ്പെൻസും ഇൗ ഭാ​ഗം പുലർത്തുന്നുണ്ട്. രഞ്ജി പണിക്കർ ഇൗ ഭാ​ഗത്തിൽ എത്തുന്നുണ്ടെങ്കിലും ഒരു കഥാപാത്രമെന്നതിനപ്പുറത്തേയക്ക് തന്റെതായ ഒന്നും സിനിമയിലടയാളപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ആൻ അ​ഗസ്റ്റിന്റെ കഥാപാത്രം മാത്രമാണ് സിനിമയ്ക്ക് ശേഷവും മനസിൽ നിൽക്കുന്നത്.
ഇന്റർവെലിന് ശേഷമെത്തുന്ന ശിവ ഒരു ​ഗാങ്സ്റ്ററാണ്. അച്ഛനെ കൊന്നവരെ അന്വേഷിച്ച് മുബെെയിലെയത്തുന്ന ശിവയും കുട്ടാളികളും നടത്തുന്ന പ്രതികാരത്തിന്റെ കഥയാണ് ശിവയുടെ ലോകത്തിന്റെ ഇതിവൃത്തം. അ​ഗ്നിയാണ് ശിവയുടെ പ്രതികാര കഥയുടെ പശ്ചാത്തലമാകുന്നത്. മറ്റ് സിനിമകളിൽ പ്രണയത്തിന് പ്രധാന്യം നൽകുമ്പോൾ ശിവയുടെ ലോകം ഒരു ​ഗാങ്സറ്റർ സിനിമയും പകയുമാണ് കേന്ദ്ര ബിന്ദു. അച്ഛനെ കൊന്നവനെ കൊല്ലാനിറങ്ങുന്ന ശിവയുടെ കഥയിലും ഒരു ചെറിയ സസ്പെൻസ് നിലനിർത്തിയിട്ടുണ്ട്. ബോളിവുഡ് സംവിധായകനായ ബിജോയുടെ മുൻപരിചയം ഇൗ ഭാ​ഗങ്ങളുടെ പരിചരണത്തിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ശിവയായി എത്തുന്ന ദുൽഖറിന്റെത് മികച്ച പ്രകടനമാണ്. മനോജ് കെ ജയനും ഇൗ സിനിമയുടെ ഭാ​ഗമാണ്. ദുൽഖറിന്റെ കഥാപാത്ര സൃഷ്ടിയുടെ സൂക്ഷ്മതയാണ് ശിവയെ മികച്ചതാക്കുന്നത്. ഒരു സംഭാഷണം പോലും ദുൽഖറിന്റെ ശിവയ്ക്കില്ല. പശ്ചാത്തല മികവിന്റെ മേന്മ കൂടിയാണ് ശിവയുടെ ലോകം.

ടീസറിലും പാട്ടിലുമെല്ലാം നിറഞ്ഞ് നിന്നതു ദുൽഖർ നേഹ ശർമ്മ പ്രണയമായിരുന്നു. രുദ്രയുടെ ലോകമെന്ന അവസാന ഭാ​ഗത്തിൽ മണ്ണിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ പ്രണയം ഒരുക്കിയിട്ടുള്ളത്. ഏറ്റവും വലിയ താര നിരയുള്ളതും ഇവിടെയാണ്. ദുൽഖർ നേഹ എന്നവരെ കൂടാതെ നാസർ, സുഹാസിനി, ദീപ്തി സതിയുമെല്ലാം പ്രധാന കഥാപാത്രങ്ങളാവുന്നു. ഏറ്റവും ത്രീവ്രമായ പ്രണയം പറയുന്നതും രുദ്രയുടെ ലോകത്തിലാണ്. അക്ഷരയും രുദ്രയും തമ്മിലുള്ള പ്രണയത്തിന്റെ രസതന്ത്രം മികവുറ്റതാണ്. പ്രണയത്തിനെ കൂടുതൽ മികച്ചതാക്കുന്നത് കഥയോട് ചേർന്ന് നിൽകുന്ന പാട്ടുകളാണ്. റോഷമോൻ എന്ന ഹിറ്റ് ​ഗാനവും ഇൗ ഭാ​ഗത്തിലാണ്. പ്രണയചിത്രമെന്ന നിലയിൽ നിന്ന് തീർത്തും അപ്രതീക്ഷിതമായ ക്ലെെമാക്സിലാണ് സോളോ അവസാനിക്കുന്നത്.പഞ്ചഭൂതങ്ങളിൽ നാലെണ്ണം സിനിമയുടെ പശ്ചാത്തലമാകുമ്പോൾ സിനിമകളെ തമ്മിൽ യോജിപ്പിക്കുന്നത് സ്ത്രീയാണ്. നാല് ഭാ​ഗങ്ങളിലും മാതൃത്വം ഒരു പ്രധാന ഘടകമായി നിൽക്കുന്നുണ്ട്. അമ്മയിലൂടെയാണ് ബിജോയ് നമ്പ്യാർ ജലം, വായു,അ​ഗ്നി, മണ്ണ് എന്നിങ്ങനെ വെെവിധ്യമായ കഥകളെ ഒന്നിച്ച് ചേർക്കുന്നത്. ധന്യ രാമനും ബിജോയ് നമ്പ്യാരും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിങ് സിനിമയ്ക്ക് ഒരു താളം സമ്മാനിക്കുന്നുണ്ട്. കാഴ്ചയെ ഛായാഗ്രാഹണത്തിനൊപ്പം ആസ്വാദമാക്കുന്നത് ശ്രീകര്‍ പ്രസാദിന്റെ മികവ് കൂടിയാണ്. ഗീരിഷ് ഗംഗാധരന്‍- മധു നീലകണ്ഠന്‍- സൈഷല്‍ ഷാ ടീമിനായിട്ടുണ്ട്. ഈ മൂന്നംഗ സംഘത്തിന്റെ ക്യാമറ മികവാണ് സോളോയുടെ ഹൃദയം. ദൃശ്യപരിചരണം സംവിധായകന്റെ മനസിനൊപ്പം സഞ്ചരിക്കുന്നിടതാണ് ബിജോയുടെ പരീക്ഷണം വിജയമാവുന്നത്.

പ്രണയത്തിന്റെ തീവ്രതയും ത്രില്ലറിന്റെ ചടുലതയും പകയുടെ തീക്ഷ്ണതയും പ്രേക്ഷന്റെ മനസിലേയ്ക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ​ഗാനങ്ങളാണ്. 15ഒാളം ​ഗാനങ്ങളാണ് സിനിമയിലുള്ളത്. പലപ്പോഴും മ്യൂസിക്കൽ ഡ്രാമയായി സിനിമ മാറുന്നുണ്ട്. ഇൗ മാറ്റമാണ് സിനിമയുടെ ഉയിരാവുന്നത്. പ്രണയത്തിന്റെ ഉൗഷ്മളതയും പ്രതികാരത്തിനായുള്ള വാശിയെല്ലാം പ്രേക്ഷകനിലേയ്ക്ക് കൃത്രമായി സന്നിവേശിപ്പിക്കാൻ ​ഗാനങ്ങൾക്കൊപ്പം പശ്ചാത്തല സം​ഗീതത്തിനും കഴിഞ്ഞിട്ടുണ്ട്. ദുൽഖർ സൽമാൻ എന്ന താരത്തിൽ സിനിമ കാണാനെത്തിയ താര ആരാധകരെ ഇൗ സിനിമ ചിലപ്പോൾ നിരാശരാക്കും. ഫാന്‍സിന് വേണ്ടിയുള്ള സിനിമയല്ലാതെയിരിക്കുമ്പോഴും അങ്ങനെ ചില ആക്ഷൻ രംഗങ്ങള്‍ കുത്തി നിറച്ചത് മുഴച്ച് നില്‍കുന്നതൊഴിച്ചാല്‍ സോളോ ഹൃദ്യമാണ്. ഹിന്ദിയടക്കമുള്ള അന്യ ഭാഷകളിൽ മാത്രം കണ്ട് പരിചരിച്ച ഒരു പരീക്ഷണ സിനിമ ശെെലിയിൽ ഒരു മലയാള സിനിമ ആ​ഗ്രിക്കുന്നവർക്ക് ധെെര്യമായി സോളോ കാണാം. ധൻസികയ്ക്ക് അപ്പുറം മികച്ച പ്രകടനങ്ങളൊന്നും തന്നെ എടുത്ത് പറയാനില്ലെങ്കിലും സിനിമയുടെ മേക്കിങ് കൊണ്ട് നല്ല സിനിമയാവുകയാണ് സോളോ. സംവിധായകന്റെ മനസറിഞ്ഞ് പ്രവർത്തിച്ച ഒരു കൂട്ടം അണിയറ പ്രവർത്തകരാണ് സോളോയുടെ സോൾ.

Read More >>