സഹോദരിമാര്‍ക്ക് നേരെ സദാചാരവേട്ട: പ്രതികളെ പിടിച്ചു കൊണ്ടുവന്നാല്‍ അറസ്റ്റ് ചെയ്യാമെന്നു പൊലീസ്: മരണക്കുറിപ്പുമായി പെണ്‍കുട്ടി

സദാചാര ആക്രമണത്തിനെതിരെ പരാതിയുമായി സ്റ്റേഷിനെത്തിയപ്പോള്‍ പരാതിക്കാരോടു തന്നെ പ്രതികളെ കണ്ടുപിടിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മരണക്കുറിപ്പെഴുതി കോഴിക്കോട് നാദാപുരം സ്വദേശിനി ചിന്‍സി ചന്ദ്ര. ചന്‍സിയുടെ കുറിപ്പില്‍ പറയുന്നത് ഗുരുതരമായ ആരോപണങ്ങള്‍.

സഹോദരിമാര്‍ക്ക് നേരെ  സദാചാരവേട്ട: പ്രതികളെ പിടിച്ചു കൊണ്ടുവന്നാല്‍ അറസ്റ്റ് ചെയ്യാമെന്നു പൊലീസ്: മരണക്കുറിപ്പുമായി പെണ്‍കുട്ടി

സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെ സദാചാര വേട്ട തുടരുന്നു. സദാചാര ഗുണ്ടകളുടെ ഒപ്പമല്ലെന്ന് സര്‍ക്കാര്‍ ആണയിടുമ്പോഴും വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്ക് പൊലീസിന്റെ പിന്തുണയുണ്ടെന്നുള്ളത് നിഷേധിക്കാനാകാത്ത കാര്യമാണ്. സദാചാര ആക്രമണത്തിനെതിരെ പരാതിയുമായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരാതിക്കാരോടു തന്നെ പ്രതികളെ കണ്ടുപിടിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. കോഴിക്കോട് നാദാപുരം സ്വദേശിനി ചിന്‍സി ചന്ദ്രയാണ് പൊലീസിനും സാമൂഹിക വിരുദ്ധര്‍ക്കുമെതിരെ സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടത്. കുറിപ്പ് മരണക്കുറിപ്പായി കണക്കാക്കണമെന്നും ചന്‍സി പറയുന്നു.

അച്ഛനും അമ്മയും സഹോദരിയും സ്വാതി ചന്ദ്രയെന്ന ഞാനും അടങ്ങുന്നതാണ് എന്റെ കുടുംബം. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഭ്രാന്താണെന്നും ഞാനും അനിയത്തിയും അമ്മയും വീടും നാടും നിറഞ്ഞു നില്‍ക്കുന്ന വെടികളും ആണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നു. വീട്ടിലേക്ക് പല വസ്തുക്കളും ഉപയോഗിച്ച് എറിയുക കാറിന് നേരെ എറിയുക ഇതൊക്കെ നിത്യസംഭവങ്ങളായി മാറി. പിന്നീട് മാനസികമായി ദുര്‍ബലരല്ലാത്തത് കൊണ്ടും കൃത്യമായ രാഷ്ട്രീയ ബോധ്യമുള്ളത് കൊണ്ടും ഞങ്ങള്‍ ആത്മഹത്യ ചെയ്തില്ല. എങ്കിലും ആള്‍ക്കൂട്ടത്തിന്റെ തുറിച്ച് നോട്ടവും അപഹസിച്ചു കൊണ്ടു ള്ള കമന്റുകളും അന്ന് വല്ലാതെ തളര്‍ത്തിയിരുന്നു.. ഏത് രീതിയിലാണ് ഈ വിഷയത്തെ പ്രശ്‌നവല്‍ക്കരിക്കേണ്ടത് എന്ന ചോദ്യം ഇപ്പോഴും മനസില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നു. അതിക്രമം ഒരുപാട് വ്യാപിക്കുന്നു എന്നായപ്പോള്‍ പോലീസ് സ്റ്റേഷനില്‍ ഒരുപാട് തവണ കയറി ഇറങ്ങി എന്നല്ലാതെ ഒരു ഗുണവും ഉണ്ടായില്ല.

നാദാപുരം പോലീസ് സ്റ്റേഷനില്‍ ഇപ്പോഴും കാണും പൊടിപിടിച്ച് കിടക്കുന്ന പെറ്റീഷന്‍ ഫയലുകള്‍. പരാതിയുമായി ചെന്ന ഞങ്ങളോട് അന്ന് നാദാപുരം സ്ഥലം എസ്.ഐ പറഞ്ഞത് ഇങ്ങനെയാണ് 'നിങ്ങള്‍ പ്രതികളെ കണ്ടു പിടിക്കൂ ഞങ്ങള്‍ അറസ്റ്റ് ചെയ്യാം'. തുടര്‍ സമ്മര്‍ദം ചെലുത്തിയപ്പോള്‍ അവര്‍ കണ്ടു പിടിച്ചത് ഇങ്ങനെയാണ് 'രണ്ട് പെണ്‍കുട്ടികള്‍ ആയത് കൊണ്ടും കല്ല്യാണം കഴിപ്പിച്ചയക്കാന്‍ ഗതിയില്ലാത്തത് കൊണ്ട് എന്റെ അച്ഛന്‍ തന്നെയാണ് ഇങ്ങനെയുള്ള അപവാദ പ്രചരണങ്ങള്‍ പടച്ചു വിടുന്നതെന്നും അച്ഛന് മാനസിക പ്രശ്നമാണ് എന്നുമൊക്കെ '. എങ്ങനെയാണ് ഒരു പൗരന് ഇങ്ങനെയൊരു നിയമ വ്യവസ്ഥിതിയില്‍ വിശ്വസിക്കാന്‍ കഴിയുക?' - ചിന്‍സി ചോദിക്കുന്നു.


ഗീത ടീച്ചറിനും മകള്‍ അപര്‍ണ പ്രശാന്തിക്കുമെതിരെ സദാചാര ആക്രമണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ചിന്‍സിയുടെ തുറന്നുപറച്ചില്‍. അടുത്ത ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന ബോധ്യത്തിലാണ് ഇന്നും ജീവിച്ച് പോകുന്നത്. അത് കൊണ്ട് ഇതൊരു മരണ കുറിപ്പ് എന്നു പറയാനാണ് തനിക്കിഷ്ടമെന്നും ചിന്‍സി പറഞ്ഞു. ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിരന്തരം ഇത്തരം സദാചാര അതിക്രമങ്ങള്‍ ഉടലെടുക്കുന്നതിനാലും താന്‍ ഉള്‍പ്പടെയുള്ള കുറച്ചധികം പെണ്‍കുട്ടികള്‍ ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു എന്നതു കൊണ്ട് കൂടിയാണ്. തുറന്നു പറച്ചിലുകള്‍ അനിവാര്യമാണ് എന്ന് കരുതുന്നു. ഗീത ടീച്ചര്‍ക്ക് നേരിടേണ്ടി വന്നത് കല്ലേറുകള്‍ ആണെങ്കില്‍ എനിക്കും കുടുംബത്തിനും നേരിടേണ്ടി വന്നത് അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ കത്തുകളും പോസ്റ്റ്റുകളുമാണെന്നും ചിന്‍സി പറഞ്ഞു.

നാദാപുരം സ്വദേശിയായ അസ്‌നിയ അഷ്മിന്‍ എന്ന പെണ്‍കുട്ടിക്കും ഇതേ അനുഭവം നേരിട്ടിരുന്നു. തട്ടമിടാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന ഭീഷണിപ്പെടുത്തിയതിനെതിരെ അസ്‌നിയ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Read More >>