മീനാക്ഷിക്ക് പറ്റിയൊരു വരനെ വേണം; 'തട്ടീം മുട്ടീം' കാസ്റ്റിംഗ് കോൾ വൈറലാവുന്നു

മീനാക്ഷിക്ക് കല്യാണമായെന്നും അനുയോജ്യനായ വരനെ തേടുകയാണെന്നും കാസ്റ്റിംഗ് കോളിൽ പറയുന്നു.

മീനാക്ഷിക്ക് പറ്റിയൊരു വരനെ വേണം; തട്ടീം മുട്ടീം കാസ്റ്റിംഗ് കോൾ വൈറലാവുന്നു

മഴവിൽ മനോരമയിലെ ഏറ്റവും ജനപ്രീതിയുള്ള പരിപാടിയാണ് ഹാസ്യ സീരിയലായ 'തട്ടീം മുട്ടീം.' കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ പരമേശ്വരൻ, വീണ നായർ, ശ്രീലത നമ്പൂതിരി, സിദ്ധാർത്ഥ് പ്രഭു, ഭാഗ്യലക്ഷ്മി പ്രഭു, നസീർ സംക്രാന്തി തുടങ്ങിയവർ അഭിനയിക്കുന്ന തട്ടീം മുട്ടീം 2012 മുതലാണ് സംപ്രേഷണം ആരംഭിച്ചത്. ഒരു കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ ഹാസ്യത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് തട്ടീം മുട്ടീം ചെയ്യുന്നത്.

മോഹനവല്ലി (മഞ്ജു പിള്ള), അർജ്ജുനൻ (ജയകുമാർ പരമേശ്വരൻ) ദമ്പതികളുടെ മക്കളായ കണ്ണനും മീനാക്ഷിയും അർജ്ജുനൻ്റെ അമ്മ മായാവതി അമ്മയും ഉൾപ്പെടുന്നതാണ് കുടുംബം. മീനാക്ഷിക്ക് പറ്റിയ ഒരു വരനു വേണ്ടിയുള്ള കാസ്റ്റിംഗ് കോളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മീനാക്ഷിക്ക് കല്യാണമായെന്നും അനുയോജ്യനായ വരനെ തേടുകയാണെന്നും കാസ്റ്റിംഗ് കോളിൽ പറയുന്നു.

പ്രായം 23-26 ആവണം, നല്ല അഭിനയ ശേഷിയുണ്ടാവണം, നല്ല നർമ്മബോധമുണ്ടാവണം, മീശയും താടിയും നിർബന്ധമില്ല, ലേശം കഷണ്ടിയൊക്കെ ഏതു മീനാക്ഷിയും സഹിക്കും, ജാതി, ജാതകം, ജില്ല എന്നിവ യോഗ്യതയല്ല എന്നിങ്ങനെയാണ് വരനു വേണ്ട ഗുണഗണങ്ങൾ. താത്പര്യമുള്ളവർ ഫുൾ സൈസ്, ക്ലോസപ്പ് ചിത്രങ്ങളും ബയോഡേറ്റയും ഒരു മിനിറ്റ് ദൈർഘ്യമുള്ള സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ എന്നിവ സഹിതം അപേക്ഷകൾ അയക്കണം. ഈ മാസം 10 ആണ് അവസാന തിയതി.
Read More >>