മിലേ സുര്‍ മേരാ തുമ്ഹാര; ഇന്നും ഓര്‍മ്മകളില്‍ മുഴങ്ങുന്ന ഇന്ത്യയുടെ രണ്ടാം ദേശീയ ഗാനം

മിലേ സുർ മേരാ തുമ്ഹാര എന്ന ഗാനം പ്രയാണം തുടങ്ങിയിട്ട് 29 വര്‍ഷങ്ങളാകുന്നുവെങ്കിലും പലര്‍ക്കും ഈ ഗാനം കാണാപ്പാഠമാണ്. ഒരു ദൂരദര്‍ശനും ഒരു ആകാശവാണിയും മാത്രമുള്ള പരിമിതമായ സൗകര്യങ്ങളുടെ കാലത്ത് ഈ ഗാനം പിടിച്ചടക്കിയ ഹൃദയങ്ങള്‍ ഇന്നും അതുപോലെ തന്നെ അതിനെ ചേര്‍ത്തു നിര്‍ത്തുന്നുണ്ട്, പറിച്ചെറിയാന്‍ സാധ്യമല്ലെന്ന രീതിയില്‍. അതുകൊണ്ടു കൂടിയാണ് 'മിലേ സുര്‍' ഗാനത്തിന്റെ ഇരുപതാം വാര്‍ഷികത്തിലിറങ്ങിയ 'ഫിര്‍ മിലേ സുര്‍' എന്ന ഗാനം ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുണ്ടായിട്ടും ഹൃദയത്തില്‍ തട്ടാതെ പോയതും.

മിലേ സുര്‍ മേരാ തുമ്ഹാര; ഇന്നും ഓര്‍മ്മകളില്‍ മുഴങ്ങുന്ന ഇന്ത്യയുടെ രണ്ടാം ദേശീയ ഗാനം

1988 ഓഗസ്റ്റ് 15. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വാതന്ത്ര്യദിന സന്ദേശം നടക്കുന്നു. അന്നത്തെ ഒരേയൊരു ദൃശ്യമാധ്യമമായ ദൂരദര്‍ശനില്‍ അതിന്റെ തത്സമയവും. പ്രധാനമന്ത്രി സംസാരിച്ചു തീര്‍ന്നതിനു പിന്നാലെ ദൂരദര്‍ശനില്‍ പ്രത്യക്ഷപ്പെട്ടത് ഒരു ഗാനമായിരുന്നു. ആറ് മിനിട്ടും 10 സെക്കന്റുമുള്ള ആ ഗാനം ഇന്ത്യയിലെ പ്രേക്ഷകരെ മുഴുവന്‍ ആകര്‍ഷിച്ചു. തുടര്‍ന്നു വര്‍ഷങ്ങളോളം ടെലിവഷനിലും ആകാശവാണിയിലുമായി ആ ഗാനം പ്രേക്ഷകരിലേക്ക് എത്തി. അങ്ങനെ അങ്ങനെ ആ മനോഹരഗാനം ഇന്ത്യയുടെ രണ്ടാം ദേശീയ ഗാനം എന്ന വിളിപ്പേരോടെ ചരിത്രത്തിലേക്ക് നടന്നു കയറി. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ സംഭാവനയായ 'നാനാത്വത്തില്‍ ഏകത്വം' എന്ന ആശയത്തെ മനോഹരമായി ആവിഷ്‌കരിച്ച 'മിലേ സുര്‍ മേരാ തുമാരാ' എന്ന ഗാനം സംസാരിച്ചത് പതിനാല് ഇന്ത്യന്‍ ഭാഷകളും കൂടിയായിരുന്നു.

'എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേര്‍ന്നു നമ്മുടെ സ്വരമായ്' എന്ന വരികള്‍ തേക്കടയില്‍ ആനപ്പുറത്തിരുന്ന പാടുന്ന മലയാളിയെ ആരും മറക്കാനിടയില്ല. അതേ വരികള്‍ മറ്റു പതിമൂന്ന് ഭാഷകളിലും പ്രസ്തുത ഗാനത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. ലോക് സേവാ സഞ്ചാര്‍ പരിഷത്തിന്റെ ആശയത്തിന് സാക്ഷാത്കാരമേകിയത് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയവും ദൂര്‍ദര്‍ശനം ചേര്‍ന്നായിരുന്നു. ഒഗില്‍വി ആന്റ് മാത്തര്‍ ഇന്ത്യയുടെ ഇന്നത്തെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പിയൂഷ് പാണ്ഡേയുടെ വരികള്‍ക്ക് അശോക് പാട്കി സംഗീതവും ലൂയിസ് ബാങ്ക്‌സ് അവതരണ സംഗീതവും നിര്‍വഹിച്ചു. ദൂരദറശനിലൂടെ തരംഗമായ ദൃശ്യങ്ങള്‍ക്ക് മിഴിവേകിയതിനു പിന്നില്‍ സുരേഷ് മല്ലിക്കിന്റെ ആശയങ്ങളായിരുന്നു പ്രവര്‍ത്തിച്ചത്. ഹിന്ദി, ഗുജറാത്തി, ഉര്‍ദു, പഞ്ചാബി, സിന്ധി, കശ്മീരി, തമിഴ്, കന്നഡ, തെലുഗു, മലയാളം, ബംഗാളി, ആസാമീസ്, ഒറിയ, മറാത്തി ഭാഷകളിലൂടെ കടന്നു പോകുന്ന ഈ ഗാനത്തില്‍ അഭിനയിക്കാന്‍ അണിനിരന്നവരും അന്നത്തെ പ്രമുഖര്‍ തന്നെയാണ്.

ഭീംസെന്‍ ജോഷി, എം. ബാലമുരളീകൃഷ്ണ, ലതാ മങ്കേഷ്‌കര്‍, അമിതാബ് ബച്ചന്‍, മിഥുന്‍ ചക്രവര്‍ത്തി, കമലഹാസന്‍, കെ.ആര്‍. വിജയ,രേവതി, ജിതേന്ദ്ര, വഹീദ റഹ്മാന്‍, ഹേമ മാലിനി, തനൂജ ,ശര്‍മിള ടാഗോര്‍, ശബാന ആസ്മി, ദീപ സാഹി, ഓം പുരി, ദിന പഥക്, മീനാക്ഷി ശേഷാദ്രി, മല്ലിക സാരാഭായ്, മാരിയോ മിരാന്‍ഡ, മൃണാള്‍ സെന്‍, സുനില്‍ ഗംഗോപാധ്യായ, ആന്ദശങ്കര്‍ റായ്, സുചിത്ര മിത്ര, നരേന്ദ്ര ഹിര്‍വാനി, എസ്. വെങ്കട്ടരാഘവന്‍, പ്രകാശ് പദുകോണ്‍, രാമാനന്ദന്‍ കൃഷ്ണന്‍,അരുണ്‍ ലാല്‍, പി.കെ. ബാനര്‍ജി,ചുനി ഗോസാമി, സയിദ് കിര്‍മാനി,ലെസ്ലി ക്ലോഡിയസ്, ഗുരുബ്ക്സ് സിംങ്ങ്, പ്രതാപ് പോത്തന്‍ തുടങ്ങിയവരായിരുന്നു ഗാനരംഗത്തില്‍ അഭിനയിച്ചത്.


ഈ ഗാനം വിവിധ ഭാഷകളില്‍ ആണെങ്കിലും സംഗീതം ചിട്ടപ്പെടുത്തുവാന്‍ ഉപയോഗിച്ചിരിക്കുന്ന രാഗം സിന്ധുഭൈരവിയാണ്. ഒരു രാഗം ഉപയോഗിച്ച് ഒരു ആശയത്തെ വിവിധഭാഷകളില്‍ പ്രശസ്തരായ ഗായകരെ കൊണ്ട് പാടിക്കുക എന്നുള്ളതായിരുന്നു മിലേ സുര്‍ മേരായിലൂടെ യാഥാര്‍ത്ഥ്യമായത്. ഇന്ത്യയുടെ ദേശീയരാഗമെന്ന വിളിപ്പേരുകൂടി സിന്ധുഭൈരവിക്കുണ്ട്. അതതു പ്രാദേശികമായ ആലാപനരീതിയോടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നാടോടിസംഗീതത്തിന്റെയും ക്ലാസിക്കല്‍ സംഗീതത്തിന്റെയും ഭാഗമായി നൂറ്റാണ്ടുകളായി സിന്ധുഭൈരവിയുണ്ട്. സിന്ധുദേശത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉടലെടുത്തത് എന്ന്കരുതുന്ന ഈ രാഗത്തിന് പേര്‍ഷ്യന്‍സംഗീതത്തിലും വേരുകളുണ്ടെന്നുള്ളതും ഈ രാഗത്തിനു നിയതമായ ആരോഹണ- അവരോഹണ ക്രമങ്ങള്‍ ഇല്ലെന്നുള്ളതും പ്രത്യേകതയാണ്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ് കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ പ്രതിപാദിക്കുന്ന ഈ ഗാനത്തിന് സിന്ധുഭൈരവിതന്നെ ഉപയോഗിക്കാന്‍ സൃഷ്ടാക്കള്‍ തീരുമാനിച്ചതും.

ഇന്ന് പ്രസ്തുത ഗാനം പ്രയാണം തുടങ്ങിയിട്ട് 29 വര്‍ഷങ്ങളാകുന്നുവെങ്കിലും പലര്‍ക്കും ഈ ഗാനം കാണാപ്പാഠമാണ്. ഒരു ദൂരദര്‍ശനും ഒരു ആകാശവാണിയും മാത്രമുള്ള പരിമിതമായ സൗകര്യങ്ങളുടെ കാലത്ത് ഈ ഗാനം പിടിച്ചടക്കിയ ഹൃദയങ്ങള്‍ ഇന്നും അതുപോലെ തന്നെ അതിനെ ചേര്‍ത്തു നിര്‍ത്തുന്നുണ്ട്, പറിച്ചെറിയാന്‍ സാധ്യമല്ലെന്ന രീതിയില്‍ ആ ഇടത്തിൽ മറ്റൊരു ഗാനത്തിന് സ്ഥാനമില്ലെന്നുള്ളതിൻ്റെ തെളിവാണ് 'മിലേ സുര്‍' ഗാനത്തിന്റെ ഇരുപതാം വാര്‍ഷികത്തിലിറങ്ങിയ 'ഫിര്‍ മിലേ സുര്‍' എന്ന ഗാനം ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുണ്ടായിട്ടും ഹൃദയത്തില്‍ തട്ടാതെ പോയതും.

Read More >>