സ്വപ്നം പോലൊരു പാട്ടുകാരൻ; ഇന്ന് മുഹമ്മദ് റാഫിയുടെ 93 ആം പിറന്നാൾ

തന്റെ പാട്ടുകൾ മാത്രം ബാക്കിയാക്കി അദ്ദേഹം യാത്രയായെങ്കിലും സംഗീതാസ്വകർ ഇന്നും ഇദ്ദേഹത്തെ കേൾക്കുകയും ആസ്വദിക്കുകയും ദീപ്തമായ ഓർമകളിൽ അഭിരമിക്കുകയും ചെയ്യുന്നുവെങ്കിൽ തീർച്ചയായും അത് മുഹമ്മദ് റാഫി സംഗീത ലോകത്ത് ബാക്കി വെച്ചിട്ടു പോയ സുന്ദരമായ സ്മരണകൾ കാരണമാണ്.

സ്വപ്നം പോലൊരു പാട്ടുകാരൻ; ഇന്ന് മുഹമ്മദ് റാഫിയുടെ 93 ആം പിറന്നാൾ

ഇന്ന് മുഹമ്മദ് റാഫിയുടെ 93 ആം പിറന്നാളാണ്. നാല് പതിറ്റാണ്ടുകൾ ഇന്ത്യൻ സിനിമാ ഗാനങ്ങളുടെ പുരുഷ ശബ്ദമായിരുന്ന മുഹമ്മദ് റാഫി എന്ന അനശ്വര ഗായകൻ. തന്റെ പാട്ടുകൾ മാത്രം ബാക്കിയാക്കി അദ്ദേഹം യാത്രയായെങ്കിലും സംഗീതാസ്വകർ ഇന്നും ഇദ്ദേഹത്തെ കേൾക്കുകയും ആസ്വദിക്കുകയും ദീപ്തമായ ഓർമകളിൽ അഭിരമിക്കുകയും ചെയ്യുന്നുവെങ്കിൽ തീർച്ചയായും അത് മുഹമ്മദ് റാഫി സംഗീത ലോകത്ത് ബാക്കി വെച്ചിട്ടു പോയ സുന്ദരമായ സ്മരണകൾ കാരണമാണ്.അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കേള്‍ക്കാത്തവരോ, ആസ്വദിക്കാത്തവരോ ഇന്നും വിരളമാണ്. മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യാത്ത റേഡിയോ നിലയങ്ങളോ, ടെലിവിഷന്‍ കേന്ദ്രങ്ങളോ ഇന്ത്യയിലെന്നല്ല, വിദേശങ്ങളിലും ഉണ്ടാവില്ല.

1948 ജനുവരി 30, ലോക ജനതയെ ഒന്നടങ്കം ഞെട്ടിപ്പിച്ചുകൊണ്ട് മഹാത്മാഗാന്ധി, നാഥുറാം ഗോഡ്‌സെയുടെ വെടിയുണ്ടയേറ്റ് മരിച്ചുവീണപ്പോള്‍ സ്വതന്ത്ര ഭാരതം ശോകസാന്ദ്രമായി. തലസ്ഥാന നഗരിയില്‍ ജനലക്ഷങ്ങള്‍ തിങ്ങിക്കൂടിയ അനുശോചന യോഗം നടന്നുകൊണ്ടിരിക്കെ, പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്‌റു, രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ അത്യന്തം വിഷാദത്തോടെ വേദിയില്‍ സന്നിഹിതരായിരിക്കുന്നു. ഇവരുടെ ഇടയിലേക്ക് ദുഃഖം ഘനീഭവിച്ച മുഖവുമായി ഒരു യുവാവ് കടന്നുവന്നു. ആ യുവാവ്, മനുഷ്യ സാഗരത്തെ അഭിമുഖീകരിച്ച് ഒരു വിലാപ ഗാനം ആലപിക്കാന്‍ തുടങ്ങി. ലോകരേ, നിങ്ങള്‍ ബാപ്പുജിയുടെ ഈ അനശ്വര കഥകള്‍ കേട്ടാലും കേട്ടാലും എന്നര്‍ത്ഥം വരുന്ന, സുനോ, സുനോ യെ ദുനിയാവാലേ, ബാപ്പുജികി അമര്‍ കഹാനി എന്ന ഗാന്ധിജിയുടെ ത്യാഗോജ്വലമായ ജീവിതത്തിലെ, അവിസ്മരണീയമായ സംഭവങ്ങള്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ഗാനമായിരുന്നു അത്. ജവഹര്‍ലാല്‍ നെഹ്‌റു തന്റെ കണ്ണ് തുടച്ചുകൊണ്ട്, 24 കാരനായ ആ യുവഗായകനെ, മാറോടണച്ച് അനുമോദിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. മുഹമ്മദ് റാഫിയുടെ ശബ്ദത്തിൽ പിന്നെയിങ്ങോട്ട് ഒരു വിഷാദ ഭാവം കാണാമായിരുന്നു. കേൾവിക്കാരുടെ മനസ്സുകൾ ആർദ്രമാക്കുന്ന അദ്ദേഹത്തിന്റെ ശബ്ദ സൗകുമാര്യത്തിന്റെ ഇന്ദ്രജാലം ലോകം അനുഭവിച്ച് തുടങ്ങുകയായിരുന്നു.

1924 ഡിസംബര്‍ 24ന് പഞ്ചാബിലെ, കോട്‌ല സുല്‍ത്താന്‍ സിംഗ് എന്ന ഒരു കൊച്ചുഗ്രാമത്തില്‍ ഹാജി അലി മുഹമ്മദ് എന്നയാളുടെ ഏഴാമത് മകനായി മുഹമ്മദ് റാഫി ജനിച്ചു. തികഞ്ഞ മതവിശ്വാസിയും യാഥാസ്ഥിതികനും ഭേദപ്പെട്ട സാമ്പത്തിക ശേഷിയുമുള്ള, ജന്മിയായിരുന്നു ഹാജി അലി മുഹമ്മദ്. ഗ്രാമവാസികളുടെ ശമന കേന്ദ്രവുമായിരുന്നു ആ ഭവനം. നാല് ജ്യേഷ്ഠസഹോദരന്മാരും രണ്ട് സഹോദരിമാരുമായിരുന്നു മുഹമ്മദ് റാഫിയുടെ കൂടപ്പിറപ്പുകള്‍. ഉര്‍ദു വിദ്യാലയത്തിലായിരുന്നു പ്രാഥമിക പഠനം. ക്ലാസിലെ പാഠങ്ങള്‍ പഠിക്കുന്നതിനേക്കാള്‍ ഗ്രാമത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന നാടന്‍ പാട്ടുകള്‍ ശ്രവണമധുരമായി പാടുന്നതിലായിരുന്നു റാഫിയുടെ വാസന. കര്‍ണ്ണാനന്ദകരമായ ശബ്ദമാധുര്യം ഗുരുനാഥന്മാരുടേയും സഹപാഠികളുടേയുമിടയില്‍ മുഹമ്മദ് റാഫിയെ ഒരു കൊച്ചു ഹീറോയാക്കി. അവിടെ ഗ്രാമത്തില്‍ വൃദ്ധനായ ഒരു ഫക്കീര്‍ പാട്ടുപാടിക്കൊണ്ട് ഭിക്ഷാടനത്തിന് വരിക പതിവായിരുന്നു. ഫക്കീര്‍ പാടിക്കൊണ്ടിരുന്ന ആ ഗസലുകള്‍, അയാളേക്കാള്‍ മധുരമായി മുഹമ്മദ് റാഫി എന്ന ബാലന്‍ പാടി, ഗ്രാമീണരേയും ഫക്കീറിനേയും അത്ഭുതപ്പെടുത്തി. അതോടെ മുതിര്‍ന്നവര്‍ കല്ല്യാണ വീടുകളില്‍ കൊണ്ടുപോയി പാടിപ്പിക്കാനും തുടങ്ങി. മതപരമായ ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള ഒരു ജീവിതരീതി മുഹമ്മദ് റാഫിയുടെ പിതാവിന് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഗ്രാമവാസികള്‍ മകനെ വീടുകളില്‍ കൊണ്ടു പോയി പാട്ടുപാടിപ്പിച്ച് വഴിപിഴപ്പിക്കുകയാണെന്ന് ധരിച്ചപിതാവ് അമൃത്‌സറിലുള്ള മൂത്തമകന്റെ പലചരക്കുകടയിലേക്ക് ജോലിക്കായി ഇളയമകനായ റാഫിയെ അയച്ചു. അനുജനില്‍ ഒളിഞ്ഞുകിടക്കുന്ന ഗായകനെ തിരിച്ചറിഞ്ഞ ജ്യേഷ്ഠ സഹോദരന്‍ തന്റെ കൊച്ചനുജനായ മുഹമ്മദ് റാഫിയെ ഛോട്ടേ ഗുലാം അലി എന്ന സംഗീതജ്ഞന്റെ കീഴില്‍ സംഗീതാഭ്യാസത്തിനായി അയച്ചു. അദ്ദേഹത്തിന്റെ കീഴില്‍ മുഹമ്മദ് റാഫി ഒരു വര്‍ഷം ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. ശേഷം ഫിറോസ് നിസാമിയുടെ കൂടെ രണ്ട് വര്‍ഷം വീണ്ടും സംഗീതം അഭ്യസിച്ചു.

അതിനിടയില്‍ റാഫി നിസാമി ലാഹോര്‍ റേഡിയോ നിലയത്തില്‍ സംഗീത സംവിധായകനായി നിയമിക്കപ്പെടുകയുണ്ടായി. മുഹമ്മദ് റാഫിയെ ശരിക്കും മനസ്സിലാക്കിയ നിസാമി ലാഹോര്‍ റേഡിയോയില്‍ മാസത്തില്‍ മൂന്ന് പാട്ട് പാടാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഒരു പാട്ടിന് 15 രൂപയായിരുന്നു പ്രതിഫലം. ഒരു വര്‍ഷത്തിന് ശേഷം നിസാമി ഡല്‍ഹി റേഡിയോയിലേക്ക് മാറിയപ്പോള്‍ റാഫിയും നിസാമിയെ പിന്തുടര്‍ന്നു. മാസത്തില്‍ മൂന്ന് പരിപാടികള്‍ അവിടെയും മുഹമ്മദ് റാഫിക്ക് ലഭിച്ചു. ഒരു പാട്ടിന് 15 രൂപ എന്നതില്‍ നിന്ന് 50 രൂപയായി പ്രതിഫലം വര്‍ധിക്കുകയും ചെയ്തു. അപ്പോഴേക്കും റേഡിയോ ശ്രോതാക്കള്‍ക്കിടയില്‍ മുഹമ്മദ് റാഫി അറിയപ്പെടുന്ന ഒരു ഗായകനായി കഴിഞ്ഞിരുന്നു. കാലം കടന്നുപോയി. നാല്‍പ്പത് വര്‍ഷക്കാലയളവില്‍ തന്റെ ശബ്ദം കൊണ്ട് ജനഹൃദയങ്ങളെ വശീകരിച്ച മുഹമ്മദ് റഫി മരണശേഷവും അജയ്യനായി നിലകൊള്ളുകയാണ്. ഒരു പിന്‍ഗാമി മുഹമ്മദ് റഫിക്ക് അസാധ്യമാണ്. ആ വേറിട്ട ആലാപന ശൈലിയും ശബ്ദ സൗകുമാര്യവും അദ്ദേഹത്തിന് മാത്രമുള്ളതാണ്.

ഒരു സിനിമാ പിന്നണി ഗായകനെന്ന നിലയില്‍ മുഹമ്മദ് റാഫിക്ക് യഥാര്‍ത്ഥ അംഗീകാരം ലഭിച്ചുതുടങ്ങിയത് ജൂഗ്‌നു എന്ന ചലച്ചിത്രത്തിലൂടെയാണ്. 1946ല്‍ മുഹമ്മദ് റാഫി തന്റെ 22-ാം വയസില്‍ നൂര്‍ജഹാനോടൊപ്പം പാടിയ യഹാംബദ്‌ലാ എന്ന മനോഹരമായ യുഗ്മ ഗാനമായിരുന്നു അത്. പക്ഷെ, 3 വർഷങ്ങൾക്കു ശേഷമാണ് സിനിമ പുറത്തിറങ്ങിയത്. പ്രശസ്ത ഗായികയും നടിയുമായിരുന്ന നൂര്‍ജഹാന്‍ കന്നിക്കാരനായിരുന്ന മുഹമ്മദ് റാഫിയുടെ കൂടെ പാടാന്‍ അന്ന് വിസമ്മതിച്ചു. ഒടുവിൽ റാഫിയുടെ ഗുരുവും സംഗീത സംവിധായകനായ ഫിറോസ് നിസാമിയുടെ നിര്‍ബന്ധത്തിന് വഴങ്ങി നൂര്‍ജഹാന്‍ വിട്ടുവീഴ്ചക്ക് തയ്യാറായി. റിക്കോര്‍ഡിംഗിന് ശേഷം തനിക്ക് തെറ്റ് പറ്റിയെന്നു സമ്മതിച്ച് റാഫിയോട് ക്ഷമാപണം നടത്തിയ നൂർജഹാൻ അന്ന് സാക്ഷിയായത് ഇന്ത്യൻ സിനിമയുടെ പകരക്കാരില്ലാത്ത പുതിയൊരു ശബ്ദത്തിനായിരുന്നു. വിഭജനകാലശേഷം പാക്കിസ്ഥാനിലായ നൂര്‍ജഹാന്‍ ലതാമങ്കേഷ്‌കരുടെ ആരാധികയായിരുന്നുവെന്നറിയുമ്പോഴെ നൂര്‍ജഹാന്റെ വലിപ്പം പുതുതലമുറക്ക് മനസ്സിലാവുകയുള്ളൂ.

ശേഷം ബൈജുബാവറ എന്ന സിനിമയിലെ ഗാനങ്ങളാണ് മുഹമ്മദ് റാഫിയുടെ സംഗീത ജീവിതത്തിലെ നാഴികക്കല്ലായി പരിണമിച്ചത്. ആ സിനിമയില്‍ മുഹമ്മദ് റാഫി പാടിയ എല്ലാ ഗാനങ്ങളും ഹിറ്റായിത്തീര്‍ന്നു. ആ സിനിമയുടെ വിജയത്തിനും അത് കാരണമായി. പ്രത്യേകിച്ചും ഓ ദുനിയാ കെ റഖ്‌വാലേ എന്ന മാസ്റ്റര്‍ പീസ് ഗാനം മുഹമ്മദ് റാഫിയെ സംഗീത ലോകത്ത് ഏറെ ഉയരത്തിൽ പ്രതിഷ്ഠിച്ചു. പിന്നീടങ്ങോട്ട് ഉയരത്തിലേക്കുള്ള പ്രയാണമായിരുന്നു റാഫിയുടെ സംഗീത ജീവിതം. സ്വരമാധുരിയില്‍ മറ്റൊല്ലാവരെയും വെല്ലാന്‍ കഴിഞ്ഞ റാഫി ഹിന്ദി സിനിമയുടെ അവിഭാജ്യ ഘടകമായി മാറാന്‍ ഏറെ കാലം വേണ്ടി വന്നില്ല. റാഫിയുടെ മൂന്നര ദശാബ്ദക്കാലത്തെ സംഗീതജീവിതം ഭാഷയുടെയും രാജ്യത്തിന്‍റെയും അതിരുകള്‍ കടന്ന് ലോകമെമ്പാടും വ്യാപിച്ചു.

1960ലെ ഒരു പ്രഭാതം. മുംബൈ ബാന്ദ്രയിലെ റഫിയുടെ വസതിക്കു മുന്നിൽ പശ്‌ചാത്താപ വിവശനായി ഒരു നിർമാതാവ് നിൽക്കുന്നു. കയ്യിൽ ഒരുപിടി പൂക്കളും ഒരു വലിയ സമ്മാനപ്പൊതിയും. വാതിൽത്തുറന്നു പതിവു പുഞ്ചിരിയോടെ റഫി വന്നു. 'അങ്ങയുടെ പാട്ടാണ് എന്റെ പടം രക്ഷിച്ചത്. അല്ലെങ്കിൽ അതു പൊളിഞ്ഞു പാളീസായേനേ. ആ ഗാനം ചിത്രത്തിൽ ചേർക്കേണ്ടെന്ന് ആദ്യം പറഞ്ഞതിനു ഞാൻ അങ്ങയോടു മാപ്പു ചോദിക്കുന്നു. എന്റെ അവിവേകം പൊറുക്കുകകയും സന്തോഷത്തിനു വേണ്ടി ഈ സമ്മാനം സ്വീകരിക്കുകയും ചെയ്യണം.'

പൂക്കൾ മാത്രം സ്വീകരിച്ചുകൊണ്ടു റഫി പറഞ്ഞു.' എനിക്ക് ഈ പൂക്കൾ മാത്രം മതി. ആ പാട്ട് ഹൃദയത്തിൽ ഏറ്റുവാങ്ങിയതിലൂടെ ജനങ്ങൾ എനിക്കു സമ്മാനം തന്നുകഴിഞ്ഞു. താങ്കൾ സന്തോഷമായി ആ സമ്മാനവുമായി മടങ്ങിപ്പോവുക.'

സൂപ്പർ ഹിറ്റായ 'കോഹിനൂർ ' എന്ന സിനിമയുടെ നിർമാതാവാണ് ഗേറ്റ് കടന്നു സന്തോഷത്തോടെ മടങ്ങിപ്പോയത്. റഫിയുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നായ 'മധുബൻ മേ രാധിക...' എന്ന ഗാനത്തെപ്പറ്റിയാണ് ആ നിർമാതാവ് പറഞ്ഞത്. ഈ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തേണ്ടെന്നായിരുന്നു നിർമാതാക്കളായ റിപ്പബ്ലിക് ഫിലിംസ് കോർപറേഷന്റെ നിലപാട്. 'ക്ലാസിക്കൽ ടച്ച് ' കൂടിപ്പോയെന്നായിരുന്നു നിർമാതാക്കളുടെ കണ്ടെത്തൽ. പക്ഷേ, പടം ഇറങ്ങും മുമ്പേ കോഹിനൂറിന്റെ റെക്കോർഡുകൾ ഇറങ്ങുകയും 'മധുബൻ മേ രാധിക...' സൂപ്പർ ഹിറ്റാവുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ നിർമാതാക്കൾക്കു മനസ്സ് മാറ്റേണ്ടിവന്നു.

പടം പുറത്തിറങ്ങിക്കഴിഞ്ഞപ്പോൾ ഈ ഗാനരംഗം കാണാൻവേണ്ടി മാത്രം ജനം ആവർത്തിച്ചു തിയറ്ററിൽ കയറി. ഈ ഗാനരംഗം കഴിയുമ്പോൾ ആളുകൾ ഇറങ്ങിപ്പോവുന്ന സ്‌ഥിതി വരെ ഉണ്ടായി. ചുരുക്കത്തിൽ ചിത്രത്തിന്റെ ഗംഭീര വിജയത്തിനു റഫിയുടെ ഈ ഗാനം കാരണമായി. ഇന്ത്യൻ സിനിമാ ഗാനരംഗത്തെ ചക്രവർത്തിയായിരുന്ന കാലത്തും അദ്ദേഹം ലാളിത്യവും വിനയവും സഹജീവികളോടുള്ള കരുണയും സൂക്ഷിച്ചു. മരിക്കുന്നതിനു തൊട്ടുമുമ്പു പോലും 88,000 രൂപ പാവങ്ങൾക്കു നൽകിയിട്ടാണ് അദ്ദേഹം കടന്നുപോയത്.

അടുത്ത വീട്ടിലെ ഒരു ദരിദ്ര വിധവയ്ക്ക് റഫി എല്ലാ മാസവും മണി ഓർഡർ അയയ്ക്കുമായിരുന്നു. ആരാണു പണം അയയ്ക്കുന്നതെന്ന് ആ സ്ത്രീക്ക് അറിയില്ലായിരുന്നു. റഫിയുടെ മരണത്തോടെ ഈ പണം വരവ് നിലച്ചപ്പോൾ ഈ സ്ത്രീ പോസ്റ്റ് ഓഫിസിലെത്തി അന്വേഷിച്ചു. അപ്പോഴാണ് റഫിയാണ് ഇക്കാലമത്രയും പണം അയച്ചിരുന്നത് എന്നകാര്യം അറിയുന്നത്. റഫിയുടെ പാട്ടിനോട് ഇഷ്‌ടമുള്ളവരും ഇല്ലാത്തവരും ബോളിവുഡിൽ ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സ്വഭാവ നൈർമല്യത്തെ എല്ലാവരും ബഹുമാനിച്ചിരുന്നു.

നിരവധി പിന്നണി ഗായകര്‍ മുഹമ്മദ് റാഫിയുടെ കൂടെ പാടിയിട്ടുണ്ട്. ഇതില്‍ മുഹമ്മദ് റാഫി-ലതാമങ്കേഷ്‌കര്‍, ജോഡി ഹിന്ദി സിനിമാ പ്രേമികളുടെ നിത്യഹരമായി. മുപ്പത് വര്‍ഷങ്ങളിലേറെക്കാലം മുഹമ്മദ് റാഫി-ലതാ മങ്കേഷ്‌കര്‍ ജോഡി അവിരാമമായി പാടിത്തിമിര്‍ത്തു.

'എന്റെ സ്വരത്തിന്റെ കൂട്ടുകാരന്‍ നഷ്ടമായിരിക്കുന്നു. ഇനി ആരുടെ സ്വരമായിട്ടാണ് എന്റെ സ്വരം കൂട്ടിയോജിപ്പിക്കുക. യുഗ്മഗാനം ആലപിക്കാനുള്ള മൂഡ് തന്നെ, എനിക്ക് നഷ്ടമായിരിക്കുന്നു.' മുഹമ്മദ് റാഫിയുടെ അകാല വിയോഗത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ലതാമങ്കേഷ്‌കര്‍ പറഞ്ഞ വാക്കുകളാണിത്. സംഗീതാസ്വാദക ലക്ഷങ്ങളുടെ വികാരമാണ് ഇന്നും മുഹമ്മദ് റാഫി. സംഗീതത്തിന് വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്.

1967 ൽ ലഭിച്ച പത്മശ്രീയും 77 ലെ ദേശീയ ചലച്ചിത്ര പുരസ്കാരവുമുൾപ്പെടെ നിരവധി അവാര്‍ഡുകളും ബഹുമതി പത്രങ്ങളും ഒട്ടനവധി അദ്ദേഹം നേടി. നാല് തലമുറയില്‍പ്പെട്ട സംഗീതസംവിധായകരുടെ ഗാനങ്ങള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കി. ശ്യാം സുന്ദര്‍ മുതല്‍ രാജേഷ് റോഷന്‍ വരെ. ദിലീപ് കുമാര്‍ മുതല്‍ ഋഷി കപൂര്‍ വരെയുള്ള നായകന്മാര്‍ക്ക് വേണ്ടി വെള്ളിത്തിരയില്‍ റാഫി തന്‍റെ സ്വരം പകര്‍ന്നു. നാല് തലമുറകളിൽ പെട്ട നായകന്മാരുടെ സ്വരമായി വെള്ളിത്തിരയിൽ നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന റാഫി എങ്ങനെയാണ് ഓർമിക്കപ്പെടേണ്ടത്? പകരം വെക്കാനില്ലാത്ത ആ ശബ്ദ സൗകുമാര്യത്തിന്റെ പേരിലോ? സഹജീവികളോട് കാണിച്ച കരുണയുടെ പേരിലോ? ഓർമിക്കാൻ ഒരുപാട് ബാക്കി വെച്ചിട്ടാണ് റാഫി പോയത്. ഒരിക്കലും മറക്കാനിഷ്ടമില്ലാത്ത ചുരുക്കം ചില ഓർമകളുടെ കണക്കെടുപ്പിൽ റാഫി ഉണ്ടാവും എന്ന് നിസ്സംശയം പറയാം.

Read More >>