നമ്പർ വൺ കേരളത്തെ വൈറലാക്കിയ തൊടുപുഴക്കാരൻ; സംഘി പ്രചാരണങ്ങൾക്ക് സോഷ്യൽ മീഡിയ മറുപടി കൊടുത്ത ആപ്ലിക്കേഷൻ ഉണ്ടായത് ഇങ്ങനെ

ഫേസ്ബുക്കില്‍ എല്ലാവരും പ്രൊഫൈല്‍ ചിത്രം മാറ്റി 'കേരള നമ്പര്‍ വണ്‍ ഇന്‍ഡ്യ' എന്നാക്കി മാറ്റി കേരളത്തിനൊപ്പം നില്‍ക്കുന്ന തിരക്കിലാണ്.

നമ്പർ വൺ കേരളത്തെ വൈറലാക്കിയ തൊടുപുഴക്കാരൻ; സംഘി പ്രചാരണങ്ങൾക്ക് സോഷ്യൽ മീഡിയ മറുപടി കൊടുത്ത ആപ്ലിക്കേഷൻ ഉണ്ടായത് ഇങ്ങനെ

ഫേസ്ബുക്കില്‍ എല്ലാവരും പ്രൊഫൈല്‍ ചിത്രം മാറ്റി 'കേരള നമ്പര്‍ വണ്‍ ഇന്‍ഡ്യ' എന്നാക്കി മാറ്റി കേരളത്തിനൊപ്പം നില്‍ക്കുന്ന തിരക്കിലാണ്. ദേശീയമാധ്യമങ്ങളില്‍ കേരളത്തിന്റെ പേരും അടയാളപ്പെടുത്തിയ സര്‍ക്കാരിന്റെ പരസ്യമായിരുന്നു 'കേരള നമ്പര്‍ വണ്‍ ഇന്‍ഡ്യ'. എന്നാല്‍ ''കേരളം നമ്പര്‍ വണ്‍'' എന്ന മഞ്ഞ നിറത്തിലുള്ള അക്ഷരങ്ങളെ ആപ്ലിക്കേഷന്‍ ആക്കി ഫേസ്ബുക്കില്‍ വൈറലാക്കിയ ആളെ എത്ര പേര്‍ക്കറിയാം. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിയായ സജിത് പ്രഭന്‍ ആണ് ഈ ആപ്ലിക്കേഷന്റെ സൃഷ്ടാവ്.

1990 മുതല്‍ വീഡിയോ എഡിറ്റര്‍ ആയി ജോലി ചെയ്യുകയാണ് സജിത്. പഠിക്കുന്ന കാലം മുതൽ ഇടതുപക്ഷ സഹയാത്രികനാണ് സജിത്ത്. തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നതാണ് എന്നും സജിത്ത് കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ ദിവസം കേരള സര്‍ക്കാരിന്റെ പരസ്യം പത്രത്തില്‍ കണ്ടപ്പോള്‍ അതേ പരസ്യം ഫോട്ടോഷോപ്പില്‍ ചെയ്ത് ആപ്ലിക്കേഷനാക്കി ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തു. ''ഇത്രയും പേര്‍ ഇത് ഏറ്റെടുക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. അതില്‍ ഒരുപാട് സന്തോഷമുണ്ട്'' സജിത് നാരദാ ന്യൂസിനോട് പറഞ്ഞു. ഇതുവരെ രണ്ടുലക്ഷത്തി പതിനാറായിരം പേരാണ് ആപ്ലിക്കേഷന്‍ ഷെയര്‍ ചെയ്തത്. ''ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്ന സമയത്തു പോലും മിനിറ്റില്‍ ഷെയര്‍ പോകുന്നുണ്ട്.'' സജിതിന്റെ വാക്കുകള്‍.

പരസ്യം വന്ന അന്ന വൈകിട്ട് ഏഴുമണിയോടെ ഡിസൈന്‍ ചെയ്ത് ഫേസ്‌ബുക്കിൽ അപ്രൂവലിന് വേണ്ടി നല്‍കി. തന്റെയും സുഹൃത്തുക്കളുടെയും ഇടയില്‍ മാത്രം ഈ ആപ്പ് ഒതുങ്ങി നില്‍ക്കണമെന്നേ സജിത് കരുതിയുള്ളൂ. പാരീസിലുള്ള അനസ് എന്ന സുഹൃത്താണ് ആദ്യം ഈ ആപ്പ് ഷെയര്‍ ചെയ്തത്. എന്നാല്‍ പിറ്റേന്ന് ഫേസ്ബുക്ക് തുറന്നപ്പോള്‍ പതിനായിരത്തിലധികം ഷെയര്‍! അപ്പോഴും ഷെയറായിക്കൊണ്ടിരിക്കുകയാണ്. പ്രതീക്ഷിക്കാത്ത അത്ഭുതത്തിന്റെ ആഹ്‌ളാദത്തിലാണ് സജിത് പ്രഭന്‍ ഇപ്പോള്‍. പ്രഭന്‍സ് വീഡിയോ എന്ന പേജിലാണ് ഈ ആപ്ലിക്കേഷന്റെ ലിങ്ക് ഉള്ളത്. പേജ് സന്ദര്‍ശിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ടെന്ന് സജിത് നാരദാ ന്യൂസിനോട് പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ പേരില്‍ ദേശീയതലത്തില്‍ കേരളത്തെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരള സര്‍ക്കാര്‍ ഈ പരസ്യം പ്രസിദ്ധീകരിച്ചത്. ഇടതു സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഈ ക്യാംപെയിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Read More >>