കരളലിയിപ്പിക്കുന്ന ആ എംഎം മണിക്കഥ ഹര്‍ഷന്റെയല്ല; തന്റേതെന്ന്‌ പ്രചരിപ്പിച്ചത് മറ്റൊരാളുടെ അനുഭവകഥയെന്ന് ഹർഷൻ

മീഡിയ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ടി എം ഹര്‍ഷന്‍ എംഎം മണിയെ പറ്റി എഴുതി എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ പോസ്റ്റ്. ആ പോസ്റ്റിനെ കുറിച്ച് ഹര്‍ഷന്‍ നാരദയോട്

കരളലിയിപ്പിക്കുന്ന ആ എംഎം മണിക്കഥ ഹര്‍ഷന്റെയല്ല; തന്റേതെന്ന്‌ പ്രചരിപ്പിച്ചത് മറ്റൊരാളുടെ അനുഭവകഥയെന്ന് ഹർഷൻ

മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍ പൂപ്പാറക്കാരന്റെ പേരില്‍ 'കരളലിയിക്കുന്ന' വ്യാജ വാട്‌സ്ആപ്പ് സന്ദേശം പ്രചരിക്കുന്നു. മന്ത്രി എംഎം മണിയുടെ പ്രസംഗത്തില്‍ ഹര്‍ഷന്റെ പ്രതികരണം എന്ന നിലയിലാണ് പോസ്റ്റ്. സിപിഎം ഗ്രൂപ്പുകളിലടക്കം ഇന്നലെ മുതലാണ് സന്ദേശം പ്രചരിച്ചുതുടങ്ങിയത്. 'ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്ന പൊതുബോധത്തിന് അനുസൃതമായി നിലപാടുകള്‍ പോസ്റ്റ് ചെയ്താല്‍ കുറേ ഉത്തമന്‍മാരുടെ കമന്റുകളും ലൈക്കും വാരിക്കൂട്ടി സര്‍വോത്തമ പട്ടം നേടാം. ഏതായാലും ഉത്തമന്‍മാരുടെ ഗണത്തില്‍ വരാന്‍ ആഗ്രഹിക്കുന്നില്ല' എന്ന് തുടങ്ങുന്നതാണ് പോസ്റ്റ്.


'ശരികള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ പേരില്‍ ന്യായീകരണ തൊഴിലാളിയെന്നോ കൂലി എഴുത്തുകാരന്‍ എന്ന പട്ടം ചാര്‍ത്തപ്പെട്ടാലോ എനിക്ക് ഒരു ചുക്കുമില്ല' എന്നാണ് 'ഹര്‍ഷനുവേണ്ടി' തന്റേതല്ലാത്ത പോസ്റ്റ് പ്രചരിപ്പിക്കുന്ന ദൗത്യമേറ്റെടുത്തയാള്‍ ആവേശം കൊള്ളുകയും അണികളെ ആവേശം കൊള്ളിക്കുകയും ചെയ്യുന്നത്. 'എന്റെ അച്ഛന്‍ തോട്ടം തൊഴിലാളിയായിരുന്നു. അമ്മ കര്‍ഷക തൊഴിലാളിയും. ഞങ്ങളുടെ മണ്‍കുടിലിന്റെ ചുവരില്‍ എന്റെ അച്ഛന്‍ പതിപ്പിച്ച എകെജിയുടെയും ഇഎംഎസിന്റേയും ചിത്രങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചത്. ഞാന്‍ ആദ്യമായി ചെരിപ്പ് ധരിച്ച് തുടങ്ങിയത് അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. പാന്റ്‌സ് ധരിച്ച് തുടങ്ങിയത് കോളേജില്‍ പോയി തുടങ്ങിയപ്പോള്‍. ഒരു മുച്ചക്ര സൈക്കിള്‍ സ്വപ്നം കണ്ട ഒരു ശൈശവം എനിക്കുണ്ടായിരുന്നു. ഒരു സൈക്കിള്‍ സ്വപ്നം കണ്ട കൗമാരം എനിയ്ക്കുണ്ടായിരുന്നു. ഇതൊന്നും കിട്ടിയില്ല. അത് വാങ്ങിത്തരാനുള്ള സാമ്പത്തികം എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നില്ല' പോസ്റ്റ് ഇങ്ങനെയാണ് പുരോഗമിക്കുന്നത്.

'നിറമുള്ള വസ്ത്രങ്ങളൊക്കെ അന്ന് ആഢംബരങ്ങളായിരുന്നു. ഇത് എന്റെ മാത്രം പ്രശ്‌നമായിരുന്നില്ല എന്റെ സമകാലികരുടെ എല്ലാം പ്രശ്‌നങ്ങളായിരുന്നു. ഇന്ന് അഭ്രപാളികളില്‍ പൂയംകുട്ടി എന്ന നിബിഢവനത്തിന്റെ വശ്യവും മനോഹാരിതയും കണ്ട് അന്തം വിടുന്ന ട്രക്കിംഗ് ആലോചിക്കുന്ന, നടത്തുന്ന ആളുകള്‍ ആ പ്രദേശം ഉള്‍പ്പെടുന്ന ഞങ്ങളുടെ കുട്ടമ്പുഴയ്ക്ക് ഒരു പിന്നോക്കാവസ്ഥയുണ്ടായിരുന്നു. പൂയംകുട്ടി വനാന്തരങ്ങളിലെ ഈറ്റകളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന മഹാ ഭൂരിപക്ഷം ജനത. മൂന്ന് ബസുകള്‍ മാത്രം സര്‍വീസ് നടത്തിയിരുന്ന ഒരു കുടിയേറ്റ കാര്‍ഷിക-തൊഴിലാളി ഗ്രാമം. അവിടെ പക്ഷേ എന്റെ അച്ഛനും അമ്മയും ചെയ്ത ഏറ്റവും നല്ല പ്രവൃത്തി ഞങ്ങള്‍ മൂന്ന് മക്കള്‍ക്കും മികച്ച നിലയില്‍ ഉന്നത വിദ്യാഭ്യസം നേടിത്തന്നു. പ്രാഥമിക വിദ്യാഭ്യസം മാത്രം നേടിയ എന്റെ അച്ഛന്റെയും അമ്മയുടെയും ചോര വിയര്‍പ്പാക്കിയ പണം കൊണ്ട് ഞങ്ങള്‍ ഉന്നത വിദ്യാഭ്യസം നേടി. എന്റെ അച്ഛന്‍ അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു. ആ ചിന്തയും ബോധവും ഞങ്ങള്‍ മക്കള്‍ക്ക് മൂന്നാള്‍ക്കും പകര്‍ന്ന് കിട്ടിയിട്ടുണ്ട്' പോസ്റ്റ് പറയുന്നു. '

ഞാനിപ്പോള്‍ സിപിഐ(എം)ന്റെയോ വര്‍ഗ്ഗ ബഹുജന സംഘടനകളുടെയോ ഭാഗമല്ല. എല്ലാ കെട്ടുപാടുകളില്‍ നിന്നും കുതറി മാറി സ്വതന്ത്രനായി നില്‍ക്കുന്നു. എന്റെ തൊഴില്‍ മേഖല മാധ്യമ രംഗമാണ്. വാര്‍ത്തകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതില്‍ സിപിഐ(എം)ന് എതിരായ വാര്‍ത്ത കൈകാര്യം ചെയ്യേണ്ടി വന്നാല്‍ സംഘടനാ ചുമതലകള്‍ എനിയ്ക്ക് അതിന് തടസ്സമാകരുത്, അതിന്റെ പേരില്‍ ഷോ കോസ്, വിശദീകരണം, നടപടി അതിന്റെയൊന്നും ആവശ്യമില്ല. വാര്‍ത്തകളുടെ ലോകത്ത് നേരിനൊപ്പം മാത്രം. പല വാര്‍ത്തകളും സിപിഐ(എം)നു സിപിഐ(എം) പ്രവര്‍ത്തകര്‍ക്കും ഹിതകരമല്ലാത്തത് ചെയ്തിട്ടുണ്ട്. അതിനിയും തുടരും. പക്ഷേ റേറ്റിംഗിന് വേണ്ടി നേരല്ലാത്ത ഒരു വാര്‍ത്തയും സി.പി.ഐ.എമ്മിന് എതിരെ ചെയ്യില്ല. മാര്‍ക്‌സിസ്റ്റാകുക എന്നത് തന്നെ ഈ കാലത്ത് ഒരു പോരാട്ടമാണ്' എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.


എന്നാല്‍ ഇന്ന് രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് ഹര്‍ഷന്‍ ആദ്യമായി 'തന്റെ' വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റ് കാണുന്നതുതന്നെ. അതും കുറേയാളുകള്‍ ഹര്‍ഷന് വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും അയച്ചുകൊടുത്തപ്പോള്‍ മാത്രം. 'വൈറലാകുന്ന' പോസ്റ്റിന് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഹര്‍ഷന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രാവിലെ തന്നെ മറുപടിയും നല്‍കിയിട്ടുണ്ട്. 'ഞാനൊന്നും എഴുതിയില്ലെങ്കിലും എനിയ്ക്കുവേണ്ടി എഴുതിമറിയ്ക്കാന്‍ ഏതോ.. മ മ മ...അല്ലേ വേണ്ട, രാവിലെ തെറി പറയുന്നില്ല.ഏതോ മത്തങ്ങാത്തലയന്‍ എനിയ്ക്കുവേണ്ടി എഴുതാന്‍ ഉണ്ടെന്ന് മനസ്സിലായി.രാവിലെ ഒരു സഹോദരി ഈ കുറിപ്പുകണ്ട് കരഞ്ഞുപോയെന്നും പറഞ്ഞ് വിളിച്ചു. അത്രയ്ക്ക് ദുരന്തപൂര്‍ണമായ ജീവിതമായിരുന്നു എന്റേതെന്നാണ് വാട്‌സാപ്പില്‍ പ്രചരിച്ച കുറിപ്പിലുണ്ടത്രേ. ഞാനൊരു ദുരന്തമാണോയെന്ന് ഇടയ്ക്ക് എനിയ്ക്ക് തോന്നാറുള്ളതൊഴിച്ചാല്‍ ആ കുറിപ്പില്‍ പറയുന്ന ദുരന്തം എന്റെയല്ല. അത് വായിച്ച് ഇനിയും ആരും നെഞ്ചത്ത് തല്ലരുത് എന്നോര്‍ത്താ ഇതെഴുതുന്നത്. അതില്‍ പറഞ്ഞിരിക്കുന്ന ആള്‍ ഞാനല്ല. അതെഴുതിയതും ഞാനല്ല. എനി്‌ക്കെന്തിനേക്കുറിച്ചെങ്കിലും എന്തെങ്കിലും പറയണമെങ്കില്‍ അതിവിടെ ഫേസ്ബുക്കില്‍ എന്റെ വാളില്‍ കാണും. വാട്‌സാപ്പിലും ഫേസ്ബുക്കിലും എന്റെ പേരും വച്ച് വരുന്ന ദുരന്തങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു. അതെഴുതിയത് ആരായാലും ഇങ്ങനൊരു പാര പണിയാന്‍ മെനക്കെട്ടതിന് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. അഡ്രസൂടെ പറഞ്ഞിരുന്നെങ്കില്‍ ഹലുവാ മേടിച്ച് അയച്ചുതന്നേനെ. ഇനീം ഇമ്മാതിരി കുത്തിക്കഴപ്പ് തോന്നുമ്പോ 'ആകാശദൂതിന്റെ' രണ്ടാംഭാഗം എഴുതാന്‍ ശ്രമി്ക്കണം. തീര്‍ച്ചയായും ആരേലും സിനിമയാക്കും' എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഹര്‍ഷന്‍ പറയുന്നു.

തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്ന അനുഭവങ്ങളൊന്നും തന്റേതല്ലെന്ന് ഹര്‍ഷന്‍ നാരദ ന്യൂസിനോട് പറഞ്ഞു. രാവിലെയാണ് ഇക്കാര്യമറിയുന്നത്. അപ്പോള്‍ മുതല്‍ ഫോണിലൂടെയും അല്ലാതെയും മറുപടി നല്‍കി മടുത്തു. ഒരുപാട് ഗ്രൂപ്പുകളിലൂടെ ഈ പോസ്റ്റ് പ്രചരിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. സംഭവം വ്യക്തമായ ദുരുപയോഗമാണ്. എങ്കിലും ഇതിന് പുറകെ കേസുമായി പോകാനൊന്നുമില്ല. പുതിയ ജോലിയുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായി ഉപയോഗിച്ചിട്ടില്ല. ഇത്തരത്തിലൊക്കെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ തന്നെ തിരുത്തട്ടെ എന്നല്ലാതെ എന്തുപറയാന്‍ എന്നും ഹര്‍ഷന്‍ പറഞ്ഞു. അതേസമയം തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് പികെ സുരേഷ് കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റേതാണെന്ന് കണ്ടെത്തിയതായി ഹര്‍ഷന്‍ പറഞ്ഞു. സ്വന്തം അനുഭവങ്ങളടങ്ങിയ കുറിപ്പ് ഏപ്രില്‍ 24ാം തീയതി സുരേഷ് കുമാര്‍ തന്റെ പ്രൊഫൈലില്‍ പോസ്റ്റു ചെയ്തിരുന്നു. ഇത്തരത്തിലൊരു പോസ്റ്റിട്ടിരുന്നതായി സുരേഷ് കുമാര്‍ ഇന്ന് രാവിലെ തന്നെ അറിയിച്ചതായി ഹര്‍ഷന്‍ പറഞ്ഞു. ഈ പോസ്റ്റാണ് മറ്റാരോ ഹര്‍ഷന്റെ പേരില്‍ പ്രചരിപ്പിച്ചത്.