കഞ്ചാവ് വളര്‍ത്തുന്ന യുവ കര്‍ഷകരേ, ഈ കൊച്ചിക്കഥ നിങ്ങള്‍ക്ക് ഉപകാരപ്പെടും!

ഒരു കഞ്ചാവ് ചെടി വളര്‍ത്തിയ ഈ പതിനെട്ടുകാരന്റെ കഥ കൊച്ചിയില്‍ നടന്നതാണ്. കഞ്ചാവ് വളര്‍ത്തുന്നവരും സ്വന്തമായി കൃഷിചെയ്ത് വലിക്കാനാഗ്രഹിക്കുന്നവരും ഇതു വായിക്കുക- തീര്‍ച്ചയായും ഉപകാരപ്പെടും

കഞ്ചാവ് വളര്‍ത്തുന്ന യുവ കര്‍ഷകരേ, ഈ കൊച്ചിക്കഥ നിങ്ങള്‍ക്ക് ഉപകാരപ്പെടും!

ചെറുപ്പത്തിലെ ചെടി വളര്‍ത്തലില്‍ വലിയ താല്‍പ്പര്യമുള്ള സസ്യ സ്‌നേഹിയാണ് നമ്മുടെ നായകന്‍.

പലതരം ചെടികള്‍ വളര്‍ത്തുകയും സ്‌നേഹത്തോടെ പരിപാലിക്കുകയും ചെയ്ത് ചങ്ങാതി പ്രകൃതിയോട് സ്‌നേഹമുള്ളയാളായി. അച്ഛനകന്നതിനാല്‍ രണ്ടു മക്കളുമായി ജീവിതം വല്ലാതെ കഷ്ടപ്പെട്ടു നീക്കുന്ന സ്ത്രീയാണ് അമ്മ. ആ ചുറ്റുപാടിന്റെ സമ്മര്‍ദ്ദങ്ങള്‍ പതിനെട്ടുകാരനുണ്ടാകും. ശാന്തിയും സമാധാനവും ആരാണ് ആഗ്രഹിക്കാത്തത്.

കേസിതാണ് നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബസ്റ്റന്‍സ് 20(a)(i) വകുപ്പനുസരിച്ച് എറണാകുളത്തെ ഒരു പൊലീസ് സ്റ്റേഷനില്‍ ചാര്‍ജ് ചെയ്ത കേസ് അനുസരിച്ച് നമ്മുടെ പതിനെട്ടുകാരന്‍ അറസ്റ്റിലാകുന്നു. പത്തുവര്‍ഷം തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇത്. കുറ്റകൃത്യം നടക്കുന്ന വിവരം പൊലീസിനെ അറിയിച്ചതാവട്ടെ അമ്മയും.

അങ്ങനെ മകന്‍ കൃഷീവലനായി കഴിയുകയാണല്ലോ. ചെടികളും പച്ചക്കറിയുമെക്കെ മുറ്റത്തും ടെറസിലുമായി വളര്‍ത്തുന്നുണ്ട്. ഒരു പ്ലാസ്റ്റിക് കുപ്പിയുടെ തല മുറിച്ചു കളഞ്ഞ് അതില്‍ മണ്ണും വളങ്ങളുമിട്ട് മകന്‍ പ്രത്യേകം പരിപാലിക്കുന്ന സസ്യം എന്താണെന്ന് അമ്മയ്ക്ക് മനസിലായില്ല. ചോദിച്ചപ്പോള്‍ എന്തൊക്കയോ പറഞ്ഞു. മാത്രമല്ല ആ ദിവസങ്ങളില്‍ അമ്മയും മകനും തമ്മില്‍ ആഭ്യന്തര യുദ്ധം നടക്കുകയുമാണ്. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് ദേഷ്യവും ഇറങ്ങി പോക്കും.

ബാക്കി ചെടികള്‍ക്ക് സാധാരണ പൈപ്പ് വെള്ളം ഒഴിക്കുമ്പോള്‍ പ്രത്യേക ചെടിക്കു മാത്രം കുടിവെള്ളമാണ് ഒഴിക്കുന്നത്. കഷ്ടപ്പെട്ടു പിടിച്ചു വെക്കുന്ന കുടിവെള്ളം ഒഴിച്ച് തന്നോടു പോലുമില്ലാത്ത സ്‌നേഹത്തോടെ മകനീ വളര്‍ത്തുന്ന വിശിഷ്ട സസ്യം ഏതെന്നറിയാന്‍ അമ്മയ്ക്ക് ഒരു ആഗ്രഹം ഉണ്ടാകില്ലേ.

സസ്യസ്‌നേഹിയുടെ കാലക്കേട് വീട്ടില്‍ വന്നു കയറിയത് ചേച്ചിയുടെ രൂപത്തിലായിരുന്നു. ചേച്ചി നിസാരക്കാരിയല്ല അഗ്രികള്‍ച്ചര്‍ സര്‍വ്വകലാശാലയിലാണ് പഠനം. സസ്യശാസ്ത്രമൊക്കെ ചേച്ചിക്ക് അറിയാമല്ലോ- നിന്റനിയന്‍ എന്തോ ഒരു പ്രത്യേക ചെടി ടെറസില്‍ വളര്‍ത്തുന്നുണ്ടെന്ന് അമ്മ റിപ്പോര്‍ട്ട് ചെയ്തു.

ചേച്ചി സംഭവ സ്ഥലം സന്ദര്‍ശിക്കുകയും കുറച്ചു ദിവസങ്ങള്‍ മാത്രം വളര്‍ച്ചയെത്തിയ ചെടി സസൂഷ്മം പരിശോധിക്കുകയും ഇല മണത്തി നോക്കുകയും ചെയ്തു. ഒന്നു സെര്‍ച്ച് ചെയ്യുകയും ചെയ്തതോടെ, അനുജന്‍ സ്‌നേഹമൂട്ടി വളര്‍ത്തുന്നത് കഞ്ചാവ് ചെടിക്കാണെന്ന സത്യം ചേച്ചി മനസിലാക്കി. 'അമ്മേ ഇത് കഞ്ചാവാണമ്മേ'- ചേച്ചി ആ സത്യം അമ്മയോട് പറഞ്ഞു.

അച്ഛനോ ആ വഴിക്കായി. ഇനി ഇവനും ഈ വഴിക്കായല്ലോ എന്നൊരു സംഭ്രമം അമ്മയുടെ ഹൃദയത്തിലങ്ങ് ഞെങ്ങി വിങ്ങി. 20 എ എന്ന വകുപ്പിനെ പറ്റിയൊന്നും അമ്മയ്ക്ക് അറിയില്ലല്ലോ. 18 തികഞ്ഞ ആ പുരുഷനോട് പെണ്ണുങ്ങളായ തങ്ങള്‍ പറഞ്ഞിട്ട് വലിയ പ്രയോജനമൊന്നുമില്ലെന്ന് അമ്മയ്ക്ക് ഇത്ര നാളു കൊണ്ട് മനസിലായതുമാണ്. അമ്മ ആലോചിച്ചിട്ട് പേടിപ്പിക്കാനും ഉപദേശിക്കാനും നല്ലത് പൊലീസാണ്. താന്‍ പറയുന്നത് നുണയാണെന്ന് വരണ്ട. ചെടി നശിപ്പിച്ചില്ല, നേരെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കാര്യം പറയുന്നു.

പൊലീസിന് ഇത്തിരി പോന്ന ഒറ്റച്ചെടിയെ നശിപ്പിച്ച് പതിനെട്ടുകാരനെ ഉപദേശിക്കലല്ലോ ജോലി. ജാമ്യമില്ലാത്ത വകുപ്പിലാണ് കുറ്റം ടെറസില്‍ വളര്‍ന്നത്. പൊലീസ് പതിനെട്ടുകാരനെ അറസ്റ്റു ചെയ്തു. പയ്യന്‍ ജയിലിലായി.അമ്മയ്ക്ക് അങ്ങനെ സംഭവിക്കുമെന്ന് അറിയില്ലായിരുന്നു. ഉപദേശമേ ഉദ്ദേശിച്ചുള്ളു. അമ്മ അതോടെ കരച്ചിലും ബഹളവും ഓട്ടവുമായി. വക്കീലിനെ വെക്കാനുള്ള വരുമാനമോ ബന്ധുബലമോ ഒന്നുമില്ലാത്ത പാവം സ്ത്രീ.

കോടതിക്ക് ദയവു തോന്നി ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് പ്രതീക്ക് വക്കീലിനെ ഏര്‍പ്പാടാക്കാന്‍ നിര്‍ദ്ദേശിച്ചു. അപ്പോഴേയ്ക്കും പതിനെട്ടുകാരന്‍ ജയിലിലായിട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു. കഞ്ചാവ് പിടിച്ചാല്‍ ഓരോ തുക്കത്തിന് അനുസരിച്ചാണ് കേസും പിഴയും. അളവു കൂടുന്തോറും ശിക്ഷ മാറും.

'ഒരുഗ്രാം മുതല്‍ ഒരു കിലോ വരെ സ്‌മോള്‍ ക്വാണ്ടിറ്റിയാണ് ആറു മാസമോ 10000 രൂപയോ രണ്ടും കൂടിയോ ആണ് ശിക്ഷ. ഒരു കിലോയ്ക്കും 20 കിലോയ്ക്കും ഇടയില്‍ ഇന്റര്‍ മീഡിയറ്റ് ക്വാണ്ടിറ്റിയാണ് 10 വര്‍ഷവും ഒരുലക്ഷം രൂപ പിഴയും. 20നു മുകളിലാണെങ്കില്‍ പത്തു വര്‍ഷത്തില്‍ കുറയാതെ 20 വര്‍ഷം വരെ തടവും ഫെന്‍ ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയാണ് പിഴയും ചേര്‍ത്താണ് ശിക്ഷ'- അഡ്വ. മായാകൃഷ്ണന്‍ പറയുന്നു.

വിളഞ്ഞ കഞ്ചാവ് പിടിച്ചാലുള്ള ശിക്ഷയ്ക്ക് ഇങ്ങനെ അളവനുസരിച്ച് ശിക്ഷയും പിഴയും വ്യത്യാസപ്പെടുമെങ്കില്‍ കഞ്ചാവ് കൃഷിയുടെ കാര്യം അങ്ങനെയല്ല. ഒരു ചെടി നട്ടാലും തോട്ടം വളര്‍ത്തിയാലും 20(a)(i) എന്ന ഒറ്റ വകുപ്പാണ്. പത്തുവര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.

അറിയാതെ വളര്‍ത്തിയതാണ്, കൗതുകം കൊണ്ട് ചെയ്തുപോയതാണ് തുടങ്ങിയ ഒന്നും പരിഗണിക്കപ്പെടില്ല.മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ പ്രതിക്കായി കോടതി നിര്‍ദ്ദേശ പ്രകാരം വക്കീല്‍ ഹാജരായി കോടതി ജാമ്യവും അനുവദിച്ചു. ജാമ്യ വ്യവസ്ഥ നിര്‍ധനയായ അമ്മയെ സംബന്ധിച്ച് കടുകട്ടിയായിരുന്നു. അരലക്ഷം രൂപ കെട്ടി വെയ്ക്കണം. രണ്ടു ജാമ്യക്കാര്‍ വേണം. അതിലൊരാള്‍ ബന്ധുവുമായിരിക്കണം. ഈ ജാമ്യവ്യവസ്ഥകള്‍ കണ്ടെത്താനാവാതെ പതിനെട്ടുകാരന്‍ പിന്നെയും ജയിലില്‍ കഴിഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജാമ്യവ്യവസ്ഥകള്‍ പാലിച്ച് പതിനെട്ടുകാരനെ പുറത്തെത്തിക്കാനായത്. അപ്പോഴേയ്ക്കും ഒരു വര്‍ഷത്തിനടുത്ത് ജയിലില്‍ കഴിയേണ്ടി വന്നു.ഇനി വിചാരണയാണ്. വളര്‍ത്തിയത് കഞ്ചാവാണ് എന്നറിഞ്ഞു കൊണ്ടല്ല എന്ന് വിദ്യാര്‍ത്ഥിയായ പതിനെട്ടുകാരന്‍ ആവര്‍ത്തിക്കുന്നു. കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും.

അതെല്ലാം തെളിയേണ്ടിയിരിക്കുന്നു.എന്നാല്‍, കഞ്ചാവ് ടെറസിലും ഇന്റീരിയറായും വളര്‍ത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുകുകയാണ്. പിടിക്കപ്പെടുന്നവരുടെ എണ്ണവും കൂടുതലാണ്. നിയമപരമായി കര്‍ശനമായി തടയപ്പെട്ടതാണെന്നും ശിക്ഷ കടുത്തതാണെന്നും വീട്ടിലെ തോട്ടത്തില്‍ കഞ്ചാവ് വളര്‍ത്തുന്നവര്‍ മനസിലാക്കിയാല്‍ കൊള്ളാം.

ചില സൈറ്റുകളിലൂടെ കഞ്ചാവിന്റെ വിത്ത് കൊറിയറായി ലഭിക്കുന്നുണ്ട്.ദിവസങ്ങള്‍ പ്രായമായ ഇത്തിരിപ്പോന്ന ചെടിയാണ് വളര്‍ത്തിയത് എന്ന വാദമൊന്നും വിലപ്പോകില്ല- ശിക്ഷ കഠിനമാണ്.