അരേ വാഹ്! മഞ്ജിത് പൊലീസുകാരിയാണ്, വീട്ടുകാരറിഞ്ഞ് കൂട്ടുകാരിയെ വിവാഹം കഴിച്ചവള്‍

പ്രണയത്തിനു മുന്നിൽ അവർക്ക് ഒന്നും തടസ്സമായില്ല. കോൺസ്റ്റബിൾ മഞ്ജിത് തന്റെ കൂട്ടുകാരിയെ വിവാഹം ചെയ്തത് ബന്ധുക്കളുടേയും കൂട്ടുകാരുടേയും സഹപ്രവർത്തകരുടേയും സാന്നിധ്യത്തിലായിരുന്നു. പഞ്ചാബിൽ പെണ്ണും പെണ്ണും വിവാഹം കഴിച്ച ആദ്യ സംഭവം.

അരേ വാഹ്! മഞ്ജിത് പൊലീസുകാരിയാണ്, വീട്ടുകാരറിഞ്ഞ് കൂട്ടുകാരിയെ വിവാഹം കഴിച്ചവള്‍

രഹസ്യമായി വിവാഹം കഴിക്കാനായിരുന്നു അവരുടെ തീരുമാനം. ആ രണ്ട് പഞ്ചാബി യുവതികള്‍ക്കും അത് തികച്ചും സ്വകാര്യമാക്കാനായിരുന്നു ആഗ്രഹം. പക്ഷേ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുമ്പോഴേയ്ക്കും അവരുടെ ചിത്രങ്ങള്‍ വാട്ട്സ്ആപ്പിലും യൂട്യൂബിലും പരസ്യമായി. അവരെക്കുറിച്ചു തെറ്റായ വാര്‍ത്തകളും എഴുതപ്പെട്ടപ്പോള്‍ പിന്നെ അവര്‍ എല്ലാം പരസ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

രണ്ടു സ്ത്രീകള്‍ തമ്മില്‍ വിവാഹം കഴിയ്ക്കുന്ന പഞ്ചാബിലെ ആദ്യത്തെ സംഭവമായിരിക്കും അത്. സിഖ് വംശജയായ മഞ്ജിത് സന്ധു വിവാഹം ചെയ്തത് കൃസ്ത്യന്‍ വിശ്വാസിയായ കൂട്ടുകാരിയെ ആയിരുന്നു. പൊലീസ് കോണ്‍സ്റ്റബിള്‍ ആണ് മഞ്ജിത്. ജനതാ മന്ദിറില്‍ വച്ച് ആചാരപ്രകാരം അവര്‍ വിവാഹിതരായി.

മഞ്ജിത് ഒരിക്കല്‍ വിവാഹം കഴിച്ചിരുന്നതാണ്. ഭര്‍ത്താവ് മരിച്ചുപോയി. തന്റെ പങ്കാളിയുടെ മൂന്നു വയസ്സുകാരിയായ മകളെ ദത്തെടുക്കാനും മഞ്ജിത് തീരുമാനിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകരും ബന്ധുക്കളും കൂട്ടുകാരും പങ്കെടുത്ത വിവാഹമായിരുന്നു അത്. ആരൊക്കെ എന്തൊക്കെ പറയുന്നുണ്ട് എന്നറിയില്ലെങ്കിലും ബന്ധുക്കളുടേയും സഹപ്രവര്‍ത്തകരുടേയും കൂട്ടുകാരുടേയും അയല്‍ക്കാരുടേയും പിന്തുണ അവര്‍ക്കുണ്ടായിരുന്നു. ചുവന്ന തലപ്പാവും നോട്ടുമാലയും അണിഞ്ഞ് ഒരു തേരിലായിരുന്നു മഞ്ജിത് വിവാഹത്തിനെത്തിയത്. പങ്കാളിക്ക് മംഗല്യതിലകം അണിയിച്ച് വധുവിനെ തേരില്‍ വീട്ടിലേയ്ക്കു കൊണ്ടുപോയി.

മുടി വെട്ടി, പാന്റ്സും ഷര്‍ട്ടും ധരിക്കാന്‍ ഇഷ്ടപ്പെടുന്ന മഞ്ജിത്തിനു ജിമ്മില്‍ പോകുന്നതും മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതും ഹരമാണ്. ഞായറാഴ്ചകളില്‍ സിനിമയും പതിവുണ്ട്.

'ഞാന്‍ എപ്പോഴും ആണിനെപ്പോലെയാണു ജീവിച്ചിരുന്നത്. പക്ഷേ, ലിംഗമാറ്റം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. ഞാന്‍ ജനിച്ചത് പെണ്ണായിട്ടാണ്,' മഞ്ജിത് പറയുന്നു. താന്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്തകളോടുള്ള അമര്‍ഷവുമുണ്ട് വാക്കുകളിൽ.

ഇരുവരും വളരെക്കാലം തൊട്ടേ പരിചിതരാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മഞ്ജിത്തിന്റെ ഭര്‍ത്താവ് മരിച്ചതിനു ശേഷം അവര്‍ പതിവായി കാണാന്‍ തുടങ്ങി.

'സമയം കടന്നുപോയപ്പോള്‍ എനിക്കൊരിക്കലും ഒരു ആണിനെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി. എനിക്കിഷ്ടം പെണ്ണുങ്ങളെയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്ക് രണ്ടു തവണ ഹൃദയാഘാതം ഉണ്ടായി. അപ്പോള്‍ എനിക്കൊരു ജീവിതപങ്കാളി വേണമെന്ന് തിരിച്ചറിഞ്ഞു. ഞാന്‍ എന്‌റെ ഇഷ്ടം അവളോടു പറഞ്ഞപ്പോള്‍ അവള്‍ ഉടനേ തന്നെ സമ്മതിക്കുകയും ചെയ്തു,' മഞ്ജിത് പറഞ്ഞു.

തീരുമാനം അധികം വൈകാതെ എടുത്തതില്‍ സന്തോഷമുണ്ടെന്നും മഞ്ജിത് കൂട്ടിച്ചേര്‍ത്തു. പങ്കാളിയുടെ മകളെ ദത്തെടുക്കാനുള്ള അപേക്ഷ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഉടനെ തന്നെ ആ കുഞ്ഞ് മഞ്ജിത്തിന്റെ പിന്തുടർച്ചാവകാശിയാകും.

പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പങ്കാളിയാകട്ടെ അവര്‍ തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണു പറയുന്നത്. പ്രണയമില്ലായിരുന്നെങ്കില്‍ ഇത്തരം വിവാഹങ്ങള്‍ മോശമായി കാണുന്ന സമൂഹത്തില്‍ വച്ച് വിവാഹം കഴിക്കാനുള്ള ധൈര്യം വരില്ലായിരുന്നെന്ന് അവര്‍ പറയുന്നു.

'ഇത് ഞങ്ങളുടെ ജീവിതമാണ്. ജീവിതം വളരെ ചെറുതുമാണ്'- അവര്‍ പറഞ്ഞു.

അമൃത്സര്‍ സ്വദേശിയാണു മഞ്ജിത്. കഴിഞ്ഞ 15 വര്‍ഷങ്ങളായി ജലന്ധറിലാണു താമസം. ജോലി കപൂര്‍തലയിലും. ജലന്ധറില്‍ ഒരു മൂന്നുനില വീടുണ്ട് അവര്‍ക്ക്. രണ്ടു നിലകള്‍ വാടകയ്ക്കു കൊടുത്തിരിക്കുന്നു.

1984 ലെ ഡല്‍ഹി കലാപത്തില്‍ മഞ്ജിതിന്റെ മാതാപിതാക്കള്‍ മരിച്ചു പോയി. ബന്ധുക്കളുടെ തണലിലായിരുന്നു അവരും സഹോദരിമാരും വളര്‍ന്നത്. നഴ്‌സിങ് പഠിച്ച മഞ്ജിത് 1996 ല്‍ പൊലീസില്‍ ചേര്‍ന്നു.

മഞ്ജിത്തിന്റെ പങ്കാളിയുടെ ഭര്‍ത്താവ് മരിച്ചപ്പോള്‍ വേറെ വിവാഹം കഴിക്കണമെന്ന് അവരുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മഞ്ജിത്തിന്റെ കാര്യം അവതരിപ്പിച്ചപ്പോള്‍ അവര്‍ സമ്മതം മൂളി.

'ഞാന്‍ എന്റെ പുതിയ ജീവിതം ആസ്വദിക്കുകയാണ്. ഹിന്ദു ആചാരപ്രകാരം 'ഫെര' ചടങ്ങ് നടത്താന്‍ എന്റെ വീട്ടില്‍ പോയിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും സന്തോഷമായി,' മഞ്ജിത്തിന്റെ പങ്കാളി പറഞ്ഞു.

മഞ്ജിത്തിന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് അവര്‍ക്ക് അതില്‍ പ്രശ്‌നമൊന്നും ഇല്ലെന്നായിരുന്നു. മഞ്ജിത് ജോലിയില്‍ ഉഴപ്പരുതെന്നു മാത്രമേയുള്ളൂ അവരുടെ ആവശ്യം.

മഞ്ജിത് ജോലിയില്‍ ഉഴപ്പില്ല. കാരണം, വിവാഹത്തിനു പോലും മഞ്ജിത് അവധിയെടുത്തില്ല. അന്ന് അവര്‍ക്ക് ഓഫ് ഡേ ആയിരുന്നു!