മഹേഷിന്റെ പ്രതികാരത്തിന് ജീവിതം കൊണ്ട് രണ്ടാം ഭാഗം: അപ്പനെ ബഹറിനിലേയ്ക്ക് കൊണ്ടുപോകാന്‍ ചെരുപ്പ് ഉപേക്ഷിച്ച് ഡേവിസ്

ചെരുപ്പ് ഇടാതെ നടക്കുമ്പോള്‍ കാലിന് ചെറിയൊരു വേദന ഉണ്ട്, പക്ഷെ ആ വേദനക്ക് നല്ലോരു സുഖം കിട്ടുന്നത്, മാതാപിതാക്കള്‍ നമ്മള്‍ക്ക് വേണ്ടി അനുഭവിച്ച കഷ്ടതകള്‍ ഓര്‍ക്കുമ്പോള്‍ ആണ്- അപ്പനെ ബഹ്റിനു കൊണ്ടുപോകാന്‍ ചെരുപ്പ് ഉപേക്ഷിച്ച ഡേവിസ് പറയുന്നു

മഹേഷിന്റെ പ്രതികാരത്തിന് ജീവിതം കൊണ്ട് രണ്ടാം ഭാഗം: അപ്പനെ ബഹറിനിലേയ്ക്ക് കൊണ്ടുപോകാന്‍ ചെരുപ്പ് ഉപേക്ഷിച്ച് ഡേവിസ്

താനിനി ചെരുപ്പ് ഇടണമെങ്കില്‍ ജിംസണെ ഇടിച്ചു തോല്‍പ്പിക്കണം എന്നു തീരുമാനിച്ച മഹേഷിനെ നമുക്കറിയാം. മഹേഷിന്റെ പ്രതികാരം സിനിമയെ വ്യത്യസ്തമാക്കുന്നതും ചെരുപ്പ് ഇടാത്ത ആ പ്രതികാരമാണ്. ഡേവിസ് ദേവസ്യ ചിറമ്മേല്‍ അച്ഛനും അമ്മയ്ക്കും ഒപ്പം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇരിക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ട് ഒരു കുറിപ്പെഴുതിയതിന് പതിനായിരക്കണക്കിന് ലൈക്കും ഷെയറും കിട്ടി. ശരിക്കു പറഞ്ഞാല്‍ വൈറലായി. ചിത്രത്തില്‍ സൂക്ഷിച്ചു നോക്കിയാല്‍ ഇത്ര വൈറലാകാന്‍ എന്താണ് ചിത്രത്തിലുള്ളതെന്നു തോന്നാം. പിന്നെയും സൂക്ഷിച്ചു നോക്കിയാല്‍ അച്ഛനും മകനും ചെരുപ്പ് ഇട്ടിട്ടില്ല എന്നു മനസിലാകില്ല. ഇരുവരും മുണ്ടാണല്ലോ ഉടുത്തിരിക്കുന്നത് എന്ന സാമ്യവും തോന്നില്ല.


അപ്പോള്‍, ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പ് വായിച്ചു തുടങ്ങാം- ചെരിപ്പിടാത്ത അപ്പച്ചനെയാണ് എനിക്കിഷ്ടം എന്നാണ് തലക്കെട്ട്. കഥയിങ്ങനെയാണ്. ഡേവിസിന്റെ അപ്പച്ചന്‍ ചെരുപ്പിടാറില്ല. 'ഞാന്‍ ഇന്ന് ആരായിരിക്കുന്നുവോ അത് എന്റെ പിതാവിന്റെ ആ നഗ്നമായ കാലുകള്‍ കൊണ്ട് കുന്നും, മലയും, പാടവും, പറമ്പും, കല്ലും, മുള്ളും ചവിട്ടി പൊടിഞ്ഞ രക്തത്തിന്റെ പ്രതിഫലം ആണ്'- എന്ന് ഡേവിസ് രക്തം പൊടിയുന്ന ഭാഷയില്‍ പറയുന്നു.


ഡേവിസ് വളര്‍ന്ന് രാജ്യം വിട്ട് ബഹ്നിലെത്തി. അപ്പച്ചനെ പലവട്ടം ബഹ്റിനിലേയ്ക്ക് ക്ഷണിച്ചു. അദ്ദേഹം വരുന്നില്ല. സന്തോഷത്തോടെയും നിര്‍ബന്ധിക്കുമ്പോള്‍ എന്തെങ്കിലും ഒഴിവ് പറഞ്ഞും അപ്പച്ചന്‍ ക്ഷണം നിരസിക്കും. അമ്മച്ചി പലവട്ടം വന്നു പോയി. ഇക്കഴിഞ്ഞ ഡിസംബറിലാണ് ആ യാഥാര്‍ത്ഥ്യം, അപ്പനെന്തേ ബഹ്റിനിലേയ്ക്ക് വരുന്നില്ല എന്ന് ഡേവിസ് അറിയുന്നത്. ഡേവിസ് കണ്ണീരിറ്റിച്ച് അതേപ്പറ്റി ഇങ്ങനെ എഴുതുന്നു:


''കൃഷിക്കാരായ തനി നാട്ടിന്‍പുറത്തുകാരാണ് ഞങ്ങളുടെ കുടുംബം. ഇന്നേവരെ എന്റെ അപ്പച്ചന്‍ ചെരിപ്പ് ധരിച്ചിട്ടില്ല. പാന്റ്സ് എന്നാ പാശ്ചാത്യരുടെ കോണകവും ഇടാറില്ല. അതുകൊണ്ട് മുണ്ടും ഷര്‍ട്ടും ഉടുത്ത് ചെരിപ്പിടാതെ വന്നാല്‍ എന്റെ മോന് അവന്റെ കൂട്ടുകാരുടെയും മറ്റുള്ളവരുടേയും മുന്‍പില്‍ ഞാന്‍ ഒരു അപമാനം ആകും എന്ന് കരുതിയിട്ടാണ് അപ്പച്ചന്‍ വരാന്‍ മടിക്കുന്നത് എന്ന്.
ഇന്ന് ഞങ്ങള്‍ ബഹറിനിലെക്ക് പോകുകയാണ്. അപ്പച്ചന്‍ ഈ അറബിനാട്ടില്‍ നിന്ന് തിരിച്ചുപോകുന്നതുവരെ അപ്പച്ചന്റെ കൂടെ ഞാനും മുണ്ട് ഉടുത്ത് ചെരിപ്പിടാതെ ഉണ്ടാവും. ഞാന്‍ ഇന്ന് ആരായിരിക്കുന്നുവോ അത് എന്റെ പിതാവിന്റെ ആ നഗ്നമായ കാലുകള്‍ കൊണ്ട് കുന്നും, മലയും, പാടവും, പറമ്പും, കല്ലും, മുള്ളും ചവിട്ടി പൊടിഞ്ഞ രക്തത്തിന്റെ പ്രതിഫലം ആണ്. മക്കളുടെ പത്രാസ്സിന് അനുസരിച്ച് മാതാപിതാക്കളെ കോലം കേട്ടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.

ചെരുപ്പ് ഇടാതെ നടക്കുമ്പോള്‍ കാലിന് ചെറിയൊരു വേദന ഉണ്ട്, പക്ഷെ ആ വേദനക്ക് നല്ലോരു സുഖം കിട്ടുന്നത്, മാതാപിതാക്കള്‍ നമ്മള്‍ക്ക് വേണ്ടി അനുഭവിച്ച കഷ്ടതകള്‍ ഓര്‍ക്കുമ്പോള്‍ ആണ്. മാതപിതാക്കള്‍ മക്കള്‍ക്കുവേണ്ടി അനുഭവിക്കുന്ന വേദന മനസിലായത് ഞാനും ഒരു പിതാവ് ആയപ്പോഴാണ്. കുഴിമാടത്തില്‍ പൂക്കള്‍ വക്കുന്നതിന് പകരം ജീവിച്ചിരിക്കുമ്പോള്‍ മാതപിതാക്കളുടെ കയ്യില്‍ നമ്മള്‍ക്ക് പൂക്കള്‍ കൊടുക്കാം''

വാര്‍ദ്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മക്കളുടെയും കടമയും, ഉത്തരവാദിത്വവും ആണന്ന് പൂര്‍ണമായി വിശ്വസിക്കുന്ന ഡേവിസും അപ്പനും ഇപ്പോള്‍ ബഹ്റിനില്‍ എത്തിയിട്ടുണ്ടാകും. ചെരിപ്പാടാതെ ബഹ്റിനിലൂടെ നടക്കുന്ന മുണ്ടുടുത്ത ഈ അപ്പനും മകനും നല്‍കുന്ന സന്ദേശം പ്രതികാരത്തിന്റേതാണ്- ജീവിതത്തോടുള്ള മധുരപ്രതികാരം.