കവറില്‍ കരിന്തീ നായകന്‍: വിനായകനെ വായിക്കുന്ന മലയാളവും മാധ്യമവും

മലയാളം വാരികയും മാധ്യമം ആഴ്ചപ്പതിപ്പും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിനായകനെ സൂഷ്മമായി അവതരിപ്പിച്ചു. ആ പേജുകളിലൂടെ കടന്നു പോകുമ്പോള്‍...

കവറില്‍ കരിന്തീ നായകന്‍: വിനായകനെ വായിക്കുന്ന മലയാളവും മാധ്യമവും

മലയാളികള്‍ക്ക് പുതിയതാണ് വിനായകന്‍ എന്ന നടന്റെ ശരീരഭാഷ. അമിത വികാരപ്രകടനങ്ങള്‍ ഇല്ല. ക്യാമറയ്ക്കു മുന്‍പില്‍ അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അഭിനയിച്ചില്ല. ജാതിവിവേചനം സിനിമയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് തുറന്നു പറയാനുള്ള ധൈര്യം കാണിക്കുമ്പോള്‍ തന്നെ താനൊരു പുലയനാണെന്നും തന്റെ ശരീരത്തില്‍ താളം ഉണ്ടെന്ന് പറഞ്ഞു കൊണ്ടും തല ഉയര്‍ത്തി നില്‍ക്കാനുള്ള ആര്‍ജ്ജവം വിനായകനെ വ്യത്യസ്തനാക്കുന്നു.

അവര്‍ണ്ണ മുന്നേറ്റം എന്ന കവര്‍ സ്‌റ്റോറിയെഴുതി വിനായകന്റെ നേട്ടത്തെ കൊഞ്ഞനം കുത്തിയ കലാകൗമുദിയ്ക്കും വിനായകന്റെ അവാര്‍ഡ് നേട്ടത്തില്‍ ജാതിയും മതവും കലര്‍ത്തുന്നവര്‍ക്കും ഒരേ മുഖമായിരുന്നു. 18 കൊല്ലം പോസ്റ്ററില്‍ മുഖം കാണിക്കാന്‍ കൊതിച്ചിരുന്ന നടന്‍ സംസ്ഥാന അവാര്‍ഡില്‍ മുത്തമിട്ടിരിക്കുന്നു. ക്യാമറയും അഭിമുഖവുമായി വിനായകനു ചുറ്റം മാധ്യമങ്ങള്‍ വട്ടമിട്ടു പറക്കുന്നു. ഈ 20 കൊല്ലം വിനായകന്‍ ഇവിടെ തന്നെയുണ്ടായിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ. മലയാള സിനിമ കറുപ്പിനെ ജാതിയെ ചിത്രീകരിച്ചിട്ടുണ്ടോയെന്ന ചോദ്യമുയര്‍ത്തിയാണ് മാധ്യമം ആഴ്ചപ്പതിപ്പ് വിനായകനെ അടയാളപ്പെടുത്തിയത്. മലയാളം വാരിക ഒരു തലം കൂടി കടന്ന് ഫയര്‍ ബ്രാന്‍ഡ് നായകന്‍ എന്ന താളമുള്ള തലക്കെട്ട് നിരത്തിയാണ് വിനായകന്റെ അവാര്‍ഡ് നേട്ടത്തെ ആഘോഷിച്ചത്.


എസ് കലേഷ് മലയാളം വാരികയില്‍ ഫയര്‍ബ്രാന്‍ഡ് നായകന്‍ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനം ഞരമ്പില്‍ ഡാന്‍സും ഉടലില്‍ താളവുമുള്ള വിനായകന്റെ ഭൂതകാലത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. അഭിനയം വിനായകനില്‍ സൂക്ഷ്മപ്രവൃത്തിയാണെന്നായിരുന്നു ലേഖകന്റെ നിരീക്ഷണം. മുഖം കൊണ്ട് അഭിനയിക്കുന്ന നമ്മുടെ നടന്‍മാരില്‍ നിന്ന് ഉടല്‍മുഴക്കെയാടേണ്ട ഒരു കലയെന്ന നടനസ്വതമുള്ള വിനായകന്‍ വ്യത്യസ്തനാണെന്ന് എസ് കലേഷ് കുറിച്ചു. ക്വട്ടേഷന്‍, സംഘാംഗം, ഗുണ്ട എന്നിങ്ങനെ ചെറുകിട വേഷങ്ങളില്‍ തളയ്ക്കപ്പെട്ട വിനായകന്‍ എന്ന വ്യക്തിയെ സമഗ്രതയോടെ വായിച്ചെടുക്കാനുള്ള ശ്രമം. വെളുത്ത നിറമുള്ള നടിയെ മേക്കപ്പിലൂടെ കറുത്തവളാക്കി അവതരിപ്പിക്കുന്ന സിനിമാ മാടമ്പിമാരോടുള്ള പരിഹാസം. പുലയന്‍ എന്നു പറയുന്നതു പോലും തിരശ്ശീലയില്‍ അശ്ലീലമാണെന്നു കരുതുന്ന സവര്‍ണ്ണ മാടമ്പിത്തം ലേഖനത്തില്‍ വിമര്‍ശിക്കപ്പെടുന്നു.

മലയാള സിനിമയ്ക്ക് കുലീനതയുടെയും തറവാടിത്തഘോഷണങ്ങളുടെയും തൊലിവെളുപ്പിന്റേയും സൗന്ദര്യശാസ്ത്രമാണ് ശീലം- ലേഖനം പറയുന്നു.രാഷ്ട്രീയധ്വനിയോടെ മാധ്യമങ്ങളോടു സംസാരിച്ച വിനായകന്‍ സ്തുതിവാക്യങ്ങളും ക്ലീഷേ സാഹിത്യവും കേള്‍ക്കാനാഗ്രഹിച്ചവര്‍ക്കു മുന്നില്‍ വീടില്ലാത്ത പുറമ്പോക്കുകാരെക്കുറിച്ചു പറഞ്ഞു പുരസ്‌കാരത്തിനുപരിയായി മാറിയെന്നും എസ് കലേഷ് പറയുന്നു. മലയാള സിനിമയില്‍ ജാതി തിരിവുണ്ടെന്ന വിനായകന്റെ വാക്കുകള്‍ മലയാള സിനിമ പിന്തുടരുന്ന വ്യവസ്ഥയക്ക് പരിക്കേല്‍പ്പിക്കുന്നുണ്ട്. നമ്മുടെ താരങ്ങള്‍ക്കിടയില്‍ വിനായകനും ഉണ്ടായിരുന്നു.- കലേഷ് പറയുന്നു.

മലയാള സിനിമ അങ്ങനെയാണ് . വരിക്കാശ്ശേരി മനയില്‍ നിന്നും കൊച്ചിയിലേയ്ക്ക് സിനിമ മാറിയിട്ടും കറുത്തുതടിച്ചവളെ പ്രേമിച്ചവന്റെ കരണം പൊളിക്കുന്ന ആക്ഷന്‍ ഹീറോ ബിജുവിനും കയ്യടി കിട്ടുന്നുണ്ട്. കറുത്തവളെ പ്രേമിച്ചതിന് കരണമടിച്ചു പൊളിക്കുന്ന ആക്ഷന്‍ ഹീറോ ബിജുമാരും ഓള് ഉമ്മച്ചിക്കുട്ടിയാണെങ്കില്‍ ഞാന്‍ നായരാടാ എന്നു ചിണുങ്ങുന്ന നായകരുള്ള മതേതര ന്യൂജനറേഷന്‍ പൈങ്കിളികളും ഇവിടെ കളിക്കുന്നുണ്ട്. കറുത്തവനെ അടിച്ചമര്‍ത്തുന്ന സാമ്പ്രദായിക രീതികളെ പൊളിച്ചടുക്കിയ കലാഭവന്‍ മണിയെയും സത്യനെയും അനുസ്മരിപ്പിച്ചു കൊണ്ട് വിനായകന്‍ എന്ന നടനെ അടയാളപ്പെടുത്താനുള്ള ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നതായിരുന്നു.

ഗംഗമാരുടെ കറുപ്പ് ' ശുദ്ധമാക്കപ്പെട്ട വെളുപ്പാണ് എന്ന കെ കണ്ണന്റെ ലേഖനവും, ഞാന്‍ ഇവിടെയൊക്കെയുണ്ടായിരുന്നു എന്ന ശീര്‍ഷകത്തില്‍ എം സക്കീര്‍ ഹുസൈന്‍ വിനായകനുമായി നടത്തിയ അഭിമുഖവും ഉള്‍പ്പെടെ 14 പേജുകളാണ് മാധ്യമം വിനായകനു വേണ്ടി മാറ്റി വച്ചത്. ജാതിയെ/കറപ്പുനിറഞ്ഞ മലയാള സിനിമ എന്നെങ്കിലും പ്രതിനിധാനം ചെയ്തിട്ടുണ്ടോയെന്നചോദ്യമുയര്‍ത്തുന്നതായിരുന്നു കെ കണ്ണന്റെ ലേഖനം. വെളുത്ത ഉടയിലേക്കെത്താനുള്ള ഒരു കറുത്ത ഉടലിന്റെ കിതച്ച സഞ്ചാരങ്ങള്‍ മാത്രമായി 'കമ്മട്ടിപ്പാട' മടക്കമുള്ള സിനിമകളിലെ ദളിത് പ്രതിനിധാനങ്ങള്‍ മാറുന്നുണ്ടോയെന്ന വിമര്‍ശനം ഉയര്‍ത്തുകയാണ് ലേഖനം. വ്യവസ്ഥിതിയ്‌ക്കെതിരായ യുവാക്കളുടെ പ്രതിഷേധമാണ് തനിക്ക് അവാര്‍ഡ് ലഭിക്കാന്‍ കാരണമെന്ന് വിനായകന്‍ തന്നെ പറഞ്ഞിരുന്നു. രണ്ടു ദശാബ്ദം നീണ്ട സിനിമാജീവിതത്തിലെ 18 വര്‍ഷവും സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും കൂലിത്തല്ലുകാരനായി ജീവിച്ച് വിനായകന്‍ ഇപ്പോള്‍ ജ്ഞാനസ്‌നാനപ്പെട്ടിരിക്കുന്നുവെന്ന് ലേഖകന്‍ ആശ്വാസം കൊള്ളുന്നു. വിനായകനിലെ നടനെയല്ല താരത്തെയാണ് എല്ലാവരും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ആഘോഷിക്കുന്നതെന്നും ലേഖകന്‍ വിമര്‍ശിക്കുന്നു.


പൊതു സൗന്ദര്യസങ്കല്‍പ്പമനുസരിച്ച് തീര്‍ത്തും അസുന്ദരവുമായ വിനായകന്റെ ശരീരം പൊടുന്നനെ താരാപദവി കൈവരിച്ചതിന്റെ പുറകില്‍ സിനിമയിലെ ജാതിയ്ക്കും സവര്‍ണതയ്ക്കും എതിരായ കറുപ്പിന്റെ ഒരു കലാപമുണ്ടോയെന്ന് ആശങ്കപ്പെടുകയാണ് ലേഖകന്‍. കൂറ്റനാട് നേര്‍ച്ചയ്ക്ക് വിനായകന്റെ തിടമ്പേറ്റിയ ആഘോഷഘോഷക്കമ്മറ്റിയും സോഷ്യല്‍ മീഡയയിലെ സമ്മര്‍ദസംഘങ്ങളും സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകമ്മറ്റിയുമെല്ലാം ഈ കലാപത്തിന്റെ വാഹകരായി അവതരിച്ചതാണോ എന്ന ചോദ്യങ്ങള്‍ പ്രസക്തമാകുന്നതായി കെ കണ്ണന്‍ സംശയിക്കുന്നു. താരങ്ങളെ തന്നെയാണ് ഈ കള്‍ച്ചറല്‍ വിപണിയ്ക്കു വേണ്ടത്. താരങ്ങളെ തന്നെയാണ് ഈ കള്‍ചറല്‍ വിപണിയ്ക്കു വേണ്ടത്. അതു കൊണ്ടാണ് 18 വര്‍ഷം പോസ്റ്ററില്‍ പോലും വരാതിരുന്ന വിനായകനെ ഈ വിപണി ആഘോഷിക്കുന്നത്.


കുറ്റനാട് നേര്‍ച്ചയുടെ ആഘോഷക്കമ്മിറ്റിക്കും സോഷ്യല്‍ മീഡിയയിലെ വിപ്ലവകാരികള്‍ക്കും വേണ്ടത് വിനായകന്റെ താരസ്വരൂപമാണ്. കൊച്ചിയിലെ സകല അഴുക്കും ഏറ്റുവാങ്ങുന്ന കമ്മട്ടിപാടത്തിലെ ഗംഗയായപ്പോള്‍ സംഭവിച്ചത് മറ്റൊന്നാണെന്നും സിനിമയിലെ പ്രമേയമായ കമ്മട്ടിപ്പാടം വിനായകന്റേതല്ലെന്നും ് അത് ഒത്തുതീര്‍പ്പുകളുള്ളതും വിപണിയില്‍ പ്രലോഭിക്കപ്പെട്ടതുമായ ഫോര്‍മുലകള്‍ക്ക് അനുസരിച്ച് ആടിത്തീര്‍ക്കാന്‍ രാജീവ് രവി ഒരുക്കിയ ഒരിടം മാത്രമായി പോയെന്നും ലേഖകന്‍ പരിഹസിക്കുന്നു.സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ തമസ്‌കരിച്ചും വക്രീകരിച്ചും മുന്നേറിയ മലയാള സിനിമ ഇന്ന് റിയലസത്തെ ഉപയോഗപ്പെടുത്തുന്നത്. ജാതി അടക്കമുള്ള പലതരം യാഥാര്‍ത്ഥ്യങ്ങളെ മറച്ചു പിടിക്കാനാണെന്ന ഗുരുതരമായ വിമര്‍ശനവും കെ കണ്ണന്‍ ഉയര്‍ത്തുന്നു. ഏഷ്യാനെറ്റില്‍ കൃത്യമായി രാഷ്ട്രീയം പറഞ്ഞത് അടക്കമുള്ള അഭിമുഖത്തെ താരതമ്യപ്പെടുത്തപ്പോള്‍ ശരാശരിയ്ക്കും താഴെയായിരുന്നു എം. സക്കീര്‍ ഹുസൈന്റെ അഭിമുഖം എന്നു പറയേണ്ടി വരും. കേരള കൗമുദിയുടെ അവര്‍ണ്ണമുന്നേറ്റത്തെക്കാള്‍ കൃത്യമായ രാഷ്ടീയം പറയുന്നതും വിനായകനെ അടയാളപ്പെടുത്തുന്നതുമായിരുന്നു മാധ്യമവും മലയാളം വാരികയും പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍.