ഏകാന്തത അമിതവണ്ണത്തേക്കാള്‍ വലിയ കൊലയാളിയെന്ന് പഠനം

ഏകാന്തത അനുഭവിക്കുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് നേരത്തെ മരിക്കാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്ന് പഠനം പറയുന്നു.

ഏകാന്തത അമിതവണ്ണത്തേക്കാള്‍ വലിയ കൊലയാളിയെന്ന് പഠനം

ഒറ്റപ്പെടാന്‍ ഇഷ്ടപ്പെടാത്തവരാകും ഭൂരിഭാഗം പേരും. എന്നാല്‍ അപൂര്‍വം ചിലരെങ്കിലും ഒറ്റക്കായിരിക്കാന്‍ ആഗ്രഹിക്കാറുമുണ്ട്. പുതിയ പഠനങ്ങള്‍ ശരിയാണെങ്കില്‍ ഒറ്റപ്പെട്ടുപോയവരും ഒറ്റക്കായിരിക്കാന്‍ ആഗ്രഹിക്കുന്നവരും അല്‍പം സൂക്ഷിക്കേണ്ടി വരും. അമിതവണ്ണത്തേക്കാള്‍ കൂടുതലാളുകള്‍ മരിക്കുന്നത് ഏകാന്തത മൂലമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. അമേരിക്കയിലെ ബ്രിഗാം യങ്ങ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും എഴുത്തുകാരിയുമായ ഡോ. ജൂലിയാന ഹോള്‍ട്ട്-ലണ്‍സ്താദിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്.

40 ലക്ഷം പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകാന്തത അനുഭവിക്കുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് നേരത്തെ മരിക്കാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്ന് പഠനം പറയുന്നു. അമിതവണ്ണം 70 വയസിന് മുമ്പ് മരിക്കുന്നതിനുള്ള സാധ്യത 30 ശതമാനം വര്‍ധിപ്പിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. ജോലിയില്‍ നിന്ന് വിരമിക്കുന്നതോടെ പലരും ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകുന്നതിനാല്‍ റിട്ടയര്‍മെന്റിന് മുമ്പ് തന്നെ ഓഫീസിന് പുറത്ത് ഒരു ലോകം സൃഷ്ടിക്കണമെന്നും ഡോ. ജൂലിയാന പറയുന്നു. ''മറ്റുള്ളവരോടൊപ്പം ചെലവഴിക്കുക എന്നത് സാമൂഹികമായും മൗലികമായും ഓരോ വ്യക്തിയുടേയും അവകാശവും അനിവാര്യതയുമാണ്''-ജൂലിയാന പറയുന്നു.

സര്‍വേയില്‍ പങ്കെടുത്ത 17 ശതമാനം പേരും ആഴ്ചയില്‍ ഒരിക്കല്‍പ്പോലും സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും അയല്‍വാസികളേയും കാണാന്‍ സാധിക്കാതെയാണ് ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയില്‍ 39 ലക്ഷം വൃദ്ധജനങ്ങള്‍ ഏകാന്തതയെ അതിജീവിക്കാന്‍ ടെലിവിഷനിലാണ് അഭയം തേടുന്നതെന്ന് ഈയിടെ നടന്ന ഒരു സര്‍വേയില്‍ വ്യക്തമായിരുന്നു.

Story by
Read More >>