മനോരമയുടെ ഒന്നാം പേജ്! പുരുഷനു കിട്ടിയതു പോലൊരു ഗിഫ്റ്റ് ഒരു സമരമനുഷ്യനും കിട്ടിക്കാണില്ല!

പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതിയുടെ കോർഡിനേറ്റർ പുരുഷന്‍ ഏലൂരും ലിറ്റി കെ പോളും വിവാഹിതരായിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നു- വിവാഹത്തിന്റെ പത്താം വര്‍ഷം പുരുഷന് കിട്ടിയ വിവാഹസമ്മാനം എന്തായിരുന്നുവെന്നോ....

മനോരമയുടെ ഒന്നാം പേജ്! പുരുഷനു കിട്ടിയതു പോലൊരു ഗിഫ്റ്റ് ഒരു സമരമനുഷ്യനും കിട്ടിക്കാണില്ല!

പുരുഷന്‍ ഏലൂരും ലിറ്റി കെ. പോളും പ്രണയിക്കുമ്പോള്‍ പെരിയാറില്‍ നിറയെ കോലാന്‍ മീനുകളെ വടിക്ക് അടിച്ചു പിടിക്കുന്ന കാലമായിരുന്നു. അവരുടെ വിവാഹം കാല്‍നൂറ്റാണ്ട് താണ്ടുമ്പോള്‍ പെരിയാറില്‍ കോലാന്‍ ഇല്ലാതായി!

മെയ് 30, ലിറ്റിയുടേയും പുരുഷന്റേയും വിവാഹ ദിനമാണ്. പെരിയാറിലെ വിഷത്തിനെതിരെ പോരാട്ടം തുടരുന്ന പുരുഷന്‍ ഏലൂരിന് വിവാഹത്തിന്റെ പത്താം വര്‍ഷം അപൂര്‍വ്വമായൊരു വിവാഹ സമ്മാനം കിട്ടി. അത് മനോരമയുടെ ഒന്നാം പേജായിരുന്നു.

പെരിയാറായിരുന്നു കൂട്ടുകാരിലൊരാള്‍. കളിക്കുന്നത് മുഴുവന്‍ പെരിയാറില്‍. നദീതീരത്ത് ജീവിക്കുന്ന കുട്ടികളും നദിയുമായുണ്ടാകുന്ന ബന്ധം അത്രയക്ക് അഭേദ്യമാണ്. മീന്‍പിടിച്ചും... വള്ളം കടന്നും... മരത്തില്‍ നിന്നു നദിയിലേയ്ക്ക് ചാടിയും... മുങ്ങാങ്കുഴിയിട്ടും... നീന്തിത്തിമിര്‍ത്തും കുട്ടിക്കാലം.

പിന്നീട് സ്‌കൂള്‍ കാലമൊക്കെ കഴിഞ്ഞ് പ്രീഡിഗ്രിക്കു പോകുമ്പോള്‍, നാട്ടിലാകെ ഫാക്ടറികളൊക്കെ വന്നു. വ്യവസായ നഗരമായി അവിടം മാറി. പലരും ജോലിക്കായി അവിടേയ്‌ക്കെത്തി. പോള്‍ ബാബുവും അങ്ങനെയെത്തിയതാണ്. പുരുഷന്റെ വീടിന്റെ ഒരു കിലോമീറ്റര്‍ ദൂരത്തിലായിരുന്നു വീട്. എല്‍പി സ്‌കൂളിലെ അവസാന കാലത്ത് എപ്പോഴോ പോളിന്റെ മകള്‍ ലിറ്റി പുരുഷന്റെ സ്‌കൂളില്‍ കുഞ്ഞിക്ലാസില്‍ പഠിക്കുന്നുണ്ട്. കുഞ്ഞിപ്പിള്ളേരെയൊക്കെ ആര് ശ്രദ്ധിക്കാന്‍.


പറഞ്ഞു വന്നത് പ്രീഡിഗ്രിക്കാലത്തെ കുറിച്ചാണ്. യുക്തിവാദി പ്രസ്ഥാനം, ശാസ്ത്ര സാഹിത്യ പരിഷത്ത്, പിന്നെ ബോഡി ബില്‍ഡിങ്ങ് എന്നിവയിലൊക്കെ ശ്രദ്ധിച്ച് പുരുഷന്‍, ഒരു പുരുഷനായങ്ങ് വരുകയാണ്. പ്രസ്ഥാനങ്ങളില്‍ വന്നപ്പോഴാണ്- ചുറ്റുവട്ടത്തുള്ള മനുഷ്യരെ ഇടയ്ക്കിടെ ശ്വാസം മുട്ടലും കാഴ്ചക്കുറവുമൊക്കെയായി ആശുപത്രികളിലേയ്ക്ക് കൊണ്ടു പോകുന്നത് ശ്രദ്ധിച്ചത്.

അങ്ങനെയിരിക്കെ പെരിയാറിന്റെ കൈവഴിയായ കുഴിക്കണ്ടം തോട് ഒരു രാത്രിയങ്ങ് നിന്നു കത്തി- അതെ തോട് അക്ഷരാര്‍ത്ഥത്തില്‍ കത്തി. തോടിന്റെ കരയിലുണ്ടായിരുന്ന വീടുകളും കത്തി മനുഷ്യര്‍ക്കു പൊള്ളലേറ്റു. ഏതോ ഫാക്ടറിയില്‍ നിന്നും ഒഴുക്കി വിട്ടത് രാസവസ്തുവായിരുന്നു. സെക്കന്റ് ഷോ സിനിമ കണ്ടു മടങ്ങി വരുന്നയാള്‍ വലിച്ചു തീര്‍ന്ന ബീഡി കനലോടെ പുഴയിലേയ്ക്ക് എറിഞ്ഞപ്പോഴായിരുന്നു തീപിടുത്തം.

ഈ സംഭവം പുരുഷനെ മാത്രമല്ല, നാടിനെ മുഴുവന്‍ ഞെട്ടിച്ചു. പിറ്റേന്നു തന്നെ ആക്ഷന്‍ കൗണ്‍സിലുണ്ടാക്കി. പുരുഷനങ്ങനെ ആദ്യമായി പെരിയാറുമായി ബന്ധപ്പെട്ട സംഘടനയുടെ ജോയിന്റ് കണ്‍വീനറായി. 1990ലാണ് ഈ സംഭവം.

മെര്‍ക്കം കമ്പനിക്കെതിരെ 1997 ആയപ്പോഴേയ്ക്കും സമരം ശക്തമായി. പുരുഷനന്ന് പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതിയുടെ വൈസ് ചെയര്‍മാനാണ്. കണ്‍വീനറായി യേശുദാസ് വരാപ്പുഴയടക്കമുള്ള സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന നീണ്ട പോരാട്ടത്തിന്റെ ചരിത്രമാണ് പിന്നീട്. പെരിയാറിനും മലിനീകരണത്തിനുമെതിരെ തുടര്‍ച്ചയായ പോരാട്ടം.

ഇതിനിടയില്‍ ഒന്നു സംഭവിച്ചു അതായിരുന്നു പ്രണയം. സാക്ഷരതാ യജ്ഞം നാടിന്‍ മോചനത്തിനു വേണ്ടി എന്ന പാട്ടേറ്റെടുത്ത യുവത ഊര്‍ജ്ജസ്വലമായ മുന്നേറ്റം നടത്തുന്ന കാലം. പുരുഷനും ഒരു സാക്ഷരതാ ട്രെയ്‌നറായാരുന്നു. പത്തുപാസായ എല്ലാവരും മുന്നേറ്റത്തിന്റെ ഭാഗമായി. പോളിന്റെ രണ്ടു പെണ്‍മക്കളും സാക്ഷരതാ പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്നു.

ലിറ്റി പറയുന്നതിങ്ങനെ- 'അനുജത്തി ഷീബയുണ്ട്. അവളും പുരുഷനുമൊക്കെയാണ് പ്രധാനികള്‍. അന്നത്തെ എറണാകുളം കളക്ടര്‍ കെ. ആര്‍ രാജന്‍ ഒരു ഹീറോയെ പോലെയാണ്. ഞങ്ങള്‍ക്കെല്ലാം വലിയ ആരാധനയാണ്. പുള്ളിക്കാരനെ നേരിട്ട് കാണാമെന്നോര്‍ത്താണ് ഞാനടക്കം സാക്ഷരതയുടെ പരിപാടിക്ക് പോയതെന്നതാണ് സത്യം. പക്ഷെ പിന്നീട് സീരിയസായി. അതിവരോടൊക്കെ സഹകരിച്ചതിന്റെയാണ്'

യുക്തിവാദിയാണല്ലോ പുരുഷന്‍. ധാരാളം പുസ്തകങ്ങള്‍ വായിക്കും. പുസ്തകങ്ങളിലേയ്ക്കാണ് ലിറ്റി ആകൃഷ്ടയായത്. പുരുഷന്റെ വീട്ടില്‍ നിറയെ പുസ്തകങ്ങളുണ്ട്. അന്ന് ഫാര്‍മസിയില്‍ ജോലിക്കു പോകുന്നുണ്ട് ലിറ്റി. ഒഴിവു സമയം കിട്ടുമ്പോഴെല്ലാം പുരുഷന്റെ വീട്ടില്‍ വരും. പുസ്തകങ്ങളെ പറ്റി മണിക്കൂറുകളോളം ചര്‍ച്ച ചെയ്യും. പുസ്തകത്തിന്റെ മറയിട്ട പ്രണയം ആരുമറിയുന്നില്ലെന്ന് എല്ലാ കാമൂകീ കാമുകന്മാരേയും പോലെ ഇവരും കരുതിയെങ്കിലും വീട്ടുകാരും നാട്ടുകാരും മനസിലാക്കിയിരുന്നു- അതുകൊണ്ട് ലിറ്റിയുടെ വീട്ടില്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന്, ജോലി സ്ഥലത്തു നിന്ന് വിളിച്ചിറക്കി, 150 രൂപ വധുവിന്റെ ഡ്രസിനും 66 രൂപ വരന്റെ ഡ്രസിനും ചെലവാക്കി, എറണാകുളം യാത്ര ഓഡിറ്റോറിയത്തില്‍ യുക്തിവാദ കല്യാണം നടത്തിയപ്പോഴും ആരും അല്ഭുതപ്പെട്ടില്ല. ടി. പരമേശ്വരനും ഏറ്റുമാനൂര്‍ ഗോപാലും കാച്ചിയ ഉഗ്രന്‍ പ്രസംഗവും ചെറുകടികളുമായി കല്യാണം ആയിരം രൂപയ്ക്ക് താഴെ ചെലിവില്‍ കെങ്കേമമായി. എങ്കിലും, വീട്ടുകാര്‍ എതിര്‍ത്തു നിന്നു. കണ്ണൂരില്‍ നിന്നാണ് ഏലൂരിലേയ്ക്ക് ലിറ്റിയുടെ വീട്ടുകാരെത്തിയത്. അവര്‍ അപ്പോഴേയ്ക്കും രാജസ്ഥാനിലേയ്ക്ക് പോയി കഴിഞ്ഞിരുന്നു. അകലം വല്ലാതെ കൂടി...

1998ല്‍ പെരിയാറിന്റെ ചരിത്രത്തിലെ വലിയ സമരം നടന്നു. വിവാഹം കഴിഞ്ഞിട്ട് അപ്പോഴേയ്ക്കും ഏഴ് വര്‍ഷമായിട്ടുണ്ട്. പുരുഷന്റെ ദിവസവേതന ജോലിയാണ് വരുമാനം. അതെല്ലാം വിട്ട് സമരത്തിലാളിയ രണ്ടുമാസം. ഓഗസ്റ്റ് ഒന്നിലെ പെരിയാർ പുഴയിലെ മനുഷ്യച്ചങ്ങല ചരിത്രസംഭവമായി. പത്രങ്ങളുടെ ഒന്നാം പേജില്‍ അത് വാര്‍ത്തയായി.

സമരം ചരിത്രമാക്കി വീട്ടിലെത്തിയപ്പോഴാണ്, പുരുഷനോര്‍ത്തത് തന്റെ വരുമാനത്തില്‍ കഴിയുന്ന മൂന്നു ജീവനുകളവിടെ ഉണ്ടല്ലോയെന്ന്. ഒരു തരി അരിപോലുമില്ല. ലിറ്റിക്കോ മക്കള്‍ക്കോ പരാതിയോ പരിഭവമോയില്ല. പുരുഷന്‍ വീട്ടില്‍ നിന്നും ഒരു വഴിയുമില്ലാതെ പുറത്തേയ്ക്കിറങ്ങി. എവിടെയെല്ലാമോ അലഞ്ഞു. ഒരുതരി അരിയില്ലാത്ത, ആ അവസ്ഥയെ മറികടക്കാനാവാതെ പുരുഷനങ്ങനെ നില്‍ക്കെ അത്ര അടുത്തു പരിചയമില്ലാത്ത ഒരാള്‍ അരികില്‍ വന്നു. സമരത്തെ പറ്റി ചോദിച്ചു... വിജയിച്ചല്ലേയെന്ന് പറഞ്ഞു... എന്താ വല്ല പ്രശ്‌നവുമുണ്ടോയെന്ന് ചോദിച്ചു... കുറച്ചു നേരം അടുത്തു നിന്ന ശേഷം, കാര്യം മനസിലായ പോലെ അദ്ദേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന 960 രൂപ എടുത്തു കൊടുത്തു. പുരുഷനപ്പോഴാണ് സ്വയം തിരിച്ചറിഞ്ഞത്, ഇത്ര നേരം താനലഞ്ഞത് ആരോടെങ്കിലും കുറച്ച് അരി കടം വാങ്ങാനായിരുന്നുവെന്ന്.

സമരത്തോടൊപ്പം ജീവിക്കുന്നയാളെയാണ് പ്രേമിച്ചതെന്നും വിവാഹം കഴിച്ചതെന്നും ലിറ്റിയ്ക്കും അറിയാമായിരുന്നു. ജോലിക്കെന്നു പറഞ്ഞിറങ്ങുന്ന പുരുഷന് ഭക്ഷണം കൊടുത്തു വിടും. ലിറ്റി ഫാര്‍മസിയിലിരിക്കെ പലരും പറയും പുരുഷനെ ഹൈക്കോടതിയുടെ അവിടത്തെ സമരപ്പന്തലില്‍ കണ്ടല്ലോയെന്ന്. ഭക്ഷണമൊക്കെ കഴിച്ച്, ജോലിക്കു കഴിഞ്ഞു മടങ്ങി വരുന്നതു പോലെ പുരുഷന്‍ മടങ്ങിയെത്തും- ലിറ്റി ഒന്നും പറയില്ല.


ഈ സമരങ്ങളോട് ലിറ്റിയ്ക്ക് ഹൃദയപൂര്‍വ്വമായ അടുപ്പമുണ്ടായി എന്നതിന്... ചേരേണ്ട ജീവ ബിന്ദുക്കളാണ് പരസ്പരം ചേര്‍ന്നതെന്ന് പുരുഷന് മനസിലായത് വിവാഹത്തിന്റെ പത്താം വര്‍ഷമാണ്- രാജസ്ഥാനില്‍ നിന്നും ലിറ്റിയുടെ സഹോദരിയും അമ്മയും ഒടുവില്‍ അപ്പനും ഫോണില്‍ വിളിച്ചു. വീട്ടുകാരുടെ മഞ്ഞുരുകി. എന്തു മതം സ്‌നേഹമല്ലേ വലുതെന്ന തിരിച്ചറിവുണ്ടായി. അങ്ങനെ ലിറ്റിയുടെ വീട്ടിലേയ്ക്ക്, രാജസ്ഥാനിലേയ്ക്ക് കുഞ്ഞുങ്ങളേയും കൂട്ടി പോകാന്‍ തീരുമാനിച്ചു. വധൂഗൃഹത്തിലേയ്ക്കുള്ള യാത്ര തീരുമാനിച്ചപ്പോഴാണ്, ലിറ്റിയുടെ സഹോദരി പറഞ്ഞത്- ചേട്ടായി ഇങ്ങോട്ടു വാ ഇവിടെ ഒരു ഗിഫ്റ്റുണ്ടെന്ന്. വാച്ചായിരിക്കും എന്നാണ് പുരുഷന്‍ കരുതിയത്.

രാജസ്ഥാനിലെത്തി... പേരക്കിടാങ്ങളെ ആദ്യമായി കാണുകയാണ്. ലിറ്റിയെ കണ്ടിട്ട് പത്തു വര്‍ഷമായി. ആകെ വൈകാരികമായ മണിക്കൂറുകള്‍. ആ വൈകാരികതയുടെ മൂര്‍ദ്ദന്യത്തില്‍ വെച്ച് അനുജത്തി, ഷീബ അലമാര തുറന്നു. ഫയലുകള്‍ക്കിടയില്‍ നിന്ന് ഒരു പത്രമെടുത്തു. പെരിയാര്‍ സമര പുരുഷനായി അപ്പോഴേയ്ക്കും മാറിക്കഴിഞ്ഞിരുന്ന പുരുഷന്‍ ഏലൂരിന്, മനോരമ പത്രത്തിന്റെ ഒന്നാം പേജായിരുന്നു അത്. 'വാതകം ചോര്‍ന്ന് 250 പേര്‍ക്ക് വിഷബാധ' തലവാര്‍ത്ത. അതില്‍ രണ്ടു ചിത്രങ്ങള്‍. 'ഫാക്ടിലേയ്ക്ക് ജോലിക്കു പോകും വഴി വിഷവാതകം ശ്വസിച്ച് അസുഖം ബാധിച്ച എച്ച്എംടി ജീവനക്കാരെ എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നു' എന്ന ക്യാപ്ഷനിലാണ് ഒരു ചിത്രം. മറ്റൊരു ചിത്രം, പത്രഭാഷയില്‍ പറഞ്ഞാല്‍ കരളലിയിപ്പിക്കുന്നത്- വേദനയകറ്റുന്ന അമ്മ എന്ന ചിത്രമായിരുന്നു. പുരുഷനതിന്റെ അടിക്കുറിപ്പ് വായിച്ചു- 'വേദനയകറ്റുന്ന അമ്മ:വിഷവാതകം ശ്വസിച്ച് അവശനിലയിലായ മഞ്ഞുമ്മല്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലിറ്റിയും മാതാവും'

അതെ പുരുഷന്റെ ലിറ്റി തന്നെ!

ഈ വിഷവാതകങ്ങള്‍ക്കെതിരെയാണ് പുരുഷന്റെ പോരാട്ടം. ആ നിമിഷം വരെ, ലിറ്റി പെരിയാറിലെ മലിനീകരണത്തിന്റെ ഇരയായ ഒരാളെന്ന് പുരുഷന് അറിയില്ലായിരുന്നു. ചെറുപ്പത്തിലെപ്പോഴോ ആശുപത്രിയില്‍ പോയെന്നും രണ്ടു ദിവസം കിടന്നുവെന്നും ലിറ്റി പറഞ്ഞിരുന്നു. പക്ഷെ അത് താന്‍ സമരം ചെയ്യുന്ന, ജീവിതമായി ഏറ്റെടുത്ത ഒന്നിന്റെ ഇരയായിട്ടാണെന്ന് പുരുഷന് അറിയില്ലായിരുന്നു- 'എച്ച്‌ഐഎല്‍ കമ്പനിയിലേയ്ക്ക് എന്‍ഡോ സള്‍ഫാന്‍ ഉണ്ടാക്കാന്‍ കൊണ്ടുപോയ 'എക്‌സാ ക്ലോറോ സൈക്ലോ പെന്റാ ഡൈയാണ്' ടാങ്കറില്‍ നിന്ന് ചോര്‍ന്നത്. 1985ലായിരുന്നു അത്. വാതകം ശ്വസിച്ച ഒരുപാടുപേര്‍ക്ക് പലതരം അസുഖങ്ങളുണ്ടായി. കൂടുതല്‍ പേരുടേയും കാഴ്ചയെയാണ് ബാധിച്ചത്. പിന്നീടും അന്ന് വാതകം ശ്വസിച്ചവര്‍ക്ക് പലവിധ അസുഖങ്ങളുണ്ടായി. പലരുടേയും കാഴച മങ്ങി. അക്കൂട്ടത്തിലൊരാളാണ് ലിറ്റി എന്നറിഞ്ഞപ്പോള്‍, ഇക്കാലമത്രയും ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ വലിയൊരു പുരസ്കാരമായി തോന്നി. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആകസ്മികതയായി അത്'- പുരുഷന്‍ ആ പത്രം ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുന്നു.

'ഞാനന്ന് ഒന്‍പതിലാണ്. ഞങ്ങളുടെ ബസിനു തൊട്ടു മുന്‍പ് പോവുകയായിരുന്നു ആ ടാങ്കര്‍. അപ്പോഴാണ് ചോര്‍ച്ചയുണ്ടായത്. സ്‌കൂളിലെത്തിയപ്പോള്‍ പലര്‍ക്കും വയറു വേദനയുണ്ടായി. പത്തന്‍പത് കുട്ടികളുണ്ടായിരുന്നു. ആ വഴിയെ നടന്നവരും പല ബസുകളിലുണ്ടായിരുന്നവരെല്ലാമുണ്ടായിരുന്നു... ആശുപത്രിയില്‍ നിറയെ ആളുകള്‍.. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ്. പുള്ളിക്കാരന്‍ എന്റെ കയ്യില്‍ വന്നു പിടിച്ച് ആശ്വസിപ്പിച്ചത് ഓര്‍ക്കുന്നുണ്ട്'

പുരുഷന്‍ ആ ഒന്നാം പേജ്, ജീവിതത്തിന്റെ സമ്പാദ്യമായി സൂക്ഷിക്കുന്നു. ലിറ്റിയടക്കം ഇരകളായവര്‍ക്കും ഇനി ഇരകളാകാനിരിക്കുന്നവര്‍ക്കുമായി വിഷത്തിനെതിരെ പോരാടുന്നു. ലിറ്റിയാവട്ടെ പുസ്തകങ്ങള്‍ വായിച്ച് പുരുഷനും സാഖ്യനും വൈഖരിക്കും കൂട്ടിരിക്കുന്നു- അതാണ് മക്കളുടെ പേരുകള്‍.

സമരമാണോ ജീവിതമാണോ ഇവരുടെ ജിവിതത്തിലെ ഒന്നാം പേജില്‍, എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മനോരമയുടെ ആ ഒന്നാം പേജ്!