മലവെള്ളം നീന്തിയ വേലായ്തന്‍ തൃശൂരില്‍ ഇറങ്ങുന്നു

ഒരു സാധാരണ മനുഷ്യന്റെ എല്ലാ കുറവുളോടെയും കുന്നായ്മകളോടെയും ജീവിക്കുമ്പോഴും തനിക്കെന്നപോലെ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന ഒരു നാട്ടിന്‍പ്പുറത്തുകാരനാണ് പാമ്പ്‌ വേലായ്തൻ

മലവെള്ളം നീന്തിയ വേലായ്തന്‍ തൃശൂരില്‍ ഇറങ്ങുന്നു

പ്രകൃതി ഒന്നു മുഖം കടുപ്പിച്ചാല്‍ ഉടന്‍ മനുഷ്യന്‍ പരിഭ്രാന്തരാകും. മഴയാണോ കൊടുങ്കാറ്റാണോ വെള്ളപ്പൊക്കമാണോ പിന്നെയുണ്ടാകുന്നത് എന്ന് അവര്‍ക്ക് നിശ്ചയമുണ്ടാകില്ല. എന്നാല്‍ പ്രകൃതിയിലെ മറ്റു ജീവജാലങ്ങള്‍ക്കും ഈ ഭയം ഉണ്ടാകുന്നുണ്ടോ എന്നും സംശയമാണ്. ഒരു പക്ഷെ വേലായ്തന് ഈ സംശയങ്ങള്‍ക്ക് മറുപടിയുണ്ടാകും. കാരണം, ഒരു സാധാരണ മനുഷ്യന്റെ എല്ലാ കുറവുളോടെയും കുന്നായ്മകളോടെയും ജീവിക്കുമ്പോഴും തനിക്കെന്നപോലെ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന ഒരു നാട്ടിന്‍പ്പുറത്തുകാരനാണ് പാമ്പ്‌ വേലായ്തൻ. ചായ ചോപ്പാർന്ന മലവെള്ളത്തിലൂടെ അതിവിദഗ്ദമായി നീന്താന്‍ കഴിയുന്ന ആത്മവിശ്വാസവും കരുത്തുമുള്ള പാവം വേലായ്തന്‍ ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയ വായനക്കാരുടെ പ്രിയപ്പെട്ടവനാണ്. ഇനിയിപ്പോള്‍ അയാള്‍ അച്ചടി മഷിയിലൂടെയും കീഴടക്കാന്‍ എത്തുന്നു.

പ്രവാസി സാഹിത്യകാരനായ തോമസ്‌ കെയല്‍ എഴുതിയ നോവല്‍ 'പാമ്പ്‌ വേലായ്തൻ' ഒക്ടോബര്‍ 7 ഞായറാഴ്ച തൃശൂര്‍ കേരളാ സാഹിത്യ അക്കാദമിയില്‍ വച്ചു പ്രകാശനം ചെയ്യപ്പെടുന്നു. സിവി ജോസ് അധ്യക്ഷനാകുന്ന ചടങ്ങില്‍ ചെറുകഥാകൃത്തായ അശോകൻ ചരുവില്‍ പ്രകാശനകര്‍മ്മം നിര്‍വഹിക്കും.


തൃശൂരും ചാലക്കുടിയും അവകാശപ്പെടാത്ത 'വരന്തരപ്പിള്ളി'യുടെ ഗ്രാമീണ ഭാഷയില്‍ മാത്രം സംസാരിക്കുകയും ജീവിക്കുകയും ചെയ്യുന്ന വേലായ്തനൊപ്പം സഞ്ചരിക്കുമ്പോള്‍ ഒരു സംസ്ക്കാരം കൂടിയാണ് വായനക്കാരന് പരിചിതമാകുന്നത്. പൂർണ്ണമായും സ്മാർട്ട്‌ ഫോണിൽ എഴുതിയ രചനയാണ് പാമ്പ് വേലായ്തന്‍ എന്ന് നോവലിസ്റ്റ് പറയുന്നു. അവസാന 2 അദ്ധ്യായമൊഴികെ എല്ലാം എഫ്‌ ബിയിൽ ആഴ്ചതോറും പ്രസിദ്ധീകരിച്ചിരുന്നു. ജഗ്‌ദീഷ് നാരായണന്‍ എന്ന കലാകാരന്റെ ചിത്രങ്ങളും ഓരോ അധ്യായങ്ങൾക്കുമൊപ്പം തോമസ്‌ പോസ്റ്റ്‌ ചെയ്തിരുന്നു.പാമ്പ് വേലായ്തന്‍ പുസ്തകമാകുമ്പോള്‍ ജഗദീഷിന്റെ വരയും താളുകളില്‍ ഉണ്ട്. പുസ്തകത്തിന്‌ കവർ ചെയ്തതും ജഗ്ദീഷ്‌ തന്നെ. രണ്ട്‌ തരം കവറുമായാണ്‌ പുസ്തകത്തിന്റെ ആദ്യപതിപ്പ്‌ ഇറങ്ങുന്നത്.


നായകനായിട്ടായിരുന്നില്ല കഥയിലെ വേലായ്തന്റെ തിരനോട്ടം. പതുക്കെ പതുക്കെ പല പല വേഷപ്പകർച്ചകളിലൂടെ വേലായ്തന് നായക പരിവേഷം കൈവരികയായിരുന്നു. ഒരു ചാരായഷാപ്പിലെ അന്തേവാസിയില്‍ നിന്നും 22 അദ്ധ്യായങ്ങളിലൂടെ പാമ്പ് എന്ന ഒരു നാട്ടിന്‍പുറ ഹീറോയായി വേലായ്തേട്ടന്‍ വളര്‍ന്നു. എഫ്.ബിയില്‍ നാലാം അധ്യായം പോസ്റ്റ്‌ ചെയ്തതോടെ വേലായ്തനെ അച്ചടി അക്ഷരങ്ങളില്‍ എടുക്കാന്‍ പ്രസാധകരും എത്തി. അവരുടെ ആവശ്യപ്രകാരം അവസാന അദ്ധ്യായം എഫ്ബിയില്‍ പോസ്റ്റ്‌ ചെയ്തിരുന്നില്ല. പെന്‍ഡുലം ബുക്സാണ് പ്രസാധകര്‍.

തൃശൂർ വരന്തരപ്പിള്ളിയിൽ കാളാംപറമ്പിൽ ലോനപ്പൻ റോസി ദമ്പതികളുടെ മകനായി 1961 മെയ് 14ന് ജനിച്ച കെ.എൽ.തോമസ് എന്ന തോമസ് കെയൽ പത്തുവർഷമായി ഖത്തറിൽ BHGE Oil& Gas കമ്പനിയിൽ സൂപ്പർവൈസറാണ്. ഇതിനുമുൻപ് സൗദി അറേബ്യയിൽ Westing House ലും Siemens ലുമായി പതിമൂന്നര വർഷക്കാലം ജോലി ചെയ്തു. ഭാര്യ സജി സ്കൂൾ ടീച്ചർ. മക്കൾ: മനു (BHGE യിൽ പ്ലാനിങ് എഞ്ചിനീയർ), സസ്ന സജി തോമസ് (Pharm D വിദ്യാർത്ഥിനി)

Read More >>