ഡിയോംങ്‌ചിയാൻ ഗുവാൻചിയ.. അഥവാ..

പ്രതിമകള്‍ കലയും കാലവും പറയുന്ന സന്ദര്‍ഭത്തില്‍, ഒരു കൂറ്റന്‍ പ്രതിമയുടെ നിഴലില്‍ ജീവിച്ച ഒരു ജനതയുടെ കഥ പറയുകയാണ്‌ പ്രവാസി സാഹിത്യകാരനായ ഷഫീക്ക് മുസ്തഫ

ഡിയോംങ്‌ചിയാൻ ഗുവാൻചിയ.. അഥവാ..

ഷഫീക്ക് മുസ്തഫ

ചൈനയിലെ ചുങ്സാവുവിന്റെ പ്രതിമവെച്ചു നോക്കുമ്പോ പട്ടേലിന്റെ പ്രതിമ എത്രയോ ചെറുതാണ്. ചുങ്സാവുവിന്റെ ഒരു വിരലിന്റത്രയും പോലുമില്ല പട്ടേലിന്റെ പ്രതിമ. ഞാൻ നേരിൽ കണ്ടിട്ടൊന്നുമില്ല. വായിച്ചുള്ള അറിവാണ്.

ചുങ്സാവു തെക്കുപടിഞ്ഞാറൻ ചൈനയിലെ ജിങ്സിയാൻ പ്രവിശ്യയിൽ ജീവിച്ചിരുന്ന ഒരു മഹാനായിരുന്നത്രേ!. ഒരാവശ്യവുമില്ലാതെ ജീവിതം മുഴുവൻ പാവങ്ങൾക്കു വേണ്ടി ഉഴിഞ്ഞുവെച്ചൊരു മഹാൻ. സ്വന്തം കാര്യങ്ങൾ മാറ്റിവെച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച നിസ്വാർഥ സേവകൻ. അതിന്റെ പേരിൽ ദിവസവും തന്റെ ഭാര്യ ഷിറുവോയുടെ വായിൽ നിന്ന് അദ്ദേഹം വയറുനിറച്ച് കേൾക്കുമായിരുന്നു. അതിരാവിലെ അയാൾ പാവങ്ങളെ സഹായിക്കാനായി പുറപ്പെടുമ്പോൾ ഷിറുവോ ചോദിക്കും:

"മനുഷ്യാ, ഇങ്ങനെ ആളുകളെ സഹായിക്കാൻ നടന്നിട്ട് നിങ്ങൾക്കെന്തു കിട്ടി?".

ചുങ്സാവു മറിച്ചൊന്നും പറയാറില്ല. പറഞ്ഞിട്ട് കാര്യമില്ലെന്ന് അയാൾക്കറിയാം. പക്ഷേ, മൗനം ചുങ്സാവുവിന്റെ ഭാര്യയെ കൂടുതൽ ചൊടിപ്പിക്കും. അയാൾ നടന്നുമറയുന്നതുവരെ മോശം വാക്കുകൾ ഉപയോഗിച്ച് അവർ അയാളെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും.

ചുങ്സാവുവാകട്ടെ, നടന്നുനടന്ന് ഒരു കുന്നിന്റെ മറവിലെത്തുമ്പോൾ തന്റെ വീടിന്റെ ദിശയിലേക്ക് തിരിഞ്ഞു നിന്ന് വിളിച്ചുകൂവും:

"നിനക്കിതൊന്നും പറഞ്ഞാൽ മനസ്സിലാവില്ലെടീ കുടലേ!!".

തന്റെ ശബ്ദം ജിങ്സിയാൻകുന്നുകൾക്കിടയിൽ സഞ്ചരിച്ചുനടന്ന് ഇല്ലാതായതല്ലാതെ ഒരിക്കലും ഭാര്യയുടെ കാതിൽ എത്തിയില്ല. പക്ഷേ, ചുങ്സാവുവിനു പിഴച്ചു. എന്താണോ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മനസ്സിലാവില്ലെന്ന് അയാൾ കരുതിയിരുന്നത് അത് ഒരിക്കൽ അവർക്ക് മനസ്സിലായി. ഒരു ദിവസം ഷിറുവോ അകലെയുള്ള പട്ടണത്തിൽ പാദരക്ഷകൾ വാങ്ങാൻപോയിട്ട് തിരിച്ചുവരുമ്പോൾ കാൽതെറ്റി ഒരു ഓടയിൽ വീണു. പുതിയ ചെരിപ്പുമിട്ട് അതിന്റെ ഭംഗിയും നോക്കി നടന്നതാണ് പ്രശ്നമായത്. ഓടയിൽക്കിടന്ന് ഷിറുവോ നിലവിളിച്ചു. അതുകേട്ടുകൊണ്ടുവന്നൊരു വഴിപോക്കൻ വിളിച്ചുകൂവി: "അതാ, ചുങ്സാവുവിന്റെ ഭാര്യ ഓടയിൽ വീണേ.. ഓടിവായോ.."

ഇതുകേട്ടപാടെ ആളുകൾ ഓടിക്കൂടാൻ തുടങ്ങി. ഏതാനും നിമിഷങ്ങൾകൊണ്ട് അവിടെ ഓടിയെത്തിയ ആളുകളെക്കണ്ട് ചുങ്സാവുവിന്റെ ഭാര്യ വാപൊളിച്ചു. ഏതാണ്ട് മൂവായിരത്തി അഞ്ഞൂറു പേരെങ്കിലും വരും. കൂടുതൽ ആളുകൾ വന്നുകൊണ്ടിരിക്കുന്നു. ആ പട്ടണത്തിലെ കടകളും വീടുകളും വിട്ടെറിഞ്ഞ് ആളുകൾ ചുങ്സാവുവിന്റെ ഭാര്യയുടെ അടുത്തേക്ക് പാഞ്ഞു. അവരെല്ലാം ഒരുപോലെ അലമുറയിട്ടു:

"ഇത് നമ്മുടെ ചുങ്സാവുവിന്റെ ഭാര്യയാണ്, ജീവൻ കൊടുത്തിട്ടായാലും നമുക്ക് ഇവരെ രക്ഷിക്കണം".

ഒടുവിൽ അവരെല്ലാവരും കൂടി ചുങ്സാവുവിന്റെ ഭാര്യയെ ഓടയിൽ നിന്ന് വലിച്ച് പുറത്തെടുത്തു.

ആയിരക്കണക്കിനാളുകൾ അവരെ പിടിച്ചു വലിച്ചതുകാരണം ഷിറുവോയുടെ ശരീരം പിഞ്ഞിപ്പോയിരുന്നു. മരണക്കിടക്കയിൽ കിടന്നുകൊണ്ട് ഷിറുവോ തന്റെ ഭർത്താവിനോട് പറഞ്ഞു: "ചുങ്... എന്റെ ജീവിതത്തിന്റെ ഈ അവസാന നാളിൽ മാത്രമാണ് ഞാൻ അങ്ങയെ തിരിച്ചറിയുന്നത്.. എനിക്ക് മാപ്പ് തരൂ.."

മഹാനായ ഒരാളെ അയാളുടെ ഭാര്യകൂടി അംഗീകരിക്കുകയെന്നാൽ അയാൾ മഹാന്മാരിൽ മഹോന്നതൻ തന്നെ ആയിരിക്കും. അതുകൊണ്ടുകൂടിയാവും, ചുങ്സാവുവിനെപ്പോലൊരു മഹാൻ ജിങ്സിയാനിലോ പ്രവിശാലമായ ചൈനയിൽത്തന്നെയോ ഇന്നുവരെ ജീവിച്ചിരുന്നിട്ടില്ലെന്നും ഇനി ജനിക്കുകയില്ലെന്നും ആളുകൾ പറയുന്നത്.

കാലം പോകെപ്പോകെ ചുങ്സാവുവിന്റെ മഹത്വം ഏറിയേറിവന്നു. മഹാന്മാർ അങ്ങനെയാണ്. പഴകും‌തോറും അവർ വലുതായിക്കൊണ്ടിരിക്കും. മരണശേഷമാണ് ഈ പ്രതിഭാസത്തിന് ആക്കം കൂടുക. ചുങ്സാവുവും ഒരുദിവസം മരണപ്പെട്ടു. അങ്ങനെ അദ്ദേഹത്തിന്റെ വലിപ്പവും ദിനംപ്രതി കൂടിവന്നു.

വലുതായി വലുതായി വായുമണ്ഡലം നിറഞ്ഞുനിൽക്കുന്ന അവസ്ഥയിലെത്തുമ്പോഴാണല്ലോ ഒരാളെ ജനങ്ങൾ പ്രതിമികളിലേക്ക് കുടിയിരുത്തുന്നത്. പിന്നീട് വീണ്ടും വലുതാവുമ്പോൾ അത് ലോകം മുഴുവൻ വ്യാപിക്കാനും തുടങ്ങും.

ചുങ്സാവുവും ഇങ്ങനെ പലേഘട്ടങ്ങളും കഴിഞ്ഞുപോയിരുന്നു. എന്നുമാത്രമല്ല അതിമഹത്തായതും മഹോന്നതവുമായ ഒരു ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു. ഇത് കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ നാനൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അതുവരെ ഉള്ളതിനേക്കാൾ ഏറ്റവും വലിയൊരു പ്രതിമ നിർമ്മിക്കാൻ ജിങ്സിയാൻ പ്രവിശ്യാ ഭരണകൂടം തീരുമാനിക്കുന്നത്.

ലോകത്തിലേക്കും ഏറ്റവും വലിയ പ്രതിമയായിരിക്കണം അത് എന്നകാര്യത്തിൽ ആർക്കും തർക്കമുണ്ടായില്ല. ഇരുന്നു-ഇരുന്നില്ല എന്നമട്ടിൽ കാൽമുട്ടുകൾ പകുതി മടക്കി പിൻഭാഗം അല്പം പിന്നിലേക്ക് ഉന്തിച്ച് രണ്ട് കൈകളും മുന്നിലേക്ക് നീട്ടി ഹൊയാങ്ഹോ നദിയുടെ മൂന്നു കൈവഴികൾ സന്ധിക്കുന്നിടത്തേക്ക് നോക്കിയായിരുന്നു ചുങ്സാവുവിന്റെ പ്രതിമ നിന്നിരുന്നത്. ലോകത്തിലെ വലിയ പ്രതിമകളെല്ലാം ഏതെങ്കിലും ജലാശയത്തെ നോക്കിയാവണം നിൽക്കേണ്ടത് എന്ന ആശയം പുറപ്പെടുന്നത് സത്യത്തിൽ ചുങ്സാവുവിന്റെ പ്രതിമയിൽ നിന്നാണ്. പക്ഷേ ജലാശയത്തിലേക്ക് നോക്കിക്കൊണ്ട് അധികനാൾ നിൽക്കാൻ ചുങ്സാവുപ്രതിമയ്ക്ക് ആയില്ല എന്നതും ചരിത്രം. പ്രതിമ സ്ഥാപിച്ച് ഇരുപത്തിമൂന്ന് വർഷങ്ങൾക്കു ശേഷം, വെള്ളം കുത്തിയൊഴുകിയിരുന്ന അവിടമാകെ വരണ്ടുപോയിരുന്നു. പ്രതാപിയായ ആ പ്രതിമയുടെ അപ്പോഴത്തെ നിൽപ്പുകണ്ട് അതുവഴിവന്ന, പ്രശസ്തനായൊരു ചൈനീസ് കവി പറഞ്ഞത് 'നഷ്ടപ്പെട്ടുപോയ പുഴയെ തിരയുകയാണ് ചുങ്സാവുവെന്നാണ്'.

അതെന്തുമാകട്ടെ, മരണശേഷവും ജനങ്ങൾക്ക് തണലാകാനുള്ള യോഗം ചുങ്സാവുവിന് ഉണ്ടായി എന്നതാണ് അദ്ദേഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ടകാര്യം. ഭീമാകാരമായ ആ പ്രതിമയ്ക്ക് കീഴെ അഭയം പ്രാപിച്ച ആളുകൾ പതിനായിരക്കണക്കിനുവരും. അവരിൽ ഭൂരിഭാഗം പേരും ഹൊയാങ്ഹോ വരണ്ടുപോയതുകാരണം പട്ടിണിയിലും പണയത്തിലുമൊക്കെ ആയവരാണ്. ഇവരെക്കൂടാതെ മറ്റുദിക്കുകളിൽ നിന്നും കുടിയേറിയവർക്കും ചുങ്സാവു അഭയമായി.

അവരിൽ ചിലർ പാലങ്ങൾക്കടിയിലും വലിയ കുഴലുകൾക്കുള്ളിലും ജീവിച്ച് പരിചയമുള്ളവരായിരുന്നു.. കുഴലുകൾക്കുള്ളിൽ ജീവിച്ചിരുന്നവരെ പ്രത്യേകം തിരിച്ചറിയാം. അവർ അർദ്ധവൃത്താകൃതിയിൽ വളഞ്ഞുനടന്നിരുന്നവരും ഒച്ച വളരെക്കുറച്ച് സംസാരിച്ചിരുന്നവരുമായിരുന്നു.

ചുങ്സാവുവിന്റെ ഭീമാകാരമായ പ്രതിമ നിലത്ത് പതിപ്പിച്ചിരുന്ന നിഴലാണ് ജനങ്ങളെ അദ്ദേഹത്തിലേക്ക് വലിച്ചടുപ്പിച്ചത്. ഉഷ്ണകാലത്ത് തണലും തണുപ്പുമേകിയും ശൈത്യകാലത്ത് മഞ്ഞുവീഴ്ചയെ ചെറുത്തും തന്റെ അടുത്തേക്ക് അഭയാർഥികളായി എത്തിയവർക്ക് അദ്ദേഹം ആശ്വാസം നൽകി. ചുങ്സാവുവിന്റെ ചൂണ്ടുവിരലിനുകീഴെ മാത്രം ആയിരത്തിൽപ്പരം കുടുംബങ്ങളും രണ്ട് ബാർബർ ഷോപ്പുകളും നാല് പീടികകളും ഒരു മരച്ചീനിക്കടയും ഉണ്ടായിരുന്നതായാണ് കണക്ക്. ഇതിൽ നിന്നുതന്നെ ആ പ്രതിമയുടെ വലിപ്പം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

പ്രതിമയ്ക്ക് ചുവട്ടിലെ ജനസംഖ്യ ഒന്നേകാൽ ലക്ഷം കഴിഞ്ഞപ്പോൾ ജിംഗ്സ്യാൻ ഭരണകൂടം ആ പ്രദേശത്തെ Statue Country അഥവാ പ്രതിമരാജ്യം അഥവാ ഡിയോംങ്‌ചിയാൻ ഗുവാൻചിയ (雕像國家) എന്നു വിളിക്കാൻ തുടങ്ങി. പിന്നീട് ചുരുക്കി അത് ഡിയോങ്‌ചിയാൻ അഥവാ 'പ്രതിമ' എന്നുമാത്രമായി.

വേനൽക്കാലത്ത് പ്രതിമയിലെ ജീവിതം ഒരു ഉത്സവപ്പറമ്പിലേതുപോലെ ശബ്ദകോലാഹലങ്ങൾ നിറഞ്ഞതാണെങ്കിൽ ശൈത്യകാലത്ത് അത് നിശ്ചലവും നിശബ്ദവുമായിരുന്നു. വർഷത്തിൽ ഒൻപത് മാസവും ജിങ്സിയാനിൽ വേനൽക്കാലമാണ്. തലയ്ക്ക് മുകളിൽ കത്തിക്കാളുന്ന സൂര്യനിൽ നിന്ന് രക്ഷനേടാൻ വർഷത്തിൽ മുക്കാലും അവർക്ക് ചുങ്സാവുവിന്റെ നിഴലിനോടൊപ്പം സഞ്ചരിക്കാതെ പറ്റുമായിരുന്നില്ല. ഒരു പബ്ലിക്ക് പാർക്കിലെ മരച്ചുവട്ടിൽ പായവിരിച്ചിരിക്കുന്നവർ നിഴൽ നീങ്ങുന്നതനുസരിച്ച് പായമാറ്റിയിടുന്നതുപോലെ പ്രതിമവാസികൾ തങ്ങളുടെ സാധനസാമഗ്രികളുമായി ചുങ്സാവുവിന്റെ നിഴൽ നീങ്ങുന്നതിനനുസരിച്ച് എപ്പോഴും നീങ്ങിക്കൊണ്ടിരുന്നു.

നിഴൽ നീളുമ്പോൾ അന്തേവാസികളെല്ലാം വിശാലമായ ഒരിടത്തിന് അവകാശികളാവുകയും നിഴൽ ചുരുങ്ങുമ്പോൾ ചെറിയചെറിയ കള്ളികളിലേക്ക് ചുരുക്കപ്പെടുകയും ചെയ്യും. നിഴലിന്റെ ചുരുക്കത്തിലായിരുന്നു അവർക്കിടയിൽ സംഘർഷങ്ങളും പ്രണയങ്ങളുമൊക്കെ പൊട്ടിപ്പുറപ്പെടാറുണ്ടായിരുന്നത്. രാവിലെയും വൈകുംനേരവും കിഴക്കും പടിഞ്ഞാറുമായി ഓടിനടക്കൽ ഈ ഉഷ്ണകാല ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇത്തരം കഷ്ടപ്പാടുകൾ ഇല്ലാത്തവരും പ്രതിമയിൽ താമസിച്ചിരുന്നു. ചുങ്സാവുവിനു പറ്റെയായി താമസിച്ചിരുന്നവരാണവർ. അവർക്ക് നിഴലിന്റെ ഏറ്റക്കുറച്ചിലും കിഴക്കുപടിഞ്ഞാറുള്ള സഞ്ചാരവും വലിയ പ്രശ്നമല്ലല്ലോ. പ്രത്യേകിച്ചും ചുങ്സാവുവിന്റെ കാൽപ്പാദങ്ങളോട്‌ ചേർന്ന് താമസിക്കുന്നവർക്ക്. നട്ടുച്ച സമയത്ത് ആ ഭാഗത്തേക്ക് മറ്റുപ്രദേശങ്ങളിൽ നിന്നുള്ള ആളുകളുടെ തള്ളിക്കയറ്റം മൂലമുള്ള ചില്ലറ പ്രശ്നങ്ങൾ ഒഴിവാക്കിയാൽ അവിടുത്തെ ജീവിതം സമാധാനപരമായിരുന്നു.

ഇക്കാരണം കൊണ്ടുതന്നെ, പ്രതിമരാജ്യത്ത് ഭൂമിക്കച്ചവടം ആരംഭിച്ച സമയത്ത് ചുങ്സാവുവിനോടു ചേർന്നുള്ള പ്രദേശങ്ങൾക്ക് വലിയ വിലയായിരുന്നു നിശ്ചയിച്ചിരുന്നത്. ഓരോ അവയവത്തിനനുസരിച്ചാണ്‌ അവിടെ വില. വിരലിന്റെ നിഴലിൽ താമസിക്കാൻ ഒരു വില, കൈകൾക്കും കാലുകൾക്കും പിന്നെ കാലുകൾക്കിടയിലും മറ്റൊരു വില. തലയുടെ നിഴലടിക്കുന്നിടത്ത് വേറൊരു വില!. ഷിഫ്റ്റിംഗിലെ ബുദ്ധിമുട്ട് കുറയുംതോറും വില കൂടും. അന്തേവാസികളുടെയെല്ലാം പ്രമാണങ്ങളിൽ തങ്ങൾ നിഴലുകളുടെ മാത്രം അവകാശികളാണെന്നും ഭൂമിയുടെമേൽ അവകാശമില്ലെന്നും പ്രത്യേകം എഴുതിയിരുന്നു.

ചുങ്സാവുവിന്റെ നിഴൽപറ്റിക്കഴിയുന്നതിൽ അവരെല്ലാം സംതൃപ്തരുമായിരുന്നു. ശൈത്യകാലമാവട്ടെ, പ്രതിമാവാസികളെ സംബന്ധിച്ച് മരവിപ്പ് ബാധിച്ച വറുതിയുടെ കാലം കൂടിയായിരുന്നു. മൂന്നുമാസങ്ങൾ തുടർച്ചയായി വെയിൽ എത്തിനോക്കാത്ത മാസങ്ങളായതിനാൽ നിഴലുകളോടൊപ്പം സഞ്ചരിക്കേണ്ടതുണ്ടായിരുന്നില്ല. ചുങ്സാവുവിന്റെ നീട്ടിപ്പിടിച്ച കൈകളുടെ താഴെയും പൃഷ്ഠഭാഗങ്ങൾക്കടിയിലും ആളുകൾ കൂനിക്കൂടിയിരുന്ന് ദിവസങ്ങൾ തള്ളിനീക്കി.

പ്രതിമാവാസികളെ സംബന്ധിച്ച് ഇക്കാലം പരസ്പര സഹകരണത്തിന്റെകൂടി കാലമായിരുന്നു. പ്രദേശമാകെ മഞ്ഞുമൂടുമ്പോൾ ഇരപിടിക്കാനിറക്കുന്ന കുറുനരികളെ വേട്ടയാടിപ്പിടിച്ച് പരസ്പരം പങ്കുവെച്ചു കഴിഞ്ഞുകൂടുക എന്നതല്ലാതെ മറ്റൊന്നും അവർക്ക് ചെയ്യാനുണ്ടായിരുന്നില്ല. ഇത്രയേറെ ത്യാഗങ്ങളും ദുരിതങ്ങളും സഹിച്ച് നിലനിന്നൊരു പ്രദേശവും ജനതയും ലോകത്തെങ്ങും ഒരുപക്ഷേ കാണുവാൻ ഇടയില്ല. പക്ഷേ, നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവർ അതിജീവിക്കാനുള്ള അർഹത നേടിയില്ലെന്നതാണ് ദു:ഖകരമായ വസ്തുത.

ചൈനയിലെ ഒരു ഉപരാജ്യംപോലെ കഴിഞ്ഞിരുന്ന പ്രതിമാരാജ്യവും അവിടുത്തെ ജനങ്ങളും ഭീമാകാരനായ ചുങ്സാവുവും ലോകത്തിൽ നിന്ന് അപ്രത്യക്ഷമായത് വെറും ഒരൊറ്റ ദിവസം കൊണ്ടാണ്. എത്രകാലമെന്നുവെച്ചാണ് ഒരു പ്രതിമയ്ക്ക് തന്റെ താഴെ നടക്കുന്ന ദുരിതങ്ങൾ കണ്ടുനിൽക്കാനാവുക? അതുകൊണ്ടാവും, ശൈത്യകാലത്തെ രണ്ടാം മാസത്തിലെ ഒരു രാത്രിയിൽ ചുങ്സാവു അവിടം വിട്ട് ഓടിപ്പോയി. ശേഷം അങ്ങ് ദൂരെ ബ്രഹ്മപുത്ര നദിയിൽ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പറയപ്പെടുന്നത്.

അതേസമയം, രാത്രിയിൽ ഉറക്കത്തിലായിരുന്ന പ്രതിമാവാസികളുടെ മേൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാവുകയും അവരെല്ലാവരും മഞ്ഞിനടിയിൽപ്പെട്ട് മരണമടയുകയും ചെയ്തു. പിന്നീട്, വെയിൽ പരന്ന് മഞ്ഞുരുകുമ്പോഴാണ് ജിങ്സിയാൻ ഭരണകൂടം പോലും വിവരമറിയുന്നത്. എന്നാൽ ഭാരിച്ച ചെലവുകാരണം മൃതശരീരങ്ങളെ അടക്കുവാൻ അവർ തയ്യാറായില്ല.

അഴുകി ദ്രവിച്ചുപോകാതെ ശൈത്യത്തിൽ മഞ്ഞുമൂടിയും വേനലിൽ കരിഞ്ഞുണങ്ങിയും ലക്ഷക്കണക്കായ ആ മൃതദേഹങ്ങൾ ഇന്നും അവിടെയുണ്ട്. ഗൂഗിൾ എർത്തിൽ നോക്കിയാൽ കാണാം, കരിഞ്ഞുണങ്ങിയ മൃതശരീരങ്ങൾ അടുങ്ങിയടുങ്ങിക്കിടക്കുന്നതിനാൽ ചുങ്സാവുവിന്റെ നിഴൽ പോലെ തോന്നിക്കുന്നൊരു പ്രദേശം.. അതാണ് ഡിയോംങ്‌ചിയാൻ ഗുവാൻചിയ.. അഥവാ..

Read More >>