കവിത: ഇറോം ഷര്‍മിളയ്ക്ക്, രചന: ഓ.എന്‍.വി

ഇറോമിന് ഓ.എന്‍.വി എഴുതി അവശേഷിപ്പിച്ച ഒരു സ്വാന്തനം!

കവിത: ഇറോം ഷര്‍മിളയ്ക്ക്, രചന: ഓ.എന്‍.വി

മലയാളത്തിന്റെ അനശ്വര കവി ഓ.എന്‍.വി ഇറോം ഷര്‍മിളയെ കുറിച്ചെഴുതിയ വരികൾ ഒരു പ്രവചനം പോലെ അന്വര്‍ഥമാകുന്നു.

കവിത: ഇറോം ഷര്‍മിളയ്ക്ക്
രചന: ഓ.എന്‍.വി

പന്തലും മഞ്ചവും ക്യാമറക്കണ്‍മുന്നി-
ലുന്തിക്കയറാന്‍ തിരക്കുമനുയായി-
വൃന്ദവുമാരവാരങ്ങളുമില്ലാതെ,

ഇംഫാലില്‍ നിശ്ശബ്ദമായോരഴിക്കൂട്ടി-
ലിന്നും ദശാവര്‍ഷ ദീര്‍ഘനിരാഹാര-
യജ്ഞം തുടരുന്ന ധീരതേ! നിന്‍ മുന്നി-
ലജ്ഞാതനാമീ കവി തല താഴ്ത്തുന്നു,

നിന്‍ സഹനത്തെയോര്‍ത്തെത്രയുമാദരാല്‍,
പിന്നെയെന്‍ നാടിന്‍ ഗതിയോര്‍ത്തു ലജ്ജയാല്‍!

തോക്കിനെ നിശ്ശബ്ദമാക്കുന്ന നിന്‍ മുന്നില്‍
വാക്കുകള്‍ നിഷ്പ്രഭം!

നീയേതിഹാസ-
കാവ്യത്തില്‍ നിന്നുമിറങ്ങി
വന്നീയന്ധകാരത്തെ ഭേദിച്ചിടുന്ന തൂമിന്നലായ്‌?

എത്ര വര്‍ഷങ്ങലായ്‌ കാപാലികര്‍ തീര്‍ത്ത
കട്ടിയിരുമ്പഴിക്കൂട്ടിലിരുന്നു നീ,
ഇതിരിയാകാശനീലിമ തേടുന്ന
പക്ഷിയായ്‌, കായ്കനി തിന്നാതിരിക്കുന്നു!

നിന്നെയൊരു നോക്കു കാണുവാനാകാശ-
മേന്നുമീ വാതില്‍ക്കല്‍ വന്നെത്തി നോക്കുന്നു;

നിന്‍റെ ചിറകടി നാദവും സ്വാതന്ത്ര്യ-
സംഗീതമായാസ്വദിച്ചൊരപാരത!
എതഴിക്കൂടുമരക്കില്ലമാമെന്‍റെ
നാടിന്‍റെ സ്വാതന്ത്ര്യദാഹമാമഗ്നിയില്‍!
കാത്തിരിക്കുന്നു ഭഗിനി, നിന്‍ മോചന-
വാര്‍ത്തയുമായോടിയെത്തുന്ന മാത്രയെ!

സ്ത്രീയെന്ന സത്യത്തെ
നിന്നിലൂടെത്രമേല്‍

ധീരമായ്‌ സൗമ്യമായ്
നൊന്തുതോറ്റീയിന്ത്യ!