'ലിംഗമില്ലാത്തവൻ ജീവിച്ചു നാറട്ടെ, ലിംഗം മുറിക്കുന്ന പെണ്ണുങ്ങൾ വാഴുവിൻ'; തന്റെ കവിത ജീവിതമാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രി ജി സുധാകരൻ

'നീചലിംഗങ്ങൾ മുറിയ്ക്കുന്ന പെണ്ണുങ്ങൾ' എന്ന മൂന്നു വർഷം മുൻപ് എഴുതിയ കവിത അന്വർത്ഥമായതിന്റെ സന്തോഷത്തിലുമാണ് കവികൂടിയായ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരൻ.

ലിംഗമില്ലാത്തവൻ ജീവിച്ചു നാറട്ടെ, ലിംഗം മുറിക്കുന്ന പെണ്ണുങ്ങൾ വാഴുവിൻ; തന്റെ കവിത ജീവിതമാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രി ജി സുധാകരൻ

ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തെ ധീരമായ നടപടിയെന്ന് വാഴ്ത്തി മന്ത്രി ജി സുധാകരൻ. ഈ വിഷയത്തെ മുൻനിർത്തി മൂന്നു വർഷം മുൻപ് താൻ എഴുതിയ 'നീചലിംഗങ്ങൾ മുറിയ്ക്കുന്ന പെണ്ണുങ്ങൾ' എന്ന കവിത അന്വർത്ഥമായതിന്റെ സന്തോഷത്തിലുമാണ് കവികൂടിയായ ജി സുധാകരൻ.

'എന്തേ മുറിച്ചില്ലവന്റെ ലിംഗം' നിന്നാരംഭിക്കുന്ന കവിത ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന പെണ്ണുങ്ങളോട് വേട്ടക്കാരന്റെ ലിംഗം മുറിക്കാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു. കലാകൗമുദിയിൽ വെളിച്ചം കണ്ട കവിത പിന്നീട് ഹരിതം ബുക്ക്സ് പുറത്തിറക്കിയ 'കാളിയും കൽക്കിയും' എന്ന കവിതാസമാഹാരത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

കവിത എഴുതിയ കാലത്ത് തനിക്കെതിരെ നിരവധി മാന്യന്മാർ തനിക്കെതിരെ രംഗത്തുവന്നെന്നും ഇത് കവിതയാണോ എന്ന് ചോദിച്ച് പരിഹാസമുണ്ടായെന്നും ജി സുധാകരൻ ഓർക്കുന്നു. എന്നാൽ ഇപ്പോൾ ഇത് കവിതമാത്രമല്ല, ജീവിതമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി ജി സുധാകരൻ പറയുന്നു.


നീച ലിംഗങ്ങൾ മുറിക്കുന്ന പെണ്ണുങ്ങൾ

ഒന്ന്
എന്തേ മുറിച്ചില്ലവന്റെ ലിംഗം
നീചവ്യൂഹങ്ങൾ നീട്ടിയ ലിംഗം!
കത്തിയില്ലേ കഠാരയില്ലേ?
വെട്ടാരിവാളുകളില്ലേ?
മീൻമുറിക്കും കത്തിക്കിട്ടിയില്ലേ?
കരിക്കാടി തിളച്ച കലങ്ങളില്ലേ?
ഇല്ലായിരിക്കുമോ?
ഉണ്ടായിരിക്കുമോ?
ഒന്ന് തീർച്ച! ഇനി ഒന്ന് തീർച്ച!
ഉണ്ട് നിനക്കുണ്ട് ദംഷ്ട്ര!
പല്ലും നഖങ്ങളും
കോമളം പല്ലുകൾ
കൂർത്തമനോഹര കൊച്ചരിപ്പല്ലുകൾ
വാളിന്റെ മൂർച്ച; മുല്ലപ്പൂവിന്റെ വെണ്മയും
രണ്ട്
എന്തേ കടിച്ചു മുറിച്ചില്ല?
എന്തേ കടിച്ചു കുടഞ്ഞില്ല ലിംഗത്തെ!
നീചകുലങ്ങൾതൻ ലിംഗങ്ങൾ!
ഓർമയില്ലേ നരസിഹത്തിനെ?
കുടൽമാല പിളർത്തുന്നവൻ!
നെഞ്ചകം കീറിരുധിരം
കുടിച്ചോരാ ദിവ്യ സത്വത്തിനെ!
മൂന്ന്
ലിംഗമില്ലാത്ത പുരുഷൻ
പുച്ഛമില്ലാത്ത വാനരനല്ലയോ!
ലിംഗമില്ലാത്ത വെറിയൻ
നാരീലിംഗം കൊതിക്കും ഞരമ്പ് രോഗി
ജീവനെടുക്കും അവൻ സ്വയം
നിന്നെയോ ധീരയിൽ ധീരയായി
ലോകം പുകഴ്ത്തിടും!
നാല്
ലിംഗം മുറിച്ച് പ്രതികാരമാളുക!
ലിംഗമില്ലാത്ത നരാധമന്മാരുടെ
സംഘം തളരട്ടെ!
മാനവലോകം മനഃശാസ്ത്രശാലയിൽ
നീചസംഘത്തെ ചികില്സിച്ചിട്ടിനി
അഞ്ച്
ലിംഗമില്ലാത്തവൻ
ജീവിച്ചു നാറാട്ടെ!
ലിംഗം മുറിക്കുന്ന പെണ്ണുങ്ങൾ വാഴുവിൻ!


പീഡനത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് എല്ലാവിധ സംരക്ഷണവും സർക്കാർ നൽകുമെന്നും ആ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത തീരുമാനം അഭിനന്ദനാർഹവുമാണെന്ന് ജി സുധാകരൻ പറഞ്ഞു. സ്ത്രീകൾക്ക് എതിരായി നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിനായി സംസ്ഥാനസർക്കാർ എന്നും ഒപ്പമുണ്ടാകും ഈ വിഷയങ്ങളിൽ സ്ത്രീകൾ ധൈര്യപൂർവം മുന്നോട്ടുവരണമെന്നും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും മുഖ്യമന്ത്രി ഈ കാര്യത്തിൽ കർശന നടപടി സ്വീകരിക്കുന്നയാളാണെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു.