''മീശ വരണ വരവിതു കണ്ടോ'' പിണറായി വിജയന്‍ ഇടപെട്ടു; മിക്കവാറും നാളെ വിപണിയില്‍

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് എസ് ഹരീഷ് പിന്‍വലിച്ച നോവല്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശനമായ ഇടപെടലെന്നു സൂചന. നോവല്‍ പുറത്തിറക്കണമെന്ന് മുഖ്യമന്ത്രി പരസ്യമായി ആവശ്യപ്പെട്ടിരുന്നു

മീശ വരണ വരവിതു കണ്ടോ പിണറായി വിജയന്‍ ഇടപെട്ടു; മിക്കവാറും നാളെ വിപണിയില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശനമായ തീരുമാനത്തെ തുടര്‍ന്ന് എസ്. ഹരീഷ് പിന്‍വലിച്ച മീശ പുസ്തക രൂപത്തില്‍ ഉടനെത്തുന്നു. ഡിസി ബുക്ക്‌സാണ് പ്രസാധകര്‍. മിക്കവാറും നാളെത്തന്നെ ഡിസി ഷോപ്പുകളഇല്‍ പുസ്തകം ലഭ്യമാകും. ഷോപ്പുകള്‍ക്കു നേരെ ഭീഷണിയുണ്ടായാല്‍ നേരിടാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ആഗസ്റ്റ് 15നു ശേഷം പുസ്തകമാക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നായിരുന്നു ഹരീഷിന്റെ തീരുമാനം. എന്നാല്‍ ഒട്ടും വൈകാതെ പുസ്തകം പുറത്തിറങ്ങണമെന്ന നിലയിലേയ്ക്ക് പ്രസാധകര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

''എസ്. ഹരീഷിന്റെ മീശ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്''- എന്ന പത്രക്കുറിപ്പ് ഡിസി ബുക്‌സ് പുറത്തിറക്കി ''മലയാളം വാരിക, ദേശാഭിമാനി, ഗ്രീന്‍ബുക്സ്, ഇന്‍സൈറ്റ് പബ്ലിക്ക, സൃഷ്ടി എന്നിവര്‍ അതിന്റെ പ്രസിദ്ധീകരണം ഏറ്റെടുക്കാമെന്ന് അറിയിപ്പിട്ടിരുന്നെങ്കിലും എസ് ഹരീഷ് മുന്‍ പുസ്തകങ്ങളെപ്പോലെ ഡി സി ബുക്സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിര്‍വ്വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍.

മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീറിന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു, താങ്കളുടെ സര്‍വ്വ പിന്തുണയും ഉണ്ടാകുമെന്ന ഉറപ്പോടെ''- ഡി സി ബുക്സ് പ്രസിദ്ധീകരണ വിഭാഗം അറിയിച്ചു.സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് നോവലിസ്റ്റിന് ഖണ്ഡശ പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്‍മാറേണ്ടി വന്നിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലാണ് നടത്തിയത്. ഹരീഷിനു നേരെ ഫോണിലൂടെ വധഭീഷണി മുഴക്കിയയാളെ അറസ്റ്റ് ചെയ്തിരുന്നു. നോവല്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നതും സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശവും പിന്തുണയും മുഖ്യമന്ത്രി ഹരീഷിനെയും പ്രസാധകരെയും അറിയിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ് ഹരീഷ്.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ ജന്മനാട്ടില്‍ സിപിഐഎം സംഘടിപ്പിച്ച വേദിയിലാണ് നോവല്‍ പിന്‍വലിച്ച ശേഷം ഹരീഷ് പങ്കെടുത്തത്. മീശ പുസ്തകമായി പുറത്തു വരുന്നത് ഡിസി ബുക്ക്‌സിലൂടെയാണെന്ന് നാരദ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുസ്തകത്തോടൊപ്പം കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള മറ്റൊരു പ്രസ്താവന കൂടി ഹരീഷിന്റേതായി ഉള്ളതായാണ് സൂചന.

നോവലിന്റെ രണ്ടാം അധ്യായത്തില്‍ കഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണം വളച്ചൊടിച്ചാണ് വിവാദമുണ്ടാക്കിയത്. ഹരീഷ് എഴുതിയ ലേഖനത്തിലാണ് പരാമര്‍ശം എന്ന നിലിയ്ക്കായിരുന്നു പ്രചാരണം. സംഭവത്തെ കുറിച്ച് ഇന്നലെ മാതൃഭൂമി ഒന്നാം പേജില്‍ മുഖപ്രസംഗം എഴുതിയിരുന്നു. വൈകാരികത അടങ്ങി സമൂഹം പാകപ്പെടുമ്പോള്‍ പുസ്തക രൂപത്തില്‍ ഇറങ്ങും എന്നാണ് ഹരീഷ് പിന്‍വലിച്ചു കൊണ്ടുള്ള കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗം എംഎ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ എല്ലാവരും തന്നെ നോവല്‍ ഉടന്‍ പ്രസിദ്ധീകരിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. കൂടാതെ മുതിര്‍ന്ന സാഹിത്യകാരന്മാരും സാംസ്‌കാരിക നേതൃത്വവും ആവശ്യം ഉന്നയിച്ചു.


എസ്. ഹരീഷിനും ഹനാനും നേരെയുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്നലെ ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ പ്രത്യേക സൈബര്‍ പൊലീസ് സംഘം ചുമതലയേറ്റു. സൈബര്‍ സഖാക്കളടക്കം റിമാന്റിലാണ്. അരനൂറ്റാണ്ട് മുന്‍പുള്ള ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നോവലാണ് മീശ. മൂന്നു ലക്കങ്ങള്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

299 രൂപയാണ് വില. സൈനുല്‍ ആബിദാണ് കവര്‍ ഡിസൈന്‍. ''മീശ വരണ വരവിതു കണ്ടോ... കൈപ്പുഴ കരേലെ മീശ വരണേ''- എന്ന നോവലിലെ പാട്ട് മാത്രമാണ് പിന്‍കവറില്‍ എടുത്തു ചേര്‍ത്തിരിക്കുന്നത്. പുസ്തകത്തിൻ്റെ ഓൺലൈൻ വിൽപ്പന ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്Read More >>