ഖൽബിലുണ്ടോ ഹരമുള്ള മാപ്പിള തമാശ; എന്നാ പോരീ കോഴിക്കോട് ടൗൺ ഹാളിലേക്ക്: ജൂലൈ എട്ടിന്

ബഡായി, രസം, സൊള്ള്, സുയിപ്പ്, ഇളക്കല്‍, സൊറ തുടങ്ങി മാപ്പിള ജീവിതത്തിൻ്റെ ഭാഗമായ ഹരം പറച്ചിലുകൾ ഔദ്യോഗികമായി ശേഖരിക്കുന്നു

ഖൽബിലുണ്ടോ ഹരമുള്ള മാപ്പിള തമാശ; എന്നാ പോരീ കോഴിക്കോട് ടൗൺ ഹാളിലേക്ക്: ജൂലൈ എട്ടിന്

"ഒരു മാപ്പിളപ്പെണ്ണ്‌ പരിശോധനയ്ക്കായി ആശുപത്രിയിലെത്തി. ഡോക്ടര്‍ കുറിപ്പടി എഴുതാന്‍ നേരത്ത്‌ പേരും വയസ്സും ചോദിച്ചു. നല്ല മൊഞ്ചനും ചെറുവാലിയക്കാരനുമായ ദര്‍സറോട്‌ യഥാര്‍ത്ഥപ്രായം പറയാന്‍ അവര്‍ക്കൊരു സങ്കോചം. പ്രായം തെറ്റിച്ചു പറഞ്ഞാല്‍ മരുന്നിന്റെ കാര്യത്തില്‍ വല്ല ഗുലുമാലും വരുമോ എന്ന പേടി വേറെ. ഡോക്ടര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ അവര്‍ ഒറ്റയടിയ്ക്കങ്ങ്‌ പറഞ്ഞു: പേര്‌ പാത്തുമ്മാബി. വയസ്സ്‌ 25. സുകുല്ലാത്തതോണ്ട്‌ 40 എയ്തിക്കാളി"

'ഹരം പറയുക' എന്നത് മാപ്പിളജീവിതത്തിന്റെ ഒരംശമാണ് - ബഡായി, രസം, സൊള്ള്, സുയിപ്പ്, ഇളക്കല്‍, സൊറ തുടങ്ങി നേരമ്പോക്കുമായി ബന്ധപ്പെട്ട നിരവധി പ്രയോഗങ്ങള്‍ ഉണ്ട്. സാമൂഹിക വിമർശനവും നേരമ്പോക്കുകളുമായ ഇവ കല്യാണവീടുകളിലും സത്കാരവേളകളിലും രാഷ്ട്രീയമേളകളിലും എന്തിന്ന് എല്ലാതരം കൂട്ടായ്മകളിലും നിറഞ്ഞ് നിന്നിരുന്നു

മാപ്പിളമാരെക്കുറിച്ചും മാപ്പിളമാർക്കിടയിലുമുള്ള അത്തരം തമാശകളെ ശേഖരിക്കുക എന്ന ലക്ഷ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി. ജൂലൈ എട്ടിന് കോഴിക്കോട് ടൗൺ ഹാളിൽ നടത്തുന്ന 'മാപ്പിള തമാശ' എന്ന പരിപാടിയിൽ വെച്ചായിരിക്കും ശേഖരണം നടക്കുക. അതിനായി മാപ്പിള തമാശകൾ അറിയുന്ന എല്ലാവരേയും ക്ഷണിച്ചിരിക്കുകയാണ് അക്കാദമി. പരസ്പരം പറഞ്ഞും, ചിരിച്ചും ചർച്ച ചെയ്തും ഡോക്യുമെന്റ് ചെയ്യാനാണ് പ്ലാൻ. പ്രിന്റ് ഡോക്യുമെന്റ് മാത്രമല്ല, വീഡിയോ ഓഡിയോ സമാഹരണവും പരിപാടിയിൽ ഉദ്ദേശിക്കുന്നുണ്ട്.

"ഫോക്ക് ലോറിന്റെ ഭാഗമായ മാപ്പിള ഫോക്ക് ലോറുമായി ബന്ധപ്പെട്ടാണ് ഈ സമാഹാരം നടക്കുന്നത്. മാപ്പിള തമാശകൾക്ക് കാലങ്ങളുടെ പഴക്കമുണ്ട്. എന്നാൽ പല തമാശകളും ഇന്നത്തെ കാലത്ത് ഇല്ല. ഇപ്പോഴും അവ അറിയുന്നവർ വളരെകുറച്ച് ആളുകൾ മാത്രമെ ഉള്ളൂ. ഇപ്പോഴെങ്കിലും അവ ശേഖരിച്ചില്ലെങ്കിൽ പിൽക്കാലത്ത് അവ തേടിപ്പിടിക്കുക പ്രയാസമായിരിക്കും"-മാപ്പിള കലാ അക്കാദമി സെക്രട്ടറി റസാഖ് വയമ്പ്രോട് പറഞ്ഞു.

മുൻ മന്ത്രി ടികെ ഹംസ ചെയർമാനായ സമിതിയാണ് ശേഖരണം നടത്തുന്നത് ഡോക്യുമെന്റേഷനായി അക്കാദമിയിൽ തന്നെ ഒരു വിഭാഗം ഉണ്ട് അവരുടെ നേതൃത്വത്തിലായിരിക്കും ശേഖരണം നടത്തുക. ഡോ. എം എൻ കാരശ്ശേരി, ചാത്തനാട്ട് അച്യുതൻ ഉണ്ണി, കാനേഷ് പൂനൂർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും പരിപാടി. ഇവർക്ക് പുറമെ പുറത്ത് നിന്ന് ധാരാളം പേർ പങ്കെടുക്കും

മാപ്പിള കലകളുടെ പരിശീലനം, അറബി മലയാള ഗവേഷണം തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ മാപ്പിള കലാ അക്കാദമി നടത്തി വരുന്നുണ്ട്. 1999 മുതൽ മോയിങ്കുട്ടി വൈദ്യർ സ്മാരകമായിരുന്ന കെട്ടിടം 2013 മുതലാണ് അക്കാദമിയായി പ്രവർത്തിച്ച് തുടങ്ങിയത്. മാപ്പിള കലകളുടെ സംരക്ഷണവും വ്യാപനവുമാണ് അക്കാദമി ലക്ഷ്യം വെക്കുന്നത്. മാപ്പിള തമാശകൾ അറിയുന്നവരും മാപ്പിള തമാശകൾ അവതരിപ്പിക്കുന്നവരെക്കുറിച്ച് അറിയുന്നവരും ബന്ധപ്പെടേണ്ട നമ്പർ: 04832711432

മാപ്പിള തമാശയ്ക്ക് മറ്റൊരു ഉദാഹരണം

മുസ്ല്യാര്‍ കെട്ടിയോള്‍ക്ക്‌ രണ്ടാം പേറിന്റെ ചെലവിലേയ്ക്ക്‌ ഒന്നും കൊടുത്തില്ല-ആ കച്ചോടത്തില്‍ ഓളും ഞാനും കൂറാ. ആദ്യത്തെ പേറ്റിന്‌ ഞാന്‍ ചെലവിനു കൊടത്തു. രണ്ടാമത്തേത്‌ ഓള്‌ തന്നെ എടുക്കട്ടെ എന്ന്‌ ന്യായം. ആ സ്ത്രീ പരാതിപ്പെട്ടില്ല. പേറ്‌ കഴിഞ്ഞ്‌ ഭര്‍ത്തൃഗൃഹത്തില്‍ തിരിച്ചെത്തിയ ഉടനെ കുഞ്ഞിനെ പുതിയാപ്പിളയുടെ മടിയില്‍ കിടത്തിയിട്ട്‌ അവര്‍ പറഞ്ഞു: ആദ്യത്തെ കുട്ടീനെ ഞാനെടുത്ത്‌. ഇതിനെ ങ്ങള്‌ എട്ത്തോളി. മൊലകൊടുക്കലും ഒറക്കലും ഒക്കെ ങ്ങള്‌. ഞാന്‍ പോവ്വാ. ഈ കച്ചോടത്തില്‌ ഞമ്മള്‌ കൂറല്ലേ! മൂപ്പനായ കുഞ്ഞായിന്‍ മുസ്ല്യാര്‍ അവിടെ സുക്കൂത്ത്‌ പാടി

Read More >>