സജി കല്യാണി എഴുതുന്നു; ദൈവത്തിനുള്ള പട്ടയം!

‘കിണറുകുത്തിയായ കവി’ സജികല്ല്യാണിയുടെ ജീവിതം,പഠനം,വായന, എഴുത്ത്, വിപ്ലവ വിവാഹം എന്നിവയെക്കുറിച്ച്…

സജി കല്യാണി എഴുതുന്നു; ദൈവത്തിനുള്ള പട്ടയം!

സജി കല്യാണി എന്ന കവിയുടെ ഫേസ്ബുക്ക് തുറന്നാൽ ഭൂമിയുടെ അവകാശികൾ ഓരോരുത്തരായി പറന്നു വരും. നമ്മൾ ഇതുവരെ കാണാത്ത, ശ്രദ്ധിക്കാത്ത ഭൂമിയുടെ അവകാശികൾ!

വളരെ വ്യത്യസ്തനായ കവിയാണ് സജി കല്ല്യാണി. മണ്ണിനെ സ്നേഹിക്കുന്ന കിണറു പണിക്കാരനായ സജിയുടെ എഴുത്തും ജീവിതവും വിപ്ലവമാണ്. അമ്മമ്മയോടൊപ്പം ജീവിച്ച, പാതിവഴിയിൽ പഠനം നിർത്തേണ്ടി വന്ന, വായനയെ ജീവനോളം സ്നേഹിച്ച, വളരെ 'സിമ്പിളായി' വിവാഹ കഴിച്ച കവി.

കഴിഞ്ഞ ജൂൺ മുതൽ അദ്ദേഹം നിശാ ശലഭങ്ങൾക്ക് പിറകെയാണ്. നിശാ ശലഭങ്ങളുടെ ചിത്രങ്ങൾ മൊബൈൽ ക്യമറയിൽ പകർത്തുകയും അവയുടെ പേരൊടൊപ്പം 'ഭൂമിയുടെ അവകാശികൾ' എന്ന പേരിൽ ഫേസ്ബുക്കിൽ പങ്കുവെക്കുകയുമാണ്. കവിയുടെ വിശേഷങ്ങളിലേക്ക്..ഭൂമിയുടെ അവകാശികൾ

പ്രകൃതിയെ നിരീക്ഷിക്കുക എന്നത് എൻ്റെ സ്വഭാവത്തിൻ്റെ ഭാഗമാണ്. മണ്ണിൽ പണിയെടുക്കുന്ന ആളായത് കൊണ്ടാവും അത്. പുതിയ ജീവാജാലങ്ങളേയും സസ്യ വർഗങ്ങളേയുമൊക്കെ എവിടെ കണ്ടാലും അതിനോട് വല്ലാത്തൊരു ആകർഷണം തോന്നാറുണ്ട്. ഒരു ദിവസം വായിച്ചുകൊണ്ടിരിക്കുമ്പോൾ എൻ്റെ പുസ്തകത്തിലേക്ക് രണ്ട് ചിറകുകൾ ഊർന്ന് വീണു. വളരെ വ്യത്യസ്തവും അപൂർവ്വവുമായ രണ്ട് ചിറകുകൾ. അതെവിടെ നിന്നാണ് വന്നത് എന്ന് നോക്കിയപ്പോഴാണ് നിശാ ശലഭത്തിൻ്റെ ചിറകാണ് എന്ന് മനസ്സിലായത്. പല്ലി നിശാ ശലഭങ്ങളെ കഴിക്കുകയും ചിറകുകൾ ബാക്കിയാക്കുകയും ചെയ്യും. അത്തരം രണ്ട് ചിറകുകളാണ് എൻ്റെ പുസ്തകത്തിലേക്ക് പറന്ന് വന്നത്.അതോടുകൂടി പല്ലിയിൽ നിന്ന് നിശാ ശലഭത്തെ രക്ഷിക്കുക എന്ന കടമ ഞാനങ്ങ് ഏറ്റെടുത്തു. ചെറിയ വടിയെടുത്ത് പല്ലിയെ ഓടിക്കലായി പിന്നെ എൻ്റെ ജോലി. അപ്പോൾ മുതലാണ് ശലഭത്തെ ശരിക്കും ശ്രദ്ധിച്ചു തുടങ്ങുന്നത്. വളരെ രസകരമായ അതിനെ കണ്ടപ്പോൾ തോന്നി അതിൻ്റെ ഫോട്ടോ കൂടി പിടിക്കാമെന്ന്. പിന്നെ പിന്നെ ഇതിനോട് വല്ലാത്തൊരു ആവേശം തോന്നി. ഓരോ ദിവസവും പുതിയ പുതിയ ശലഭങ്ങളെയായിരുന്നു കണ്ടുകൊണ്ടിരുന്നത്… ഇതിനിടയിൽ കവിതയൊക്കെ മറന്ന് പോയി!

കാണുന്നതൊക്കെ അധികമാരും കാാണാത്തതും ശ്രദ്ധിക്കാത്തതുമായ ശലഭങ്ങളാണല്ലോ. അതുകൊണ്ടാണ് ഫേസ്ബുക്കിൽ ഇടാനും സുഹൃത്തുക്കളുമായി പങ്ക് വെക്കാനും തീരുമാനിച്ചത്.ശലഭങ്ങളെ ആകർഷിക്കാൻ

നെറ്റിലൊക്കെ കുറേ പരതി. ഈസ്റ്റും പഞ്ചസാരയും പഴവും കൂട്ടികലർത്തി വെച്ചാൽ ശലഭങ്ങളെ ആകർഷിക്കാം എന്ന വിദ്യ മനസ്സിലാക്കിയത് അങ്ങനെയാണ്. പക്ഷേ നിശാ ശലഭങ്ങൾ അങ്ങോട്ട് വന്നുപോലുമില്ല. പകൽ ശലഭങ്ങൾ മാത്രമേ അത് കഴിക്കാൻ വന്നുള്ളൂ. അതോടുകൂടെ എനിക്കൊരു വാശിയായി. ശലഭങ്ങൾ എന്നെ തേടി വന്നില്ലെങ്കിൽ ഞാൻ ശലഭങ്ങളെ തേടി പോവുക എന്നതായി തീരുമാനം. വീട്ടിൽ വരുന്നതും ചുറ്റുവട്ടങ്ങളിൽ നിന്നും യാത്ര ചെയ്യുമ്പോഴുമൊക്കെ ഞാൻ നിശാ ശലഭങ്ങൾക്ക് പിറകെ ആയിരുന്നു. സന്ധ്യ കഴിയുമ്പോൾ എവിടെയാണോ ഞാനുള്ളത്, അവിടെയെല്ലാം നിശാ ശലഭങ്ങൾക്കായി പരതും എന്നതായി രീതി. ചിലപ്പോൾ ആ തിരച്ചിൽ പുലർച്ചെ മൂന്ന് മണിവരെയൊക്കെ നീളും!എന്നുമുതൽ, എത്ര നിശാശലഭങ്ങൾ..

ജൂൺ മുതലാണ് ഈ 'ശലഭ പിടുത്തം' തുടങ്ങിയത്. ഇപ്പോൾ 200 ഓളം വ്യത്യസ്ത ശലഭങ്ങളുടെ ചിത്രങ്ങൾ എൻ്റെ കയ്യിലുണ്ട്. ചില വീഡിയോകളും.

ഇതിന് മുൻപ്

പൂക്കൾ പുഴുക്കൾ വണ്ടുകൾ തുടങ്ങി ധാരാളം ചിത്രങ്ങൾ ഇതിന് മുൻപും എടുത്തിട്ടുണ്ട്. മനുഷ്യൻ്റെ കണ്ണിൽ പെട്ടൊന്നൊന്നും ഉടക്കാത്ത പൂക്കൾക്ക് പിറകെയായിരുന്നു ആദ്യം. അത്തരത്തിൽ ധാരാളം പൂക്കളുടെ ചിതങ്ങൾ എടുത്തിട്ടുണ്ട്. യാത്ര ചെയ്യാൻ ഏറെ ഇഷ്ടമാണ്. പോകുന്ന യാത്രകളിലെ കാണുന്ന കാഴ്ച്ചകളിൽ വ്യത്യസ്തമായവ പകർത്താൻ അതിലേറെ ഇഷ്ടമാണ്.

കുടുംബം, പഠനം

പഠനം.. "പത്താം ക്ലാസും ഗുസ്തിയും" (ചിരിക്കുന്നു)

മട്ടന്നൂർ ശിവപുരം ഹൈസ്കൂളിലാണ് പത്താം ക്ലാസുവരെ പഠിച്ചത്. മട്ടന്നൂരിൽ കയനി എന്ന സ്ഥലത്താണ് സ്വന്തം നാട്. ഞങ്ങൾ മൂന്ന് മക്കളാണ്. ഞാനും ഏട്ടനും അനിയനും. എനിക്ക് അഞ്ച് വയസ്സുള്ള സമയത്ത് ഏട്ടനും അനിയനും അമ്മയും അച്ഛനും വെറൊരു സ്ഥലത്തേക്ക് മാറി താമസിച്ചു. എന്ന അമ്മമ്മയ്ക്ക് കൂട്ട് എന്ന നിലയിൽ അവിടെ നിർത്തുകയും ചെയ്തു. അതോടുകൂടി അച്ഛനും അമ്മയുമായുള്ള ബന്ധം വിട്ടുപോയി. കൊല്ലത്തിൽ ഒരു തവണയൊക്കെയേ പിന്നെ ഞാനവരെ കണ്ടിട്ടുള്ളൂ. അമ്മമ്മയും ഞാനും മാത്രമുള്ള ജീവിതമായിരുന്നു പിന്നീടങ്ങോട്ട്. അങ്ങേ അറ്റത്തെ കഷ്ടപ്പാടും ദാരിദ്ര്യവും. വല്ലാതെ ഒറ്റപ്പെട്ടുപോയ കാലമായിരുന്നു അത്. സ്കൂളിൽ പോകുമ്പോൾ മാറ്റി ഉടുക്കാൻ വസ്ത്രങ്ങൾ പോലുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പത്തിലെത്തിയപ്പോൾ വിദ്യാഭ്യാസം നിന്നുപോയി.ജോലി

പിന്നെ 20 വർഷത്തോളം കിണറുപണിയായിരുന്നു. അതിൽ പിന്നെ എല്ലാ നാട്ടു പണികളും ചെയ്തു. ഇപ്പോഴും ചെയ്യുന്നു. നല്ല നാടൻ കിണറുകുത്തി സെക്യൂരിറ്റി പണിയും ബേക്കറി പണിയുമൊക്കെ ചെയ്തിട്ടുണ്ട്. ആത്യന്തികമായ എൻ്റെ ഇഷ്ടം മണ്ണിനോടാണ് മണ്ണിൽ ജീവിക്കുക എന്നത് മാത്രമാണ് എൻ്റെ പരമമായ ലക്ഷ്യംവായന, എഴുത്ത്

പഠിക്കാൻ പറ്റാത്ത വിഷമം അങ്ങ് വായിച്ച് തീർക്കുകയായിരുന്നു. ലൈബ്രറിയിൽ പോയിരുന്ന് ഒരുപാട് വായിക്കുമായിരുന്നു. വായിച്ച് വായിച്ച് ബോധം കെടുന്നത് വരെ വായിക്കും. അങ്ങനെയാണ് എഴുതാൻ തുടങ്ങിയത്. എഴുതാൻ തുടങ്ങി ഏഴ് വർഷം കഴിഞ്ഞപ്പോഴാണ് ആദ്യത്തെ കവിതാ സമാഹാരം ഇറക്കുന്നത്. നിന്നോളം ആഴമുള്ള കിണറുകൾ!

നിന്നോളം ആഴമുള്ള കിണറുകൾ

ഒരു ക്യാൻസർ രോഗിക്ക് പൈസ കൊടുക്കാനായിരുന്നു ആ പുസ്തകം ചെയ്തത്. അന്ന് എൻ്റെ കയ്യിൽ കുറച്ച് പൈസ ഉണ്ടായിരുന്നു. അത് കൊടുക്കാം എന്നാണ് ആദ്യം കരുതിയത്. എന്നാൽ എൻ്റെ സുഹൃത്ത് ടി ആർ ഉണ്ണിയാണ് പുസ്തകം ചെയ്യാം എന്ന ആശയം മുന്നോട്ട് വെച്ചത്. അങ്ങനെയെങ്കിൽ ഇതിൽ കൂടുതൽ പൈസ അവർക്ക് കൊടുക്കാം എന്ന് ഉണ്ണി പറഞ്ഞു. നിന്നോളം ആഴമുള്ള കിണറുകൾ ഉണ്ടാകുന്നത് അങ്ങനെയാണ്. വിചാരണ പബ്ലിക്കേഷൻസാണ് പുസ്തകം ഇറക്കിയത്. ഒരു ലക്ഷം രൂപയോളം ആ ചേച്ചിയ്ക്ക് കൊടുക്കാൻ സാധിച്ചു. സോഷ്യൽ മീഡിയയാണ് എന്നെ അതിന് സഹായിച്ചത്. ആറ് ദിവസം കൊണ്ടുതന്നെ ആദ്യത്തെ എഡിഷൻ 1000 കോപ്പി പുസ്തകവും തീർന്നു. ഏഴാമത്തെ ദിവസം ആയപ്പോഴേക്കും രണ്ടാമത്തെ എഡിഷനും ഇറങ്ങി.രണ്ടാമത്തെ പുസ്തകം 'ദൈവം പട്ടയമുള്ളവനാണ്' ഇതാ പുറത്തിറങ്ങാൻ പോകുന്നു.

വിവാഹം

കല്യാണവും ഒരു അത്ഭുതമായിരുന്നു. ആദ്യത്തെ പുസ്തക പ്രാകാശനത്തിലാണ് പ്രമീള ടീച്ചറെ ഞാൻ ആദ്യമായി കാണുന്നത്. ടീച്ചർ ഇങ്ങോട്ട് പറയുകയായിരുന്നു നമുക്ക് കാല്യാണം കഴിച്ചാലോ എന്ന്. നമുക്കൊരു യാത്ര ചെയ്യാം എന്നായിരുന്നു ഞാനപ്പോൾ പറഞ്ഞത്. ഒരു പകലു മുഴുവൻ ബസ്സിൽ യാത്ര ചെയ്ത് സംസാരിച്ചു. ആ യാത്രയിൽ ഞങ്ങൾ കല്യണം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. പരിചയപ്പെട്ട് 10 ദിവസം കൊണ്ട്, നവംബർ ഒന്നിന് കല്യാണം കഴിക്കാൻ തീരുമാക്കുകയായിരുന്നു. അന്ന് വൈകുന്നേരം നാല് മണിക്ക് ഞങ്ങൾ താമസിക്കുന്ന വാടക വീടിൻ്റെ ടെറസ്സിൽ വെച്ച് രണ്ട് ഏലക്കാമാല അങ്ങോട്ടും ഇങ്ങോട്ടുമിട്ട് കല്യാണം കഴിക്കുന്നു. 100 പേരോളം പങ്കെടുത്തു. കപ്പയും മീൻ കറിയും കൊടുത്ത് വളരെ സിമ്പിളായ കല്ല്യാണം. കാലടി യൂണിവേഴ്സിറ്റിയിൽ സംസ്കൃതം പ്രൊഫസറാണ് പ്രമീള.സജി കല്യാണിയുടെ രണ്ടാമത്തെ പുസ്തകം 'ദൈവം പട്ടയമുള്ളവനാണ്' ഇന്ന് പുറത്തിറങ്ങും ചലച്ചിത്ര സംവിധായകരായ സഞ്ജു സുരേന്ദ്രൻ ഡോ. സിജു ജവഹർ എന്നിവർ തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ വെച്ച് പ്രകാശന കർമം നിർവ്വഹിക്കും

Read More >>