കൊല്ലപ്പെട്ട കഥയിലെ കഥാപാത്രങ്ങള്‍

സന്തോഷ് എച്ചിക്കാനത്തിന്‍റെ 'ബിരിയാണി' അടക്കം കഴിഞ്ഞ വര്‍ഷം മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച കഥകളെ കമല്‍റാം സജീവ് എങ്ങനെ വായിക്കുന്നു? 'മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2016' എന്ന പുസ്തകത്തിന് എഡിറ്ററെന്ന നിലയില്‍ കമല്‍റാം എഴുതിയ ആമുഖം വായിക്കാം

കൊല്ലപ്പെട്ട കഥയിലെ  കഥാപാത്രങ്ങള്‍

കമല്‍റാം സജീവ്

യുഎസ്. സ്റ്റേറ്റായ ഐഡഹോയിലെ ഒരു ചെറുനഗരം; പൊകടെല്ലോ. അവിടത്തെ മാര്‍ഷല്‍ പബ്ലിക് ലൈബ്രറിയിലേക്ക് 1907 മുതല്‍ വായനക്കാര്‍ പുസ്തകം തേടിയെത്തുന്നു. മാര്‍ഷല്‍ ഇന്ന് ഇ ലൈബ്രറികൂടിയാണ്. അതിന്റെ പൂര്‍ണതയ്‌ക്കെന്നോണം അവിടെ ഒരു 'ഹ്യൂമന്‍ ലൈബ്രറി'കൂടി സംഘടിപ്പിച്ചു. നിങ്ങള്‍ക്ക് ഒരു പുസ്തകത്തെ അതിന്റെ കവര്‍ മാത്രം നോക്കി വിലയിരുത്താനാകില്ല എന്ന കല്പനയെ 'ഹ്യൂമന്‍ ലൈബ്രറി' ഇങ്ങനെ തിരുത്തി: നിങ്ങള്‍ക്ക് ഒരു മനുഷ്യനെയും ബാഹ്യപ്രകൃതികൊണ്ട് തിരിച്ചറിയാനാകില്ല.

ലൈബ്രറിയിലെത്തുന്ന വായനക്കാര്‍ക്കു മുന്നില്‍ ഓരോ ദിവസവും ചേതനയുള്ള, പറയാന്‍ നിരവധി കഥകളുള്ള ഒരു 'മനുഷ്യകൃതി' ഇരിക്കും. മൂന്നു മണിക്കൂര്‍നേരം ആ മനുഷ്യന്‍ തന്റെ കഥ പറയും. കഥ പറയാന്‍ എത്തിയവരില്‍ ചിലര്‍: മൊബൈല്‍ ഫോണ്‍ വരുതിനു മുന്‍പുള്ള കാലത്ത് ഒരു പഴയ ഹോണ്ട മോട്ടോര്‍സൈക്കിളില്‍ തന്റെ എട്ടുവയസ്സായ മകളെയും കൂട്ടി 2,000 മൈല്‍ സാഹസികയാത്ര നടത്തിയ സ്ത്രീ. ദശാബ്ദത്തോളം മിഡില്‍ ഈസ്റ്റില്‍ ജീവിക്കുകയും പണിയെടുക്കുകയും ചെയ്ത ഐഡഹോയിലെ സ്ത്രീ. പതിനെട്ടാം വയസ്സില്‍ വിവാഹിതയാകുകയും ആറു കുട്ടികളുടെ വളര്‍ത്തമ്മയാകേണ്ടിവരികയും ചെയ്ത ജോ ആന്‍ ജെന്‍സ എന്ന സ്ത്രീ.ഇവരാരും മുന്‍പ് ആര്‍ക്കു മുന്നിലും സ്വന്തം കഥ പറഞ്ഞവരല്ല. അത് ആരുടെയെങ്കിലും കേള്‍വിയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണെും അവര്‍ കരുതിയിരുില്ല. എന്നാല്‍, തങ്ങളും ഒരു പുസ്തകമാണെന്നും തങ്ങള്‍ക്കും ദുഃഖിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും നിശ്ശബ്ദമാക്കുന്നതുമായ അനുഭവങ്ങളുണ്ടെന്നും ഓരോരുത്തരും തിരിച്ചറിയുന്നതായി മാര്‍ഷല്‍ ലൈബ്രറിയില്‍ റഫറന്‍സ് വിഭാഗത്തിലെ ലൈബ്രേറിയന്‍ ആമി കാംപ്‌ബെല്‍ പറയുന്നു.

പറയപ്പെടുക എന്ന പ്രാചീനമായൊരു മൗലികതയിലേക്കാണ്, എഴുതപ്പെടുക എതിനുപകരം ഇ-ലിറ്ററേച്ചര്‍ കാലം സഞ്ചരിക്കുന്നത്. അതൊരു സാധ്യതയും വെല്ലുവിളിയുമാണ്. കാരണം, അനന്തവൈചിത്ര്യമാര്‍ തുറസ്സുകളിലേക്ക് തെറിച്ചുപോയ സാമാന്യജീവിതത്തില്‍നിന്ന് തന്റെ കഥാപാത്രത്തെ കണ്ടെത്തണം. പരീക്ഷണമായി മാറുന്ന ജീവിതമാണ് കഥപറച്ചിലിന്റെ ഇന്നത്തെ യാഥാര്‍ഥ്യം. സാഹിത്യത്തിലെ കാലവിഭജനം ഇന്ന് അപ്രസക്തമാണ്. ഏതൊരു കാലത്തെക്കാളും സങ്കീര്‍ണമായ അവസ്ഥയാണ് ഇന്ന് ഒരു കഥാകൃത്തായിരിക്കുക എന്നത്. മോപ്പസാങ്ങും കാഫ്കയും ചെക്കോവും ഹെമിങ്‌വേയും മുതല്‍ നമ്മുടെ ബഷീറും തകഴിയും കാരൂരും വരെയുള്ളവര്‍ക്കു മുന്നിലെ കഥാപാത്രങ്ങള്‍ തന്നെയാണ് ഒരര്‍ഥത്തില്‍ കെ.ആര്‍. മീരയ്ക്കും സന്തോഷ് ഏച്ചിക്കാനത്തിനും സുഭാഷ്ചന്ദ്രനും ഉണ്ണിക്കും ഹരീഷിനും മുന്നിലുള്ളത്. എന്നാല്‍, കഥാപാത്രം ആഖ്യാനത്തിലേക്കു വരുമ്പോള്‍ കഥയും പ്രകൃതിയും മാറുന്നു. രചനാകൗശലത്തിന്റെ ക്രാഫ്റ്റ്മാന്‍ഷിപ്പില്‍ കഥാപാത്രം ഒതുങ്ങുന്നില്ല. സുസ്‌മേഷ് ചന്ത്രോത്തിന്റെ 'ഇട്ടിക്കളി'യില്‍ ഇട്ടി അവറാന്‍ കുന്നുമ്മലും പ്രമോദ് രാമന്റെ 'മരണമാസി'ല്‍ ഓര്‍മ നശിച്ച കഥാപാത്രവും കഥാകൃത്തിനെ പിന്തുടരാന്‍ കൂട്ടാക്കാത്തവരാണ്. അശോകന്‍ ചരുവിലിന്റെ 'ആത്മകഥയ്ക്ക് ഒരാമുഖം' എന്ന കഥയില്‍ ആരാണ് കഥാപാത്രം, ആരാണ് എഴുത്തുകാരന്‍ എന്ന ഉദ്വേഗം കലര്‍ന്ന ചോദ്യമുണ്ട്.


ഇത്തരം സങ്കീര്‍ണതകള്‍ അതിജീവിച്ച് ഇന്നത്തെ കഥാകൃത്ത് എത്തുന്നത് വായനക്കാരുടെ മുന്നിലാണ്. ആരാണു വായനക്കാര്‍?

കൃതിയെ സംബന്ധിച്ച് ആരാണ് കര്‍ത്താവ് എന്നതിനെക്കാള്‍ പ്രധാനപ്പെട്ട ചോദ്യം ഇന്ന് ഇതാണ്. വായനക്കാര്‍ പ്രത്യക്ഷത്തില്‍ത്തന്നെ കൃതിയെ നിര്‍ണയിച്ച കാലത്തെക്കാള്‍ ഉച്ചത്തില്‍ ഈ ചോദ്യം ഇന്ന് ഉന്നയിക്കപ്പെടുന്നുണ്ട്. വായനസമൂഹം മുന്‍പത്തെപ്പോലെ നിര്‍വചനങ്ങള്‍ക്കു വഴങ്ങാത്തവരായിരിക്കുന്നു എന്നതാണ് ഇതിനു കാരണം. വായനക്കാര്‍ എഴുത്തുകാര്‍ക്കോ എഡിറ്റര്‍മാര്‍ക്കോ മുന്‍കൂട്ടി വിശദീകരിക്കാന്‍ പറ്റാത്ത ഒരു പൗരസമൂഹം കൂടിയാണിന്ന്.

ഒരു നിലക്കണ്ണാടിയിലെവണ്ണം കൃതികളില്‍ ജീവിതം പ്രതിഫലിച്ചിരുന്ന കാലമുണ്ടായിരുന്നു. 1929 ഡിസംബറില്‍ നമ്പൂതിരി യോഗക്ഷേമസഭയുടെ ഇരുപത്തിരണ്ടാം വാര്‍ഷികയോഗം എടക്കുന്നി വടക്കിനിയേടത്ത് ശ്രീധരന്‍ നമ്പൂതിരിപ്പാടിന്റെ ഇല്ലത്ത് നടക്കുകയാണ്. സമ്മേളനം തുടങ്ങിയ ഉടന്‍ സഭാഹാളിലേക്ക് ചേലപ്പുതപ്പും മറക്കുടയുമില്ലാതെ ഒരന്തര്‍ജനം കയറിവന്നു. അവര്‍ ബ്ലൗസ് ധരിച്ചിരുന്നു. ആദ്യമായി ഒരന്തര്‍ജനം ഘോഷ ബഹിഷ്‌കരിക്കുകയായിരുന്നു. അത് പാര്‍വതി മനഴിയായിരുന്നു. സമ്മേളനത്തിനുശേഷം ഒരു പ്രഹസനംകൂടി അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ആറു മണിക്കൂര്‍ നീണ്ട ആ നാടകത്തിന്റെ പേര് അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്. അതിന്റെ നാന്ദിദൃശ്യംകൂടിയായിരുന്നു പാര്‍വതിയുടെ ഘോഷ ബഹിഷ്‌കരണം. അന്‍പതു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ആ നാടകം ഉണ്ടാക്കിയതെന്ന് ഐ.സി.പി. നമ്പൂതിരിപ്പാട് ഓര്‍ക്കുന്നുണ്ട്.

നാടകം പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം 500 കോപ്പികളും വിറ്റഴിഞ്ഞു. നാടകം കാണാനെത്തിയ അന്തര്‍ജനങ്ങള്‍ നാലുകെട്ടിന്റെ അഴികള്‍ക്കിടയിലൂടെ കൈയിട്ട് തങ്ങളുടെ ഓട്ടുവളകള്‍ നാടകസംഘത്തിന് സംഭാവന ചെയ്തു. പാട്ടബാക്കി, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങി നിരവധി കൃതികളെ സാധാരണമനുഷ്യര്‍ സ്വന്തമാക്കിയത് സ്വന്തം ജീവിതവുമായി ചേര്‍ത്തുവെച്ചാണ്. മനുഷ്യരുടെ ശരിയായ പക്ഷം ഏത് എന്നത് അത്തെ എഴുത്തുകാരെ സംബന്ധിച്ച് കുഴപ്പംപിടിച്ച ചോദ്യമായിരുന്നില്ല. നിങ്ങള്‍ ഏതു പക്ഷത്ത് എന്നതായിരുന്നു കുഴക്കിയ ചോദ്യം. സുസജ്ജമായിരുന്നു അന്ന് എഴുത്തിന്റെ ലബോറട്ടറി. ഏതു പരീക്ഷണവും 'ഒപ്റ്റിമം' ആയിരിക്കും. നിയതത്വത്തില്‍നിന്ന് ആഖ്യാനത്തെ അജ്ഞാതമായ തമോഗര്‍ത്തങ്ങളിലേക്ക് സ്വതന്ത്രമാക്കിയവര്‍ക്കുപോലുമുണ്ടായിരുന്നു ഭാഷയും ഭാവുകത്വവും വായനക്കാരും വിമര്‍ശകരുമെല്ലാം ചേര്‍ന്ന് ഒരുക്കിക്കൊടുത്ത സുരക്ഷിതകവചങ്ങള്‍. രക്തമേറെ ചിന്തിയിന്നുണ്ടെങ്കിലും അത് രക്തസാക്ഷിത്വത്തില്‍ ഒടുങ്ങിയില്ല. ഒന്നുകില്‍, എഴുത്തിനെത്തന്നെ നിശിത വിചാരണ ചെയ്തുകൊണ്ടിരിക്കുന്ന എം. സുകുമാരന്‍, അല്ലെങ്കില്‍ സ്ഥിതപ്രജ്ഞമായ കൃതിയായി സ്വയം മാറിയ മേതില്‍ രാധാകൃഷ്ണന്‍. ഇങ്ങനെ അനവധി ധ്രുവങ്ങള്‍.

സാഹിത്യത്തില്‍ തിയറികളുടെ കാലം കഴിഞ്ഞു. ഇന്ന് ഒരു കഥയെയും തിയറി വെച്ച് വ്യാഖ്യാനിച്ച് വളര്‍ത്താനും കൊല്ലാനും കഴിയില്ല. ഒരു വിമര്‍ശകനെയും ഇന്നത്തെ വായനക്കാരന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട്, വിമര്‍ശകര്‍ക്ക് കൃതിക്കുമേലുണ്ടായിരുന്ന അപ്രമാദിത്വം നഷ്ടമായിരിക്കുന്നു. മാത്രമല്ല, വായനക്കാര്‍ തന്നെയാണ് ഇന്ന് വിമര്‍ശകരും. ഒ.വി. വിജയനും മാധവിക്കുട്ടിക്കുമെല്ലാം വിമര്‍ശകരെ നേരിട്ട് കാണാമായിരുന്നു. ഇന്നത്തെ കഥാകൃത്തിനു മുന്നില്‍ അവര്‍ അദൃശ്യരാണ്. ഓരോ വായനയും കഥയെ പുനരാവിഷ്‌കരിക്കുന്നു എന്ന സൃഷ്ടികര്‍മത്തെക്കാളേറെ കഥയെ ഓരോ വായനക്കാരനും തിരുത്തിയെഴുതുന്നു എന്ന കൂടുതല്‍ സര്‍ഗാത്മകമായ സംഹാരവൃത്തിയാണ് ഇന്നത്തെ കഥാകൃത്തിന് നേരിടേണ്ടിവരുത്. കൊല്ലപ്പെട്ട കഥയിലെ കഥാപാത്രങ്ങള്‍ കൂടിയാണ് ഇന്നു വായനക്കാര്‍.

കഥയെ അപനിര്‍മിക്കുന്ന വിമര്‍ശകന്‍ കൂടിയായ വായനക്കാരനാണ് ഇന്നത്തെ കഥാകൃത്തിനു മുന്നിലെ വലിയ വെല്ലുവിളി. ഓരോ വായനക്കാരനും കഥയുടെ ഓരോ വിമര്‍ശകനാകുന്നു. അങ്ങനെ ഒരു കഥയ്ക്ക് അനവധി വിമര്‍ശകപാഠങ്ങളുണ്ടാകുന്നു. സാഹിത്യം അതിന്റെ ശുദ്ധതയില്‍ ഇന്ന് നിലനില്ക്കാത്തതിനാല്‍ ഈ പാഠങ്ങളോരോന്നും സാഹിത്യേതരമായ വായനകള്‍ കൂടിയായിരിക്കും. അതുകൊണ്ട് താന്‍ പ്രതിക്കൂട്ടിലാകാതിരിക്കാന്‍ കഥാകൃത്തിന് വലിയ ജാഗ്രത ആവശ്യമായിവരുന്നു. കാരണം, മുന്‍പ് എഴുത്തുകാര്‍ക്കു നേരേ എറിയപ്പെട്ട പ്രതിബദ്ധതയുടെ ചോദ്യം തികച്ചും നേര്‍രേഖയിലുള്ളതായിരുന്നു. അതെ, അല്ല എന്ന ഉത്തരം മതിയായിരുന്നു അതിന്. എന്നാല്‍, ഇന്ന് പ്രതിബദ്ധതയുടെ പേരില്‍ത്തന്നെ അനവധി അസ്തിത്വങ്ങളില്‍നിന്നും പ്രതിനിധാനങ്ങളില്‍നിന്നും ചോദ്യങ്ങളുയരുന്നു. കഥാകൃത്ത് പിന്തിരിപ്പനോ പ്രതിലോമകാരിയോ അരാഷ്ട്രീയവാദിയോ സ്ത്രീവിരുദ്ധനോ ആയിത്തീരാനുള്ള അതിര് ഏറെ നേര്‍ത്തതാണ് എന്നര്‍ഥം.

സാഹിത്യത്തിനുമേലുള്ള കാപ്പിറ്റലിസത്തിന്റെ കടന്നുകയറ്റം, ഡിജിറ്റല്‍യുഗത്തിന്റെ വെല്ലുവിളികള്‍, ശാസ്ത്രസാമൂഹികപഠനങ്ങള്‍, വൈജ്ഞാനികത സൃഷ്ടിക്കുന്ന വിപ്ലവാത്മകമായ തിരിച്ചറിവുകള്‍ തുടങ്ങി സാഹിത്യബാഹ്യമെന്ന് തോന്നിപ്പിക്കുന്ന മറ്റു നിരവധി കാര്യങ്ങള്‍ കഥയെ അതീവജാഗ്രതയുള്ള ഒരു കര്‍മമാക്കി മാറ്റുതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഈ സമാഹാരത്തിലെ രചനകള്‍.ആധുനികതയ്ക്കുശേഷം പല പേരുകളില്‍ എഴുത്ത് ഭാവുകത്വപരിണാമത്തിനു വിധേയമായപ്പോള്‍ അത് വേറിട്ടരീതിയില്‍ തിരിച്ചറിയാന്‍മാത്രം പാകമായിട്ടില്ല എന്ന നിരാസം ആധുനികതയുടെ എഴുത്തുകാരില്‍ നിന്നുപോലുമുണ്ടായി. കാല്പനികതയില്‍നിന്ന് ആധുനികത വേര്‍പെട്ടപ്പോഴും ഈ അപാകം ഏറിയും കുറഞ്ഞുമുണ്ടായിരുന്നുവെന്ന കാര്യം വിസ്മരിച്ചായിരുന്നു ഈ മുഖംതിരിക്കല്‍. എന്നാല്‍, സംഭവിച്ചതെന്താണ്? ആധുനികതയോടുള്ള, ഭാഷയുടെയും ഭാവനയുടെയും വിചാരത്തിന്റെയും രൂപത്തിന്റെയുമെല്ലാം കലാപമായിരുന്നു പുതിയ കഥ. അതില്‍ കഥാകൃത്ത് ജയിച്ചുവോ എന്ന ചോദ്യത്തിനു പ്രസക്തിയില്ല. ആ കലാപം, ഒരു പ്രസ്ഥാനരൂപത്തിലേക്ക് മെരുക്കപ്പെടാന്‍ കഴിയാത്തവിധം വിരുദ്ധധ്രുവങ്ങളിലേക്ക് പടരുന്നുവെന്നതാണ് ഈ കഥകളുടെ വായനാനുഭവം.

സംസ്‌കാരം, സ്ത്രീ, ആണ്‍ പെണ്‍ ബന്ധം, ഭിന്ന ലൈംഗികത, എഴുത്തുകാരന്റെ അസ്തിത്വം, മൃതി, മനുഷ്യകാമന, ലൈംഗികത തുടങ്ങി എല്ലാ കാലത്തും ആവിഷ്‌കരിക്കപ്പെടുന്ന സത്തകള്‍ തെന്നയാണ് പ്രമേയം. കാല്പനികതയിലോ ആധുനികതയിലോ ഉണ്ടായിരുന്നപോലെ പുതിയ കഥകളില്‍ ഇവയ്ക്ക് പവിത്രതയില്ല. ('സാക്ഷരനാകാനല്ല വിവേകിയാകാനാണ് പാട്' എന്ന് കരുണാകരന്‍ 'ചന്ദ്രലേഖ' എന്ന കഥയിലൊരിടത്ത് പറയുന്നുണ്ട്.) ഈ കഥകളില്‍ ശുദ്ധമായതും കലര്‍പ്പില്ലാത്തതുമായ ഒന്നുമില്ല. യാഥാര്‍ഥ്യം ഇവിടെ അതിനെക്കാള്‍ തീക്ഷ്ണവും ഭ്രമാത്മകവുമാണ്. യാഥാര്‍ഥ്യത്തോട് നിര്‍മമത്വം പാലിക്കുകയല്ല കഥാകൃത്ത്. അതിന്റെ ഞരമ്പുകളെ പിഴിഞ്ഞെടുക്കുകയാണ്.

സംസ്‌കാരത്തിന്റെ കലര്‍പ്പുകളെക്കുറിച്ചുള്ള സന്ദേഹമാണ് ബോണി തോമസിന്റെ 'കപ്പിത്താന്‍ കൈദ് ഹോംസ്റ്റേ' എന്ന കഥ. സ്മൃതികളുടെ ഒരുതരം ഒളിച്ചുകളി. സംസ്‌കാരത്തിന്റെ അധിനിവേശത്തെയും മൗലികതയെയും കുറിച്ച സന്ദേഹങ്ങള്‍ ഈ കാലത്ത് പ്രസക്തമാണ്. സാങ്കേതികവിദ്യയുടെ കാലത്തെ സങ്കീര്‍ണജീവിതമാണ് വി.എം. ദേവദാസിന്റെ 'അഗ്രഹസ്തം.' സൈമ വലംകൈയില്‍ തോക്കെടുത്ത് നെറ്റിയോടു ചേര്‍ത്തുപിടിച്ച്, പുത്തന്‍ മൊബൈല്‍ ഇടതുകൈയാല്‍ നീട്ടിപ്പിടിച്ച് സാഹസികമായൊരു സെല്‍ഫി എടുക്കുകയാണ്. പിറന്നാള്‍ദിനത്തില്‍ ആ മൊബൈല്‍ അയാളുടെ കാമിനി അയാള്‍ക്ക് സമ്മാനിക്കുതിന് എത്രയോ മുന്‍പ് തീരുമാനിക്കപ്പെട്ട ഒരു സെല്‍ഫിയായിരുന്നു അത്. സുസ്‌മേഷ് ചന്ത്രോത്തിന്റെ 'ഇട്ടിക്കളി' വാട്‌സ് ആപ് കാലത്തെ മനുഷ്യന്റെ ഒളിച്ചുകളിയാണ്. യഥാര്‍ഥജീവിതവും അപരജീവിതവും തമ്മിലുള്ള സംഘര്‍ഷം. കഥയും കളിയും നിറഞ്ഞ രാത്രിയുടെ അവസാനത്തിലും ഏതാണ് യഥാര്‍ഥം എന്ന ബാക്കിയാകുന്ന ഉദ്വേഗം.

സാധാരണക്കാരായ സ്ത്രീകളെയാണ് സ്ത്രീ കേന്ദ്രപ്രമേയമാകുന്ന കഥകളില്‍ കാണാനാകുക. എന്നാല്‍, അവര്‍ ജീവിതംകൊണ്ട് അസാധാരണക്കാരുമാണ്. പുരുഷനുമായി ഒരുതരത്തിലും അവര്‍ക്ക് താരതമ്യമില്ല. അതേ പുരുഷാധിപത്യസമൂഹത്തിലാണവരുടെ വാസമെങ്കിലും ഒരിക്കലും അതേച്ചൊല്ലി പരിതപിക്കുന്നില്ല. മറിച്ച്, മെഡിക്കല്‍സ്റ്റോറില്‍ ചെന്ന്, 'അടുത്താഴ്ച എന്റെ കല്യാണാ, എനിക്കൊരു പേക്കറ്റ് നിരോധ് വേണം' എന്നു പറയു എം. മുകുന്ദന്റെ കഥയിലെ രാധികയെപ്പോലെ അവള്‍ നിവര്‍ന്നുനില്ക്കുവളാണ്.

സാറാജോസഫിന്റെ 'കഥ' എ കഥയില്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ ചേരിയില്‍നിന്ന് വരുന്നവളാണ് പുഷ്പാര്‍ജിനിയും മകള്‍ സ്‌നേഹാര്‍ജിനിയും. ഡോക്ടര്‍ദമ്പതികളായ കിരണിനും ഷൈനിനും അവരുടെ അതീവ ദുഃഖിതയായ അഞ്ചുവയസ്സുകാരി മകള്‍ മിറിയയ്ക്കും പുഷ്പാര്‍ജിനിയും സ്‌നേഹാര്‍ജിനിയും അപരിചിതമായ ഒരു കഥയിലെ കഥാപാത്രങ്ങളാണ്. എന്നാല്‍, ഈ കഥാപാത്രങ്ങളുടെ ജീവിതത്തിന്റെ സ്വച്ഛവും സ്വാഭാവികവുമായ ഒഴുക്കിലേക്ക് വീണുപോകുകയാണ് മിറിയം. സങ്കീര്‍ണമായ ജീവിതമാണ് അതിസാധാരണമായ രൂപകങ്ങളിലൂടെ സാറാജോസഫ് സാക്ഷാത്ക്കരിക്കുത്.

തിരുത്തുകളില്ലാത്ത ജീവിതങ്ങളാണ് കരുണാകരന്റെ 'ചന്ദ്രലേഖ'യിലുള്ളത്. മിനാര്‍ മുപ്പത്തിരണ്ടു വര്‍ഷം ലൈംഗികത്തൊഴിലാളികളുടെ കത്തെഴുത്തുകാരനായിരുന്നു. ചന്ദ്രലേഖ കാമാട്ടിപുരയിലെ ഒരു സ്ത്രീ, അല്ല ഒരു ലൈംഗികത്തൊഴിലാളി. ആദ്യ ദിനംതന്നെ കത്തെഴുതിക്കാന്‍ അവള്‍ വന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ വീണ്ടും എത്തി, മകള്‍ പഠിക്കുന്ന കോളജിലേക്കാണ് ആ കത്ത് എഴുതേണ്ടത്. അവളെ അപമാനിച്ച അവിടുത്തെ രജിസ്ട്രാര്‍ക്കാണ് നിരക്ഷരയായ അവള്‍ കത്തെഴുതുത്. കത്തിലെ ഒരു വരി രജിസ്ട്രാറെ അപമാനിക്കുതായിരുന്നുവെന്നു പറഞ്ഞ് പോലീസ് എത്തുന്നു. ഞാന്‍ 'വേശ്യ'യാണെന്നും എന്റെ മകള്‍ 'വേശ്യ'യുടെ മകളാണെന്നും അതിനാല്‍ അവളുടെ ജാതി അറിയില്ലെന്നും ചന്ദ്രലേഖ എഴുതി. 'ഒരുപക്ഷേ, താങ്കള്‍തെയായിരുന്നു ആ ദിവസത്തെ എന്റെ പുരുഷന്‍ എന്നിരിക്കട്ടെ. ഞാന്‍ താങ്കളുടെ മതമോ ജാതിയോ ചോദിക്കില്ല. താങ്കളെ ആനന്ദിപ്പിക്കുക മാത്രമേ ചെയ്തിരിക്കൂ...', കത്തില്‍ ഈ വരികള്‍ വേണമെങ്കില്‍ തിരുത്താമായിരുന്നു മിനാറിന് എന്ന് മകന്‍ അയാളോട് പറയുന്നുണ്ട്. സ്ത്രീയുടെ ഐഡന്റിറ്റിയെക്കുറിച്ച് വലിയ ചോദ്യങ്ങള്‍ ഈ കഥ മുന്നോട്ടുവെക്കുന്നു.

ആഗോളവത്കരണകാലത്ത് അതിവേഗത്തില്‍ ഓട്ടോറിക്ഷ ഓടിക്കുകയും കാസര്‍കോട്-തിരുവനന്തപുരം അതിവേഗട്രെയിന്‍ ഓടിക്കുന്നത് സ്വപ്‌നം കാണുകയും ചെയ്യുന്ന മീത്തലെപ്പുരയില്‍ സജീവനാണ് എം. മുകുന്ദന്റെ 'ഒാേട്ടാറിക്ഷക്കാരന്റെ ഭാര്യ'യിലെ നായകന്‍. നായകനെങ്കിലും ജീവിതത്തില്‍ അയാള്‍ക്ക് ഭാര്യ രാധികയ്ക്ക് ഒപ്പമെത്താനാകുന്നില്ല. അതിവേഗംമൂലം ആളുകള്‍ ഉപേക്ഷിച്ചുപോയ സജീവന്റെ ഓട്ടോറിക്ഷ രാധിക ഓടിച്ചുതുടങ്ങുന്നു. നാളുകള്‍ക്കുശേഷം വെഡിങ് ഡേയില്‍ കുളിച്ച് സാരിയുടുത്ത് കണ്ണെഴുതി പൊട്ടു തൊട്ട് മൂന്നരപ്പവന്റെ താലിമാല വീണ്ടും അയാളെക്കൊണ്ട് ചാര്‍ത്തിച്ച് അവള്‍ ആദ്യമായി അയാളുടെ പെണ്ണായി മാറുന്നു. സ്ത്രീയുടെ നൈസര്‍ഗികശേഷികളുടെ വീണ്ടെടുപ്പാണ് രാധികയിലൂടെ സാധ്യമാകുന്നത്. 'അണ്ഡം' (ലാസര്‍ ഷൈന്‍), 'മകളുടെ അമ്മ' (തനൂജ ഭട്ടതിരി) എിവയിലും സ്ത്രീജീവിതത്തിനാണ് ഊന്നല്‍. ലാസറിന്റെത് പെണ്‍സ്വത്വത്തെ അതിസൂക്ഷ്മമായും ഭ്രമാത്മകമായും നിര്‍ധാരണം ചെയ്യുന്ന കഥയാണ്. വേട്ടകളുടെ ഓര്‍ബിറ്റില്‍നിന്ന് തന്റെ സ്വന്തമായ അതിരില്ലായ്മയിലേക്ക് തെറിച്ചുപോകാന്‍ പ്രാപ്തിയുള്ള ഒരു മകള്‍. രേഖപ്പെടുത്താനാവാത്ത സഞ്ചാരമായി പെണ്ണിന്റെ അസ്തിത്വം മാറുന്നുണ്ട് ഈ കഥയില്‍. കെ.പി. രാമനുണ്ണിയുടെ 'ആദ്യത്തെ ഭാര്യ'യില്‍ മനുഷ്യബന്ധങ്ങളുടെ, പ്രത്യേകിച്ച് ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിലെ വിചിത്രമാര്‍ഗങ്ങള്‍ അവതരിപ്പിക്കുന്നു.

സക്കറിയയുടെ 'തേന്‍' അതിനിശിതമായ സാമൂഹിക വിമര്‍ശനംകൂടിയാണ്. നീണ്ട മൗനത്തിനുശേഷം സക്കറിയ തിരിച്ചുവന്ന വര്‍ഷംകൂടിയായിരുന്നു 2016. ഭാഷ, പ്രമേയം, ആഖ്യാനം എന്നിവയില്‍ സംഭവിച്ച മാറ്റത്തെ ഏറ്റവും പുതിയ എഴുത്തുകാരന്റെ ഊര്‍ജത്തോടെ അഭിമുഖീകരിക്കുന്ന കഥാകൃത്തിനെ 'തേന്‍' എന്ന കഥയില്‍ കാണാം. കൃത്രിമമായി സംഘടിപ്പിക്കപ്പെട്ട മനുഷ്യവ്യവസ്ഥയോടുള്ള നിശിതമായ വിമര്‍ശനം.

വിരുദ്ധോക്തിയിലൂടെ ഇരട്ടിക്കുന്ന പരിഹാസം. ആഖ്യാനകൗശലത്തെക്കുറിച്ച് സക്കറിയയില്‍നിന്ന് ഇനിയുമേറെ പഠിക്കാനുണ്ട്. തുടക്കത്തില്‍ കാടിന്റെയും കാട്ടിലെ ജീവിവര്‍ഗങ്ങളുടെയും നീണ്ട വിവരണം തന്നെ വിവരണാതീതമായ അനുഭവങ്ങളിലേക്കാണ് വായനയെ നയിക്കുക. ഇതൊരു സംഭവകഥതന്നെ എന്ന യുക്തിയിലാണ് കഥ അവസാനിക്കുന്നത്. പുതിയ കുടുംബജീവിതത്തിനകത്തെ വലിയ പ്രതിസന്ധിയെ അനവധി അടരുകളുള്ള ഭാഷ ഉപയോഗിച്ച് അവതരിപ്പിക്കുകയാണ് സക്കറിയ.

സാഹിത്യകാരന്‍ എന്ന സ്വന്തം സ്വത്വത്തെയും എഴുത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന പൊതുസ്വത്വത്തെയും വിചാരണ ചെയ്യുകയാണ് അശോകന്‍ ചരുവില്‍ 'ആത്മകഥകള്‍ക്ക് ഒരാമുഖ'ത്തില്‍. ചരുവില്‍ അശോകന്‍ ഈ കഥയില്‍ കഥാപാത്രമാണ്. കമ്യൂണിസ്റ്റ് കക്ഷിക്കാര്‍ക്കൊപ്പം നടക്കുന്ന ഇയാള്‍ യഥാര്‍ഥ സാഹിത്യകാരനാണോ അതോ പ്രച്ഛവേഷധാരിയായ രാഷ്ട്രീയക്കാരനാണോ എന്ന സംശയം കഥതന്നെ ഉന്നയിക്കുന്നുണ്ട്.

എഴുത്തുകാരന്‍ അനവധി കുഴപ്പങ്ങളുള്ള കഥാപാത്രങ്ങളായി മാറുന്ന വിചിത്രമായ കാഴ്ച. എഴുത്തുകാരന്റെ ജീവിതം പ്രശ്‌നവത്കരിക്കുന്ന കഥ.സേതുവിന്റെ 'തരകന്‍സ് ക്ലിനിക്' ഉദാത്തതയില്‍നിന്ന് സാമാന്യവത്കരണത്തിലേക്കു സഞ്ചരിച്ച് ആരാണ് ശരിക്കും നായകനും വില്ലനും പ്രതിയോഗിയും എന്ന കുഴപ്പിക്കുന്ന ചോദ്യമെറിയുന്നു. മനോജ് ജാതവേദരുടെ 'പാദുകപൂജ'യില്‍ ആത്മഹത്യ ചെയ്ത പിതാവിന്റെ പുത്രനാണ് കഥാപാത്രം. ഭൂമിയില്‍ ജനിച്ചുവീഴുന്ന ഓരോ മകന്റെയും ജീവിതം സ്വന്തം അച്ഛനോടുള്ള പ്രതികാരമാണെ് അയാള്‍ക്ക് തോന്നുന്നു.

ഭൂമിയുടെ അവകാശികളെക്കുറിച്ച് ചോദ്യം ഏതുകാലത്തെയും കഥയുടെ ചൂടുള്ള പ്രമേയമാണ്. ബഷീറിന്റെയും തകഴിയുടെയും കാലത്തുനിന്ന് ആ ചോദ്യം വികസനത്തിന്റെ പുതിയ കാലത്തെ സ്ത്രീസ്വത്വവുമായി ഉള്‍ച്ചേര്‍ പ്രതിസന്ധിയായി മാറുകയാണ് പി. വല്‍സലയുടെ 'പറശ്ശിനിക്കടവിലേക്കുള്ള വണ്ടി' എന്ന കഥയില്‍. സൗദാമിനി എന്ന അമ്മയും രണ്ടു പെമക്കളും നാടുവിട്ടുപോയത് എന്തിന്, എങ്ങനെ, എങ്ങോട്ട്, കാരണമെന്ത്? അനവധി ചോദ്യങ്ങള്‍ക്കു പുറകിലെ അസ്വസ്ഥജനകമായ വാസ്തവംകൂടിയാണ് ഈ കഥ.

ആനന്ദിന്റെ കഥകളിലെപ്പോലെ രാഷ്ട്രസംവിധാനത്തോടുള്ള ആളുന്ന വിമര്‍ശനമാണ് പി.ജെ.ജെ. ആന്റണിയുടെ 'റിപ്പബ്ലിക്.' പ്രമോദ് രാമന്റെ 'മരണമാസ്' മറവിയുടെ രാഷ്ട്രീയമാണ്. സ്ഥലകാലങ്ങള്‍ മാത്രമല്ല, തന്നെയുംകൂടി മറന്നുപോകുന്ന കഥാപാത്രം. കാണാതായ മകളെ ഒരു മൃഗം അതിന്റെ ഇരയെപ്പോലെ വായ മൂടിക്കെട്ടി കൊണ്ടുപോകുന്നത് അയാള്‍ക്കു മുന്നിലൂടെയാണ്. എന്നിട്ടും അയാള്‍ക്ക് ആ കാഴ്ചയെ പിന്തുടരാന്‍ മാത്രമേ കഴിയുന്നുള്ളൂ. സ്വയം മറന്ന അയാളെ ഭാര്യപോലും തിരിച്ചറിയുന്നില്ല. സോക്രട്ടീസ് കെ. വാലത്തിന്റെ 'മൃതിനിര്‍വേദം' മനുഷ്യകാമനയുടെ സ്‌തോഭജനകമായ വഴികള്‍, കാത്തിരിപ്പ്, നിഷ്ഫലത, മൃതി എന്നിവ അനുഭവിപ്പിക്കുന്നു.

ദളിത് ജീവിതത്തിന്റെ രണ്ടു സവിശേഷമായ ആഖ്യാനങ്ങള്‍ ഈ സമാഹാരത്തിലുണ്ട്. ഉണ്ണി ആറിന്റെ 'മണ്ണിര'യും ഇന്ദുമേനോന്റെ 'പുലയടി'യും. മഹാത്മാ അയ്യങ്കാളി മരിക്കുമ്പോള്‍ പത്തുപന്ത്രണ്ട് വയസ്സുണ്ടായിരുന്ന പാപ്പൂട്ടനാണ് 'മണ്ണിര'യിലെ കഥാപാത്രം.' മരിക്കുന്നതിനു മുന്‍പ് സ്വന്തമായൊരു കക്കൂസിലിരിക്കണമെന്ന ഒറ്റ ആഗ്രഹം മാത്രമുള്ള ഭാര്യ താളി. പുറമ്പോക്കു വിട്ട് താമസിക്കാനെത്തിയ മണ്ണില്‍ കക്കൂസിന് കുഴിയെടുത്തപ്പോള്‍ അടിയില്‍നിന്ന് ഒരു കല്ലു കിട്ടി. സാക്ഷാല്‍ പാര്‍വതിയാണ് പറഞ്ഞത്, 'ഉമാമഹേശ്വരന്മാരാണ് ആ കല്ല്. അത് രണ്ടായി വിടര്‍ത്തൂ. താളിയുടെ ആഗ്രഹം നടക്കട്ടെ.' പിറ്റേന്നു രാവിലെ ശില രണ്ടു ദലങ്ങളായി. ഇത്രനാളും നിഷിദ്ധമായ പകല്‍വെളിച്ചത്തെ വെല്ലുവിളിച്ചുകൊണ്ട് വെളിക്കിറങ്ങാനുള്ള ആഗ്രഹം സഫലമാകുന്നതോര്‍ത്ത് താളിയുടെ സന്തോഷം കവിഞ്ഞുതൂവി. കഥയുടെ അന്ത്യത്തില്‍ പോത്തേരി കുഞ്ഞമ്പുവിന്റെ 'സരസ്വതീവിജയ'ത്തിലെ കഥാപാത്രമായ യേശുദാസനെയും തിരുവിതാംകൂറിലെ ആദ്യത്തെ ആംഗ്ലിക്കന്‍ മിഷനറിയായിരു ജോ ഹാക്‌സ്വര്‍ത്തിനോട് പുലയരുടെ അടിമത്തത്തെക്കുറിച്ച് പറഞ്ഞ തേവത്താനെയും സന്നിവേശിപ്പിച്ച് നല്ലൊരു ട്വിസ്റ്റും സാധിച്ചിരിക്കുന്നു ഉണ്ണി. ഇന്ദുമേനോന്റെ 'പുലയടി' പലമട്ടില്‍ വായിക്കാവുന്ന കഥയാണ്. അപൂര്‍വങ്ങളായ ആണ്‍പെണ്‍ സമ്പര്‍ക്കം, ദളിതത്വത്തെ വികാരത്തില്‍നിന്ന് അസ്തിത്വത്തിലേക്ക് ക്രമപ്പെടുത്തുന്ന ആഖ്യാനചാരുത, ഭാഷയുടെ ചൂര് ഇവയെല്ലാമുള്ള രചന.

ബെന്യാമിന്റെ 'ബുക്കാറാമിന്റെ മകന്‍' കഥയില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്കുള്ള സഞ്ചാരമാണ്. ബിട്ടുറാം വിത്തല്‍ എന്ന കഥാപാത്രം ഏത് ഇന്ത്യന്‍ ഗ്രാമത്തിലും ജീവനോടെയുള്ള ഒരാളാണ്. ജാതിക്കല ശരീരത്തില്‍ പേറി കള്ളനായി ജീവിക്കു ബിട്ടുറാം വിത്തല്‍ പറയുന്നു: പിതാജിയുടെ കഥ വായിച്ചിട്ടുള്ളവരോട് ചെന്നുപറയൂ, ബുക്കാറാമിന്റെ മകന്‍ ബുക്കാറാമായിത്തന്നെ ജീവിക്കുന്നു എന്ന്. പുതിയ കാലത്തിന് സമ്മാനിക്കാന്‍ മഹത്തായ പ്രചോദനകഥകള്‍ ഒന്നും അവന്റെ കൈയിലില്ല.

പട്ടിണിയും ജാതിയും ഏതു കാലഘട്ടത്തിന്റെയും കഥാപ്രമേയങ്ങളാണെ യാഥാര്‍ഥ്യത്തെ വീണ്ടെടുത്ത രചനകളാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി'യും എസ്. ഹരീഷിന്റെ 'മോദസ്ഥിതനായങ്ങുവസിപ്പൂ മലപോലെ'യും. അപൂര്‍വമായ കൈയടക്കത്തോടെയാണ് അവര്‍ ഈ പ്രമേയങ്ങളിലേക്ക് സഞ്ചരിക്കുത്. ഭാഷയോ ഫോര്‍മാറ്റോ അല്ല ഇവിടെ പരീക്ഷണവസ്തുവാകുന്നത്. കഥയുടെ പക്ഷം തന്നെയാണ്.

സമൂഹത്തോട് ഏതുവിധത്തിലുള്ള പ്രതിബദ്ധതയാണ് ഇന്നത്തെ കഥാകൃത്തിനു വേണ്ടത് എന്നത് ഒരു കുഴപ്പംപിടിച്ച ചോദ്യംപോലുമായി വിശേഷിപ്പിക്കപ്പെടാം. അതിന് മറുപടിയില്ലാതെ എഴുത്തിന് മുന്നോട്ടു പോകാനും കഴിയില്ല. ജീവിക്കാന്‍ പാടുപെടുന്ന, അരികിലേക്ക് മാറ്റപ്പെട്ട, ഭ്രഷ്ടരായ, അവര്‍ണരാക്കപ്പെട്ട... ഇവരുടെയെല്ലാം പക്ഷംതെയാണ് എക്കാലത്തെയും ശരിയായ പക്ഷം.

ആംബുലന്‍സിന് നല്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമന്ന് പന്ത്രണ്ടുകിലോമീറ്റര്‍ നടന്ന ഒറീസയിലെ ദാനാ മാഞ്ചി, കരഞ്ഞുകൊണ്ട് ഒപ്പം നട മകള്‍. രാജസ്ഥാനിലും ബിഹാറിലുമെല്ലാം ഇങ്ങനെ നടന്നുകൊണ്ടിരിക്കുന്ന ദാനാ മാഞ്ചിമാര്‍... ഗുജറാത്തിലെ ഉനയില്‍ പശുവിനെ കശാപ്പുചെയ്തുവൊരോപിച്ച് ഗോരക്ഷകര്‍ ക്രൂരമായി തല്ലിച്ചതച്ച ഏഴു ദളിത് യുവാക്കള്‍... ഇവര്‍ക്കൊപ്പമാണ് രാംഗോപാല്‍ യാദവ് എന്ന ബിഹാറുകാരന്‍. സ്വന്തം ഗ്രാമം ബിഹാറില്‍നിന്ന് ജാര്‍ഖണ്ഡിലേക്ക് വിട്ടുപോയതുപോലും അയാള്‍ക്കറിയില്ല. ഹരീഷിന്റെ കഥയില്‍ അദൃശ്യമാക്കപ്പെ' ഒരു ഫോട്ടോയുണ്ട്. വായനക്കാരുടെ വിചാരത്തില്‍ ഒരുതരം അസ്വസ്ഥതയുണ്ടാക്കി ഈ ഫോട്ടോ ഏറെനാള്‍ തട്ടിന്‍പുറത്തുണ്ടാകും. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ് രണ്ടു കഥകളും. ആ ചര്‍ച്ചകളുടെയെല്ലാം അനുബന്ധമായി ഇതുകൂടി പറയാം; കഥയുടെ പക്ഷത്തെക്കുറിച്ച് ഓര്‍മപ്പെടുത്തല്‍കൂടിയാണ് രണ്ടു കഥകളും.

വരാനിരിക്കുന്ന കഥകളുടെ പാത വെട്ടിത്തെളിക്കുന്ന ചില കഥകള്‍ തീര്‍ച്ചയായും ഈ സമാഹാരത്തിലുണ്ട്. വില്യം ഫോക്‌നറും വര്‍ജീനിയ വൂള്‍ഫും ജയിംസ് ജോയ്‌സും പരമ്പരാഗത കഥപറച്ചിലിനെ തിരുത്തിയപോലൊരു മാറ്റമായിരിക്കില്ല അത്. മോഡേണിസം കലയിലും പോസ്റ്റ്‌മോഡേണിസം സംസ്‌കാരത്തിലും നടത്തിയ പൊളിച്ചെഴുത്തുകള്‍ പുതിയ കാലത്തെ എഴുത്തുകാര്‍ക്കു മുന്നിലുണ്ട്. അവര്‍ അതില്‍ അഭിരമിക്കുകയോ അതിനോട് മുഖംതിരിക്കുകയോ ചെയ്യുന്നില്ല എതാണ് പ്രധാനം.

പുതിയ കഥയാണ് പുതിയ സാഹിത്യത്തെ മുന്നോട്ടു നടത്തുക എതിന്റെ സൂചനകള്‍ ഈ ഒരു വര്‍ഷത്തെ കഥകളിലുണ്ട്. അതുകൊണ്ടുതന്നെ എഴുത്തിലെ പുതിയ പറച്ചിലുകള്‍ക്ക് പ്രാപ്തമാണ് ഈ രചനകള്‍.

(മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്ന, മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2016 എന്ന പുസ്തകത്തിന്റെ എഡിറ്ററായ കമല്‍റാം സജീവ് എഴുതിയ ആമുഖം)

Read More >>