മാധ്യമം ആഴ്ചപ്പതിപ്പ് ജമാഅത്തെ ഇസ്ലാമിയുടെ മാത്രം നാവോ? കടന്നു വന്ന 1000 ഇഷ്യൂസ്!

മാധ്യമം ആഴ്ചപ്പതിപ്പ് ആയിരാമത്തെ ലക്കത്തിലെത്തിയിരിക്കുന്നു. 1998ല്‍ ആദ്യലക്കത്തില്‍ എം.ടിയുടെ കഥയുണ്ടായിരുന്നു. മാധ്യമത്തിന്റെ ഇരുപത് വര്‍ഷത്തിലൂടെ...

മാധ്യമം ആഴ്ചപ്പതിപ്പ് ജമാഅത്തെ ഇസ്ലാമിയുടെ മാത്രം നാവോ? കടന്നു വന്ന 1000 ഇഷ്യൂസ്!

തെരഞ്ഞാലും എടുക്കാനില്ലാത്ത തെരഞ്ഞെടുപ്പ്- അതായിരുന്നു മാധ്യമം ആഴ്ചപ്പതിപ്പിന്റെ ആദ്യ കവര്‍ സ്റ്റോറി. മൂന്നു വൃദ്ധന്മാരുടെ ചിത്രമായിരുന്നു കവറിലെ മുഖം. പെണ്‍മുഖക്കവറുകളുടെ സ്ത്രീവിരുദ്ധതയ്ക്ക് ഒരു മുഖത്തടി. ആ മൂന്നു വൃദ്ധര്‍ മുതലിങ്ങോട്ട് ആയിരം മുഖചിത്രങ്ങള്‍ കടന്ന് മാധ്യമം ആയിരാമത്തെ ലക്കത്തിലെത്തിയിരിക്കുന്നു.

പത്രമുത്തശ്ശികള്‍ക്ക് മാത്രം പ്രാപ്യമായിരുന്ന മാഗസിന്‍ സംസ്‌കാരത്തിലേക്ക് കുഞ്ഞുതാരകമായി ഉദിച്ചുയര്‍ന്ന ആഴ്ച്ചപ്പതിപ്പ് അതിവേഗമായിരുന്നു മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയ്ുടെ ഉലയൂതിയത്. 1998 ഫെബ്രുവരി 20ന് നാമമാത്രം കോപ്പിയുമായാണ് മാധ്യമം ആഴ്ച്ചപ്പതിപ്പ് മലയാളിയിലെത്തിയത്. എഴുത്തുകാരന്‍ കെ. പി രാമനുണ്ണിയുടെ പത്രാധിപത്യത്തില്‍ ഗൗരവമായ വായനയുടെ പുതുവഴികളിലൂടെയായിരുന്നു പ്രയാണം. അന്നിറങ്ങിയ മാധ്യമം ആഴ്ച്ചപ്പതിപ്പ് ആറു രൂപകൊടുത്ത് വാങ്ങി വായിക്കാത്തവര്‍ പിന്നീട് അതിന്റെ നിലപാടിനെ സ്വാഗതം ചെയ്യാനും മനസ്സിലാക്കാനും നിര്‍ബന്ധിതരായി. 98ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അവലോകനം ചെയ്തുകൊണ്ടുള്ളതായിരുന്നു 'തെരഞ്ഞൊലും എടുക്കാനില്ലാത്ത തെരഞ്ഞെടുപ്പ്' എന്ന കവര്‍ സ്റ്റോറി. കൂടാതെ എം ടി വാസുദേവന്‍ നായരുടെ കഥയായ 'കല്‍പ്പാന്ത'വും ഉണ്ടായിരുന്നു. രണ്ടാം ലക്കത്തില്‍ ഒ വി വിജയന്റെ 'ചരിത്രസത്യങ്ങള്‍' എന്ന കഥയ്ക്ക് എം വി ദേവന്റെ വരയായിരുന്നു പ്രത്യേകത.കേരളത്തിന്റെ ശ്രദ്ധമുഴുവന്‍ മൂന്നാറിലേക്ക് പതിയുമ്പോള്‍ മാധ്യമം ആഴ്ച്ചപ്പതിപ്പിന്റെ ധീരമായ എഴുത്തുകളെയും വിസ്മരിക്കാനാവില്ല. മൂന്നാറിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ പശ്ചാത്തലവും പ്രശ്നങ്ങളും കയ്യേറ്റവും അനിയന്ത്രിതമായുള്ള റിസോര്‍ട്ടുകളുടെ ഉദയവുമെല്ലാം പുറംലോകത്തെത്തിച്ചത് പി.കെ പ്രകാശിന്റെ മാധ്യമം ലേഖനങ്ങളിലൂടെയും റിപ്പോര്‍ട്ടുകളിലൂടെയുമായിരുന്നു. 49,000 ഏക്കര്‍ സര്‍ക്കാര്‍ ടാറ്റ കൈവശപ്പെടുത്തിയത് നിയമസഭയില്‍പ്പോലും ചര്‍ച്ചയായത് മാധ്യമം ആഴ്ച്ചപ്പതിപ്പിലെ റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തിലായിരുന്നു. പി.കെ പ്രകാശിന്റെ 'മതികെട്ടാന്‍ ഇനി മാണിക്ക് സ്വന്തം' എന്ന എന്ന റിപ്പോര്‍ട്ട് കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ ഭൂകമ്പം ചെറുതൊന്നുമല്ലായിരുന്നു. മതികെട്ടാന്‍ കയ്യേറ്റത്തിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവായ വി.എസ് അച്യുതാനന്ദന്‍ മലകയറിയതും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. മൂന്നാറില്‍ മാധ്യമം ആഴ്ച്ചപ്പതിപ്പ് ചൂണ്ടിക്കാട്ടിയ പ്രകൃതിചൂഷണവും കയ്യേറ്റുമെല്ലാമാണ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും കത്തിജ്വലിയ്ക്കുന്നത്. തൊടുപുഴയിലും വാഗമണ്ണിലും ചിന്നക്കനാലിലുമെല്ലാം സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും കയ്യടക്കുന്ന മാഫിയക്കെതിരെ മാധ്യമം ആഴ്ച്ചപ്പതിപ്പ് ഉണര്‍ന്നുതന്നെ പ്രവര്‍ത്തിച്ചപ്പോഴാണ് മുഖ്യധാരാ മാധ്യമങ്ങള്‍ അതിനെ പിന്തുടരാന്‍പോലും നിര്‍ബന്ധിതരായത്.

ആദിവാസി-ദളിത് പ്രശ്നങ്ങളില്‍ ഭൂമിയുടെ അവകാശം ആര്‍ക്കാണ് എന്ന തരത്തില്‍ മാധ്യമം ആഴ്ച്ചപ്പതിപ്പ് ഉയര്‍ത്തിക്കൊണ്ടുവന്ന പ്രമേയമാണ് ഇന്നും കേരളത്തില്‍ മണ്ണിന്റെ നേരവകാശികളുടെ കഥ പറയുന്നത്. 'ഭൂമിയുടെ അവകാശികള്‍' എന്ന വൈക്കം മുഹമദ് ബഷീറിന്റെ സാഹിത്യ വിഷയത്തെ കേരള സമൂഹത്തിന് മുമ്പില്‍ സാമൂഹ്യവിഷയമാക്കിയാണ് ആഴ്ച്ചപ്പതിപ്പ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ആദിവാസി-ദളിത്-സ്ത്രീപക്ഷ വിഷയങ്ങളെ തികഞ്ഞ ആധികാരികതയോടും സമഗ്രതയോടെയും അവതരിപ്പിക്കാനുള്ള ആര്‍ജ്ജവത്തില്‍ നിന്നാണ് ആഴ്ച്ചപ്പതിപ്പ് ഉള്‍ക്കരുത്താര്‍ന്ന വായന സംസ്‌കാരത്തിന് പ്രതീക്ഷകള്‍ നല്‍കുന്നത്. മികച്ച രാഷ്ട്രീയ ലേഖനകങ്ങളും മരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടകളെക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങളുമെല്ലാം തന്നെ പൊതുസമൂഹവുമായി സംവദിക്കാന്‍ ആഴ്ച്ചപ്പതിപ്പിന് കഴിയുകയുണ്ടായി. ലെഫ്റ്റ് എന്താണ് റൈറ്റ് എന്താണെന്ന ഇഴകീറി വിശകലനം ചെയ്യാന്‍ മാധ്യമത്തോളം മറ്റാര്‍ക്കും വകഴിയാത്ത കാലത്തായിരുന്നിതെന്ന് ഓര്‍ക്കണം. വയനാട്ടില്‍ ആദിവാസി യുവാക്കള്‍ക്കെതിരെ പോക്സോ ചുമത്തിയ ഭരണകൂടത്തിന്റെ ചെയ്തികളെ തുറന്നെതിര്‍ക്കുന്ന എന്‍.എസ് നിസാറിന്റെ റിപ്പോര്‍ട്ടുകളും കേരള മന:സാക്ഷിയ്ക്ക് മുമ്പില്‍ മാധ്യമം ആഴ്ച്ചപ്പതിപ്പ് വെയ്ക്കുകയുണ്ടായി.

പരിസ്ഥിതി വിഷയങ്ങളെ ഇത്ര പോപ്പുലറായി അവതരിപ്പിക്കാന്‍ മറ്റൊരു മാധ്യമത്തിന് കഴിയാത്ത കാലത്താണ് ആഴ്ച്ചപ്പതിപ്പ് അതിന്റെ ലക്ഷ്യവും അജണ്ടയും മുന്നോട്ടുവെയ്ക്കപ്പെടുന്നതും കേരളം അത് രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്നതും. സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശമുണ്ടാക്കുന്ന ദൂഷ്യഫലങ്ങളും പശ്ചിമേഷ്യ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമെല്ലാം പല പതിപ്പുകളിലായി ആഴ്ച്ചപ്പതിപ്പ് കൈകാര്യം ചെയ്യുകയുണ്ടായി. ശ്രീലങ്കന്‍ ഭരണകൂടവും എല്‍.ടി.ടിയും തമ്മിലുള്ള പോരാട്ടത്തിന്റെ പിന്നാമ്പുറങ്ങള്‍. ഇതിനെ തമിഴ് പുലികളുമായി ബന്ധിപ്പിക്കുന്ന ലേഖനങ്ങള്‍. പി ടി നാസറിന്റെ ' പുലികള്‍ ഉറങ്ങുമ്പോള്‍ വൈക്കോ മുരളുന്നു' എന്ന ലേഖനം ശ്രീലങ്കയിലെ സിംഹള രാഷ്ട്രീയത്തെയും എല്‍.ടി.ടിയുടെ പോര്‍മുഖങ്ങളെക്കുറിച്ചും കൃത്യമായി പ്രതിപാദിക്കുന്നതായിരുന്നു.

ബ്രാഹ്മണ്യത്തിന്റെ ഭീകര മുഖങ്ങളെ മാധ്യമത്തോളം ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയൊരു ആനുകാലിക പ്രസിദ്ധീകരണം ഉണ്ടായിട്ടില്ല. സംഘപരിവാര്‍ രാഷ്ട്രീയവും ബ്രാഹ്മണ്യ-ചാതുര്‍വര്‍ണ്ണ്യ ശക്തികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ മൈനുകള്‍ സ്ഥാപിക്കുന്നതിന്റെ കൃത്യമായ രാഷ്ട്രീയ ലേഖനങ്ങളാണ് ആഴ്ച്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചുവരുന്നത്. രാമചന്ദ്രഗുഹ, ബി ആര്‍ പി ഭാസ്‌കര്‍, സി എസ് വെങ്കിടേശന്‍, വിജു വി നായര്‍, എം എന്‍ പിയേഴ്സന്‍, ആസാദ് തുടങ്ങി നിരവധി എഴുത്തുകാരുടെ ഉള്‍ക്കരുത്താര്‍ന്നതും മികച്ചതുമായ ലേഖനങ്ങളാണ് ആഴ്ച്ചപ്പതിപ്പിനെ തീവ്രമാക്കുന്നത്. മേതില്‍ രാധാകൃഷ്ണന്റെ ഹൈക്കു ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നൊരു സമ്പന്നകാലവും ആഴ്ച്ചപ്പതിപ്പിനുണ്ടായിരുന്നു. പ്രവാസികളുടെ വിഷയത്തിലേക്ക് വരുമ്പോള്‍ ഇത്ര യാഥാര്‍ഥ്യബോധത്തോടെ ഇതിനെ സമീപിച്ച മാധ്യമങ്ങള്‍ തുലോം കുറവാണെന്ന് താരതമ്യം ചെയ്യേണ്ടി വരും. ആധുനിക കേരളത്തെ നിര്‍മ്മിച്ചെടുത്തതില്‍ പ്രവാസികളുടെ പങ്ക് വ്യക്തവും സമഗ്രവുമായ രീതിയില്‍ അവതരിപ്പാന്‍ മാധ്യമം ആഴ്ച്ചപ്പതിപ്പിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് വസ്തുത.

സാഹിത്യമേഖലയിലേക്ക് കടക്കുമ്പോള്‍ മാധ്യമം ആഴ്ച്ചപ്പതിപ്പ് ഉണ്ടാക്കിയെടുത്തൊരു സംസ്‌കാരത്തിന്റെ സന്തതികളാണ് പുതിയ തലമുറയിലെ പല എഴുത്തുകാരും. എം ടിയില്‍ നിന്ന് തുടങ്ങി കോളജ് വിദ്യാര്‍ഥിനിയായ ഐറിന്‍ എല്‍സ ജേക്കബിന്റെ വരെയുള്ള സൃഷ്ടികള്‍ക്ക് അര്‍ഹിച്ച പരിഗണന തന്നെയാണ് മാധ്യമം ആഴ്ച്ചപ്പതിപ്പ് നല്‍കിയത്. പി കെ പാറക്കടവ് ആറുവര്‍ഷത്തോളം ആഴ്ച്ചപ്പതിപ്പിന്റെ ചുമതലയിലുണ്ടായിരുന്നപ്പോഴാണ് മികച്ച ചെറുകഥകള്‍ സ്ഥാനം പിടിക്കുന്നത്. പുതിയ എഴുത്തുകാര്‍ക്ക് അവസരങ്ങള്‍ കുറഞ്ഞു വരുന്ന കാലത്താണ് ആഴ്ച്ചപ്പതിപ്പ് അവര്‍ക്ക് കൂടി ഇടം നല്‍കുന്നത്. ഉണ്ണി ആറിന്റെ ഒഴിവുദിവസത്തെ കളി, എന്‍.പ്രഭാകരന്റെ തിയൂര്‍ രേഖകള്‍, കെ.ആര്‍ മീരയുടെ ആരാച്ചാര്‍ തുടങ്ങിയ മികച്ച നോവലുകളും ചെറുകഥകളുമെല്ലാം മാധ്യമം ആഴ്ച്ചപ്പതിപ്പിലൂടെയാണ് വായനക്കാരിലെത്തിയത്. വിവര്‍ത്തന സാഹിത്യത്തിനും ആഴ്ച്ചപ്പതിപ്പില്‍ കൃത്യമായ ഇടമുണ്ടിപ്പോഴും. അയല്‍പക്ക സാഹിത്യമായ തമിഴും കന്നഡവും തെലുങ്കുമെല്ലാം വിവര്‍ത്തനം ചെയ്ത് ആഴ്ച്ചപ്പതിപ്പ് അര്‍ഹിച്ച പ്രധാന്യത്തോടെ പ്രസിദ്ധീകരിക്കാറുണ്ട്. സല്‍മ്മയും കുട്ടിരേവതിയും പാമയുമെല്ലാം തമിഴ് സാഹിത്യത്തെ സമ്പന്നമാക്കിയത് വായനക്കാര്‍ അറിഞ്ഞത് ഇങ്ങനെയാണ്. വീരാന്‍കുട്ടിയുടെ കവിതകള്‍ക്കെല്ലാം കൃത്യമായ ഇടം തന്നെ ലഭിച്ചു. മണിയന്‍പിള്ളയെന്ന കള്ളന്റെ ആത്മകഥയിലൂടെ ആര്‍ക്കും ആത്മകഥയെഴുതാമെന്നൊരു പ്ലാറ്റ്ഫോമുണ്ടാക്കാനും ആഴ്ച്ചപ്പതിപ്പിന് കഴിഞ്ഞു.

സി എസ് വെങ്കിടേശന്റെ ഉള്‍പ്പെടെയുള്ള സിനിമാ നിരൂപണത്തിനും മാറുന്ന സിനിമാശീലങ്ങളെക്കുറിച്ചുമൊക്കെ ആഴ്ച്ചപ്പതിപ്പ് വായനാസൂഹത്തിന് പുതിയ അറിവുകള്‍ നല്‍കി. പ്രശസ്തരായ നിരവധി പേരുടെ അഭിമുഖങ്ങളും മലയാളിയുടെ സ്വീകരമുറിയിലേക്ക് ആഴ്ച്ചപ്പതിപ്പായെത്തിയപ്പോള്‍ അത് വായനയുടെ നവ്യാനുഭവം തന്നെ സൃഷ്ടിച്ചുവെന്ന് പറയാം.

ആയിരാമാത്തെ പതിപ്പില്‍ സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത 20 സ്ത്രീപക്ഷ കവിതകളാണുള്ളത്. കെ ജി ശങ്കരപ്പിള്ളയുടെ ചൈനീസ് യാത്ര, തിരുവനന്തപുരം ഡിജിപി ഓഫീസിന് മുന്നില്‍വച്ച് അറസ്റ്റിലായ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഷാജര്‍ഖാനുമായുള്ള അഭിമുഖം, റഫീഖ് അഹമദിന്റെ പി ഭാസ്‌കരനെക്കുറിച്ചുള്ള ദീര്‍ഘലേഖനം, ലക്ഷ്മണന്‍ ഗെയ്ക്ക്വാദ്, കുമാര്‍ സാഹ്നി എന്നിവരുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങിയവയാണ് ആഴ്ച്ചപ്പതിപ്പിന്റെ പുതിയ ലക്കത്തിലുള്ളത്. 9 ജമാഅത്തെ ഇസ്ലാമിയുടെ പത്രം എന്ന നിലയിലേക്ക് മാധ്യമത്തെ നോക്കിക്കണ്ടിരുന്നവരുടെ കാലത്ത് നിന്നാണ് മാധ്യമം ആഴ്ച്ചപ്പതിപ്പ് വേറിട്ടൊരു വായനാ സംസ്‌കാരത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. കെ.പി രാമനുണ്ണിയ്ക്ക് ശേഷം യാസീന്‍ അശ്റഫ്, സി രാധാകൃഷ്ണന്‍,മൊയ്തുവാണിമേല്‍, വി എ കബീര്‍, ഫൈസ് ബാബു തുടങ്ങിയവരെല്ലാം ആഴ്ച്ചപ്പതിപ്പിന്റെ ചുമതലയില്‍ ജാഗരൂകരായി. എന്നാല്‍ ഇപ്പോള്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എഡിറ്റര്‍ കമല്‍റാം സജീവ് മാധ്യമം ആഴ്ച്ചപ്പതിപ്പിന്റെ ചുമതലയിലുണ്ടായിരുന്ന കാലത്താണ് വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന ലേഖനങ്ങളും ഉയര്‍ത്തിപ്പിടിച്ച നിലപാടുകളുമായി ആഴ്ചകളെ ചൂടുപിടിപ്പിച്ചത്. പിന്നോക്ക- ദളിത്-ആദിവാസി-ന്യൂനപക്ഷ-പരിസ്ഥിതി വിഷയങ്ങളില്‍ ഉറച്ചതും കൃത്യതയാര്‍ന്നതുമായ നിലപാടുകള്‍ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ നിന്നാണ് പിന്നീട് പല ആനുകാലികങ്ങളും കടംകൊണ്ടതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. പിന്നീട് പി ടി നാസര്‍, കെ കണ്ണന്‍, എം എ ഷാനവാസ്, എന്‍ പി സജീഷ്, കെ എ സൈഫുദ്ധീൻ, സി എസ്‌ സലിൽ,അനുശ്രീ തുടങ്ങിയവരെല്ലാംതന്നെ ഇന്നത്തെ ആഴ്ച്ചപ്പതിന്റെ ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ അഹോരാത്രം പ്രയത്നിച്ചവരായിരുന്നു.

ഇപ്പോള്‍ ചുമതലയുള്ള വി മുസാഫിര്‍ അഹമ്മദില്‍ മാധ്യമം ആഴ്ച്ചപ്പതിപ്പ് എത്തി നില്‍ക്കുമ്പോള്‍ തിരിഞ്ഞുനോക്കുന്ന കാലത്തില്‍ നിന്ന് കേരളവും മലയാളിയും വായനക്കാരുമെല്ലാം ഒരുപാട് മാറിയിരിക്കുന്നു. 20 രൂപയ്ക്ക് നൂറു പേജുമായിറങ്ങുന്ന ആഴ്ച്ചപ്പതിപ്പ് അതിന്റെ ആയിരാം പതിപ്പുമായി ഇപ്പോള്‍ വിപണിയിലുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഇടപെടല്‍ സൂഷ്മമായും ശക്തമായും നടന്ന നാടാണ് കേരളം. മറ്റേതൊരു മാഗസിനെക്കാളും രാഷ്ട്രീയമായ ഉദ്ദേശ്യത്തോടെ തന്നെ. ആ രാഷ്ട്രീയം നിലപാടുകളായിരുന്നു- മൂന്നാറെന്നു പറയുമ്പോള്‍ തേയിലക്കാടല്ല, ജെസിബിയാണ് ഓര്‍മ്മ വരുന്നത്. കാല്‍പ്പനികതയല്ല മൂന്നാറിന്ന്, യാഥാര്‍ത്ഥ്യമാണ്, ആ കാഴ്ചയാണ് മാധ്യമം നല്‍കിയത്. മാധ്യമം നാവില്ലാത്ത പലരുടേയും നാവാണ്- ആയിരാമത്തെ ആഴ്ചയ്ക്ക് നാരദ ന്യൂസിന്റെ ഐക്യദാര്‍ഢ്യം!