മാതൃഭൂമി കഥാ പുരസ്കാരം;കഥകൾക്ക് പിന്നില കഥ പറഞ്ഞ് എഴുത്തുകാർ

മലയാളത്തിലെ ഏറ്റവും വലിയ കഥാ പുരസ്കാരമായ മാതൃഭൂമി പുരസ്കാരം നേടിയ ആന്റോ സബിൻ ജോസഫ്, സുനു, വിഷ്ണു എന്നിവരുടെ വിശേഷങ്ങളിലൂടെ

മാതൃഭൂമി കഥാ പുരസ്കാരം;കഥകൾക്ക് പിന്നില കഥ പറഞ്ഞ് എഴുത്തുകാർ

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കഥാ മത്സരത്തില്‍ ആന്റോ സബിന്‍ ജോസഫ് ഒന്നാം സ്ഥാനം നേടി. പാന എന്ന കഥക്കാണ് സമ്മാനം ലഭിച്ചത്. രണ്ടാം സ്ഥാനം സുനു എ.വിയുടെ ഇന്ത്യന്‍ പൂച്ചയെന്ന കഥയ്ക് ലഭിച്ചു. വിഷ്ണു എസ്സിന്റെ വേലി എന്ന കഥ മൂന്നാം സ്ഥാനം നേടി. യുവ എഴുത്തുകാർക്കുള്ള മലയാളത്തിലെ ഏറ്റവും വലിയ കഥാപുരസ്കാരമാണിത്.

ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ മറക്കാനാവാത്ത നാലു ദിവസത്തെ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് ആന്റോയുടെ 'പാന' എന്ന കഥ. കഴിഞ്ഞ മാർച്ചിലാണ് കഥ എഴുതി തുടങ്ങുന്നതെങ്കിലും മത്സരത്തിന് അയക്കാനാണ് പൂർത്തീകരിച്ചത്. മുൻപ് കവിത എഴുതുമായിരുന്നെങ്കിലും ആന്റോ കഥ എഴുതുന്നത് ഇതാദ്യമായാണ്. എപ്പൊഴോ വീണുകിട്ടിയ ഒരു വാക്കിൽ നിന്നാണ് കഥ പുരോഗമിച്ചത്. ആ വാക്കാണ് ഇപ്പോൾ ആന്റൊയുടെ ജീവിതത്തിൽ ചരിത്രം സൃഷ്ടിച്ചതും.

ആലപ്പുഴക്കാരനായ ആന്റോ സബിൻ ഇപ്പോൾ മലയാളം സർവകലാശാലയിൽ എംഎ ചെയ്യുകയാണ്. എൽഡി ക്ലാർക്കായി ജോലി ചെയ്തിരുന്ന ആന്റോ ജോലി രാജി വെച്ചാണ് എംഎയ്ക്ക് ചേർന്നത്. ഇതിന് മുൻപ് കോട്ടയം സി എം എസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തരബിരുദം എടുത്തിരുന്നു. ഒന്നരവർഷത്തോളം മനോരമയിൽ ട്രൈനിയായി ജോലി ചെയ്തിരുന്ന ആന്റോക്ക് കഴിഞ്ഞ വർഷത്തെ നവമലയാളി കവിതാ പുരസ്കാരം ലഭിച്ചിരുന്നു.

സുനു, ആന്റോ, വിഷ്ണു


കണ്ണൂർ പയ്യന്നൂർ സ്വദേശിയായ സുനുവിന്റെ ഇന്ത്യൻ പൂച്ച എന്ന കഥയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഗൾഫിൽ നടക്കുന്ന ഒരു സംഭവമായാണ് കഥയുടെ ആഖ്യാനം. അടുത്തടുത്ത് താമസിക്കുന്ന ഇന്ത്യൻ കുടുംബവും പാക്കിസ്താൻ കുടുംബവും ഇവർക്കിടയിലെ ഒരു പൂച്ചയുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ഗൾഫിൽ നിന്ന് വിളിച്ച ഒരു കൂട്ടുകാരന്റെ ഫോൺ കോളാണ് കഥയിലേക്കുള്ള നൂൽ. സുനു മുൻപും കഥകൾ എഴുതാറുണ്ടായിരുന്നെങ്കിലും ആദ്യമായി പുറം ലോകം കാണുന്ന കഥയാണ് ഇന്ത്യൻ പൂച്ച. "വളരെ കുറച്ച് സമയം കൊണ്ട് എഴുതിയ വളരെ ചെറിയ കഥയാണ് ഇന്ത്യൻ പൂച്ച. ഇതുവരെ എഴുതിയ കഥകളിൽ വെച്ചേറ്റവും ചെറുത്, ഇതുവരെ എഴുതിയതൊന്നും ആരെയും കാണിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ ഒരു കോൺഫിഡൻസ് ഒക്കെ തോന്നുന്നുണ്ട്"-സുനു പറയുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേർണലിസം കഴിഞ്ഞ സുനു മൈത്രി അഡ്വർടൈസിങ് വർക്ക്സിൽ കോപ്പിറൈറ്ററായി ജോലി ചെയ്യുകയാണ്.

വീടുകൾക്കും മനസ്സുകൾക്കുമിടയിൽ നിർമിക്കപ്പെടുന്ന വേലിക്കെട്ടുകളെയും അതുമായി ബന്ധപ്പെട്ട മനുഷ്യ ജീവിതങ്ങളുമാണ് വിഷ്ണുവിന്റെ 'വേലി' എന്ന കഥ അവതരിപ്പിക്കുന്നത്. തന്റെ നാടായ ആലപ്പാട് കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് കഥക്ക് പിന്നിൽ. മൂന്ന് വർഷം മുൻപാണ് വിഷ്ണു ഈ കഥ എഴുതി തുടങ്ങുന്നത്. പിന്നീട് അനിയത്തി മീനാക്ഷി പറഞ്ഞതനുസരിച്ച് മത്സരത്തിനയക്കാൻ വേണ്ടിയാണ് കഥ പൂർത്തീകരിക്കുന്നത്. കഥ അയക്കേണ്ടുന്ന അവസാന ദിവസം രാത്രി 11: 4 നാണ് ഈ കഥ അയക്കുന്നത് എന്നതാണ് കൗതുകകരമായ കാര്യം. സ്കൂളിൽ പഠിക്കുമ്പോൾ മത്സരത്തിന് പങ്കെടുക്കാറുണ്ടായിരുന്നുവെങ്കിലും കഥയെ സീരിയസായി കണ്ട് എഴുതാൻ തുടങ്ങിയതിന് ശേഷം ഇത് രണ്ടാമത്തെ കഥയാണ്. "അഞ്ച് വർഷങ്ങൾക്ക് മുൻപ് എഴുതി തുടങ്ങിയ 'ഇനിയും പ്രഭാതം' എന്ന കഥയാണ് ആദ്യം എഴുതിയത്. നിരവധി പ്രസാധകർക്ക് അയച്ച് കൊടുത്തെങ്കിലും ആരും അത് പ്രസിധീകരിച്ചില്ല. പക്ഷേ എനിക്ക് വേലിയേക്കാൾ തൃപ്തിയുള്ള കഥയാണത്"- വിഷ്ണു പറഞ്ഞു ചിരിച്ചു.

"വേലി ഒരു പൂർത്തിയായ കഥയല്ല. അവസാനത്തിലൊക്കെ ഇനിയും മാറ്റങ്ങൾ വരുത്തണമെന്നാണ് തോന്നുന്നത്"- വിഷ്ണു പറഞ്ഞു. കൊല്ലം സ്വദേശിയായ വിഷ്ണു മാധ്യമം പത്രത്തിൽ സബ് എഡിറ്റർ ട്രൈനി ആയിരുന്നു. ഇപ്പോൾ മത്സ്യബന്ധനവും പെയിന്റിംഗുമൊക്കെയായി പോകുന്നു. എന്തിനും ഏതിനും കൂടെ നിൽക്കുന്ന അനിയത്തി മീനാക്ഷിയാണ് വിഷ്ണുവിനെ കഥ എഴുതാൻ പ്രേരിപ്പിക്കുന്നത്. വിഷ്ണുവിന്റെ കഥയുടെ തുടക്കവും തുടർച്ചയുമൊക്കെ അനിയത്തിയാണ്. പ്ലസ് ടു വിദ്യാർത്ഥിനിയാണ് മീനാക്ഷി

Read More >>