മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് വിവാദത്തിലേയ്ക്ക്; ചില ലേഖനങ്ങൾ മൂന്നു വർഷം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് ആരോപണം

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡു ലഭിച്ച സിനിമ മുതൽ സിനിമ വരെ എന്ന പുസ്തകം പുരസ്കാരത്തിനു സമർപ്പിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന്...

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് വിവാദത്തിലേയ്ക്ക്; ചില ലേഖനങ്ങൾ മൂന്നു വർഷം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് ആരോപണം

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡു ലഭിച്ച സിനിമ മുതൽ സിനിമ വരെ എന്ന പുസ്തകം പുരസ്കാരത്തിനു സമർപ്പിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപണം. ഡോ. അജു കെ നാരായണൻ, ഷെറി ജേക്കബ് കെ എന്നിവർ ചേർന്നെഴുതിയ ഈ പുസ്തകത്തിൽ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അഞ്ചുവർഷം മുമ്പ് പ്രസിദ്ധീകരിച്ച പലവക-സംസ്‌കാര പഠനങ്ങള്‍ എന്ന പുസ്തകത്തിലെ ഇതേ ഗ്രന്ഥകാരന്മാരുടെ ലേഖനങ്ങൾ ഉൾപ്പെടുന്നുവെന്നാണ് ആരോപണം. ചലച്ചിത്ര അക്കാദമി നിയമാവലിയനുസരിച്ച് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയ കലണ്ടര്‍ വര്‍ഷം പ്രസിദ്ധീകരിച്ച പുസ്തകവും ലേഖനവും മാത്രമേ അവാർഡിനു അയയ്ക്കാവൂ. സംഗ്രഹം, സമാഹാരം എന്നിവ പുസ്തകമായി പരിഗണിക്കുന്നതല്ല. മറ്റു പുസ്തകങ്ങളില്‍ നിന്നു പകര്‍ത്തിയതും പുനഃപ്രസിദ്ധീകരണങ്ങളും പരിഗണിക്കപ്പെടുന്നതല്ല. ഈ വ്യവസ്ഥകളെല്ലാം സിനിമ മുതല്‍ സിനിമ വരെ കാറ്റില്‍ പറത്തുന്നുവെന്നാണ് ആരോപണം.
2012ൽ പ്രസിദ്ധീകരിക്കപ്പെട്ട പലവക-സംസ്‌കാര പഠനങ്ങള്‍ എന്ന പുസ്തകത്തിലെ അഞ്ച് ലേഖനങ്ങൾ അവാർഡ് ലഭിച്ച പുസ്തകത്തിലും അതുപോലെയുണ്ട്. സിനിമയിലെ നിറങ്ങളുടെ സൗന്ദര്യ രാഷ്ട്രീയങ്ങള്‍, നഗരവൃക്ഷത്തിലെ കുയില്‍: പരസ്യജിംഗിളിലെ വംശീയ സംഗീതങ്ങള്‍, കണ്ണകിയുടെ ചിലമ്പൊലികള്‍ ഒരു പുരാവൃത്തത്തിന്റെ സ്ഥലകാലസഞ്ചാരങ്ങള്‍, സിനിമയിലെ അടുക്കളയും തീന്‍മേശയും-ചില ഭക്ഷണദൃശ്യവിചാരങ്ങള്‍, വെള്ളിത്തിരയിലെ കള്ള്-ബോളിവൂഡ്, മോളീവുഡ് കാഴ്ചകളും വിചാരങ്ങളും എന്നിവയാണ് ആ ലേഖനങ്ങൾ.

2012ൽ മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള അവാർഡ് ലഭിച്ചതും ഇതേ എഴുത്തുകാർക്കായിരുന്നു. നിറങ്ങളുടെ സൌന്ദര്യ രാഷ്ട്രീയങ്ങൾ എന്ന ആ ലേഖനവും പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷം ഒരു വിഭാഗത്തിൽ അവാർഡു നേടിയ രചന മറ്റൊരു വർഷം മറ്റൊരു വിഭാഗത്തിൽ ഉൾപ്പെടുത്തി അവാർഡിനു സമർപ്പിച്ചത് കുറ്റകരമായ പ്രവൃത്തിയാണെന്നും ആക്ഷേപം ഉയരുന്നു.


അവാർഡിനു പരിഗണിക്കുന്ന സിനിമാ ലേഖനങ്ങളും പുസ്തകങ്ങളും നേരത്തെ മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാൻ ചലച്ചിത്ര അക്കാദമിയ്ക്കും രചനാ ജൂറിയ്ക്കും പ്രായോഗികമായി അസാധ്യമാണ്. തങ്ങള്‍ക്കു മുന്നിലെത്തുന്ന കൃതികള്‍ വായിച്ചു പരിശോധിക്കുക മാത്രമേ കരണീയമായിട്ടുള്ളൂ. വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് മുദ്രപത്രത്തില്‍ നൽകുന്ന അപേക്ഷകന്റെ സത്യവാങ്മൂലം വിശ്വസിക്കാനേ കഴിയൂ.

ഗ്രന്ഥകർത്താക്കൾക്കു പറയാനുള്ളത്

അതേ സമയം ഈ വിവാദം അനാവശ്യമാണെന്നും തത്പരകക്ഷികൾ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഗ്രന്ഥകർത്താക്കളായ അജു കെ നാരായണനും ഷെറി ജേക്കബ് കെയും നാരദാ ന്യൂസിനോടു പ്രതികരിച്ചു. ഇരുവരുടെയും സംയുക്ത പ്രതികരണം ചുവടെ:


പുസ്തകപ്രസാധനവുമായി ബന്ധപ്പെട്ട അജ്ഞത മൂലമാണ് ചില തല്പരകക്ഷികള്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഞങ്ങള്‍ രചിച്ച 'പലവക: സംസ്‌കാരപഠനങ്ങള്‍' എന്ന ഗ്രന്ഥത്തിലെ ഏതാനും പഠനങ്ങള്‍ 2016-ല്‍ പ്രസിദ്ധീകരിച്ച 'സിനിമ മുതല്‍ സിനിമ വരെ' എന്ന പുസ്തകത്തില്‍ ഉണ്ടെന്നതു ശരിയാണ്. അത് ഒളിച്ചുവെയ്‌ക്കേണ്ട കാര്യവുമല്ല. അതാരും റിസര്‍ച്ച് ചെയ്ത് കണ്ടെത്തേണ്ട കാര്യവുമല്ല. കാരണം,രണ്ടു പുസ്തകങ്ങളും ബുക്ക് മാര്‍ക്കറ്റുകളിലുണ്ട്. 2012-ലെ പുസ്തകം സിനിമാഗ്രന്ഥമല്ല. അതില്‍ പല വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇതേ ഗ്രന്ഥകര്‍ത്താക്കള്‍ 2016-ല്‍ ഒരു സിനിമാഗ്രന്ഥം പ്രസിദ്ധീകരിക്കുമ്പോള്‍ തങ്ങള്‍ അതുവരെ എഴുതിയ സിനിമാപഠനങ്ങള്‍ അതില്‍ ഉള്‍ച്ചേര്‍ക്കുന്നത് സ്വാഭാവികമാണ്.

ഒരു കവിയുടെയോ കഥാകാരന്റെയോ ഒരു പുസ്തകം 2016-ല്‍ പുറത്തിറങ്ങിയെന്നിരിക്കട്ടെ. പ്രസ്തുത പുസ്തകത്തിലെ കഥകള്‍/കവിതകള്‍ മുന്‍ വര്‍ഷങ്ങളില്‍ ഏതെങ്കിലും ആനുകാലികങ്ങങ്ങളിലോ പുസ്തകങ്ങളിലോ പ്രസിദ്ധീകരിച്ചവയാവും. അതുകൊണ്ട് പ്രസ്തുത കവി/ കഥാകാരന്‍ പുറത്തിറക്കുന്ന 2016-ലെ പുസ്തകം 2016-ലേത് അല്ലാതാവുന്നില്ലല്ലോ.
ഇവിടെ മറ്റൊരു കാര്യം കൂടി പറയേണ്ടിയിരിക്കുന്നു. 'പലവക: സംസ്‌കാരപഠനങ്ങള്‍' എന്ന ഞങ്ങളുടെ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ലേഖനങ്ങള്‍ക്കും സവിശേഷമായ ആമുഖങ്ങള്‍ എഴുതിച്ചേര്‍ക്കുകയും ഉചിതമായ ഫോട്ടോഗ്രാഫുകള്‍ ചേര്‍ത്ത് പരിഷ്‌ക്കരിക്കുകയും ചെയ്തുകൊണ്ടാണ് 'സിനിമ മുതല്‍ സിനിമ വരെ' എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അങ്ങനെ ഈ പഠനങ്ങള്‍ക്കെല്ലാം നവീനമായ ഒരു ആഖ്യാനരീതി കൈവരുന്നു. കൂടാതെ സംസ്‌കാരപഠനത്തിന്റെ രീതിശാസ്ത്രത്തെ പിന്‍പറ്റിക്കൊണ്ട് 11 ലേഖനങ്ങള്‍ക്കെല്ലാം ഒരു തുടര്‍ച്ചയുണ്ടാക്കി ഇതിനെ ഒരു ഒറ്റപ്പുസ്തകമാക്കിയിട്ടുമുണ്ട്.
ചെറു കാര്യംകൂടി: ഇത്തവണത്തെ മികച്ച ലേഖനത്തിനുള്ള അവാര്‍ഡ് ലഭിച്ചയാള്‍ 2020-ല്‍ ഒരു സിനിമാഗ്രന്ഥം തയ്യാറാക്കുന്നുവെന്നിരിക്കട്ടെ. അയാള്‍ക്ക് 2016-ലെ അവാര്‍ഡ് നേടിക്കൊടുത്ത ലേഖനം അതില്‍ ചേര്‍ക്കാന്‍ അവകാശമുണ്ട്, അത് പ്രസിദ്ധീകരണനിയമത്തിന്റെ ഭാഗവുമാണ്. അതുകൊണ്ട് ആ പുസ്തകം 2020ലേത് ആകാതിരിക്കുന്നില്ല.