ഒരു മൊബൈൽ ഫോൺ അപാരത അഥവാ മൊബൈൽ മോഹിക്കുന്ന സഖാവ് ബൂർഷ്വാസിയോ?

ഇതൊരു നടന്ന സംഭവമാണ്. വേണമെങ്കിൽ 'ഒരു മൊബൈൽ ഫോൺ അപാരത' എന്നു പേരിടാം. കഥ നടക്കുന്നത് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഫേസ്ബുക്കിലും.

ഒരു മൊബൈൽ ഫോൺ അപാരത അഥവാ മൊബൈൽ മോഹിക്കുന്ന സഖാവ് ബൂർഷ്വാസിയോ?

ഒരു സഖാവ്. ആ സഖാവിനെ നമുക്ക് തൽക്കാലം മണി എന്നു വിളിക്കാം. ആള് ഫേസ്ബുക്കിൽ ഒരു പോസ്റ്റിടുന്നു. ആവശ്യം ലളിതമാണ്. ഒരു മൊബൈൽ ഫോൺ വാങ്ങണം. പതിനായിരം രൂപയ്ക്കും ഇരുപതിനായിരം രൂപയ്ക്കും ഇടയിലായിരിക്കണം, നല്ല റാമും ബാറ്ററി ബാക്കപ്പും വേണം എന്നിവയാണ് ആവശ്യങ്ങൾ. മാസാമാസം പണമടയ്ക്കാവുന്ന ഇഎംഐ വ്യവസ്ഥയിൽ എടുക്കാൻ പറ്റണം. സുഹൃത്തുക്കളോട് ഫോണുകൾ നിർദ്ദേശിക്കാൻ അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.

ഫോണിൻ്റെ അഭിപ്രായമാരാഞ്ഞ് ആദ്യമായി പോസ്റ്റിടുന്നയാളല്ല നമ്മുടെ യുവ സഖാവ്. പക്ഷേ ഇതു കണ്ടതും ഒരു മുതിർന്ന സഖാവ് സീനിലെത്തി. ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെയൊക്കെ കക്ഷിയാണ്. (പോസ്റ്റിട്ട യുവാവും അതിലൊക്കെ ഉള്ളതാണ്). നമ്മുടെ മുതിർന്ന പരിഷത്തുകാരന് ഈ പോസ്റ്റ് കണ്ട് വിതുമ്പലടക്കാനായില്ല. അതൊരു പിടി അമർഷമണികളായി അദ്ദേഹത്തിൻ്റെ വിരൽതുമ്പിൽ നിന്ന് ഇങ്ങനെ നിർഗളിച്ചു- "കടമായി ഇരുപതിനായിരം രൂപയുടെ ഫോൺ വാങ്ങുന്ന സഖാവ് മണിയെ ഇനി മുതൽ ഞാൻ വെറും മണി എന്നേ വിളിക്കൂ" അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ പരിഷത്തും പഴയ പരിഷത്തും!

പക്ഷേ നമ്മുടെ യുവ സഖാവിന് അങ്ങിനെ വിടാനാവില്ലല്ലോ. ഇതെങ്ങനെയാണ് കടം വാങ്ങലാവുക എന്നു തിരിച്ചു ചോദിച്ചു കക്ഷി. അതിനും നമ്മുടെ വെല്യ സഖാവിൻ്റെ കയ്യിൽ ഉത്തരമുണ്ടായിരുന്നു. ഈസി മന്ത്ലി ഇൻസ്റ്റാൾമെൻ്റ് ആണ് ഇഎംഐ എന്ന സംവിധാനം. അതു കൊണ്ട്, കടം വാങ്ങുന്നു എന്നു തന്നെ പറയാം. അല്ല, കടം തന്നെയാണത്, എന്നായി മുതിർന്ന സഖാവ്. തൻ്റെ ഭാഗം ബോധ്യപ്പെടുത്താൻ യുവ സഖാവ് ആവോളം യത്നിക്കുന്നുണ്ട്. പരിഷത്ത് സഖാവിനുണ്ടോ മനസിലാകുന്നു.

താൻ പണിയെടുക്കുന്ന കാശ് മാസാമാസം കൊടുത്താണ് ഫോൺ വാങ്ങാൻ പോകുന്നതെന്നും അതു കടം വാങ്ങലല്ലെന്നും അധ്വാനിച്ചു വാങ്ങുകയാണെന്നും തൊഴിലാളി പക്ഷത്തു നിന്നു പറഞ്ഞു നോക്കി യുവ സഖാവ്. ബട്ട്, അവിടെ അതൊന്നും ഏൽക്കുന്ന മട്ടില്ല. താൻ ഫേസ്ബുക്ക്, പേജ് മാനേജർ, വാട്സാപ്പ്, ടെലഗ്രാം തുടങ്ങി പല ആപ്പുകളും ഉപയോഗിക്കുന്നുണ്ടെന്നും, ഇപ്പോഴുള്ള ഫോൺ ഈ ഭാരമൊന്നും താങ്ങുന്നില്ലെന്നും പറഞ്ഞു നോക്കി- നോ രക്ഷ. (മുതിർന്ന സഖാവ് പിന്നെ മുതലാളിത്ത വിരുദ്ധ ഫോണും, സാമ്രാജ്യത്വ വിരുദ്ധ ഫേസ്ബുക്കും ഉപയോഗിക്കുന്ന ആളായതുകൊണ്ട് കുറ്റം പറയാനും പറ്റില്ലല്ലോ.)

4 ജിബി റാമും ബാറ്ററി ബാക്കപ്പുമുള്ള ഫോൺ 5000 രൂപയ്ക്കു കിട്ടിയാലും വാങ്ങുമെന്നായി നമ്മുടെ കൊച്ചു സഖാവ്. ചർച്ച കൂടുതൽ കേട്ടിട്ട് വലിയ പ്രയോജനമൊന്നുമില്ല, ലോകാവസാനത്തോളം വേണമെങ്കിലും കമൻ്റാൻ വന്ന സഖാവ് നിന്നു തർക്കിക്കുമായിരിക്കും. നമുക്ക് വേറെയും പണികളുണ്ടല്ലോ. ഞാൻ എന്നോടു തന്നെ ഒഎംകെവി പറഞ്ഞ്, ഇടനെഞ്ചിൻ്റെ കിഴക്കു പടിഞ്ഞാറേ അറ്റത്ത് നീറുന്ന ഒരു തരി നോവുമായി പതിയെ പടിയിറങ്ങി. പാവം യുവ സഖാവ്, ഒറ്റയ്ക്കവിടെ! എന്നു ലഘുവായി വിലപിച്ചിരിക്കേ, ആ പ്രൊഫൈൽ വീണ്ടും പരതി നോക്കി. എന്തൊരു കഷ്ടമാണ് നമ്മുടെ യുവ സഖാവ് ആ പോസ്റ്റേ പിൻവലിച്ചു. പോസ്റ്റല്ല ഫോൺ വരെ പിൻവലിച്ചു പോവും. എജ്ജായി ടീംസ്.Read More >>