ഇളയരാജയ്ക്കായി ഇനി പാടുമോയെന്ന് കാലം തീരുമാനിക്കട്ടെ: എസ് പി ബാലസുബ്രഹ്മണ്യം

പകർപ്പവകാശം ഉന്നയിച്ച് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട് ആദ്യമായി എസ് പി ബാലസുബ്രഹ്മണ്യം പ്രതികരിക്കുന്നു.

ഇളയരാജയ്ക്കായി ഇനി പാടുമോയെന്ന് കാലം തീരുമാനിക്കട്ടെ: എസ് പി ബാലസുബ്രഹ്മണ്യം

തന്‌റെ പാട്ടുകള്‍ സംഗീതപരിപാടികളില്‍ അനുവാദം കൂടാതെ പാടരുതെന്ന് സംഗീതസംവിധായകന്‍ ഇളയരാജ ഗായകനായ എസ് പി ബാലസുബ്രഹ്മണ്യത്തിനു വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പകര്‍പ്പവകാശം സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു ആ വക്കീല്‍ നോട്ടീസ്.

ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ അതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് ഒഴിഞ്ഞു മാറുകയായിരുന്നു എസ് പി ബി. എന്നാലിപ്പോള്‍ ആദ്യമായി എസ് പി ബി അതിനെക്കുറിച്ച് സംസാരിച്ചു.

'ഇളയരാജയുടെ പാട്ടുകള്‍ പാടാന്‍ കഴിയാത്തതില്‍ വിഷമമുണ്ടായി. എന്നാലും പരിപാടിയില്‍ മറ്റു പാട്ടുകള്‍ പാടി,' അദ്ദേഹം പറഞ്ഞു.

ഇളയരാജ സംഗീതം നല്‍കിയ പാട്ടുകള്‍ ഇനി പാടുമോയെന്ന ചോദ്യത്തിന് കാലം ആണ് അത് തീരുമാനിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്‌റെ മറുപടി. തനിക്കും ഇളയരാജയ്ക്കും ഇടയില്‍ യാതൊരുവിധ ശത്രുതയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണ്. കാലം എന്ത് തീരുമാനിക്കുന്നുവോ അങ്ങിനെ തന്നെ നടക്കും. ഞാന്‍ ഒരിക്കലും തലയുയര്‍ത്തി നടക്കാറില്ല. എല്ലാ പാട്ടുകളും എന്‌റേതാണെന്ന് വിചാരിക്കാറുമില്ല,' എസ് പി ബി പറഞ്ഞു.

'ഓരോ പാട്ടിനും കുറേ അവകാശികള്‍ ഉണ്ടാകും. സംവിധായകന്‍ പാട്ടിന്‌റെ ഈണം നിശ്ചയിക്കും, എഴുത്തുകാരന്‍ വരികള്‍ എഴുതും, ഞങ്ങള്‍ പാടും. പാട്ട് നന്നായി ചിത്രീകരിക്കുകയും വേണം. അങ്ങിനെ ധാരാളം കാര്യങ്ങളുണ്ട്. എനിക്ക് നല്ല പാട്ടുകള്‍ തന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു.

ഇന്ത്യയിലെ പകര്‍പ്പവകാശം കൂടിക്കുഴഞ്ഞതാണ്. എനിക്ക് അതിനെപ്പറ്റി അറിയില്ല. അറിയുമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇളയരാജയുടെ അനുമതി തേടിയേനെ. അദ്ദേഹവുമായി ഫോണില്‍ സംസാരിച്ച് പ്രശ്‌നം അവസാനിപ്പിച്ചു കൂടേയെന്ന് എല്ലാവരും ചോദിക്കുന്നു. എന്നാല്‍, ഓരോരുത്തര്‍ക്കും ചെറിയൊരു അഭിമാനം എന്നതുണ്ട്. അതിനായി ഇളയരാജയെ കുറ്റപ്പെടുത്താനൊന്നുമില്ല. 2015 ലാണ് അദ്ദേഹം പകര്‍പ്പവകാശ നിബന്ധന വച്ചത്. അദ്ദേഹത്തോടൊപ്പവും അല്ലാതേയും ധാരാളം പരിപാടികളില്‍ പാടിയിട്ടുണ്ട്. ഇതിനെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുമില്ല.

എനിക്ക് മാത്രമല്ല. എന്‌റെ സ്പോണ്‍സര്‍മാര്‍ എല്ലാവര്‍ക്കും വക്കീല്‍ നോട്ടീസ് വന്നിട്ടുണ്ട്. ഈ പ്രശ്‌നം എങ്ങിനെ അവസാനിക്കും എന്ന് എനിക്കറിയില്ല,' എസ് പി ബി വ്യക്തമാക്കി.

ഇളയരാജ ഒരു ജീനിയസ് ആണെന്ന് പറയാന്‍ അദ്ദേഹം മറന്നില്ല.

Read More >>