ഞങ്ങള്‍ക്കൊരു സന്തോഷമുണ്ട്; എളേപ്പന്‍ ഇത്തവണ മാതൃഭൂമിയില്‍

നാരദയുടെ റസിഡന്റ് എഡിറ്റര്‍ ലാസര്‍ ഷൈനാണ്, ഞങ്ങളുടെ എളേപ്പനാണ് ഇത്തവണ മാതൃഭൂമിയുടെ കവര്‍കഥ.

ഞങ്ങള്‍ക്കൊരു സന്തോഷമുണ്ട്; എളേപ്പന്‍ ഇത്തവണ മാതൃഭൂമിയില്‍

വീട്ടില്‍ പുലിയെ വളര്‍ത്തിയ മെമ്പര്‍ റാഹേലിന്റെ കഥ പറഞ്ഞ യുവ എഴുത്തുകാരന്‍ ലാസര്‍ ഷൈന്‍ ആണ് ഇത്തവണ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഖചിത്രം. 'കൂ' എന്ന് പേരിട്ട ഇതേ കഥയില്‍ നിന്നാണ് ലാസര്‍ തന്റെ ആദ്യപുസ്തകത്തിനും പേര് തെരഞ്ഞെടുത്തത്. പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന ഈ കഥാകാരന്‍ ആലപ്പുഴ ജില്ലയിലെ ഒളേപ്പ് സ്വദേശിയാണ്. കഥയില്‍ മാത്രമല്ല, തിരക്കഥയിലും സാമൂഹ്യപ്രവര്‍ത്തനത്തിലും മാധ്യമപ്രവര്‍ത്തനത്തിലും തനിക്ക് മാത്രം കഴിയുന്ന ഒരിടം എഴുതിയെടുക്കാന്‍ ഈ കഥാകാരന് സാധിച്ചിട്ടുണ്ട്. കൂ എന്ന പുസ്തകം പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തിലാണ് ലാസര്‍ ഷൈന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവര്‍ചിത്രമാകുന്നത്. ഏറ്റവും പുതിയ കഥയായ ഡ്രൈവിംഗ് സ്‌കൂള്‍ ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാം.പത്ത് വര്‍ഷത്തോളം കഥയെഴുത്തില്‍ നിന്ന് വിട്ടു നിന്നതിന് ശേഷം മലയാളം വാരികയുടെ എംപി നാരായണപിള്ള പുരസ്‌കാരം നേടിയ 'സാര്‍ വയലന്‍സി'ലൂടെയാണ് ലാസര്‍ ഷൈന്‍ കഥയെഴുത്തിലേക്ക് തിരികെ വരുന്നത്. രസരാത്രി, ഖോഖോ, സാര്‍ വയലന്‍സ്, പച്ചചുവന്നമഞ്ഞ, കാണാതെ പോയ ജലജ, കൂ, നിര്‍ത്തിക്കൊട്ട്, അണ്ഡം എന്നീ എട്ടു കഥകളുടെ സമാഹാരമാണ് കൂ. ചെറിയ വാചകങ്ങളില്‍ ലാസര്‍ എഴുതിവയ്ക്കുന്നതെല്ലാം നമ്മള്‍ നടന്നു പോയ വഴികളിലെല്ലാം എവിടെയൊക്കെയോ കണ്ടുമുട്ടിയവരാണ്. അതുകൊണ്ട് തന്നെ ഒരേ സമയം ഭ്രമിപ്പിക്കുകയും പിടിച്ചിരുത്തുകയും ചെയ്യുന്ന ഒന്നുണ്ട് ഈ കഥാകാരന്റെ കഥകളില്‍. നാഷണല്‍ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച പുതുകഥകളുടെ സമാഹാരത്തില്‍ 'കൂ' എന്ന കഥയും ഇടംപിടിച്ചിരുന്നു. ഡിസി ബുക്ക്‌സിലൂടെയാണ് 'കൂ' പുസ്തകമായത്.

കഥാലോകത്ത് യുവഎഴുത്തുകാര്‍ക്കും ഇടമുണ്ട് എന്ന് ഈ കവര്‍ ചിത്രം ഉറപ്പു നല്‍കുന്നുണ്ട്. നാരദാ ന്യൂസ് പോര്‍ട്ടലിന്റെ റസിഡന്റ് എഡിറ്റര്‍ കൂടിയാണ് ലാസര്‍ ഷൈന്‍. അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ മായാ കൃഷ്ണനാണ് ഭാര്യ. ഇപ്പോള്‍ കൊച്ചിയില്‍ താമസം. മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തന്‍ സിനിമയില്‍ 'ചാച്ചനായി' ആയി അഭിനയിച്ച കെ.എല്‍. ആന്റണിയാണ് ലാസറിന്റെ ചാച്ചന്‍. ഇതേ സിനിമയില്‍ തന്നെ നായിക ജിംസിയുടെ അമ്മച്ചിയായി അഭിനയിച്ച ലീന ആന്റണിയാണ് അമ്മച്ചി. അമ്പിളിയും നാന്‍സിയുമാണ് സഹോദരിമാര്‍.

ഞങ്ങളാണ് സഹപ്രവര്‍ത്തകര്‍ ;)