അങ്ങനെ ആ പ്രണയം പൂവണിഞ്ഞു; ശബരീനാഥൻ എംഎൽഎയ്ക്കും സബ് കളക്ടർ ദിവ്യ എസ് അയ്യർക്കും മാം​ഗല്യം

സബ് കളക്ടർ ഡോ. ദിവ്യ എസ്‌ അയ്യരെ താൻ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു വച്ചാണ്. തമ്മിലടുത്തപ്പോൾ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി. ഇരു കുടുംബങ്ങളുടെയും സ്നേഹാശിസുകളോടെ ദിവ്യ തനിക്കു കൂട്ടായി എത്തുകയാണെന്നും എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നതായും ശബരി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം, ഒന്നു മിന്നിച്ചേക്കണേ എന്നും ശബരി പറയുന്നു.

അങ്ങനെ ആ പ്രണയം പൂവണിഞ്ഞു; ശബരീനാഥൻ എംഎൽഎയ്ക്കും സബ് കളക്ടർ ദിവ്യ എസ് അയ്യർക്കും മാം​ഗല്യം

അങ്ങനെ ഒടുവിൽ ആ പ്രണയം പൂവണിഞ്ഞു. ഉന്നത ഉദ്യോ​ഗം വിട്ട് രാഷ്ട്രീയക്കുപ്പായമണിഞ്ഞ അരുവിക്കര എംഎൽഎ കെ എസ് ശബരീനാഥനും ഡോക്ടർ ജോലി ഉപേക്ഷിച്ച് ഐഎസ്എസ് പട്ടമണിഞ്ഞ സബ് കളക്ടർ ദിവ്യ എസ് അയ്യരും ഒന്നാകുന്നു. എന്നാൽ വിവാഹത്തിന്റെ തിയ്യതി നിശ്ചയിച്ചിട്ടില്ലെന്നും അതിനുള്ള ചടങ്ങ് ഈ മാസം ഉണ്ടാവുമെന്നും ശബരീനാഥൻ നാരദാ ന്യൂസിനോടു പറഞ്ഞു.

ഫേസ്ബുക്കിലൂടെ ശബരീനാഥൻ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്നേഹം നിറഞ്ഞ ചോദ്യങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് നാളേറയായി. ഇന്നത് സന്തോഷത്തോടെ അറിയിക്കുകയാണെന്ന് ശബരീനാഥൻ പറയുന്നു.

സബ് കളക്ടർ ഡോ. ദിവ്യ എസ്‌ അയ്യരെ താൻ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു വച്ചാണ്. തമ്മിലടുത്തപ്പോൾ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി. ഇരു കുടുംബങ്ങളുടെയും സ്നേഹാശിസുകളോടെ ദിവ്യ തനിക്കു കൂട്ടായി എത്തുകയാണെന്നും എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നതായും ശബരി പോസ്റ്റിലൂടെ പറയുന്നു. ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം, ഒന്നു മിന്നിച്ചേക്കണേ എന്നും ശബരി പറയുന്നു.

തലസ്ഥാനത്ത് ഒരുമിച്ച് പൊതുപ്രവർത്തനവും ഉദ്യോ​ഗവും തുടരവെയാണ് ഇരുവരും പരിചയപ്പെടുന്നതും ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുന്നതും. തുടർന്ന് ഇരു കുടുംബങ്ങളും പരസ്പരം സംസാരിച്ചാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തത്.

മുന്‍മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്റെ മകനായ ശബരീനാഥൻ, പിതാവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് രാഷ്ട്രീയത്തിലേക്കു കടന്നുവന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ എം വിജയകുമാറിനെയാണ് ശബരീനാഥൻ പരാജയപ്പെടുത്തിയത്.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്കും ഗുര്‍ഗാവോണിലെ എംഡിഐയില്‍ നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ശബരീനാഥന്‍. മുംബൈയില്‍ ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്നും പിന്നീട് ടാറ്റാ ട്രസ്റ്റിന്റെ ആരോഗ്യസഹായ പദ്ധതിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കവെയാണ് ശബരി അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്കു ചുവടു മാറ്റുന്നത്.

തിരുവനന്തപുരം പാല്‍കുളങ്കര സ്വദേശിയാണ് തിരുവനന്തപുരം സബ് കളക്ടറായ ദിവ്യ എസ് അയ്യർ. 2014 ൽ ഐഎഎസ് പാസ്സായി കോട്ടയം സബ് കളക്ടറായാണ് ദിവ്യ സർക്കാർ സേവനം ആരംഭിക്കുന്നത്. മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായ ശേഷാ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. സിഎംസി വെള്ളീരില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ശേഷമാണ് ദിവ്യ ഐഎഎസ് തിരഞ്ഞെടുത്തത്.

നിരവധി പുസ്തകങ്ങൾ രചിച്ച എഴുത്തുകാരി കൂടിയാണ് ശബരീനാഥൻ എംഎൽഎയുടെ വധുവാകുന്നത്. ഐഎഎസ് ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകള്‍ക്കു തയ്യാറാകാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന എഴുത്തുകൾ ശ്രദ്ധേയമായിരുന്നു. 2000ലെ എസ്എസ്എല്‍സി പരീക്ഷയില്‍ മൂന്നാംറാങ്കും ഐഎഎസിനു 48ാം റാങ്കും നേടിയാണ് തന്റെ മിടുക്ക് തെളിയിച്ചത്.