മനുഷ്യൻ എന്ന സങ്കല്പത്തെ തകിടം മറിക്കുന്നതായിരുന്നു ഡോക്ടർ ഫോസ്‌റ്റസ്‌; അതാണ് 'നായിന്റെ ഹൃദയ'ത്തിന്റെ ആശയം

ക്രിസ്റ്റഫർ മാർലോവിന്റെ ഡോക്ടർ ഫോസ്‌റ്റസ്‌ എന്ന നാടകം ചർച്ച ചെയ്യുന്നത് ജ്ഞാനിയായ ഫോസ്‌റ്റസ്‌ ആ ജ്ഞാനം ആർത്തിയോടെ ധനസമ്പാദനത്തിനുപയോഗിക്കുന്നതാണ്. മനുഷ്യൻ എന്ന സങ്കല്പത്തെ തകിടം മറിക്കുന്ന ഒരു ആശയമായിരുന്നു അത്. 1947 ൽ തോമസ് മാൻ എഴുതിയ ഡോക്ടർ ഫോസ്‌റ്റസ്‌ എന്ന നോവലും മാർലോവിന്റെ ഈ സങ്കല്പത്തിന്റെ പുനരാവിഷ്കാരമായിരുന്നു- കെ പി ശ്രീകൃഷ്ണൻ പറയുന്നു

മനുഷ്യൻ എന്ന സങ്കല്പത്തെ തകിടം മറിക്കുന്നതായിരുന്നു ഡോക്ടർ ഫോസ്‌റ്റസ്‌; അതാണ് നായിന്റെ ഹൃദയത്തിന്റെ ആശയം

റഷ്യൻ നോവലിസ്റ്റ് മിഖായേൽ ബൾഗാക്കോവിന്റെ 'ഒരു നായയുടെ ഹൃദയം ' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം 'നായിന്റെ ഹൃദയം' ഇത്തവണ ഐഎഫ്എഫ്‌കെയിൽ, മലയാളം സിനിമാ ടുഡേ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. ഡോകുമെന്ററികളിലൂടെയാണ് കെ പി ശ്രീകൃഷ്ണൻ ദൃശ്യമാധ്യമ രംഗത്തേക്ക് പ്രവേശിക്കുന്നത്.

2008ൽ 'മറുപാതൈ' സംവിധാനം ചെയ്തു കൊണ്ട് കഥാചിത്രങ്ങളിലേക്ക് കടന്നു. 2011ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ശേഷം ആറു വർഷങ്ങൾക്കിപ്പുറമാണ് നായിന്റെ ഹൃദയവുമായി കെ പി ശ്രീകൃഷ്ണന്റെ വരവ്.കേരളത്തിലെ ഇടതു ചിന്താഗതികളും കമ്മ്യൂണിസ്റ്റ് അനുഭാവവും റഷ്യൻ സാഹിത്യത്തിന്റെ സർവസ്വീകാര്യതയ്ക്ക് ഒരു വലിയ കാരണമായിരുന്നു. അത് കൊണ്ട് തന്നെ 'ഒരു നായയുടെ ഹൃദയം' കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് പറിച്ചു നടാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല എന്ന് ശ്രീകൃഷ്ണൻ പറയുന്നു.

റഷ്യൻ ചായ്വുള്ള ഒരിടമാണ് കേരളം. ഓൺലൈൻ എഴുത്തിടങ്ങളുടെ കടന്നു വരവിനു മുൻപ് റഷ്യൻ സാഹിത്യം കേരളത്തിൽ നന്നായി വേരോടിയിരുന്നു. 10 വർഷങ്ങളിൽ കൂടുതൽ ആയിട്ടില്ല റഷ്യൻ സാഹിത്യം കേരളത്തിൽ നിന്നും അപ്രത്യക്ഷമായിട്ട്. അന്ന്, വളരെ കുറഞ്ഞ വിലയിലും നല്ല ക്വാളിറ്റിയിലും റഷ്യൻ കൃതികൾ ഇവിടെ സുലഭമായിരുന്നു. റഷ്യൻ വിപ്ലവത്തിന് കാരണമായ കൃതികളുടെ പശ്ചാത്തലങ്ങളെയാകമാനം തകിടം മറിക്കുന്ന ഒന്നാണ് ഒരു നായയുടെ ഹൃദയം. മനുഷ്യന്റെ മഹത്വവും പുതിയ സോഷ്യലിസ്റ്റ് മനുഷ്യന്റെ സൃഷ്ടിയെയുമൊക്കെ പ്രതിപാദിക്കുന്ന റഷ്യൻ സാഹിത്യ സംസ്കാരത്തെ തകിടം മറിച്ചു കൊണ്ട് ഈ നോവൽ വന്നപ്പോഴാണ് അത് വ്യത്യസ്തമായത്. യൂറോപ്യൻ നവോത്ഥാനമാണ് മനുഷ്യൻ എന്ന സങ്കല്പത്തെ ശക്തമാക്കുന്നത്. ക്രിസ്റ്റഫർ മാർലോവിന്റെ ഡോക്ടർ ഫോസ്‌റ്റസ്‌ എന്ന നാടകം ചർച്ച ചെയ്യുന്നത് ജ്ഞാനിയായ ഫോസ്‌റ്റസ്‌ ആ ജ്ഞാനം ആർത്തിയോടെ ധനസമ്പാദനത്തിനുപയോഗിക്കുന്നതാണ്. മനുഷ്യൻ എന്ന സങ്കല്പത്തെ തകിടം മറിക്കുന്ന ഒരു ആശയമായിരുന്നു അത്. 1947 ൽ തോമസ് മൻ എഴുതിയ ഡോക്ടർ ഫോസ്‌റ്റസ്‌ എന്ന നോവലും മാർലോവിന്റെ ഈ സങ്കല്പത്തിന്റെ പുനരാവിഷ്കാരമായിരുന്നു. ഇതേ കഥാപാത്രമാണ് ഒരു നായയുടെ ഹൃദയത്തിലെയും നായകൻ. ഈ കഥാപാത്രത്തിൽ നിന്നാണ് നായിന്റെ ഹൃദയത്തിലേക്കെത്തുന്നത്.


ഏതാനും ഡോക്യുമെന്ററികളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്ത കെ പി ശ്രീകൃഷ്ണൻ അവിരാ റബേക്കയുടെ തകരച്ചെണ്ട എന്ന സിനിമയിൽ അസോസിയേറ്റ് സംവിധായകനായി ജോലി ചെയ്തിട്ടുണ്ട്.

പദ്മാവതിക്ക് നേരെയും എസ് ദുർഗയ്ക്ക് നേരെയുമൊക്കെ നടക്കുന്ന പ്രതിഷേധങ്ങളിൽ അതിശയിക്കാനൊന്നുമില്ല എന്നാണ് ശ്രീകൃഷ്ണൻ പറയുന്നത്. തീവ്ര ഫാസിസ്റ്റ് മുഖമുള്ള ഒരു ഒരു ഭരണവ്യവസ്ഥ നമ്മെ ഭരിക്കുമ്പോൾ ഇതിലുമപ്പുറമുള്ളത് പ്രതീക്ഷിക്കണം. അറിയപ്പെടുന്ന കാര്യങ്ങളല്ലാതെ നാമറിയാതെ എന്തൊക്കെ ഫാസിസ്റ്റ് അക്രമങ്ങളാണിവിടെ നടക്കുന്നത്. ആന്ധ്രാപ്രദേശിൽ ആട് മേയ്ക്കുന്നവരുടെ സമ്മേളനത്തിൽ പ്രസംഗിക്കാൻ വന്ന ഒരാളെ അറസ്റ്റു ചെയ്ത പീഡിപ്പിച്ചത് രണ്ടു ദിവസം മുൻപാണ്. അത് കൊണ്ട് തന്നെ സിനിമയ്ക്ക് നേരെയുള്ള ഈ ആക്രമണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. ഇത് മറികടക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റിയാണ് നാം ചിന്തിക്കേണ്ടത്.

Read More >>