ബിനാലെ പരസ്യ ചിത്രമായ 'എ റൂം വിത്ത് എ വ്യൂ' ന് അന്താരാഷ്ട്ര അംഗീകാരം

മത്സരത്തിന്റെ അവസാന റൗണ്ടിലത്തിയ ഏഴു മികച്ച ഫീച്ചര്‍ ഫിലിമുകളില്‍ നിന്നാണ് എ റൂം വിത്ത എ വ്യു ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ദക്ഷിണേന്ത്യയില്‍ നിന്നും നോമിനേഷനുണ്ടായിരുന്ന ഏക ചിത്രം കൂടിയായിരുന്നു ഇത്...

ബിനാലെ പരസ്യ ചിത്രമായ എ റൂം വിത്ത് എ വ്യൂ ന് അന്താരാഷ്ട്ര അംഗീകാരം

ചുവരില്‍ ഗാന്ധിയും ചെഗുവേരയും ടാഗോറും. അകിരാ കുറസോവയുടെ ചലച്ചിത്രോത്സവത്തിന്റെ പോസ്റ്റര്‍ ചുവരില്‍ പതിപ്പിക്കുന്ന യുവാവ്. യുവധാര വായനശാലയുടെ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ കാണുന്ന സാംസ്‌കാരിക വൈവിധ്യ ദൃശ്യങ്ങള്‍. ലോകപ്രശസ്തമായ ക്യൂരിയസ് അവാര്‍ഡ് ഇത്തവണ ലഭിച്ചത് ആ ദൃശ്യങ്ങള്‍ക്കാണ്. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയായി തിളങ്ങി നില്‍ക്കുന്ന കേരളത്തിന്റെ സ്വന്തം മുസരീസ് ബിനാലെയ്ക്കു ലഭിച്ച കൈയടി കൂടിയാണത്. ബിനാലെയുടെ പ്രചാരണത്തിനായി കേരള ടൂറിസം വകുപ്പ് തയ്യാറാക്കിയ 'എ റൂം വിത്ത് എ വ്യു' എന്ന പരസ്യ ചിത്രമാണ് ഇത്തവണ ക്യൂരിയസ് അവാര്‍ഡ് സ്വന്തമാക്കിയത്.

സംവിധായകനും ഛായഗ്രാഹകനുമായ സമീര്‍ താഹിറാണ് എ റൂം വിത്ത് എ വ്യു സംവിധാനം ചെയ്തത്.ലോകത്തെ പ്രമുഖ ക്രിയേറ്റീവ് മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ലണ്ടനിലെ ഡി ആന്‍ഡ് ഡി എന്ന സ്ഥാപനമാണ് അവാര്‍ഡ് സംഘടിപ്പിച്ചത്. ഒരു മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള പരസ്യചിത്രങ്ങളുടെ വിഭാഗത്തിലാണ് ചിത്രത്തിന് അവാര്‍ഡ് നേടിയത്. കേരളത്തെ ആഗോള സാംസ്‌കാരിക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ കൊച്ചി മുസിരിസ് ബിനാലെ ലോകശ്രദ്ധയാകര്‍ഷിച്ചുവെന്നുള്ളതിനു തെളിവുകൂടിയാണ് ഈ അവാര്‍ഡ്.

മത്സരത്തിന്റെ അവസാന റൗണ്ടിലത്തിയ ഏഴു മികച്ച ഫീച്ചര്‍ ഫിലിമുകളില്‍ നിന്നാണ് എ റൂം വിത്ത എ വ്യു ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ദക്ഷിണേന്ത്യയില്‍ നിന്നും നോമിനേഷനുണ്ടായിരുന്ന ഏക ചിത്രം കൂടിയായിരുന്നു ഇത്. ദേശീയവും അന്തര്‍ദേശീയവുമായി അവതരിപ്പിച്ച 'ലിവ് ഇന്‍സ്പയേഡ്' പ്രചാരണത്തിന്റെ ഭാഗമായാണ് ഈ ചിത്രം അണിയിച്ചൊരുക്കിയത്. കേരളത്തെ കലയുടെയും സംസ്‌കാരത്തിന്റെയും കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുന്ന രീതിയിലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും.

രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തിന്റെ സാംസ്‌കാരിക സമ്പത്താണ് പരസ്യചിത്രം അടയാളപ്പെടുത്തുന്നത്. വ്യത്യസ്തമായ മതാനുഷ്ഠാനങ്ങളും സംസ്‌കാരങ്ങളും വൈരുദ്ധ്യങ്ങളും കേരളസംസ്‌കാരത്തിന്റെ ഭാഗമാണെന്നുകൂടി ചിത്രം പറഞ്ഞുവയ്ക്കുന്നു. മഹാത്മാ ഗാന്ധി, ചെ ഗുവേര, രബീന്ദ്രനാഥ് ടാഗോര്‍ എന്നിവരുടെ ചിത്രങ്ങളിലൂടെ കേരളത്തിന്റെ വ്യത്യസ്തമായ സാമൂഹ്യാന്തരീക്ഷവും പ്രകടമാക്കുന്നുണ്ട്.

ക്രിസ് ബെയ്ലിസ്, ജിഗി ലീ, ജോസി പോള്‍, രാജ് കാമ്പ്ളെ തുടങ്ങിയ പ്രമുഖരുള്‍പ്പെട്ടതായിരുന്നു ക്യൂരിയസ്-ഡി ആന്‍ഡ് ഡി ജൂറി പാനല്‍. ചിത്രത്തിന്റെ സംവിധായകനായ സമീര്‍ താഹിറിനെ മികച്ച ഏഴു പുതുമുഖ സംവിധായകരിലൊരാളായി അവാര്‍ഡ് സമിതി തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷനാണ് ചിത്രം നിര്‍മ്മിച്ചത്.


Read More >>