വിനായകന്റേത് അവര്‍ണ്ണ മുന്നേറ്റമെന്ന് കലാകൗമുദി: പ്രതിഭയുടെ മുഖത്തടിക്കുന്ന ജാതി കവറിനെതിരെ പ്രതിഷേധം

മലയാളത്തിലെ മികച്ച നടന്മാരായി വിനായകനും മണികണ്ഠനും തിരഞ്ഞെടുക്കപ്പെട്ടതിനെ ജാതീയമായി അവതരിപ്പിക്കുന്ന കലാകൗമുദിയുടെ കവര്‍‌സ്റ്റോറിക്കെതിരെ പ്രതിഷേധം. ഇരുവരുടേയും പ്രതിഭയ്ക്ക് കിട്ടിയ പുരസ്‌കാരത്തെ അവര്‍ണ്ണന്റെ മുന്നേറ്റമായാണ് കൗമുദി അവതരിപ്പിക്കുന്നത്.

വിനായകന്റേത് അവര്‍ണ്ണ മുന്നേറ്റമെന്ന് കലാകൗമുദി: പ്രതിഭയുടെ മുഖത്തടിക്കുന്ന ജാതി കവറിനെതിരെ പ്രതിഷേധം

ക്രിസ്ത്യന്‍ പള്ളി പലവുരു ദൃശ്യമാകുന്നുണ്ടെന്ന് പരാതിപ്പെട്ട് അങ്കമാലി ഡയറീസിനെതിരെ വര്‍ഗ്ഗീയ വാളെടുത്ത ജനം ടിവിയുടെ വഴിയേ കലാകൗമുദിയും. വിനായകന്റെ അവാര്‍ഡ് നേട്ടത്തെ അവര്‍ണ്ണ മുന്നേറ്റം എന്ന പേരില്‍ കവര്‍ സ്റ്റോറിയെഴുതിയാണ് കലാകൗമുദി ആഘോഷിച്ചത്. സിനിമയിലെ താരവാഴ്ച്ചയ്ക്കും സവര്‍ണ്ണമേല്‍ക്കോയ്മയ്ക്കും എതിരെ അവര്‍ണ്ണരുടെ വിജയമാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡെന്ന് കലാകൗമുദി പറഞ്ഞു വയ്ക്കുന്നു. മോഹന്‍ലാലടക്കമുള്ള പ്രതിഭകളോട് മത്സരിച്ചു നേടി വിജയത്തെ ജാതീയമാക്കി അവതരിപ്പിച്ച കലാകൗമുദി വിമര്‍ശിക്കപ്പെടുന്നു.

ചേരിയില്‍ നിന്നും മീന്‍ചന്തയില്‍ നിന്നുമെല്ലാം ഉയര്‍ന്നു വന്ന വിനായകനും മണികണ്ഠനും അടങ്ങുന്ന പുത്തന്‍പ്രതീക്ഷകള്‍ താരരാജാക്കന്‍മാര്‍ വര്‍ഷങ്ങളോളം മാറി മാറി വച്ചു അനുഭവിച്ചു വരുന്ന അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ ഉയര്‍ന്നു വരുന്ന സവര്‍ണ്ണ മാടമ്പിമാരുടെ അസഹിഷ്ണുതയാണെന്ന് ഇത്തരം ലേഖനങ്ങളിലൂടെയും കവര്‍ സ്റ്റോറിയിലൂടെയും ഉയര്‍ന്നു വരുന്നതെന്നായിരുന്നു നവമാധ്യമങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന വിമര്‍ശനം. സ്‌ക്രീന്‍ സവര്‍ണ്ണതയ്ക്ക് എതിരെ എന്ന പേരില്‍ എ. ചന്ദ്രശേഖരന്‍ എഴുതിയ ലേഖനത്തിനാണ് കലൗകൗമുദി ഒരുപടി കൂടി കടന്ന് അവര്‍ണ്ണ മുന്നേറ്റം എന്ന പേരില്‍ കവറില്‍ അച്ചു നിരത്തിയിരിക്കുന്നത്. ജനപ്രിയമെന്നതില്‍ നിന്നു ജനകീയതയിലേയ്ക്കുള്ള വഴിമാറി നടത്തമായാണ് സംസ്ഥാന അവാര്‍ഡ് വിധി നിര്‍ണ്ണയത്തെയും നിലപാടുകളെയും വിലയിരുത്തിക്കണ്ടത്. അതില്‍ ബഹുഭൂരിപക്ഷവും തിരയിടത്തെ സവര്‍ണമേല്‍ക്കോയ്മക്കെതിരെയും താരവാഴ്ചയ്ക്ക് എതിരെയുമുള്ള അവര്‍ണ്ണരുടെയും അരികു ജീവിതങ്ങളുടെയും ഉയിര്‍പ്പിന്റെ വിജയമായിട്ടാണ് അവാര്‍ഡു നിര്‍ണ്ണയത്തെ ആഘോഷിച്ചതെന്ന്- എ. ചന്ദ്രശേഖര്‍ കുറിക്കുന്നു.

സനല്‍ കുമാര്‍ ശശിധരന്‍ ഒഴികെയുള്ള ഒരാളില്‍ നിന്നും പ്രധാനപ്പെട്ട യാതൊരു ആരോപണവും ഉന്നയിക്കപ്പെടാതെ പൊതുവെ ജനസമ്മതിയാര്‍ജ്ജിച്ച വിധി നിര്‍ണ്ണയമെന്ന് തുടക്കത്തില്‍ കയ്യടിച്ച ലേഖകന്‍ വിനായകനും മണികണ്ഠനുമെന്ന പ്രതിഭകളെ കാണാതെ മലയാള സിനിമയില്‍ അവര്‍ണ്ണര്‍ നടത്തുന്ന വിപ്ലവത്തെ മഹത്‌വല്‍ക്കരിക്കാനാണ് ലേഖനത്തിലൂടെ ശ്രമിക്കുന്നത്. ലേഖകന്റെ ഭാഷയില്‍ മുഖ്യധാര പ്രത്യക്ഷങ്ങള്‍ക്കു നേരെയുള്ള വേറിട്ട മുന്നേറ്റമാണ് അവാര്‍ഡ് നിര്‍ണ്ണയം. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ രണ്ടു വശത്തില്‍ നിന്നുള്ള വിശകലനത്തില്‍ ഈ നിരീക്ഷണങ്ങള്‍ക്കും നിലപാടുകള്‍ക്കും സാധ്യതയുണ്ടെങ്കിലും അതിലൂടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വിനായകന്റേയും സഹനടനായി തെരഞ്ഞെടുക്കപ്പെട്ട മണികണ്ഠന്റെയും പ്രതിഭയുടെ പങ്ക് ലേശമെങ്കിലും ചെറുതാക്കപ്പെടുകയായിരുന്നുവോ എന്നതിലാണ് പുന: ചിന്തനം ആവശ്യമായി ഉള്ളതെന്നും ലേഖകന്‍ സമര്‍ത്ഥിക്കുന്നു.


നാളിതു വരെയുള്ള ശീലങ്ങളെ തച്ചുടച്ചുവെന്നതും സാമ്പ്രാദായിക നടപ്പു ദോഷങ്ങളെ പിന്‍പറ്റിയില്ലെന്നതുമാണ് ഇത്തവണ ജൂറിയുടെ ഏറ്റവും വലിയ നീക്കിയിരിപ്പ്. താര വ്യവസ്ഥയെ നിരാകരിച്ചതു കൊണ്ടോ, അരികു ജീവിതങ്ങളെ തിരികെ നിര്‍ത്തിയതു കൊണ്ടോ അല്ല, മറിച്ച് വ്യവസ്ഥാപിത മാമൂലുകളെ കാറ്റില്‍പ്പറത്തി പ്രതിബന്ധതയുടെ രാഷ്ട്രീയ പ്രഖ്യാപനമാക്കി മാറ്റാന്‍ ഈ .അവാര്‍ഡ് പ്രഖ്യാപനത്തിനു സാധിച്ചിട്ടുണ്ടെന്നും ലേഖകന്‍ പറഞ്ഞു വയ്ക്കുന്നു. കവര്‍‌സ്റ്റോറിയ്ക്കും കലൗകൗമുദിയ്ക്കുമെതിരെ നവമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

അവര്‍ണ്ണന്‍ എന്ന നിലയിലില്‍ അല്ല ചുറ്റുപാടുകളോടും പ്രതിസന്ധികളോടും പടപൊരുതി ഉയര്‍ന്നു വന്ന വ്യക്തിയുടെ വിജയം എന്ന നിലയിലാണ് വിനായകന്റെ അവാര്‍ഡിനെ നോക്കികാണേണ്ടതെന്നും അഭിപ്രായമുയര്‍ന്നു. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും സുരേഷ് ഗോപിയ്ക്കുമെല്ലാം അവാര്‍ഡ് ലഭിക്കുമ്പോള്‍ കഴിവിനുള്ള അംഗീകാരമെന്ന് അച്ചു നിരത്തുന്നവര്‍ വിനായകനും കലാഭന്‍ മണിയും മണികണ്ഠനുമെല്ലാം പരിഗണിക്കപ്പെടുമ്പോള്‍ ജാതിയും മതവും പൊക്കിപിടിച്ചു മുന്നോട്ടു വരുന്നത് ജീര്‍ണ്ണിച്ച മനസ്ഥിതിയുടെ ഉത്പന്നങ്ങളായതിനാലാണെന്നാണ് പൊതുവെയുള്ള വിമര്‍ശനം. അവാര്‍ഡ് ഗംഗയ്ക്കുള്ളതല്ല തനിക്കുള്ളതാണെന്ന് വിനായകന്‍ വ്യക്തമാക്കിയതുമാണ്.