തിരുവനന്തപുരം പുതു രുചിയിൽ; 18 സ്ത്രീകളുമായി കേരളാഹൗസ് റെഡി

ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവരാണ് അവരിൽ ഏറെയും. വിവാഹ ബന്ധം വേർപ്പെടുത്തിയവരും കൂട്ടിനാരുമില്ലാത്തവരും സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നവരുമായി എല്ലാവരും സഹായമാവശ്യമുള്ളവരാണ്.

തിരുവനന്തപുരം പുതു രുചിയിൽ; 18 സ്ത്രീകളുമായി കേരളാഹൗസ് റെഡി

വിശപ്പ് ഉച്ചിയിലെത്തിയപ്പോഴാണ് ഞങ്ങൾ ഭക്ഷണശാല തിരഞ്ഞിറങ്ങിയത്. തിരുവനന്തപുരം സ്റ്റാച്യു കവലയിൽ നിന്ന് ജനറൽ ആശുപത്രി റോഡിലൂടെ കുറച്ച് നടന്നപ്പോൾ വലത് വശത്ത് കേരള ഹൗസ് റെസ്റ്റോറന്റിന്റെ ബോർഡ് കണ്ടു. ചെറിയൊരു ഇറക്കം. വഴിയുടെ ഇരുവശത്തുമായി നിറയെ ചിത്രങ്ങൾ. പലതരത്തിലുള്ള ചെടികൾ. റെസ്റ്റോറന്റിലെത്തിയപ്പോൾ ചിരിച്ച് കൊണ്ട് വരവേറ്റത് രണ്ട് സ്ത്രീകൾ. ഓഡറെടുക്കാൻ വന്നതും ഭക്ഷണം കൊണ്ടുവന്നതുമെല്ലാം സ്ത്രീകൾതന്നെ. പിന്നീട്‌ സംസാരിച്ചപ്പോഴാണ് സംഭവം പിടികിട്ടിയത്. കേരള ഹൗസ് റെസ്റ്റോറന്റ് ഇനി സ്ത്രീകളുടെ കുത്തകയാണെന്ന്. പൊറോട്ട അടിക്കുന്നതും സാധനം വാങ്ങാൻ പോകുന്നതും മുതൽ ക്യാഷ്യറും നടത്തിപ്പുമെല്ലാം സ്ത്രീകൾ തന്നെ.

37 വർഷം പഴക്കമുള്ള റെസ്റ്റോറന്റ് ആണ് കേരള ഹൗസ്. ഇത്ര കാലം റെസ്റ്റോറന്റ് നോക്കി നടത്തിയത് മേരിക്കുട്ടി കുഞ്ചപ്പനും ഭർത്താവ് കെ എം കുഞ്ചപ്പനുമായിരുന്നു. കഴിഞ്ഞ ദിവസം മുതൽ അത് അവരുടെ മക്കളായ അനുവും ചിന്നുവും ഏറ്റെടുത്തു. കൂടെ കുറേ സ്ത്രീകളും. റെസ്റ്റോറന്റ് ഏറ്റെടുത്ത് നടത്താം എന്ന തീരുമാനത്തിൽ എത്തിയപ്പോൾ മുതൽ ഇവർക്ക് ഒരേ ആഗ്രഹമായിരുന്നു, സ്ത്രീകൾ മാത്രം മതി ഇത് നോക്കി നടത്താൻ. ഉടനെ പത്രത്തിൽ പരസ്യം കൊടുത്തു. 400 ഓളം പേരാണ് പരസ്യത്തോട് പ്രതികരിച്ചത്. ഇവരിൽ നിന്ന് എങ്ങനെ തങ്ങൾക്ക് വേണ്ടവരെ തിരഞ്ഞെടുക്കും എന്നതായി അടുത്ത പ്രശ്നം. അപ്പോഴും ഈ സഹോദരിമാർ ഒന്നിച്ച് തീരുമാനമെടുത്തു. ആർക്കാണോ ഏറ്റവും അത്യാവശ്യം അവർക്ക് കൊടുക്കാം. അങ്ങനെ 16 പേർ കേരള ഹൗസിലെ അംഗങ്ങളായി‌.

"ഈ പതിനാറുപേരും ഓരോ കഥകളുമായാണ് ഇവിടെ വന്നത്. ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവരാണ് അവരിൽ ഏറെയും. വിവാഹ ബന്ധം വേർപ്പെടുത്തിയവരും കൂട്ടിനാരുമില്ലാത്തവരും സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നവരുമായി എല്ലാവരും സഹായമാവശ്യമുള്ളവരാണ്. അവർക്കിനിയും ട്രെയിനിംഗ് കൊടുക്കേണ്ടിയിരിക്കുന്നു. എന്നാലും പാചകത്തിൽ മുൻ പരിചയം ഏറെയുള്ളവരാണിവർ"-അനു പറയുന്നു.

വിഭവങ്ങളുടെ കാര്യത്തിലും ഏറെ പുതുമകളുണ്ട് കേരള ഹൗസിൽ. നാടൻ ഭക്ഷണങ്ങൾക്കാണ് ഇവിടെ മുൻഗണന. ഉച്ചക്ക് ഊൺ തന്നെയാണ് പ്രധാനമെങ്കിലും ഓരോ ദിവസവും പുതുമയുള്ള എന്തെങ്കിലുമൊന്ന് ഉൾകൊള്ളിച്ചിരിക്കും. പഴം പായസവും. മത്തൻ തക്കാളി പച്ചടിയുമെല്ലാം അവയിൽ ചിലത് മാത്രം. ഇവ കൂടാതെ പിടി കോഴിക്കറി,കല്ലപ്പം, ഗോതമ്പ് പൊറോട്ട തുടങ്ങി വ്യത്യസ്തമായ വിഭവങ്ങളുമേറെ. ഒരു ബേക്കിങ് യൂണിറ്റുകൂടി പ്ലാൻ ചെയ്യുന്നുണ്ടിവർ. ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച അനു തന്നെയായിരിക്കും ബേക്കിങ് യൂണിറ്റിന്റെ ഷഫ്. ടെക്നോ പാർക്കിൽ ജോലിയുണ്ടായിരുന്ന ചിന്നു ജോലി രാജിവെച്ചാണ് റെസ്റ്റോറന്റ് പ്രവർത്തനത്തിലേക്ക് വന്നത്. രാവിലെ 8 മണിമുതൽ രാത്രി 9:30 വരെ കേരള ഹൗസ് തുറന്ന് പ്രവർത്തിക്കും.

Read More >>