ദുരിതാശ്വാസ നിധി; കേരളത്തിനായൊരാൾ 800 കിലോമീറ്റർ പെഡൽ ചവിട്ടുന്നു

ഗോവയിൽ നിന്ന് തിരിച്ച് കുമരകത്തെ ക്യാമ്പിൽ എത്തി നിൽക്കുന്നതാണ് ഈ യാത്ര. ഒരു ദിവസം 200 കിലോമീറ്റർ എന്ന രീതിയിലാണ് നിഖിൽ ലക്ഷ്യത്തിലേക്കെത്തുക

ദുരിതാശ്വാസ നിധി; കേരളത്തിനായൊരാൾ 800 കിലോമീറ്റർ പെഡൽ ചവിട്ടുന്നു

ഇന്നലെ രാവിലെ 6:30 ന് ഗോവയിൽ നിന്ന് ഒരു സൈക്കിളിൻ്റെ രണ്ട് ടയറുകൾ കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കേരളത്തിനൊപ്പം ചേരുക എന്ന വലിയ ലക്ഷ്യമാണ് ആ പുറപ്പെടലിന് പിന്നിലുള്ളത്. വർക്കല പാളയംകുന്ന് സ്വദേശിയും ഇപ്പോൾ ഗോവയിലെ ലെമൺ ട്രീ ഹോട്ടലിൽ മാനേജറുമായ നിഖിൽ ശശിധരനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന സന്ദേശവുമായി സ്വന്തം സൈക്കിളിൽ 800 കിലോമീറ്റർ താണ്ടാൻ തുടങ്ങിയിരിക്കുന്നത്.

നാല് ദിവസം കൊണ്ട് 800 കിലോമീറ്റർ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗോവയിൽ നിന്ന് തിരിച്ച് കുമരകത്തെ ക്യാമ്പിൽ എത്തി നിൽക്കുന്നതാണ് ഈ യാത്ര. ഒരു ദിവസം 200 കിലോമീറ്റർ എന്ന രീതിയിലാണ് നിഖിൽ ലക്ഷ്യത്തിലേക്കെത്തുക. ആദ്യ ദിവസം 175 കിലോമീറ്റർ പിന്നിട്ട് കുന്ത എന്ന സ്ഥലത്തെത്തിയിരിക്കുന്ന നിഖിൽ ഇന്ന് പരമാവധി ദൂരം താണ്ടാനുള്ള ശ്രമത്തിലാണ്.


"കേരളമൊരു സമ്പന്ന സംസ്ഥാനമാണെന്നും അതിനാൽ കേരളത്തിന് സഹായം നൽകേണ്ടെന്നും വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെയുള്ള ബോധവത്കരണവും യാത്രയുടെ ലക്ഷ്യമാണ്. ഡു ഫോർ കേരള എന്ന മുദ്രാവാക്യത്തോടുകൂടെയാണ് സൈക്കിൾ യാത്ര മുന്നേറുന്നത്" - നിഖിൽ ശശിധരൻ നാരദ ന്യൂസിനോട് പറഞ്ഞു

ഈ യാത്രക്കിടെ ശേഖരിക്കാവുന്ന പരാവധി പണം ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിക്കും. സോഷ്യൽ മീഡിയ വഴിയാണ് പണം ശേഖരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്ന ആശയം എല്ലാവരിലേക്കും എത്തിക്കുകയാണ് നിഖിൽ. ഇതുവരെ 80,000 ത്തോളം രൂപ സമാഹരിക്കാൻ കഴിഞ്ഞെന്ന് നിഖിൽ പറയുന്നു.

തൻ്റെ കൊണ്ടാവുന്നതെന്തും കേരളത്തിനായി ചെയ്യണം എന്ന ചെറുപ്പക്കാരുടെ ഊർജമാണ് കേരളത്തിലേക്ക് പെഡൽ ചവിട്ടി എത്തുന്നത്!
Read More >>